2013, ഡിസംബർ 31, ചൊവ്വാഴ്ച

ആശംസകൾ.......


 തിവുപൊലെ വീണ്ടുമൊരു പുതു വർഷം പിറവിയെടുക്കുന്നു.ഓരോ നിമിഷവും ലോകം മുൻപോട്ടു കുതിക്കുമ്പോൾ നാം അനുദിനം ദുരിത ജീവിതത്തിലേക്ക് തള്ളപ്പെട്ടു കൊണ്ടിരിക്കുന്നു.ജനസംഖ്യാ പെരുപ്പത്തിൽ കുതിക്കുന്ന ഇന്ത്യയും,ചൈനയും സാമ്പത്തിക വളർച്ചയിൽ ലോക ശ്രദ്ധ ആകര്ഷിക്കുന്നുവെങ്കിലും, സത്യത്തിൽ നമ്മുടെ രാജ്യത്തെ ഭരണ വിവരദോഷികളുടെ പെരുപ്പിച്ചു പറച്ചിൽ മാത്രമായേ നമ്മുടെ രാജ്യത്തെ സാധാരണ ജനങ്ങൾക്ക്‌ ഇത്തരം അവകാശ വാദങ്ങൾ കാണാൻ കഴിയൂ. കാരണം  നാട്ടിലെ സാധാരണക്കാരനെ പാവപ്പെട്ടവനെ സംബന്ധിച്ചു അവൻ അനുദിനം കടബാധ്യതയിലെക്കും,അതുവഴി ദുരിത ജീവിതക്കുഴിയിലേക്കും താഴ്ന്നു കൊണ്ടിരിക്കുന്നു.

ബ്രിട്ടീഷ് രാജ്ഞി യെപോലെ സദാ നൂറുക്കണക്കിനു പോലീസ്,പട്ടാള അകമ്പടിയോടെയും,ആകാശത്തിലും ഭൂമിയിലും പറക്കുന്ന ഭരണ പ്രഭുക്കൾക്ക് ഭൂമിയിൽ സ്വന്തം ജനതയുടെ ദുരിതം കാണാൻ ആവില്ല. സ്വേഛാധിപതികളെ പോലെ, ജനങ്ങളുടെ മേൽ എന്തും അടിച്ചേൽപ്പിക്കുന്ന അധികാര മുഷ്ട്ടി.!! ഇന്നു നമ്മുടെ  രാജ്യത്തെ ഭരണ പ്രഭുക്കളുടെ നിലപാടിൽ പ്രകടമാകുന്നത് അതാണല്ലോ.

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളൊക്കെയും, സ്വകാര്യ കുത്തകളെ  ഏൽപ്പിച്ചു,അവരുടെ താന്തോന്നിത്തത്തിൽ രാജ്യത്തെ പാവപ്പെട്ടവന്നു അധികഭാരം അടിച്ചേൽപ്പിച്ചു ജനങ്ങളുടെ ജീവിതവും, സ്വസ്ഥതയും നശിപ്പിക്കുംബോഴും അത് കയ്യും കെട്ടി നോക്കി നിന്ന് " അതിൽ നമുക്കിടപെടാൻ പറ്റില്ല"  എന്ന് പറയുന്ന ഒരു   പാവ സർക്കാരാണോ നൂറ്റി മുപ്പതുകൊടി ജനങ്ങളെ നയിക്കേണ്ടതു..? ജനങ്ങള് മനസ്സുവെച്ചു ചിന്തിക്കേണ്ട ഒരു വലിയ വിഷയവും, നമ്മുടെ രാജ്യത്തിന്റെ ഭാവിയുടെയും വിഷയമാണ്. 

സാധാരണക്കാരനും, ദരിദ്രനും, നരകിക്കാൻ മാത്രം  വിധിക്കപ്പെട്ടവരായി മാറുന്നു. സ്വാതന്ത്ര്യം നേടി വർഷങ്ങളും, പഞ്ച വത്സര പദ്ധതികളും ഏറെ കഴിഞ്ഞെങ്കിലും രാജ്യം ഇന്നും ദാരിദ്ര്യത്തിന്റെ തീരാ ശാപത്തിൽ തന്നെ നില്ക്കുന്നു. 

ഇത് നാം പറയുമ്പോൾ ഭരണ പ്രഭുക്കൾ പറയുക നമ്മുടെ കുതിപ്പിനെ കുറിച്ചാണ്.നാം കുതിക്കുകയാണ് പോലും ..രാജ്യത്തെ സാമ്പത്തികം അങ്ങ് വളർന്നു എന്ന് .പറയുന്നു.  സാധാരണ ക്കാരന്റെ അടുപ്പ്  പുകയാത്ത എന്ത് കുതിപ്പാണ്, എന്ത് വളര്ച്ച്ചയാണ് മാഷെ...ഈ  ഭരണ മുടിയന്മാർ കാണുന്നത്?..രാജ്യത്തെ ജനങ്ങളുടെ കഷ്ടപ്പാടും ദുരിതവും അറിയണമെങ്കിൽ ജനങ്ങളോടോത്തു  നടക്കൂ. രാജ്യത്തെ ജനതയെ കാണൂ. പറക്കും തളികയിൽ സഞ്ചരിച്ചാൽ ജനങ്ങളെ കാണാൻ ആവില്ല, ജനദുരിതം അറിയാൻ ആവില്ല..!

ആഗോള നിലവാരത്തിലെക്കുള്ള  പുതിയ  കുതിപ്പ്, സാധാരണക്കാരന് മനസ്സിലാകാത്ത വലിയ വലിയ കാര്യങ്ങൾ പറഞ്ഞു ഇനിയും ദുരിത ജനങ്ങളെ കണ്ണ് കെട്ടാൻ ശ്രമിക്കല്ലേ..നമ്മുടെ രാജ്യത്തെ സ്ഥിരം "പറ്റിക്കൽസ്" പരിപാടിയായി, അതുമാത്രമാണ്  ബോധമില്ലാത്ത രാഷ്ട്രീയ നയം  എന്ന് മനസ്സിലാക്കി  നമുക്ക് അത് തള്ളിക്കളയാൻ  മാത്രമേ കഴിയൂ. കാരണം ഈ പറയുന്ന കണക്കുകൾ അല്ല പാവപ്പെട്ടവന് വേണ്ടത്. അവനു പട്ടിണി കിടക്കാതെ,സ്വതന്ത്രമായി,സുരക്ഷിതമായി  ജീവിക്കാൻ കഴിയുമോ എന്നതാണ് അവനെ സംബന്ധിച്ചേടത്തോളം ഏറ്റവും വലിയ വിഷയം.

ഇരുപതു രൂപയുണ്ടെങ്കിൽ ഇന്ത്യയിൽ ഒരു കുടുംബത്തിനു ഒരു ദിവസം ജീവിക്കാൻ കഴിയുമെന്നു പറഞ്ഞ രാഷ്ട്രീയക്കാരും, നമ്മുടെ രാജ്യത്തെ സാമ്പത്തിക വിദഗ്ദരായ പ്രമാണിമാർക്കും തലയ്ക്കു വെളിവില്ലാത്തവർ ആണോ എന്ന് ആരെങ്കിലും ചോദിച്ചുപോയാൽ അതവന്റെ വിവരക്കേട് എന്ന് പറയാൻ  കഴിയില്ല. വെറ്റിലക്ക്  തൊടാൻ ചുണ്ണാമ്പ് പോലും കിട്ടാത്ത, പാറ്റയെ കൊല്ലാൻ പാറ്റ വിഷം പോലും കിട്ടാത്ത ഇരുപതു രൂപയ്ക്കു ഇന്ത്യാരാജ്യത്തു ഒരു കുടുംബത്തിനു ജീവിക്കാൻ അത് ധാരാള മെന്നു പറഞ്ഞ  നമ്മുടെ രാജ്യത്തെ നയിക്കുന്ന വിദഗ്ദർ..?.

പാചക ഗ്യാസിനു കാത്തു നില്ക്കാതെ, ഓരോ വീട്ടിലും മരം വെച്ചു പിടിപ്പിച്ചു വിറകാക്കി ,ഭക്ഷണം വേവിച്ചു കഴിക്കാൻ നിർദ്ദേശിച്ച ഒരു ഭരണാധികാരി നമ്മുടെ ഇന്ത്യാ മഹാ രാജ്യത്തിനു നൽകാൻ കഴിഞ്ഞ ദൈവത്തെ നാം എപ്പോഴും സ്തുതിക്കുക.!!

കൃഷിക്കനുയോജ്യമായ  ,ഭൂപ്രകൃതിയും, കാലാവസ്ഥയും കൊണ്ട് കനിഞ്ഞനുഗ്രഹിച്ച നമ്മുടെ ഹരിത ഭൂമി വെട്ടിത്തെളിയിച്ചു അവിടെ കൊണ്ഗ്രീറ്റ് കാട് വളർത്താൻ ഉപദേശിച്ച വിദഗ്ദനെയും കിട്ടിയത് നമ്മുടെ രാജ്യത്തിന്റെ മഹാ ഭാഗ്യം തന്നെ.ലോകം , നേരിടുന്ന,നേരിടാനിരിക്കുന്ന ഭക്ഷ്യ ദുരിതം ജൈവ സമ്പത്തുകൾ സംരക്ഷിക്കേണ്ട ആവശ്യകതയെ ലോകം ഗൌരവത്തോടെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദർഭത്തിലായിരുന്നു നമ്മെ നയിക്കുന്ന മഹാരഥന്മാരുടെ ഇത്തരം പരാമർശങ്ങൾ എന്ന് കൂടി ഓർക്കുമ്പോൾ നാം കുതിക്കുന്നത് എങ്ങോട്ട് എന്ന് മനസ്സിലാക്കാൻ  ഇത്ര വലിയ വൈദഗ്ദ്യമൊന്നും  വേണ്ടതില്ല.

ലോകം കണ്ട ഏറ്റവും വലിയ അഴിമതി രാജ്യമായി ഇന്ത്യാ രാജ്യത്തെ വളര്ത്താൻ, എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്ത പൂജ്യങ്ങൾ നിരത്തുന്ന വൻ അക്ക നിരകളുടെ അഴിമതി രാജ്യമായി കഴിഞ്ഞ കുറച്ചു വർഷങ്ങൾകൊണ്ട്‌ നമ്മുടെ രാജ്യത്തെ വളര്ത്തിയെടുക്കാൻ കഴിഞ്ഞു എന്നതും രാജ്യത്തെ ആഗോള കുതിപ്പിലേക്ക് നയിക്കുന്ന നേതാക്കളുടെ നെറുകയിൽ ഒരു പൊന് തൂകലായി ചാര്ത്താം.

കുത്തക മുതലാളിത്തത്തിനു സുഖവാഴ്ച ഒരുക്കി ഇന്ത്യാ രാജ്യം തീരെഴുതിക്കൊടുത്തുകൊണ്ട് പാവപ്പെട്ട  ജനങ്ങളെ പീഡിപ്പിച്ച് സ്വേഛാധിപതികളെ പോലെ ജനദ്രോഹം ചെയ്തു ഇന്ത്യയെ നയിച്ച ഭരണാധികാരികൾ എന്ന നിലയിലും നിലവിലെ ഭരണകൂടത്തിന് അഭിമാനിക്കാം.

വില വർദ്ധനവ്  കൊണ്ട് സാധാരണക്കാരുടെ,  പാവപ്പെട്ടവരുടെ,സ്ത്രീകളുടെ, കുടുംബിനികളുടെ
ഇത്രയേറെ ശാപം വാങ്ങിയ ഒരു ഭരണം മുമ്പെങ്ങും നമ്മുടെ രാജ്യം കണ്ടിട്ടില്ല...കഞ്ഞി വെള്ളം കാച്ചി കുടിക്കാനുള്ള പാചക വാതകത്തിന് ഒരു മാസത്തിന്നിടെ  പ്രാവശ്യമായി നാന്നൂറ് ഉറുപ്പികയോളം വർദ്ധിപ്പിച്ചപ്പോൾ  ഒരു രാജ്യത്തെ ഭരണ കൂടം കയ്യും കെട്ടി നോക്കി നിന്നുകൊണ്ട് "തീരുമാനം മാറ്റാൻ കഴിയില്ലെന്ന് ധിക്കാരപരമായി പറഞ്ഞ ഭരിക്കുന്നവർ, രാജ്യം ആർക്കു വേണ്ടി  നിലകൊള്ളുന്നു എന്ന് ചിന്തിക്കാൻ നമുക്ക് കഴിയില്ലേ?.ഇവരാണോ, ഈ ധിക്കാരികൾ ആണോ ഫക്കീർ ആയ മഹാത്മാ ഗാന്ധിയുടെ സ്വപ്നവും, ചിന്തയും, യാഥാര്ത്യമാക്കാൻ പോകുന്നത്?  ജനദ്രോഹികളായി കുടുംബിനികളെയും,കുടുംബത്തെയും നരകയാതനയിലാഴ്ത്തിയ ഈ സർക്കാരിനെ, അതിനെ നയിക്കുന്ന കൊണ്ഗ്രസ്സിനെ ജനം ഇനിയും പൊറുക്കുമോ?

ആഗോള വൽക്കരണവും, ഉദാരവൽക്കരണവും നമ്മുടെ സാമൂഹ്യ സംസ്കാരത്തെയും, കുടുംബ ബന്ധങ്ങളെയും,സംസ്കാര മൂല്യങ്ങളെയും തകർ ത്തെറിഞ്ഞു, മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും, ആർഭാട   ജീവിതത്തിന്റെയും, അടിമകളാക്കി ക്രിമിനലുകളെയും, കുറ്റവാളികളെയും സൃഷ്ടിച്ചു വിട്ടപ്പോൾ നാട്ടിലെ സ്വൈര്യ ജീവിതവും നശിപ്പിച്ചുകൊണ്ട്,അക്രമത്തിന്റെയും, അനീതിയുടെയും,കയ്യൂക്കിന്റെ സംസ്കാരം ആധിപത്യം നേടി.

എല്ലാ വിധത്തിലും ദുരിത കയത്തിൽ ഇറക്കി വിട്ടുകൊണ്ട് അസ്വസ്ഥ ജനങ്ങളിലേക്ക് , ഇനിയൊരിക്കൽ വോട്ടു തേടി ഇറങ്ങാൻ നിലവിലെ രാഷ്ട്രീയ കക്ഷികൾക്കാവില്ല.അത്രയേറെ ജനം വെറുക്കുന്നു ഇന്നത്തെ രാഷ്ട്രീയത്തെ എന്നതിനു പകൽ വെളിച്ചം പോലെ വ്യക്തമായതാണല്ലോ ദൽഹി തിരഞ്ഞെടുപ്പിലെ കെജ്രിവാൾ എന്ന യുവതത്വത്തിന്റെ മുന്നേറ്റം. ഇത് വെറും ഒരു തുടക്കം. ഇന്ത്യയൊട്ടാകെ യുവത്വത്തിന്റെ ശക്തി വരും കാലങ്ങളിൽ പ്രകടമാകും.

ജനങളുടെ കാലിൽ  വീണു, കള്ള വാഗ്ദാനങ്ങൾ നല്കി, പ്രലോഭിപ്പിച്ചും, മുഷ്കും, ഭീഷണിയും കാണിച്ചു,വോട്ടു നേടി,ജയിച്ചു അധികാരത്തിൽ കയറിപ്പറ്റിയാൽ എന്ത് ക്രൂരതയും, പുഴുക്കളെ പോലെ കഷട്ടപ്പെടുന്ന ജനങ്ങളോട് കാണിച്ചു സ്വേച്ഛാധിപതികളായി അഞ്ചുകൊല്ലം രാജ്യം സ്വന്തം തറവാട് സ്വത്തായി  ധൂർത്തടിച്ചു ,കട്ട് മുടിച്ചും, കുടുംബങ്ങള്ക്ക്  വീതം വെച്ചും രാജ്യം സ്വന്തം കീശയിൽ ഒതുക്കിയാലും ഇവിടെ ആര്ക്കും ഒന്നും ചെയ്യാനാവില്ല എന്ന നിലയിലുള്ള രാഷ്ട്രീയ ഗർവ്വുകാർക്കു മറിച്ചു ചിന്തിക്കാൻ...., ജനം എന്നത് മരക്കഴുതകൾ അല്ല എന്നത് ബോദ്ധ്യമാവാൻ നിരാഷ്ട്രീയ മുന്നേറ്റം ആവശ്യമായി ജനങ്ങൾ ചിന്തിചച്ചുതുടങ്ങിയപ്പോൾ ഒരു നിയോഗം പോലെ അതൊരു കെജ്രിവാളിന്റെ ചുമതലയായി മാറുകയായിരുന്നു.

പാവപ്പെട്ടവനിൽ പാവപ്പെട്ടവനും, ചെറുപ്പക്കാരനും,ലളിത ജീവിത ചിന്താഗതിക്കാരനുമായ കേജ്രിവാളിൽ ജനം വിശ്വാസം അർപ്പിച്ചുപൊയെങ്കിൽ അതൊരു തെറ്റായ തീരുമാനമാകില്ല..ജനങ്ങളെ പുകയിട്ടു കൊല്ലുന്ന, എന്തിന്റെ പേരിലായാലും ജനദ്രോഹം പൊറുക്കില്ല ജനങ്ങൾ  എന്ന പാഠം ഉൾക്കൊണ്ടുകൊണ്ട് , ജനം വെറും, മൂരാച്ചി കഴുതകൾ അല്ല,അവര്ക്കും ചിന്താ ശക്തിയും, വിദ്യാഭ്യാസവും, ബോധവും ഉണ്ടെന്ന കാര്യം ഓർക്കുക.എങ്കിലും കേജ്രിവാൾ ഒരു സ്ഥിരം സംവിധാനമല്ല. പരീക്ഷണമാണ്.ജന,നിഷ്പക്ഷ വിദഗ്ദ  നിരീക്ഷണം സദാ ആ ഭരണത്തെ വീക്ഷിച്ചുകൊണ്ടേയിരിക്കുമെന്നു തീർച്ച.

പുതുവർഷപ്പുലരിയിൽ തന്നെ പാചകവാതകത്തിന് ഏതാണ്ടു ഇരട്ടിയോളം വില വർദ്ധിപ്പിച്ച കോണ്ഗ്രസ് സര്ക്കാരിന്നു തലയ്ക്കു വെളിവില്ലെ എന്ന് ആരെങ്കിലും ചോദിച്ചാൽ അതവരുടെ വിവരക്കേടോ, ഭ്രാന്തോ ആയിക്കാണാനാവില്ല. ഏതൊരുവനും ചോദിച്ചുപോകും.ഇത്തരം രാജ്യ,ജന ബോധമില്ലാത്ത കൊള്ളക്കാരെ ഇനിയൊരിക്കൽ പരീക്ഷിക്കുക എന്ന ശുദ്ധ വിവരക്കേട്  ജനം ചെയ്യില്ല. തീർച്ച !!

ഇന്ത്യാ രാജ്യത്തു പ്രവർത്തിക്കുന്ന, ഇന്ത്യയുടെ എണ്ണ കമ്പനികൾ അവരുടെ തോന്നിവാസം പോലെ,ഒരു മാനദണ്ഢവുമില്ലാതെ ഒറ്റയടിക്ക് ഇരുനൂറും,മുന്നൂറും ഉറപ്പിക ജനങ്ങളോട് അങ്ങ് തട്ടിപ്പറിക്കുമ്പോൾ അങ്ങിനെ നോക്കി നിൽക്കാൻ  മാത്രം  അധികാരമുള്ള ഒരു സർ ക്കാർ  ജനങ്ങൾക്കാവശ്യമുണ്ടോ..?

അതേപോലെ എയർ  ഇന്ത്യയും , പ്രവാസികളോട് ചെയ്യുന്ന ക്രൂരതക്കും ഇതിനൊന്നും രാജ്യം ഭരിക്കുന്ന ഭരണ കൂടത്തിനോ രാജ്യനിയമങ്ങൾക്കോ  ഒന്നും ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞു കൈ മലർത്താനാണെങ്കിൽ,,  ബോധവും,രാജ്യ,ജന സ്നേഹമുള്ള വിഭാഗീയ  ചിന്താഗതിയും,വർഗ്ഗീയ രാഷ്ട്രീയ വകതിരിവും ഇല്ലാത്ത ,നികുതിപ്പണം, ധൂര്തടിക്കാത്ത,കട്ടുമുടിക്കാത്ത ബ്രിട്ടീഷ് പ്രഭുക്കളെ പോലെ പ്രഭുക്കളായി ജീവിതം ആഗ്രഹിക്കാത്ത ഗാന്ധിയാൻ നയം പുഛിക്കാത്ത ഇന്ത്യൻ മണ്ണിന്റെ മണവും, ഗുണവുമുള്ള, ഇന്ത്യൻ ദരിദ്രജനതയെ കണ്ടറിയുന്ന,പുരോഗതിയിലേക്ക് നയിക്കുന്ന ഒരു ഭരണ നേതൃത്വം, നമ്മുടെ രാജ്യത്തെ ജനകോടികൾ അതിയായി ആഗ്രഹിക്കുന്നു.ഈ വർ ഷം നമ്മുടെ രാജ്യ നന്മയുടെ,ജന നന്മയുടെ മാറ്റത്തിന്റെ വർഷമായി തീരട്ടെ എന്നാശിക്കുന്നു...  ആശംസിക്കുന്നു....

ചിന്താമൊഴി: ...രാഷ്ട്രീയവും,മതവും നമുക്കാവശ്യമാണ്.സാമൂഹ്യ,രാജ്യ ധർമ്മ മാണ് രാഷ്ട്രീയമെങ്കിൽ,മനുഷ്യ നിയന്ത്രണ മാർഗ്ഗരേഖയാണ് മതം. രണ്ടും മൂല്യാധിഷ്ടിതമാണ്.അത് തിരിച്ചറിയാത്തവരുടെ വാഴ്ചയാണ് ഇന്ന് നാമും, നമ്മുടെ രാജ്യവും നേരിടുന്ന വലിയ വിപത്ത്...ലഹരി തലയ്ക്കു പിടിച്ച  കുരങ്ങന്റെ കയ്യിലെ  മാല പോലെയാവരുത് ഇത് രണ്ടിന്റെയും,നേതൃത്വം നാം എൽപ്പിക്കേണ്ടത്...... 







  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ