2012, ഒക്‌ടോബർ 30, ചൊവ്വാഴ്ച

പത്ര വാര്‍ത്തകളിലൂടെ....(ഒന്ന്)

'മാധ്യമ'ത്തില്‍ നിന്നും.

പൈലറ്റിനെയും ജീവനക്കാരെയും ബന്ദിയാക്കിയതു തന്നെയെന്ന് എയര്‍ ഇന്ത്യ

പൈലറ്റിനെയും ജീവനക്കാരെയും ബന്ദിയാക്കിയതു തന്നെയെന്ന് എയര്‍ ഇന്ത്യ
തിരുവനന്തപുരം: പൈലറ്റിനെയും ജീവനക്കാരെയും ബന്ദിയാക്കിയതും ആക്രമിച്ചതുമാണ് ‘വിമാന റാഞ്ചല്‍’ വിവാദത്തിന് കാരണമായതെന്ന് എയര്‍ഇന്ത്യ.
തങ്ങളുടെ കുറ്റങ്ങളെല്ലാം മറച്ച് യാത്രക്കാരെ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് എയര്‍ഇന്ത്യ അധികൃതര്‍. അബൂദബി-കൊച്ചി എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് അന്വേഷിച്ച വ്യേമായാന മേഖലാ ഡയറക്ടര്‍ ശരത്ശ്രീനിവാസനും കേരളാ പൊലീസിനും നല്‍കിയ മൊഴികളിലാണ് എയര്‍ഇന്ത്യ ഉദ്യോഗസ്ഥര്‍ യാത്രക്കാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യാത്രക്കാര്‍ക്കെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും എയര്‍ഇന്ത്യയുടെ നടപടിയും നിലപാടും യാത്രക്കാര്‍ക്കെതിരാണെന്നതാണ് വസ്തുത. നിലവില്‍ പൈലറ്റിന്‍െറ പരാതിയില്‍ ആറ് യാത്രക്കാരെ പ്രതി ചേര്‍ത്ത് വലിയതുറ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രസിഡന്‍റിന്‍െറ സന്ദര്‍ശനം പ്രമാണിച്ച് രണ്ട് ദിവസമായി കാര്യമായ അന്വേഷണമൊന്നും നടക്കുന്നില്ലെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
എന്നാല്‍ എയര്‍ഇന്ത്യയാണ് പരാതിക്കാര്‍ എന്നതിനാല്‍ യാത്രക്കാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണവുമായി മുന്നോട്ട് പോകാന്‍ പൊലീസ് നിര്‍ബന്ധിതമാകുമെന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
കേസിന്‍െറ തുടര്‍നടപടികളുമായി പൊലീസ് മുന്നോട്ട് പോകുകയാണെങ്കില്‍ യാത്രക്കാരില്‍ പലര്‍ക്കും മടക്കയാത്ര ബുദ്ധിമുട്ടാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. യാത്രക്കാര്‍ ആവശ്യമില്ലാതെയാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. വിമാനത്തിന്‍െറ കോക്പിറ്റിലേക്ക് യാത്രക്കാര്‍ തള്ളിക്കയറിയെന്നും അത് തടയാന്‍ ശ്രമിച്ച രണ്ട് ജീവനക്കാരെ കൈയേറ്റം ചെയ്തെന്നുമാണ് എയര്‍ഇന്ത്യ ആരോപിക്കുന്നത്.
വിമാനത്തിന്‍െറ മുന്‍ഭാഗത്തിരുന്ന 20 ഓളം ജീവനക്കാര്‍ കോക്പിറ്റിലേക്ക് ഇടിച്ചുകയറി, ചിലര്‍ വിമാനത്തിന്‍െറ വശങ്ങളില്‍ ഇടിച്ചു. യാത്രക്കാരെ ശാന്തരാക്കാന്‍ ശ്രമിച്ച ജീവനക്കാരെ മര്‍ദിക്കുകയും അസഭ്യം കൊണ്ട് പൊതിയുകയുമാണുണ്ടായത്. കോക്പിറ്റിലെത്തിയവര്‍ പൈലറ്റിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എയര്‍ ഇന്ത്യ പറയുന്നു.
പൈലറ്റ് ഉള്‍പ്പെടെ ആറ് വിമാനജീവനക്കാരെയും രണ്ട് ജീവനക്കാരെയും യാത്രക്കാര്‍ ബന്ദികളാക്കിയെന്നും പ്രതിഷേധക്കാര്‍ വിമാനത്തില്‍ നിന്നിറങ്ങി ഗോവണിയില്‍ ഇരുന്നതിനാല്‍ ഗോവണിക്ക് കേടുപറ്റിയെന്നും മറ്റ് ചിലര്‍ പാര്‍ക്കിങ് ഏരിയയിലേക്ക് ഇറങ്ങിയതായും എയര്‍ഇന്ത്യ ആരോപിക്കുന്നു.
എയര്‍ഇന്ത്യ എയര്‍പോര്‍ട്ട് മാനേജര്‍, ഡ്യൂട്ടി മാനേജര്‍, സെക്യൂരിറ്റി മാനേജര്‍, കമേഴ്സ്യല്‍ സ്റ്റാഫ്, ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ജീവനക്കാരന്‍ എന്നിവരാണ് മൊഴി നല്‍കിയത്. വനിതാപൈലറ്റ് രൂപാലിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആറ് യാത്രക്കാര്‍ക്കെതിരെ വലിയതുറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പൈലറ്റിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനും ജീവനക്കാരെ ആക്രമിച്ചതിനും വധശ്രമത്തിനുമൊക്കെ കേസെടുക്കണമെന്ന നിലപാടിലാണ് എയര്‍ഇന്ത്യയെന്നാണ് അറിയുന്നത്.
പൈലറ്റിന്‍െറ മൊഴി പൂര്‍ണമായും രേഖപ്പെടുത്തിയിട്ടില്ലെന്നും അത് കൂടി രേഖപ്പെടുത്തിയ ശേഷം മാത്രമേ കുറ്റം ചുമത്താന്‍ കഴിയൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി ‘മൗനി’മോഹന്‍ സിങ് ആണെന്ന് മോഡി

പ്രധാനമന്ത്രി ‘മൗനി’മോഹന്‍ സിങ് ആണെന്ന് മോഡി

മാണ്ഡി (ഹിമാചല്‍ പ്രദേശ്): വിലക്കയറ്റത്തെക്കുറിച്ചും പണപ്പെരുപ്പത്തെക്കുറിച്ചും ഒന്നുമുരിയാടാത്ത പ്രധാനമന്ത്രി ‘മൗനി’മോഹന്‍ സിങ് ആണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.പി.എ സര്‍ക്കാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച മോഡി മന്‍മോഹന്‍ സിങ്ങും സോണിയ ഗാന്ധിയും പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം അപ്രാപ്യരാണെന്നും കുറ്റപ്പെടുത്തി. സാധാരണക്കാരായ ഇന്ത്യക്കാരുടെ അടുക്കളയെ കുറിച്ച് അറിയാത്തയാളാണ് സോണിയ. അറിയുമായിരുന്നെങ്കില്‍ പാചകവാതകത്തിന് വില കുത്തനെ ഉയര്‍ത്തിയാല്‍ അവര്‍ അനുവദിക്കുമായിരുന്നില്ല.
പുതിയതായി ചുമതലയേറ്റ മന്ത്രി ശശി തരൂരിനെയും മോഡി വെറുതെ വിട്ടില്ല. തരൂരിന്‍െറ ഭാര്യയെ പരാമര്‍ശിച്ച് അവര്‍ തരൂരിനെ സംബന്ധിച്ചിടത്തോളം 50 കോടിയുടെ ഗേള്‍ഫ്രന്‍ഡാണെന്ന് കളിയാക്കി. യു.പി.എ മന്ത്രി സഭയില്‍ അഴിമതി കാണിക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്ന രീതിയാണെന്നും സല്‍മാന്‍ ഖുര്‍ശിദിന്‍െറ വകുപ്പ് മാറ്റത്തെ പരാമര്‍ശിച്ചുകൊണ്ട് മോഡി പറഞ്ഞു. നിയമമന്ത്രിയായിരുന്ന ഖുര്‍ശിദ് പുന$സംഘടനയെ തുടര്‍ന്ന് വിദേശകാര്യമന്ത്രിയായി ചുമതലയേറ്റിരുന്നു.
ഹിമാചലില്‍ അടുത്ത ഞായറാഴ്ച തെരഞ്ഞെടുപ്പ് നടക്കും.
 

സുനന്ദാ പുഷ്കര്‍ക്കുനേരെ കൈയേറ്റ ശ്രമം

സുനന്ദാ പുഷ്കര്‍ക്കുനേരെ കൈയേറ്റ ശ്രമം
ശശിതരൂരിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണത്തിനിടെ തിരക്കില്‍പെട്ട ഭാര്യ സുനന്ദ പുഷ്ക്കര്‍ ക്ഷുഭിതയായപ്പോള്‍
തിരുവനന്തപുരം: കേന്ദ്രമന്ത്രി ശശി തരൂരിന് നല്‍കിയ സ്വീകരണത്തില്‍ ഭാര്യ സുനന്ദ പുഷ്കര്‍ക്കു നേരെ കൈയേറ്റ ശ്രമം. സത്യപ്രതിജ്ഞക്കുശേഷമെത്തിയ കേന്ദ്ര മാനവശേഷി വികസന സഹമന്ത്രി തരൂരിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് സുനന്ദാ പുഷ്കക്കു നേരെ കൈയേറ്റ ശ്രമമുണ്ടായത്. മന്ത്രിയെ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നതിനിടെ ഒറ്റപ്പെട്ടുപോയപ്പോഴാണ് സുനന്ദയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ഇതില്‍ പ്രകോപിതയായ ഇവര്‍ പ്രവര്‍ത്തകര്‍ക്കുനേരെ തട്ടിക്കയറി. ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ ഇവരെ മന്ത്രിക്കൊപ്പം കാറില്‍ കയറ്റി വിമാനത്താവളത്തിന് പുറത്തേക്കയച്ചു. കാര്‍ വീണ്ടും പുറത്തുകൂടി വിമാനത്താവളത്തിനകത്തെത്തിയാണ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്.

 

******************

മന്ത്രിസഭാ പുന$സംഘടന വിവാദത്തില്‍

മന്ത്രിസഭാ പുന$സംഘടന വിവാദത്തില്‍
വകുപ്പുമാറ്റത്തില്‍ ഖേദമില്ല -ജയ്പാല്‍ റെഡ്ഡി
ന്യൂദല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുന$സംഘടന വിവാദത്തില്‍. അഴിമതി ആരോപണം നേരിടുന്ന ഘട്ടത്തില്‍തന്നെ സല്‍മാന്‍ ഖുര്‍ശിദിനെ വിദേശകാര്യ മന്ത്രിയാക്കി ഉയര്‍ത്തിയതും, പെട്രോളിയം മന്ത്രാലയത്തില്‍നിന്ന് ജയ്പാല്‍ റെഡ്ഡിയെ അപ്രധാനമായ ശാസ്ത്ര-സാങ്കേതിക വകുപ്പിലേക്ക് ഒതുക്കിയതുമാണ് പ്രധാനമായും വിമര്‍ശത്തിന് ഇടയാക്കിയത്. യു.പിയില്‍ സ്വന്തം നിയന്ത്രണത്തിലുള്ള ട്രസ്റ്റിന്‍െറ പേരില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണമാണ് സല്‍മാന്‍ ഖുര്‍ശിദിനെ വേട്ടയാടുന്നത്. സാമൂഹികപ്രവര്‍ത്തകനായ അരവിന്ദ് കെജ്രിവാള്‍ അഴിമതി ആരോപണം ഉയര്‍ത്തിയ ഘട്ടത്തില്‍തന്നെ ഖുര്‍ശിദിന് സ്ഥാനക്കയറ്റം നല്‍കിയതിനെ സമാജ്വാദി പാര്‍ട്ടിയടക്കം വിമര്‍ശിച്ചു.
മന്ത്രിസഭാ പുന$സംഘടനയില്‍ ഗൂഢാലോചനയുണ്ടെന്നാണ് കെജ്രിവാളിന്‍െറ ആരോപണം. അഴിമതിക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി അഴിമതിക്കാര്‍ നിയന്ത്രിക്കുന്ന സര്‍ക്കാറാണിതെന്ന സന്ദേശമാണ് പുന$സംഘടന നല്‍കുന്നതെന്നും കെജ്രിവാള്‍ ആരോപിച്ചു.
റിലയന്‍സിന്‍െറ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്തതുകൊണ്ടാണ് ജയ്പാല്‍ റെഡ്ഡിയെ പെട്രോളിയം മന്ത്രാലയത്തില്‍നിന്ന് മാറ്റിയതെന്ന ആരോപണം ശക്തമാണ്. റെഡ്ഡിയെ മാറ്റിയത് ചോദ്യംചെയ്ത് ബി.ജെ.പി രംഗത്തുവന്നു. ഈ ഒതുക്കലിന്‍െറ കാരണം സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. വീരപ്പ മൊയ്ലിയാണ് പുതിയ പെട്രോളിയം മന്ത്രി. തിങ്കളാഴ്ച രാവിലെ പുതിയ ചുമതല ഏറ്റെടുക്കാന്‍ പെട്രോളിയം മന്ത്രാലയത്തില്‍ മൊയ്ലി എത്തിയപ്പോള്‍, സ്ഥാനമൊഴിയുന്ന മന്ത്രി ഉണ്ടായിരുന്നില്ല. ഇത് ജയ്പാല്‍ റെഡ്ഡിയുടെ അമര്‍ഷം വ്യക്തമാക്കി. എന്നാല്‍, പുതിയ മന്ത്രി സ്ഥാനമേല്‍ക്കാന്‍ എത്തുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് റെഡ്ഡി വിശദീകരിച്ചു.
പുന$സംഘടനയില്‍ ഒതുക്കപ്പെട്ടെങ്കിലും, അതു കാര്യമാക്കാതെയാണ് ജയ്പാല്‍ റെഡ്ഡി തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരെ നേരിട്ടത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി മികച്ച ബന്ധമാണുള്ളതെന്ന് അദ്ദേഹം വിശദീകരിച്ചു. വിശ്വസ്തനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനും സത്യസന്ധനായ മന്ത്രിയുമായി തുടരും. വകുപ്പ് അനുവദിക്കുന്നത് പ്രധാനമന്ത്രിയുടെ അധികാരത്തില്‍ പെട്ട കാര്യമാണ്. ഏതെങ്കിലും വകുപ്പിനുവേണ്ടി താന്‍ സമ്മര്‍ദം ചെലുത്തിയിട്ടുമില്ല.
വ്യവസായ ലോബിയുടെ സമ്മര്‍ദമാണ് റെഡ്ഡിയുടെ വകുപ്പുമാറ്റമെന്ന വാര്‍ത്തകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ജയ്പാല്‍ റെഡ്ഡി ഒഴിഞ്ഞുമാറി. മാനവശേഷി വികസന മന്ത്രാലയം കൈവിട്ടുപോയതില്‍ കപില്‍ സിബലിനും നീരസമുണ്ടെന്നാണ് വിവരം. സര്‍ക്കാറിന്‍െറ രക്ഷകനായി ചമഞ്ഞുനിന്ന സിബലിന് പ്രധാന വകുപ്പ് നഷ്ടപ്പെട്ടത് അപ്രതീക്ഷിതമായാണ്. പ്രതിരോധ സഹമന്ത്രി മാത്രമായിരുന്ന പല്ലം രാജുവിന് പൊടുന്നനെ കാബിനറ്റ് പദവിയും സുപ്രധാനമായ മാനവശേഷി വികസനവും നല്‍കിയതും അമ്പരപ്പിക്കുന്ന തീരുമാനമായിരുന്നു.
മഹാരാഷ്ട്രയിലെ കോണ്‍ഗ്രസുകാര്‍ രോഷത്തിലാണ്. വിലാസ്റാവു ദേശ്മുഖിന്‍െറ നിര്യാണം മൂലമുള്ള ഒഴിവ് മഹാരാഷ്ട്രയില്‍നിന്നുതന്നെ നികത്തിയില്ല.

2012, ഒക്‌ടോബർ 21, ഞായറാഴ്‌ച

നോ കമന്റ് .......ഹഹഹ..(ഒന്ന്).



പരസ്യ സംവാദത്തിന് സോണിയയും മന്‍മോഹനും തയ്യാറുണ്ടോ - കെജ്രിവാള്‍

പരസ്യ സംവാദത്തിന് സോണിയയും  മന്‍മോഹനും തയ്യാറുണ്ടോ -  കെജ്രിവാള്‍
ന്യൂദല്‍ഹി: അഴിമതി ആരോപണങ്ങളെക്കുറിച്ച് പരസ്യസംവാദത്തിന് തയാറാകാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് അരവിന്ദ് കെജ്രിവാളിന്‍െറ വെല്ലുവിളി. കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് എഴുതിയ കത്തിന് മറുപടിയായാണ് കെജ്രിവാള്‍ ഇത് വ്യക്തമാക്കിയത്.
മന്‍മോഹന്‍സിങ്ങിനും റോബര്‍ട്ട് വാദ്രക്കും ഖുര്‍ശിദ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ഞങ്ങള്‍ ചില പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്. പകരം ഞങ്ങളുടെ സംഘത്തിലെ ചിലര്‍ക്കും സംഘടനക്കും നേരെ ദിഗ്വിജയ്സിങ്ങിനെ പോലുള്ളവര്‍ക്കും പരാതിയുണ്ട്. ഇതേക്കുറിച്ച് പരസ്യസംവാദത്തിന് തയാറാണ്.
ഞങ്ങളെക്കുറിച്ചുള്ള എല്ലാ പരാതികള്‍ക്കും മറുപടി പറയാം. അതുപോലെ, കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ മറുപടി പറയാന്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തയാറുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് കെജ്രിവാള്‍ പറഞ്ഞു.
പൊതുജീവിതത്തിലെയും വ്യക്തിപരമായുള്ളതുമുള്‍പ്പെടെ എല്ലാ ആരോപണങ്ങള്‍ക്കും മറുപടി നല്‍കാന്‍ ഞങ്ങള്‍ക്ക് പേടിയില്ല. എന്നാല്‍, റോബര്‍ട്ട് വാദ്രക്കും ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡക്കും നിയമമന്ത്രി സല്‍മാന്‍ ഖുര്‍ശിദിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ ഇതുവരെ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല.
വാജ്പേയിയുടെയും അദ്വാനിയുടെയും സ്വന്തക്കാര്‍ അഴിമതി നടത്തിയത് അറിയാമെങ്കിലും പുറത്തുപറയില്ലെന്ന ദിഗ്വിജയ് സിങ്ങിന്‍െറ വെളിപ്പെടുത്തല്‍, അഴിമതിക്കാരെ സംരക്ഷിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒറ്റക്കെട്ടാണെന്നാണ് കാണിക്കുന്നതെന്നും കെജ്രിവാള്‍ ചൂണ്ടിക്കാട്ടി.


വാജ്പേയിക്കും അദ്വാനിക്കും അഴിമതിബന്ധം ; തെളിവുണ്ട്, പറയില്ല -ദിഗ്വിജയ്

വാജ്പേയിക്കും അദ്വാനിക്കും  അഴിമതിബന്ധം ; തെളിവുണ്ട്,  പറയില്ല -ദിഗ്വിജയ്
ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി, ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി എന്നിവരുമായി ബന്ധപ്പെട്ടവര്‍ നടത്തിയ അഴിമതിയുടെ തെളിവുകള്‍ തന്‍െറ പക്കലുണ്ടെന്നും എന്നാല്‍, അവ വെളിപ്പെടുത്തില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിങ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിപക്ഷത്തെ രണ്ടു മുതിര്‍ന്ന നേതാക്കളെ വെള്ളംകുടിപ്പിക്കുന്ന വിവരങ്ങള്‍ ഞങ്ങള്‍ക്കറിയാം. എന്നാല്‍, വിവരങ്ങള്‍ പുറത്തുവിട്ട് നേതാക്കളെ അപമാനിക്കാന്‍ തയാറല്ല. ഇതുപോലെ എന്‍.ഡി.എ ഭരണകാലത്തെ ഒരുപാട് കാര്യങ്ങളുണ്ട്. അതൊന്നും കോണ്‍ഗ്രസ് പ്രയോഗിച്ചിട്ടില്ല. പ്രയോഗിക്കുകയുമില്ല -അദ്ദേഹം തുടര്‍ന്നു.
തെളിവുകള്‍ കൈയിലുണ്ടായിരിക്കെ, അത് മറച്ചുവെക്കുന്നതിലൂടെ അഴിമതിക്കാരെ സഹായിക്കുകയല്ലേ ചെയ്യുന്നതെന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് തെളിവുകള്‍ ഒരിക്കലും പുറത്തുവിടില്ലെന്നായിരുന്നു ദിഗ്വിജയ് സിങ്ങിന്‍െറ മറുപടി. 40 വര്‍ഷമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന തനിക്ക് എന്തൊക്കെ ചെയ്യാമെന്നും എന്തൊക്കെ ചെയ്യാന്‍ പാടില്ലെന്നും അറിയാം. എന്‍െറ മക്കളും മരുമക്കളും നടത്തുന്നതിന് ഞാന്‍ ഉത്തരവാദിയല്ല. അതുകൊണ്ടാണ് വാജ്പേയിയും അദ്വാനിയുമായി അടുത്ത് ബന്ധപ്പെട്ടവര്‍ നടത്തിയ അഴിമതിയുടെ വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കുന്നതെന്നും ദിഗ്വിജയ് സിങ് തുടര്‍ന്നു.


ആരോപണശരങ്ങളുമായി ദിഗ്വിജയ് സിങ്; അടിസ്ഥാനമില്ലെന്ന് കെജ്രിവാള്‍

ആരോപണശരങ്ങളുമായി  ദിഗ്വിജയ് സിങ്; അടിസ്ഥാനമില്ലെന്ന് കെജ്രിവാള്‍
ന്യൂദല്‍ഹി: അരവിന്ദ് കെജ്രിവാളിനെതിരെ ആരോപണങ്ങളുടെ പട്ടികയുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിന്‍െറ കത്ത്. മറ്റുള്ളവരോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെടുന്ന കെജ്രിവാള്‍ തനിക്കെതിരെയുള്ള കാര്യങ്ങളില്‍ വ്യക്തമായ മറുപടി നല്‍കാന്‍ തയാറാകണമെന്ന് ദിഗ്വിജയ് സിങ് ആവശ്യപ്പെട്ടു. കത്തിലെ ആരോപണങ്ങളെല്ലാം നിഷേധിച്ച കെജ്രിവാള്‍ ഭയപ്പാടിലായ കോണ്‍ഗ്രസ് തനിക്കെതിരെ അവസാനത്തെ ആയുധവും പ്രയോഗിക്കുകയാണെന്ന് കുറ്റപ്പെടുത്തി.
ദേശീയ ഉപദേശക സമിതിയില്‍ അംഗത്വം ലഭിക്കാന്‍ സ്വാമി അഗ്നിവേശ് വഴി കോണ്‍ഗ്രസിന്‍െറ സഹായം തേടിയെന്നാണ് ഒരു ആരോപണം. കെജ്രിവാളുമായി ബന്ധപ്പെട്ട എന്‍.ജി.ഒകള്‍ക്ക് വിദേശത്തുനിന്ന് എങ്ങനെ പണം കിട്ടുന്നുവെന്ന് വ്യക്തമാക്കണം. സംശയകരമായ പശ്ചാത്തലമുള്ള വിദേശ സന്നദ്ധ സംഘടനകളുമായി കെജ്രിവാളിനുള്ള ബന്ധം വിശദീകരിക്കണം. ലിബിയയിലും സിറിയയിലും ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക് സഹായം നല്‍കുന്ന വിദേശ എന്‍.ജി.ഒകളില്‍ നിന്നുള്ള സഹായം സ്വീകരിച്ച് കെജ്രിവാള്‍ ഇവിടെ ചെയ്യുന്നത് എന്താണെന്ന് വ്യക്തമാക്കണം.
സല്‍മാന്‍ ഖുര്‍ശിദിനോട് മന്ത്രിസ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടുന്ന കെജ്രിവാള്‍ കൂടെയുള്ള പ്രശാന്ത് ഭൂഷണ്‍, അഞ്ജലി ദമാനിയ തുടങ്ങിയവര്‍ക്കെതിരെ ആരോപണമുയര്‍ന്നിട്ടും എന്തുകൊണ്ട് തന്‍െറ സംഘത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നില്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതിക്കെതിരെ എന്തുകൊണ്ട് സംസാരിക്കുന്നില്ല തുടങ്ങിയ 27 കാര്യങ്ങളാണ് ദിഗ്വിജയ് സിങ്ങിന്‍െറ കത്തില്‍ പറയുന്നത്. ഹിറ്റ്ലറുടെ ലക്ഷണങ്ങള്‍ കാണിക്കുന്ന അധികാരക്കൊതി മൂത്തയാളാണെന്നാണ് കത്തില്‍ കെജ്രിവാളിനെ ദിഗ്വിജയ് സിങ് വിശേഷിപ്പിക്കുന്നത്.
പുതിയ സംഘടന ഉടന്‍; രാഷ്ട്രീയ ബന്ധമുള്ളവരെ വേണ്ടെന്ന് ഹസാരെ
മുംബൈ: രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുള്ളവര്‍ക്ക് തന്‍െറ അഴിമതി വിരുദ്ധ സംഘടനയില്‍ സ്ഥാനമില്ലെന്ന് അണ്ണാ ഹസാരെ. അഴിമതി വിരുദ്ധ പോരാട്ടത്തില്‍ പൂര്‍ണമായി അര്‍പ്പിക്കാന്‍ കഴിയുന്നവര്‍ക്കേ അംഗത്വം നല്‍കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ 25ഓടെ പുതിയ സംഘടനയും അതിന്‍െറ കോര്‍കമ്മിറ്റിയും നിലവില്‍വരും. പുതിയ സംഘടന പൂര്‍ണമായും തന്‍െറ നിയന്ത്രണത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് ഹസാരെ നടത്തുന്നത്. സംഘടനയുടെ ആസ്ഥാനവും ഹസാരെയുടെ ഗ്രാമമായ റാലിഗന്‍സിദ്ധിയിലായിരിക്കും.
അഴിമതി വിരുദ്ധ പോരാട്ടത്തില്‍ തന്‍െറ പഴയ കൂട്ടാളി അരവിന്ദ് കെജ്രിവാളിന്‍െറ മാര്‍ഗം ഭിന്നമാണെന്ന് ആവര്‍ത്തിച്ച ഹസാരെ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തനിക്കൊപ്പം വേണ്ടെന്ന് വ്യക്തമാക്കുകയാണ് ചെയ്തത്. പഴയ അണ്ണാ ടീമിലുണ്ടായിരുന്നവരെ തന്‍െറ പുതിയ സംഘടനയിലേക്ക് ക്ഷണിക്കുമെന്നു പറഞ്ഞ അദ്ദേഹം മറ്റ് പാര്‍ട്ടികളുമായി ബന്ധമില്ലാത്തവര്‍ക്ക് ഒപ്പംകൂടാമെന്നും കൂട്ടിച്ചേര്‍ത്തു.


പൊലീസും കെജ്രിവാള്‍ അനുയായികളും ഏറ്റുമുട്ടി

പൊലീസും കെജ്രിവാള്‍ അനുയായികളും ഏറ്റുമുട്ടി
ന്യൂദല്‍ഹി: ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ അരവിന്ദ് കെജ്രിവാളിന്‍െറ അനുയായികളും പൊലീസും ഏറ്റുമുട്ടി. ദല്‍ഹി പണ്ഡിറ്റ് പാന്ത് മാര്‍ഗിലെ ഹൂഡയുടെ വീട്ടിലേക്ക് നടന്ന മാര്‍ച്ച് റോഡില്‍ പൊലീസ് തടയുകയായിരുന്നു.
നൂറോളംവരുന്ന ഇന്ത്യ എഗെന്‍സ്റ്റ് കറപ്ഷന്‍ (ഐ.എ.സി) പ്രതിഷേധക്കാര്‍ പൊലീസ് വലയം ഭേദിച്ച് വീട്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ജലപീരങ്കിയും ലാത്തിയും ഉപയോഗിച്ചാണ് പൊലീസ് സമരക്കാരെ പിരിച്ചുവിട്ടത്.
ഏതാനും പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കെജ്രിവാളിന്‍െറ ഹരിയാനയിലെ അനുയായികളാണ് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
പൊലീസ് നടപടിയില്‍ പരിക്കേറ്റ ചിലരെ ദല്‍ഹി ആര്‍.എം.എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്, ഗാസിയാബാദില്‍ ഐ.എ.സി ഓഫിസില്‍ പരിക്കേറ്റവരോടൊപ്പം പത്രസമ്മേളനം നടത്തിയ കെജ്രിവാള്‍ അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെ അടിച്ചൊതുക്കുകയാണെന്ന് കുറ്റപ്പെടുത്തി. കെജ്രിവാളിന്‍െറ പത്രസമ്മേളനത്തിനിടെ ചോദ്യങ്ങളുമായെത്തിയ മുംബൈ സ്വദേശിനി ആനി കൊഹ്ലി നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
പത്രസമ്മേളന വേദിയിലേക്ക് കയറാന്‍ ശ്രമിച്ച ഇവരെ പൊലീസ് തടഞ്ഞു. പത്രസമ്മേളനത്തിനുശേഷം കെജ്രിവാള്‍ പുറത്തുവന്ന് ഇവരുമായി സംസാരിച്ചു. കെജ്രിവാളിന്‍െറ മുന്‍ അനുയായിയാണെന്ന് അവകാശപ്പെട്ട ആനി കൊഹ്ലി അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ രാഷ്ട്രീയ നേട്ടമാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്ന് കുറ്റപ്പെടുത്തി. സല്‍മാന്‍ ഖുര്‍ഷിദിനെ പുറത്താക്കുംവരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് നാലാം ദിവസം ജന്തര്‍മന്തറില്‍ നിന്ന് പിരിഞ്ഞുപോയത് അതാണ് വ്യക്തമാക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കെജ്രിവാളിനോടുള്ള 10 ചോദ്യങ്ങളടങ്ങിയ ലഘുലേഖയും അവര്‍ വിതരണം ചെയ്തു. കൊഹ്ലി പറയുന്നത് അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണെന്നായിരുന്നു കെജ്രിവാളിന്‍െറ പ്രതികരണം



------ "മാധ്യമം" പത്രത്തില്‍ നിന്ന്.


കെജ്രിവാളിന്‍െറ അടുത്ത വെളിപ്പെടുത്തല്‍ ഇന്ന്; ഗഡ്കരിയെന്ന് സൂചന


 കെജ്രിവാളിന്‍െറ അടുത്ത വെളിപ്പെടുത്തല്‍ ഇന്ന്;  ഗഡ്കരിയെന്ന് സൂചന
ന്യൂദല്‍ഹി: കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കിയ വാദ്ര വിവാദത്തിന് പിന്നാലെ അരവിന്ദ് കെജ്രിവാള്‍ പുതിയ വെളിപ്പെടുത്തലിന് ഒരുങ്ങുന്നു. പ്രമുഖ രാഷ്ട്രീയ നേതാവിന്‍െറ അഴിമതിയെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ബുധനാഴ്ച നടത്തുമെന്നാണ് കെജ്രിവാള്‍ പ്രഖ്യാപിച്ചത്. നേതാവ് ആരെന്ന് കെജ്രിവാളും സംഘവും പുറത്തുവിട്ടിട്ടില്ല.
എന്നാല്‍, ബി.ജെ.പി പ്രസിഡന്‍റ് നിതിന്‍ ഗഡ്കരിയാണ് കെജ്രിവാളിന്‍െറ ഇരയെന്നാണ് സൂചന. മഹാരാഷ്ട്രയിലെ ജലസേചന പദ്ധതികളില്‍ നിതിന്‍ ഗഡ്കരിക്ക് പങ്കാളിത്തമുള്ള കമ്പനികള്‍ നടത്തിയ കൊള്ളയുടെ വിവരങ്ങളാണ് കെജ്രിവാള്‍ പുറത്തുവിടാന്‍ പോകുന്നതെന്നാണ് വിവരം. ഇടപാടില്‍ പങ്കാളികളായ ചില എന്‍.സി.പി നേതാക്കളുടെ വിവരങ്ങളും വെളിപ്പെടുത്തലില്‍ ഉണ്ടായേക്കും. വിവരാവകാശ പ്രകാരം ശേഖരിച്ച രേഖകള്‍ സഹിതമായിരിക്കും വെളിപ്പെടുത്തല്‍. ഗഡ്കരിക്കെതിരായ ആരോപണം പ്രതിരോധിക്കാന്‍ ബി.ജെ.പി ഒരുങ്ങിയിട്ടുണ്ട്. ആരോപണങ്ങള്‍ പുറത്തുവിടുംമുമ്പ് കെജ്രിവാള്‍ അതിന്‍െറ വിശ്വാസ്യത പൂര്‍ണമായും ഉറപ്പാക്കണമെന്ന് ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്ലി ചൊവ്വാഴ്ച പറഞ്ഞു.