2012, ഡിസംബർ 5, ബുധനാഴ്‌ച

NO COMMENT-11 05/12/12

1.അധ്യാപകരുടെ മര്‍ദ്ദനം; നാലാം ക്ളാസുകാരന്‍ മരിച്ചു

2.കനലെരിയും ശാന്തതയില്‍ ബാബരി മസ്ജിദിന്റെ നാട്

3.മുസ്ലിം യുവാക്കളെ പീഡിപ്പിക്കുന്നതില്‍ പ്രതിഷേധം; രാജ്യസഭ സ്തംഭിച്ചു

മുസ്ലിം യുവാക്കളെ പീഡിപ്പിക്കുന്നതില്‍ പ്രതിഷേധം; രാജ്യസഭ സ്തംഭിച്ചു
ന്യൂദല്‍ഹി: ഭീകരതയുമായി ബന്ധപ്പെട്ട് തെറ്റായ കേസുകള്‍ കെട്ടിച്ചമച്ച് രാജ്യവ്യാപകമായി മുസ്ലിം യുവാക്കളെ അടിക്കടി അറസ്റ്റുചെയ്യുന്നതില്‍ രാജ്യസഭയില്‍ രോഷം അണപൊട്ടി. സമാജ്വാദി പാര്‍ട്ടി ഉയര്‍ത്തിയ ബഹളത്തില്‍ ചോദ്യോത്തരവേള മുടങ്ങി.
 സമാജ്വാദി പാര്‍ട്ടിയിലെ നരേഷ് അഗര്‍വാളാണ് വിഷയം ഉന്നയിച്ചത്. ചോദ്യോത്തരവേള നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ചചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചോദ്യോത്തരവേള കഴിഞ്ഞാല്‍ പ്രശ്നം ഉന്നയിക്കാമെന്ന് അധ്യക്ഷന്‍ ഹാമിദ് അന്‍സാരി പറഞ്ഞെങ്കിലും അംഗങ്ങള്‍ വഴങ്ങിയില്ല.
നിരപരാധികളായ മുസ്ലിം യുവാക്കളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അവര്‍ നടുത്തളത്തിലേക്കിറങ്ങി. ഇതോടെ, അധ്യക്ഷന്‍ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു.
 മുസ്ലിം യുവാക്കളെ ഭീകരതയുടെ പേരില്‍ പീഡിപ്പിക്കുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് ഏതാനും ദിവസം മുമ്പ് സി.പി.എം നേതാക്കള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടിരുന്നു. വിഷയത്തില്‍ നേരത്തേ വിവിധ പാര്‍ട്ടിനേതാക്കള്‍ പങ്കെടുത്ത കണ്‍വെന്‍ഷനും ദല്‍ഹിയില്‍ നടന്നു. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് വിശദീകരണമൊന്നും
ഇനിയുമുണ്ടായിട്ടില്ല.

കനലെരിയും ശാന്തതയില്‍ ബാബരി മസ്ജിദിന്റെ നാട്

കനലെരിയും ശാന്തതയില്‍ ബാബരി മസ്ജിദിന്റെ നാട്
ബാബരി മസ്ജിദ് (ഫയല്‍ ചിത്രം)
ബാബരി മസ്ജിദ് ധ്വംസനത്തിന്‍െറ 20ാം വാര്‍ഷികത്തിലും പള്ളി നിന്നിരുന്ന നാടും ചുറ്റുവട്ടവുമെല്ല്ളാം പതിവുപോലെ. സാധാരണയില്‍ കവിഞ്ഞ കനത്ത പൊലീസ് കാവല്‍ മാത്രമാണ് ഡിസംബര്‍ ആറിന്‍െറ പ്രത്യേകതയായി ഇവിടെയുള്ളത്.
ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലത്തേക്കുള്ള എല്ലാ വഴികളിലും  പൊലീസ് ചെക്പോസ്റ്റുകളുണ്ട്. തോക്കേന്തിയ ഭടന്മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മുന്നോട്ടുനീങ്ങാനാവില്ല. പള്ളിക്ക് തൊട്ടടുത്ത് താമസിക്കുന്ന മൂന്നു നാലു കുടുംബങ്ങളിലെ അംഗങ്ങളല്ലാത്ത മുസ്ലിംകള്‍ക്ക് ഈ പ്രദേശത്തേക്ക് പ്രവേശമില്ല. എന്നാല്‍ രാമജന്മഭൂമിയില്‍ ദര്‍ശനത്തിന് വരുന്നവര്‍ക്ക് വിലക്കില്ല. വാര്‍ഷികം പ്രമാണിച്ച് രണ്ടു ദിവസമായി അല്‍പം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. പേര് മാറ്റിപ്പറഞ്ഞിട്ടും പൊലീസ് ഓഫിസറോട് ആവര്‍ത്തിച്ച് അപേക്ഷിച്ചാണ് മസ്ജിദ് ഭൂമി അകലെനിന്ന് കാണാന്‍ മാത്രം അനുമതി ലഭിച്ചത്.
  ബാബരി തര്‍ക്കം രൂക്ഷമായതിന് ശേഷമുള്ള വര്‍ഷങ്ങളില്‍ മുസ്ലിംകള്‍ക്ക് അവരുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് ഇവിടേക്ക് പ്രവേശിക്കാനാവില്ല. ഒരു കോടതിയുടെയും നിര്‍ദേശമില്ലാതെ പ്രാദേശിക ഭരണകൂടം ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് ഇപ്പോഴും തുടരുന്നു.
നൂറ്റാണ്ടുകളോളം ആരാധന നടന്നിരുന്ന ഒരു പള്ളി അവിടെയുണ്ടായിരുന്നുവെന്നതിന്‍െറ സൂചനയൊന്നും ഇപ്പോഴവിടെ കാണാനില്ല. ചുറ്റുമതിലിനുള്ളില്‍  92 ഡിസംബര്‍ ആറിന് കര്‍സേവകര്‍ കെട്ടിയുയര്‍ത്തിയ താല്‍ക്കാലിക ക്ഷേത്രം അതേപടിയുണ്ട്. ഇഷ്ടിക കൊണ്ടു കെട്ടിയുയര്‍ത്തിയ ചുമരിന് മുകളില്‍ ടാര്‍പോളിന്‍ കൊണ്ടുള്ള മേല്‍ക്കൂരക്ക് താഴെയാണ് വിഗ്രഹം. ബാബരി മസ്ജിദിന്‍െറ പ്രസംഗപീഠം നിന്നിരുന്ന സ്ഥലമാണത്. താല്‍ക്കാലിക ക്ഷേത്രത്തിന്‍െറ ടാര്‍പോളിന്‍ മേല്‍ക്കൂരയും ചുമരുകളും മാറ്റാന്‍ പാടില്ലെന്നും തല്‍സ്ഥിതി നിലനിര്‍ത്തണമെന്നും കോടതി ഉത്തരവുണ്ട്.
എന്നാല്‍, പ്രാദേശിക ഭരണകൂടത്തിന്‍െറ അനുമതിയോടെ സമയാസമയം അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടെന്ന് വ്യക്തം. ഇപ്പോഴുള്ള ടാര്‍പോളിന്‍ മേല്‍ക്കൂരക്ക് അധികം പഴക്കമില്ല.
   താല്‍ക്കാലിക ക്ഷേത്രത്തില്‍ എല്ലാ ദിവസവും പൂജ മുടങ്ങാതെ നടക്കുന്നു. സര്‍ക്കാര്‍ നിയോഗിച്ചയാളാണ് പൂജാരി. സി.ആര്‍.പി.എഫ് ഭടന്മാര്‍ ചുറ്റിലും കാവലുണ്ട്. കര്‍സേവകര്‍ മസ്ജിദിന്‍െറ താഴികക്കുടത്തിനുമേല്‍ താണ്ഡവമാടിയപ്പോള്‍ നോക്കിനിന്നുവെന്ന പഴികേട്ട സി.ആര്‍.പി.എഫ് ഇപ്പോള്‍ ജാഗ്രതയില്‍ തന്നെ. രണ്ടു മിനിറ്റില്‍ കൂടുതല്‍ അവിടെ നില്‍ക്കാന്‍ അവര്‍ അനുവദിച്ചില്ല. കാഴ്ചയിലെ ശാന്തഭാവം പുറമേക്ക് മാത്രമാണെന്ന് അറിയാന്‍ ഇവിടെ ആരോടെങ്കിലും സംസാരിച്ചാല്‍ മതി.
മന്ദിര്‍-മസ്ജിദ് തര്‍ക്കത്തില്‍ വിഭജിക്കപ്പെട്ട മനസ്സുകള്‍ ഇപ്പോഴും ഇരുധ്രുവങ്ങളില്‍ തന്നെ. ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലത്തേക്ക് വഴികാട്ടിയായി വന്ന ഓട്ടോ ഡ്രൈവര്‍ ജസ്പാല്‍ സിങ് പറഞ്ഞത് 20 വര്‍ഷമായിട്ടും രാമക്ഷേത്രം ഉയരാത്തതിന്‍െറ സങ്കടത്തെക്കുറിച്ചാണ്. തീയതി പ്രഖ്യാപിച്ച് പകല്‍വെളിച്ചത്തില്‍ കാമറക്ക് മുന്നില്‍ പള്ളിപൊളിച്ചവരും നേതൃത്വം നല്‍കിയവരും സമുദായത്തിന്‍െറ അഭിമാനമാണ് തകര്‍ത്തതെന്നും അത് മറക്കാനാവില്ലെന്നും  ഫൈസാബാദിലേക്കുള്ള വണ്ടിയിലെ സഹയാത്രികന്‍ മുഹമ്മദ് ഹാഷിം ആലം ചൂണ്ടിക്കാട്ടുന്നു. മസ്ജിദും മന്ദിറും മനസ്സിലാണ് ഉണ്ടാകേണ്ടതെന്നും അതിനായി അടിപിടി കൂടുന്നത് എന്തിനെന്നും ചോദിക്കുന്ന അയോധ്യയിലെ ഹോട്ടല്‍ തൊഴിലാളി കിഷന്‍ സിങ്ങിനെ പോലുള്ളവരെയും കണ്ടുമുട്ടി.
   ബാബരി മസ്ജിദിന് തൊട്ടടുത്തുള്ള ഭൂമി സംഘ്പരിവാറിന്‍െറ കൈവശമാണ്. രാമക്ഷേത്രത്തിന് വേണ്ടിയുള്ള കൊത്തുപണികളടങ്ങിയ തൂണുകളുടെയും മറ്റും നിര്‍മാണം അവിടെ വെച്ചാണ്. അതിന് കോടതിയുടെ വിലക്കുണ്ടെങ്കിലും സംഘ്പരിവാര്‍ അതൊന്നും കാര്യമാക്കുന്നില്ല. അധികൃതര്‍ കര്‍ശനമായി വിലക്കിയതുമില്ല. രാമജന്മഭൂമി പ്രശ്നം സജീവമാക്കി നിര്‍ത്താന്‍ ക്ഷേത്ര നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് വേളകളില്‍ സംഘ്പരിവാര്‍ ആവര്‍ത്തിക്കാറുണ്ട്. നേരത്തേ തകൃതിയായി നടന്നിരുന്ന തൂണുകളുടെ നിര്‍മാണം ഇപ്പോള്‍ അത്ര സജീവമല്ല. എങ്കിലും ക്ഷേത്രത്തിനായി ഒരുക്കിവെച്ച തൂണുകളുടെ വലിയൊരു ശേഖരം ഇപ്പോഴവിടെയുണ്ട്. മീറ്ററുകളുടെ മാത്രം അകലെയുള്ള ബാബരി ഭൂമിയിലേക്ക് ഇവ കടത്താന്‍  വലിയ പ്രയാസമില്ല.
യു.പിയില്‍ സുരക്ഷ ശക്തമാക്കി
ലഖ്നോ: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്‍െറ 20ാം വാര്‍ഷികം നാളെ നടക്കാനിരിക്കെ ഉത്തര്‍പ്രദേശില്‍ സുരക്ഷ ശക്തമാക്കി. ഫൈസാബാദ് ജില്ലയില്‍ എല്ലാ മത-രാഷ്ട്രീയ പരിപാടികളും നിരോധിച്ചതായി പൊലീസ് അറിയിച്ചു.
സംസ്ഥാനത്തെ 75 ജില്ലകളിലെയും പൊലീസ് മേധാവികളോട് ക്രമസമാധാനം പാലിക്കാന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍ദേശിച്ചതായി എ.ഡി.ജി.പി അരുണ്‍കുമാര്‍ പറഞ്ഞു.
അയോധ്യയിലെ തര്‍ക്ക ഭൂമിയിലെ റെഡ് സോണിലും യെല്ലോ സോണിലും സുരക്ഷക്കായി 14 കമ്പനി ക്രമസമാധാന സംരക്ഷണ സേനയെ (പി.എ. സി) നിയോഗിച്ചിട്ടുണ്ട്. എട്ട് കമ്പനി പി.എ.സിയെകൂടി നിയോഗിക്കും. ഡിസംബര്‍ ആറിന് അഞ്ച് കമ്പനി ദ്രുതകര്‍മ സേനയെയും ക്രമസമാധാന പാലനത്തിനായി വിന്യസിക്കും.

അധ്യാപകരുടെ മര്‍ദ്ദനം; നാലാം ക്ളാസുകാരന്‍ മരിച്ചു

അധ്യാപകരുടെ മര്‍ദ്ദനം; നാലാം ക്ളാസുകാരന്‍ മരിച്ചു
ഭോപ്പാല്‍: സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ വിദ്യാര്‍ഥി അധ്യാപകന്‍െറ മര്‍ദ്ദനമേറ്റ് മരിച്ചു. ഭേതുല്‍ ജില്ലയിലെ പ്രൈമറി സ്കൂളില്‍  നാലാം ക്ളാസില്‍ പഠിക്കുന്ന അസ്ലം അന്‍സാരിയാണ് അധ്യാപകന്‍െറ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്.
നവംബര്‍ 14 ന്,  അധ്യാപകരായ ബിര്‍ജു കുമാര്‍ സൊനാരിയ, വിജയ് റാം ഭഗത് എന്നിവര്‍  കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.  നട്ടെല്ളെിനും കഴുത്തിലും സാരമായി പരിക്കേറ്റ അസ്ലമിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ ബിര്‍ജു കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കൂട്ടുപ്രതിയായ വിജയ് റാം ഒളിവിലാണ്.
സ്കൂളിലെ ബക്കറ്റ് പൊട്ടിച്ചത് അസ്ലമാണെന്നാരോപിച്ചാണ് അധ്യാപകര്‍ കുട്ടിയെ മര്‍ദ്ദിച്ചത്. സംഭവമറിഞ്ഞ വീട്ടുകാര്‍ സ്കൂളിലത്തെി അധ്യാപകരെ ചോദ്യം ചെയ്തു. എന്നാല്‍ അവര്‍ ചികിത്സക്കായി 200 രൂപ കൊടുത്ത് പറഞ്ഞു വിടുകയായിരുന്നു. അസ്ലമിന്‍്റെ ആരോഗ്യത്തില്‍ പുരോഗതിയില്ലാത്തതിനെ തുടര്‍ന്ന് ആദ്യത്തെ ആശുപത്രിയില്‍നിന്ന് നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടുത്തെ ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് കുട്ടിയെ ഭോപാലിലെ  ഹമീദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ