2011, ഫെബ്രുവരി 11, വെള്ളിയാഴ്‌ച

അമേരിക്കയും ഇസ്രായേലും ഇല്ലാത്ത പശ്ചിമേഷ്യ വരുന്നു -നെജാദ്

അമേരിക്കയും ഇസ്രായേലും ഇല്ലാത്ത പശ്ചിമേഷ്യ വരുന്നു -നെജാദ്

അമേരിക്കയും ഇസ്രായേലും ഇല്ലാത്ത പശ്ചിമേഷ്യ വരുന്നു -നെജാദ്
തെഹ്‌റാന്‍: അമേരിക്കയുടെയും ഇസ്രായേലിന്റെയും താല്‍പര്യങ്ങളില്ലാത്ത മധ്യപൗരസ്ത്യദേശം ഉയര്‍ന്നുവരികയാണെന്ന് ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നെജാദ്.
ഈജിപ്തിലും തുനീഷ്യയിലും മറ്റും ഉണ്ടായ ജനകീയ മുന്നേറ്റത്തെ പ്രകീര്‍ത്തിച്ച അദ്ദേഹം അമേരിക്കയുടെ ഇടപെടല്‍ ഉണ്ടാവാതിരിക്കണമെന്ന് പ്രക്ഷോഭകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തിന്റെ 32ാം വാര്‍ഷികത്തോടനുബന്ധിച്ച് തെഹ്‌റാനില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നെജാദ്. സൗഹൃദത്തിന്റെ മുഖംമൂടിയണിഞ്ഞുകൊണ്ടാണ് അമേരിക്ക പശ്ചിമേഷ്യയിലും ഉത്തര ആഫ്രിക്കയിലും പ്രവര്‍ത്തിക്കുന്നത്. തങ്ങള്‍ ജനങ്ങളുടെ സുഹൃത്താണെന്നാണ് അവരുടെ ഭാഷ്യം. എന്നാല്‍, അമേരിക്കയെ കരുതിയിരിക്കണമെന്ന് നെജാദ് പ്രക്ഷോഭകരോട് ആവശ്യപ്പെട്ടു. ഈജിപ്തിലെയും മറ്റും പ്രക്ഷോഭകര്‍ക്ക് ഇറാന്റെ പിന്തുണയുണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മുബാറക് വീണു

മുബാറക് വീണു
കൈറോ: ഒടുവില്‍ ജനകീയ പ്രക്ഷോഭത്തിന്റെ തീച്ചൂളയില്‍ പിടിച്ചുനില്‍ക്കാനാകാതെ ഈജിപ്ത് പ്രസിഡന്റ്  ഹുസ്‌നി മുബാറക്  രാജിവച്ചു. തുണീഷ്യയില്‍ നിന്നാരംഭിച്ച 'മുല്ലപ്പൂ വിപ്ലവ'ത്തിന്റെ അലയൊലികള്‍ ഈജിപ്തിലേക്ക് പടര്‍ന്ന് ആളിക്കത്തിയപ്പോള്‍ മൂന്നു പതിറ്റാണ്ടു നീണ്ട ഏകാധിപത്യ ഭരണത്തിന് അന്ത്യം.  ദേശീയ ടെലിവിഷനില്‍ വൈസ് പ്രസിഡന്റ് ഉമര്‍ സുലൈമാനാണ് മുബാറക്കിന്റെ രാജിക്കാര്യം അറിയിച്ചത്.സംഭവമറിഞ്ഞതോടെ ഈജിപ്തിലെങ്ങും ആഹ്ലാദപ്രകടനങ്ങള്‍ നടക്കുകയാണ്. തഹ്‌രീര്‍ സ്‌ക്വയറില്‍ കൂടിയ ജനലക്ഷങ്ങള്‍ പോരാട്ടം ലക്ഷ്യം കണ്ടതിനെ തുടര്‍ന്ന ആവേശഭരിതരായി മുദ്രാവാക്യം മുഴക്കി. അധികാരം സൈന്യത്തിന്റെ ഹൈകമാന്റിന് കൈമാറിയിട്ടുണ്ട്.ഈജിപ്തിനെ പിടിച്ചുകുലുക്കിയ 18 നാള്‍ നീണ്ട പ്രക്ഷോഭത്തിനൊടുവിലാണ് ഹൂസ്‌നി മുബാറക്ക് ജനങ്ങളോട്അടിയറവ് പറഞ്ഞത്. 30 വര്‍ഷം നീണ്ട മുബാറക് ഭരണത്തിനാണ് ഇതോടെ അന്ത്യമായത്.
നേരത്തെ ലക്ഷക്കണക്കിനു പ്രക്ഷോഭകര്‍ മുബാറക്കിന്റെ കൊട്ടാരവും സുപ്രധാന സര്‍ക്കാര്‍ മന്ദിരങ്ങളും വളഞ്ഞതോടെ ഈജിപ്തില്‍ എന്തും സംഭവിക്കും എന്ന സ്ഥിതിയായിരുന്നു. മുബാറക് കുടുംബസമേതം കൊട്ടാരം ഉപേക്ഷിച്ച് രഹസ്യതാവളത്തിലേക്കു മാറിയിരുന്നു.
വൈസ് പ്രസിഡന്റ് ഉമര്‍ സുലൈമാന് അധികാരം കൈമാറാന്‍ മുബാറക് തീരുമാനിച്ചുവെന്ന് ഭരണകക്ഷിയായ നാഷനല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ഹസന്‍ ബദ്‌റാവി വ്യാഴാഴ്ച രാത്രി മാധ്യമങ്ങളെ അറിയിച്ചിരുന്നു. ലോകം മുഴുവന്‍ രാജി വാര്‍ത്തക്കായി കാതോര്‍ക്കവെ, ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത മുബാറക് അധികാരമൊഴിയില്ലെന്ന് ആവര്‍ത്തിച്ചത് ലോകരാജ്യങ്ങളെ ഞെട്ടിച്ചു. ഇതോടെ കൂടുതല്‍ പ്രകോപിതരായ ജനം പ്രസിഡന്റിന്റെ കൊട്ടാരം വളയുകയായിരുന്നു. മുബാറക്കും ഉമര്‍ സുലൈമാനും അധികാരം വിട്ടൊഴിയണമെന്ന് പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. ഇതിനു മുമ്പുതന്നെ കുടുംബസമേതം രക്ഷപ്പെട്ട മുബാറക് ശറമുശൈഖ് മേഖലയിലെ റിസോര്‍ട്ടിലാണ് ഇപ്പോഴെന്നാണ് സൂചന. അധികാരത്തില്‍ തുടരുമെന്നും സെപ്റ്റംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനുശേഷമേ മുഴുവന്‍ അധികാരങ്ങളും കൈമാറൂ എന്നുമാണ് മുബാറക് നേരത്തെ ടെലിവിഷന്‍ സന്ദേശത്തില്‍ വിശദീകരിച്ചത്.  തന്റെ അധികാരങ്ങളില്‍ ചിലത് വൈസ് പ്രസിഡന്റ് ഉമര്‍ സുലൈമാന് കൈമാറുന്നതായും അദ്ദേഹം അറിയിച്ചു.
ഇതിനിടെ, ഹുസ്‌നി മുബാറക്കിന് സൈന്യം പിന്തുണയും  പ്രഖ്യാപിച്ചു.  സെപ്റ്റംബറില്‍ സ്വതന്ത്ര തെരഞ്ഞെടുപ്പ് നടത്തുമെന്നും അടിയന്തരാവസ്ഥ പിന്‍വലിക്കുമെന്നും വ്യക്തമാക്കിയ സൈന്യം ജനങ്ങള്‍ പ്രക്ഷോഭത്തില്‍നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, സൈന്യത്തിന്റെ വാഗ്ദാനം തള്ളിയ പ്രക്ഷോഭകര്‍ തഹ്‌രീര്‍ സ്‌ക്വയര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. പ്രക്ഷോഭകര്‍  മുബാറക് വിടചൊല്ലുന്ന ദിനമായി വെള്ളിയാഴ്ച ആചരിച്ചിരുന്നു. പ്രക്ഷോഭത്തിനിടെ 300 പേര്‍ കൊല്ലപ്പെട്ടതിന്റെ രക്തസാക്ഷിദിനവും വെള്ളിയാഴ്ച ആചരിച്ചു. പൊതുമേഖല-സ്വകാര്യ സ്ഥാപനങ്ങളില്‍ പണിമുടക്ക് തുടരുകയാണ്.
ഹുസ്‌നി മുബാറക് ജനങ്ങളുടെ ആവശ്യം അംഗീകരിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാറാണ് രാജ്യത്തില്‍ നിലവില്‍ വരേണ്ടതെന്ന് യൂറോപ്യന്‍ യൂനിയന്‍ വിദേശനയ പ്രതിനിധി കാതറിന്‍ ആഷ്ടന്‍ പറഞ്ഞു.

ഇറാഖില്‍ ഇടപെടരുതെന്ന് യു.എസിന് മുബാറക് മുന്നറിയിപ്പ് നല്‍കി: വികിലീക്‌സ്
ലണ്ടന്‍: ഇറാഖില്‍ ഇടപെടരുതെന്ന് ഈജിപ്ത് പ്രസിഡന്റ് ഹുസ്‌നി മുബാറക് അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി വിക്കിലീക്‌സ് റിപ്പോര്‍ട്ട്. ഇറാഖില്‍ ഇടപെട്ടാല്‍ അമേരിക്കക്ക് അവിടെനിന്ന് തലയൂരാന്‍ പറ്റില്ലെന്ന് മുബാറക് വ്യക്തമാക്കിയിരുന്നതായി യു.എസ് നയതന്ത്ര രേഖകളെ ഉദ്ധരിച്ച് വിക്കിലീക്‌സ് റിപ്പോര്‍ട്ട് ചെയ്തു.
സദ്ദാം ഹുസൈനെ സ്ഥാനഭ്രഷ്ടനാക്കരുതെന്നും മുബാറക് അഭിപ്രായപ്പെട്ടിരുന്നു. മുന്‍ യു.എസ് വൈസ് പ്രസിഡന്റ് ഡിക് ചെനിയോട് ഈജിപ്ത് പ്രസിഡന്റ് മൂന്നോ നാലോ തവണ ഇത് പറഞ്ഞിരുന്നു.  എന്നാല്‍, അമേരിക്കന്‍ വൃത്തങ്ങള്‍ മുബാറക്കിന്റെ മുന്നറിയിപ്പ് തള്ളിക്കളയുകയായിരുന്നു -വിക്കിലീക്‌സിനെ ഉദ്ധരിച്ച് ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോര്‍ട്ട്‌ചെയ്തു. 2008 ഡിസംബറില്‍ കൈറോയില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നല്‍കിയ വിരുന്നില്‍  മുബാറക് തന്റെ അഭിപ്രായം  പറഞ്ഞിരുന്നതായും ഡെയ്‌ലി ടെലിഗ്രാഫ് പറഞ്ഞു. 'ജോര്‍ജ് ബുഷ് സീനിയര്‍ എന്റെ അഭിപ്രായം കേള്‍ക്കുമായിരുന്നു. എന്നാല്‍, മകന്‍ അങ്ങനെയല്ല.' മുബാറക് പറഞ്ഞു.
2009 ജനുവരി 14ലെ അമേരിക്കന്‍ നയതന്ത്ര രേഖകള്‍ ഉദ്ധരിച്ചാണ് വിക്കിലീക്‌സ് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്

ShareThis
ലണ്ടന്‍: ഈജിപ്തില്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക് സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയവരെ സൈന്യം രഹസ്യമായി പിടികൂടി പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. രണ്ടാഴ്ചക്കുള്ളില്‍ ആയിരക്കണക്കിന് പ്രക്ഷോഭകരെ പിടികൂടി പീഡിപ്പിച്ചതായി ബ്രിട്ടീഷ് പത്രം 'ദ ഗാര്‍ഡിയന്‍' വെളിപ്പെടുത്തി. നിരവധി പ്രക്ഷോഭകരെ 'കാണാതായി'ട്ടുണ്ടെന്ന് ഈജിപ്ഷ്യന്‍ മനുഷ്യാവകാശ സംഘടനയായ 'ഇനിഷ്യേറ്റിവ് ഫോര്‍ പേഴ്‌സനല്‍ റൈറ്റ്‌സ്' ഡയറക്ടര്‍ ഹുസ്സാം ബഗ്ദതിനെ ഉദ്ധരിച്ച് പത്രം  റിപ്പോര്‍ട്ട് ചെയ്ത്. മാധ്യമ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരും പീഡനത്തിന് ഇരയായവരില്‍ ഉള്‍പ്പെടും. പിടികൂടിയ പ്രക്ഷോഭകരെ കൈറോയിലെ മ്യൂസിയത്തിലും ചില രഹസ്യകേന്ദ്രങ്ങളിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. സൈന്യത്തിന്റെ സഹായത്തോടെ മര്‍ദനമുറകളും ഇലക്ട്രിക് ഷോക്ക് പോലെയുള്ള പീഡനങ്ങളുമാണ് ഇവര്‍ക്കെതിരെ നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു

ഇത് ഈജിപ്തിന്റെ സ്വന്തം ചരിത്രം

ഇത് ഈജിപ്തിന്റെ സ്വന്തം ചരിത്രം
ഈജിപ്തുകാര്‍ വിപ്ലവം ജയിച്ചു. ഈജിപ്തിലെ പൗരാവകാശസംഘടനകളുടെ ഒന്നിച്ചൊന്നായ നീക്കത്തിലൂടെയാണ് അവരത് സാധിച്ചത്. തൊഴിലില്ലായ്മ, മിനിമം വേതനം, അടിയന്തരാവസ്ഥ എന്നീ വിഷയങ്ങളില്‍ കൃത്യമായ സാമ്പത്തിക, രാഷ്ട്രീയ ആവലാതികള്‍ ഉന്നയിച്ച് ഈജിപ്ഷ്യന്‍യുവത ഒരു മാര്‍ച്ചിന് ആഹ്വാനം ചെയ്തു. ഈജിപ്തിന്റെ നാനാതുറകളില്‍നിന്ന് മത, സാമ്പത്തിക, പ്രത്യയശാസ്ത്ര ഭേദമെന്യേ മുഴുവന്‍ ജനതയും അതിനോട് ക്രിയാത്മകമായി പ്രതികരിച്ചു. അങ്ങനെ നിയതമായ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 25ന് ജനം സമാധാനപൂര്‍വം മാര്‍ച്ച് ചെയ്തു. ഈജിപ്തില്‍ രൂപംകൊള്ളുന്ന ശരിയായ ജനാധിപത്യക്രമത്തിന്റെ ഒരു പ്രകടനമായിരുന്നു അത്. പൗരത്വത്തിന്റെ വ്യായാമപ്രകടനം കൂടിയായിരുന്നു അത്. നിലവിലെ സംഭവങ്ങളെ ചരിത്രം എങ്ങനെ രേഖപ്പെടുത്തുമെന്ന് അറിഞ്ഞുകൂടാ. എന്നാല്‍, ഒന്നുറപ്പ്: ഈജിപ്തില്‍ ഭരണകൂടത്തിനും പൗരന്മാര്‍ക്കും ഇടയിലുള്ള ബന്ധം എന്നേക്കുമായി മാറിക്കഴിഞ്ഞു.
ജനുവരി 25ന് 'സമാധാനം, സമാധാനം' എന്ന് പ്രകടനക്കാര്‍ മന്ത്രിക്കുന്നതാണ് ഞങ്ങള്‍ കേട്ടത്. കലാപം നേരിടുന്ന പൊലീസുമായി ഒരു സംഘര്‍ഷത്തിനുപോലും മുതിരാതെ പക്വമാര്‍ന്ന ആത്മനിയന്ത്രണവും പൗരബോധവുമാണ് അവര്‍ കാഴ്ചവെച്ചത്.
പറയപ്പെടുന്ന ഒരു നേതൃത്വമില്ലാതെ, കൃത്യമായ സംഘാടകരില്ലാതെ ഈജിപ്തുകാര്‍ നൂറും ആയിരവുമായി തടിച്ചുകൂടിയപ്പോഴും ആവശ്യങ്ങള്‍ അത്യുച്ചത്തില്‍ ഉന്നയിച്ചുകൊണ്ടുതന്നെ ക്രമസമാധാനപാലനത്തിന് തങ്ങള്‍ക്കാവുമെന്ന് അവര്‍ ലോകമെങ്ങുമുള്ള പ്രേക്ഷകര്‍ക്കു കാണിച്ചുകൊടുത്തു.
പക്ഷേ, അപ്പോഴും പ്രസിഡന്റ് മുബാറക് നിശ്ശബ്ദനായിരുന്നു. ആദ്യമാര്‍ച്ച് അവസാനിച്ചിട്ടും ഔദ്യോഗികപ്രതികരണമൊന്നും കണ്ടില്ല. പതിവു സര്‍ക്കാര്‍മുറ പോലും ഇക്കാര്യത്തില്‍ ദീക്ഷിക്കപ്പെട്ടില്ല. അതോടെ, പ്രകടനക്കാര്‍ അടിയന്തരാവശ്യങ്ങളുമായി ഒരു ശക്തമായ കൂട്ടായ്മ രൂപപ്പെടുത്തിയെടുത്തു. അവരുടെ പ്രതീക്ഷകള്‍ വളരെ വലുതായിരുന്നു. അങ്ങനെ ജനുവരി 28ന്റെ റാലി തീരുമാനിക്കപ്പെട്ടു. ക്രൈസ്തവരും മുസ്‌ലിംകളും, മതവിശ്വാസികളും മതേതരരും, കുബേരരും കുചേലരും, കര്‍ഷകരും നഗരവാസികളും എല്ലാം കൈറോ നഗരമധ്യത്തിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ ഒത്തുചേര്‍ന്നു. അതോടൊപ്പം തങ്ങളുടെ ആവശ്യത്തിനുനേരെ പ്രസിഡന്റ് ചെവികൊടുക്കുന്നില്ലെന്നു കണ്ടതോടെ അവരുടെ പ്രതിഷേധവികാരം രോഷമായി മാറുകയായിരുന്നു.  വെള്ളിയാഴ്ച 'രോഷദിനം' ആചരിച്ചതു മുതല്‍ ചൊവ്വാഴ്ചയിലെ 'ദശലക്ഷം മാര്‍ച്ചു'വരെയുള്ള നാളുകള്‍ക്കുള്ളില്‍ ഭരണകൂടം ഇന്റര്‍നെറ്റും ടെലിഫോണും കട്ടുചെയ്തു. അതോടെ ഈജിപ്തുകാര്‍ പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടു. അതൊരു കൂട്ടശിക്ഷയായിരുന്നു. ഒറ്റപ്പെടുത്തി സമ്മര്‍ദത്തിലാക്കി പേടിപ്പിച്ച് ജനത്തെ വരുതിയിലാക്കാമെന്നായിരുന്നു മുബാറക്കിന്റെ പൂതി. അതുവഴി അരാജകത്വവും അസ്ഥിരതയും തുറന്നുവിട്ട് പ്രതിഷേധക്കാരെ ഒന്നു പഠിപ്പിക്കാമെന്ന് അയാള്‍ കണക്കുകൂട്ടി. നഗരങ്ങളില്‍നിന്ന് പൊലീസിനെ പിന്‍വലിച്ച് പട്ടാളം വിന്യസിക്കപ്പെട്ടു. ഈജിപ്ഷ്യന്‍ ഭരണകൂടം ജനങ്ങളെവെച്ച് ചതുരംഗം കളിക്കാന്‍ തീരുമാനിച്ചതുപോലെ. പൊലീസ് നിഷ്‌ക്രമിച്ചതോടെ തെരുവുകളില്‍ അക്രമവും സംഘര്‍ഷവും പൊട്ടിപ്പുറപ്പെട്ടു. ഇത് ഭരണകൂട ഭീകരത തന്നെയായിരുന്നു. പല സംഭവങ്ങളിലും സ്‌റ്റേറ്റിന്റെ നേരിട്ടുള്ള ഇടപെടല്‍ വ്യക്തമായിരുന്നു.
എന്നിട്ടും പകരം എന്തുണ്ടായി? ഈ ഭീകരാന്തരീക്ഷത്തിലും ഈജിപ്ഷ്യന്‍ പ്രതിഷേധക്കാര്‍ തങ്ങളുടെ എണ്ണിപ്പറഞ്ഞ ആവശ്യങ്ങളെല്ലാം കൂടി ഒന്നിച്ചുവെച്ച് മുബാറക് ഭരണകൂടം താഴെ ഇറങ്ങുക എന്ന പൊതുമുദ്രാവാക്യമുയര്‍ത്തി. അല്ലെങ്കിലും ഭരണകൂടം എന്നൊന്ന് മിക്ക ഈജിപ്തുകാര്‍ക്കും അനുഭവത്തിലുണ്ടായിരുന്നില്ല. 'മുബാറക് നാട് ഭരിക്കുന്നുവെങ്കില്‍ പിന്നെ ഈ ഭീകരവാഴ്ചകളെല്ലാം അദ്ദേഹം കണ്ടുകൊണ്ടിരിക്കുന്നതെന്തുകൊണ്ട്? ഇങ്ങനെയുള്ള ഒരു പ്രസിഡന്റിന് നാട്ടില്‍ ക്രമസമാധാനവും സ്ഥിരതയും കൊണ്ടുവരാന്‍ എങ്ങനെ കഴിയും?' ലളിതമായിരുന്നു അവരുടെ ചോദ്യം.
പ്രതിഷേധത്തിനു നാലുനാള്‍ കഴിഞ്ഞ് മുബാറക് ആദ്യമായി നടത്തിയ പ്രസംഗത്തില്‍ സര്‍ക്കാര്‍ മാറ്റത്തിനൊരുക്കമാണെന്ന് പ്രഖ്യാപിച്ചു. ' പോരാ, പോരാ, വൈകിപ്പോയി' എന്നായിരുന്നു ജനത്തിന്റെ പ്രതികരണം. അതോടെ മുബാറക് പടിയിറങ്ങിയേ തീരൂ എന്ന വികാരം ശക്തമായി. എന്നിട്ടും പിന്നെയും രാജിവെക്കാന്‍ ഉദ്ദേശ്യമില്ലെന്നു പറഞ്ഞ് മറ്റൊരു പ്രസംഗം കൂടി അദ്ദേഹം നടത്തി. ഭരണഘടനാ പരിഷ്‌കാരത്തിന് താന്‍ മേല്‍നോട്ടം വഹിക്കുമെന്നും ഇനിയൊരു ഊഴത്തിനു ശ്രമിക്കുകയില്ലെന്നും അദ്ദേഹം തീര്‍ത്തുപറഞ്ഞു. എന്നാല്‍, അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. വൈറ്റ്ഹൗസ് പ്രസ്‌സെക്രട്ടറി റോബര്‍ട്ട് ഗിബ്‌സ് തന്നെ ഇക്കാര്യം എടുത്തുപറഞ്ഞു. അതോടെ പിന്നെ പുതിയ നമ്പറുമായി മുബാറക് രംഗത്തെത്തി. 'ഞാന്‍ ഈജിപ്തുകാരനാണ്, ഈ മണ്ണില്‍തന്നെ ഞാന്‍ മരിച്ചൊടുങ്ങും' തുടങ്ങിയ വൈകാരികപരാമര്‍ശങ്ങളോടെയാണ് മുബാറക് രണ്ടാം പ്രസംഗം അവസാനിപ്പിച്ചത്. ഇത് ജനങ്ങളില്‍ നേരിയൊരു ചലനമുണ്ടാക്കി. പ്രതിഷേധനിരയില്‍ വിള്ളലുണ്ടാക്കാനുള്ള ഈ നീക്കം പെട്ടെന്ന് തിരിച്ചറിയപ്പെട്ടു. വൈകാതെ ഒന്നു വ്യക്തമായി: ഇനിയൊരിക്കലും ജനുവരി 25നു മുമ്പുള്ള നിലയിലേക്ക് ഈജിപ്തിനു തിരിച്ചുപോക്കില്ല.
മുബാറക്കിന്റെ ചിത്രങ്ങള്‍ കത്തിക്കുന്നതിന്റെ, ഗുണ്ടകള്‍ കൊള്ളയും മര്‍ദനവും നടത്തുന്നതിന്റെ, നൂറുകണക്കിന് ഈജിപ്തുകാര്‍ കൊല്ലപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഒന്നൊന്നായി ഈജിപ്തുകാരുടെ സ്മൃതിപഥത്തില്‍ അവിസ്മരണീയമാംവിധം കുന്നുകൂടി. എന്നിട്ടും പ്രതിസന്ധി മറികടക്കാനുള്ള സന്ദര്‍ഭങ്ങളുണ്ടായിരുന്നു. ഈജിപ്തിലെ പ്രമുഖര്‍ മുന്‍കൈയെടുത്ത് സമാധാനസംഭാഷണത്തിന് ചില നിര്‍ദേശങ്ങള്‍ വെച്ചു.
പൗരസ്വാതന്ത്ര്യവും അവകാശങ്ങളും അനുവദിക്കുകയും അതുവഴി ഭരണമാറ്റത്തിന് വഴിതുറക്കുകയും ചെയ്യുന്ന ഒരു ഭരണഘടന തയാറാക്കുന്നതിന് യുവതീയുവാക്കളുടെ ഒരു കൗണ്‍സിലിന് രൂപം നല്‍കുക, ജുഡീഷ്യറിക്ക് സ്വാതന്ത്ര്യം നല്‍കുക, നിഷ്പക്ഷരായ ജൂറിമാരെ വെച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുക, സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിന് വഴിയൊരുക്കുക, എല്ലാറ്റിനും മുന്നോടിയായി ഒരു താല്‍ക്കാലിക ഗവണ്‍മെന്റ് രൂപവത്കരിക്കുക. എന്നാല്‍, ഇതും വേണ്ടവണ്ണം നടപ്പിലായില്ല. പരസ്‌പരവിശ്വാസം നഷ്ടപ്പെട്ടതുതന്നെ കാരണം.
ഏതായാലും ഈജിപ്ഷ്യന്‍ ജനത സമാധാനപരമായ പ്രതിഷേധപരമ്പരയിലൂടെ, ഭരണകൂടത്തിന്റെ എല്ലാ ആക്രമണങ്ങളെയും പ്രകോപനങ്ങളെയും അതിജീവിച്ച് വിപ്ലവത്തിന് വഴിതുറന്നിരിക്കുന്നു. ഈ നൈരന്തര്യം നിലനിര്‍ത്താന്‍ സൈന്യം സ്വതന്ത്രമായി നിലകൊള്ളണം. മുബാറക്കിന്റെ തകര്‍ന്ന ഭരണത്തെ പുനഃസ്ഥാപിക്കാനല്ല, രാജ്യത്തെയും ഈജിപ്തുകാരെയും സംരക്ഷിക്കാനുള്ള മാര്‍ഗങ്ങളാരായുകയാണ് അവരുടെ ബാധ്യത. ജനാധിപത്യത്തിന്റെ വിലയറിഞ്ഞ് രാഷ്ട്രീയപാര്‍ട്ടികളും പൗരസമൂഹങ്ങളും ഈജിപ്തിന്റെ ജനാധിപത്യപരമായ ഭാവിക്കുവേണ്ടിയുള്ള സ്വന്തം ഭാഗധേയം തിരിച്ചറിഞ്ഞ് നിര്‍വഹിക്കാന്‍ രംഗത്തുവരണം.
ഇത് ജനതക്കുള്ളില്‍നിന്ന് ഉയര്‍ന്നുവന്ന ജനതക്കുവേണ്ടിയുള്ള ഒരു 'ജൈവിക'വിപ്ലവമാണ്. ഈജിപ്തുകാര്‍ അവര്‍ക്കുവേണ്ടി രചിച്ച സ്വന്തം വിപ്ലവം. തങ്ങളുടേതായ സംഭാവനകളൊന്നുമില്ലാത്ത പഴയ ചരിത്രത്തിന്റെ കെട്ടുപാടുകളില്‍ ഇനിയും കുരുക്കിയിടാനാവില്ലെന്നാണ് ഈജിപ്തുകാര്‍ വിളിച്ചുപറയുന്നത്. അവരിപ്പോള്‍ ചരിത്രം പുതുതായി രചിക്കുകയാണ്. ലോകം ഈ വേലിയേറ്റത്തോടൊപ്പം നിന്നു തുടങ്ങി. കാരണം, സ്വാതന്ത്ര്യവും ആത്മാഭിമാനവുമുള്ള ജനതയാണ് തങ്ങളെന്ന് ഈജിപ്തുകാര്‍ ഇപ്പോള്‍ നെഞ്ചുവിരിച്ച് പറയുന്നത് അവര്‍ കാണുന്നുണ്ട്.
(ഈജിപ്ഷ്യന്‍ ദിനപത്രമായ അല്‍മസ്‌രി അല്‍യൗം കോളമിസ്റ്റാണ് ലേഖിക)

ഈ പതനം അങ്കിള്‍സാമിന്‍േറതും

'ലക്ഷണമൊത്ത കൊടുങ്കാറ്റ്' -തുനീഷ്യയില്‍നിന്ന് നൈല്‍ തീരത്തൂടെ ആഞ്ഞുവീശുന്ന വിപ്ലവാവേശത്തെ ഹിലരി ക്ലിന്റന്‍ ഇങ്ങനെ വിശേഷിപ്പിച്ചപ്പോള്‍ പലരും  തെറ്റിദ്ധരിച്ചിട്ടുണ്ടാവുക മാറ്റം കൊതിക്കുന്ന അറബ് യുവതയുടെ പക്ഷത്താണ് അവരെന്നാണ്. 1989 കാലത്ത് കമ്യൂണിസ്റ്റ് ലോകത്ത് സംഭവിച്ചതാണ് ഇന്ന് അറബ്് ലോകത്ത് കെട്ടഴിഞ്ഞുവീഴുന്നതെന്ന് അങ്കിള്‍സാം നന്നായി മനസ്സിലാക്കിയിട്ടുണ്ടാവണം. തഹ്‌രീര്‍ സ്‌ക്വയറിലെ വിപ്ലവവേലിയേറ്റത്തില്‍ ഇളകിത്തെറിച്ച ഹുസ്‌നി മുബാറക്കിന്റെ സിംഹാസനം ഇനി ഉറപ്പിച്ചുനിര്‍ത്താന്‍ സാധ്യമല്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് നിഷ്പക്ഷതയുടെ മുഖംമൂടി അവസാനം എടുത്തണിഞ്ഞത്. ജനകീയവിപ്ലവത്തെ ഒരു ഭാഗത്ത് ആശീര്‍വദിക്കുമ്പോള്‍ മറുഭാഗത്ത് മുബാറക്കിന്റെ സ്വേച്ഛാധിപത്യത്തെ  പരോക്ഷമായി പിന്താങ്ങുകയായിരുന്നു പ്രസിഡന്റ് ഒബാമ ഇതുവരെ. ഫെബ്രുവരി മൂന്നിന്റെ സായാഹ്നത്തില്‍ യു.എസ് പ്രസിഡന്റ് ഈജിപ്ഷ്യന്‍ യുവതയോട് സ്‌നേഹപുരസ്സരം ഏറെ സംവദിച്ചത് ലോകം സാകൂതം ശ്രവിച്ചു. പക്ഷേ, ആ പ്രസംഗം പലതവണ ഡീകോഡ് ചെയ്തിട്ടും ഹുസ്‌നി മുബാറക്കിനോട് 'ഉടന്‍ പദവി വിട്ടൊഴിയുക' എന്ന്്  വെട്ടിത്തുറന്നുപറയാന്‍ ആര്‍ജവം കാണിച്ചതായി കണ്ടില്ല. 'ഈജിപ്ഷ്യന്‍ ജനതയോട്, വിശിഷ്യ യുവതലമുറയോട് എനിക്ക് പറയാനുള്ളത് ഇതാണ്: നിങ്ങളുടെ ശബ്ദം ഞങ്ങള്‍ കേള്‍ക്കുന്നുണ്ട്. നിങ്ങളുടെ ഭാഗധേയം നിങ്ങള്‍തന്നെ നിര്‍ണയിക്കുമെന്നും നിങ്ങളുടെ മക്കളുടെയും പേരക്കിടാങ്ങളുടെയും ഭാവി ഫലവത്താക്കുമെന്നും എനിക്ക് ഉത്തമ വിശ്വാസമുണ്ട്.' എന്നിട്ടുമെന്തേ ഇവരുടെ കൈകളിലേക്ക് ഇവരുടെ ജന്മനാടിന്റെ ഭാഗധേയം വിട്ടുകൊടുക്കാന്‍ അവസരമൊരുക്കുന്നില്ല എന്ന ചോദ്യത്തിന് സാമ്രാജ്യത്വം കാലാകാലം കൊണ്ടുനടക്കുന്ന കൊടും കാപട്യമല്ലാതെ മറ്റെന്തു കാരണം.
ഒബാമക്കും ഹിലരിക്കുമറിയാം, ഈജിപ്ത് കൈവിട്ടാല്‍ പിന്നെ അറബ്‌ലോകത്ത് വലിയ പ്രതീക്ഷയൊന്നും തങ്ങള്‍ക്ക് വെച്ചുപുലര്‍ത്താനില്ലെന്ന്. അതോടെ ഇസ്രായേല്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടുകൊണ്ട് കെട്ടിപ്പടുത്തത് മുഴുവനും വൃഥാവിലാകുമെന്നും അറിയാം. ജൂത എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ യൂറി അവ്‌നെറി സൂചിപ്പിച്ചതുപോലെ ഈജിപ്തിന്റെ ശിരോലിഖിതം തിരുത്തിയെഴുതുന്നതോടെ കഴിഞ്ഞ 63 വര്‍ഷത്തെ ഇസ്രായേലിന്റെ നിലനില്‍പുമായും 44 വര്‍ഷത്തെ അധിനിവേശവുമായും ബന്ധപ്പെട്ട് സയണിസ്റ്റ് നേതൃത്വം നേടിയെടുത്തതെല്ലാം കാലഹരണപ്പെടുകയാണ്. തഹ്‌രീര്‍ സ്‌ക്വയറിലെ യുവാക്കള്‍ ഇളക്കിയെറിഞ്ഞത് ഹുസ്‌നി മുബാറക് എന്ന അഭിനവ ഫറോവയുടെ ആണിക്കല്ല് മാത്രമല്ല; അറബ് ഇസ്‌ലാമിക ലോകത്ത് ജൂത-ക്രൈസ്തവ സാമ്രാജ്യത്വം ആഴത്തില്‍ കുഴിച്ചിട്ട ദുര്‍മന്ത്രവാദികളുടെ തകിടുകള്‍കൂടിയാണ്. മുബാറക്കിന്റെ തിരോധാനം ഇതുവരെ വൈകിപ്പിച്ചത് അണിയറയില്‍ കുതന്ത്രങ്ങള്‍ ചുട്ടെടുക്കാനും ഭാവിയില്‍ രൂപപ്പെടുന്ന ഭരണകൂടത്തില്‍ സ്വാധീനം ഉറപ്പിക്കാനുമാണ്.
ലോകത്തിന്റെ ഹൃദയമിടിപ്പുകള്‍ 'സോഷ്യല്‍ നെറ്റ്‌വര്‍ക്കി'ലൂടെ കണ്ടറിഞ്ഞ അറബ് യുവത- ഇവര്‍ 35കോടി ജനതയുടെ മൂന്നില്‍ രണ്ടിന് മേലെയാണ്- ദാഹിക്കുന്നത് യഥാര്‍ഥ സ്വാതന്ത്ര്യത്തിനാണ്. പക്ഷേ, നൈല്‍തീരത്ത് ജനാധിപത്യം പുലര്‍ന്നുകാണാന്‍ യാങ്കിസാമ്രാജ്യം ഇഷ്ടപ്പെടുന്നില്ല. അതിന് ഹിലരി ക്ലിന്റന്‍ പറയുന്ന കാരണം, 'ചില ശക്തികള്‍ സ്വന്തം അജണ്ട നടപ്പാക്കാന്‍ വിപ്ലവത്തിന്റെ ദിശ മാറ്റുകയോ മാറ്റത്തിന്റെ പ്രക്രിയയെ പിടിച്ചെടുക്കുകയോ ചെയ്‌തേക്കാം' എന്നാണ്്. ഉദ്ദേശിക്കുന്നത് ഒരു നൂറ്റാണ്ടായി സാമ്രാജ്യത്വത്തിനും അവരുടെ ഏകാധിപതികളായ പാവകള്‍ക്കുമെതിരെ ജീവന്‍ കൊടുത്ത് പോരാടുന്ന മുസ്‌ലിം ബ്രദര്‍ഹുഡിനെയാണ്. മുബാറക് ഒഴിയുന്ന വിടവിലൂടെ ഇസ്‌ലാമിക ശക്തികള്‍ കയറിവരുന്നത് തടയേണ്ടത് തങ്ങളുടെ ജന്മബാധ്യതയാണെന്ന് ഇവര്‍ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. ഒരു ജനാധിപത്യക്രമത്തില്‍ തങ്ങളെ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നത് അവിടത്തെ ജനങ്ങളാണ് എന്ന അടിസ്ഥാനതത്ത്വത്തെ നിരാകരിക്കുന്ന ഈ വാദം വര്‍ത്തമാനകാല ഈജിപ്ത് പുച്ഛിച്ചുതള്ളുന്നത് പല കാരണങ്ങളാലാണ്. ഒന്നാമതായി, തഹ്‌രീര്‍ സ്‌ക്വയറില്‍ സംഗമിച്ച വിപ്ലവകാരികളില്‍ എല്ലാ ചിന്താഗതിക്കാരുമുണ്ട്. കമ്യൂണിസ്റ്റുകാരും ഇസ്‌ലാമിസ്റ്റുകളും യാഥാസ്ഥിതികരും  ഇന്നലെ കയറിവന്ന മുഹമ്മദ് അല്‍ ബറാദിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരും  ഇതുവരെ ഒരു രാഷ്ട്രീയപക്ഷത്തും നിലയുറപ്പിക്കാത്ത പുതിയ തലമുറയുമൊക്കെയാണ് വിപ്ലവത്തിന്റെ ചാലകശക്തികളായി വര്‍ത്തിക്കുന്നത്. അറബ്‌ലോകത്ത് ഇന്നാഞ്ഞടിക്കുന്ന വിപ്ലവക്കാറ്റ് മാറ്റം കൊതിക്കുന്ന യുവതയുടേതാണ്. അറബ്ജനതയുടെ പകുതിയിലേറെ 25 വയസ്സിന് താഴെയുള്ളവരാണ്. ഇവരില്‍ നാലിലൊന്ന് സ്വശരീരത്തില്‍ തീകൊളുത്തി തുനീഷ്യന്‍ ജനതക്ക് വിപ്ലവജ്വാല കൈമാറിയ മുഹമ്മദ് ബൂ അസീസിയെപ്പോലെ തൊഴില്‍രഹിതരാണ്. പ്രതിവര്‍ഷം ഒന്നര ബില്യന്‍ ഡോളര്‍ യു.എസ് സഹായംകൊണ്ട് പട്ടാളത്തെ കൊഴുപ്പിക്കുന്ന ഒരു നാട്ടില്‍ 40 ശതമാനം ജനങ്ങളും പ്രതിദിനം രണ്ടു ഡോളറിന് താഴെ വരുമാനവുമായി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്നവരാണത്രെ. 1952ല്‍ ഫാറൂഖ് രാജാവിനെ നിഷ്‌കാസിതനാക്കി പട്ടാളം രാജഭരണം പിടിച്ചെടുത്തത് മുതല്‍ അതിക്രൂരരായ സൈന്യത്തിന്റെയും പൊലീസിന്റെയും കാല്‍ച്ചുവട്ടിലാണ് 8000 വര്‍ഷത്തെ നാഗരിക പാരമ്പര്യമുള്ള കൈറോയിലെയും അലക്‌സാന്‍ഡ്രിയയിലെയും ജനങ്ങള്‍ ജീവിച്ചുപോന്നത്. ഈ കിരാതവാഴ്ചയുടെ പിന്നില്‍ യാങ്കി സാമ്രാജ്യമാണെന്ന് ഈജിപ്തിലെ ചിന്തിക്കുന്ന ജനങ്ങള്‍ക്കറിയാം. അതുകൊണ്ടുതന്നെയാണ് മുബാറക്കിനെ താഴെ ഇറക്കുന്നതിനോ വിപ്ലവാനന്തരം തങ്ങളുടെ ഭാവി ഭാസുരമാക്കുന്നതിനോ പാശ്ചാത്യ ശക്തികളുടെ സഹായം ഒരു ഘട്ടത്തിലും ഇവര്‍ അര്‍ഥിക്കാതിരിക്കുന്നത്.
ഇതുവരെ പടിഞ്ഞാറിന് ദാസ്യവേല ചെയ്ത്, ക്രെയിന്‍ വഴി കൈറോയില്‍ പ്രതിഷ്ഠിച്ച മുന്‍ ആണവോര്‍ജ ഏജന്‍സി മേധാവി മുഹമ്മദ് അല്‍ ബറാദി തഹ്‌രീര്‍ സ്‌ക്വയറിലേക്ക് കടന്നുചെന്നപ്പോള്‍ വിപ്ലവകാരികള്‍ കണ്ടതായി നടിക്കാതിരുന്നതിന്റെ കാരണം മറ്റൊന്നല്ല. ഇനിയാണ് യഥാര്‍ഥ വിപ്ലവം. യു.എസ്-തെല്‍അവീവ് അച്ചുതണ്ടിന്റെ സ്വാധീനവലയത്തില്‍നിന്ന് വിമോചിതമായ ഭാവി ഭരണകൂടത്തെക്കുറിച്ചാണ് അന്നാട്ടിലെ ജനത സ്വപ്‌നം കാണുന്നതെങ്കിലും അത്  അട്ടിമറിക്കാനായിരിക്കും ശ്രമങ്ങള്‍ മുഴുവനും. പക്ഷേ, തഹ്‌രീര്‍ സ്‌ക്വയറില്‍ രണ്ടാഴ്ചയിലേറെ രാപ്പകല്‍ പോരാടി, 300 രക്തസാക്ഷികളെ ബലി കൊടുത്തുകൊണ്ടുള്ള ഈ ധര്‍മയുദ്ധം വൃഥാവിലാവാതിരിക്കാന്‍ ആ ജനത ജാഗ്രത പുലര്‍ത്തും എന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്.                             

നടപ്പാക്കാന്‍ കഴിയാത്ത ബജറ്റ്

നടപ്പാക്കാന്‍ കഴിയാത്ത ബജറ്റ്
2011 -12 ലെ ബജറ്റ് വാസ്തവത്തില്‍ ഒരു വോട്ട് ഓണ്‍ അക്കൗണ്ടിലൂടെ അവസാനിപ്പിക്കാവുന്ന ഒന്നായിരുന്നുവെങ്കിലും ഒരു സമ്പൂര്‍ണ ബജറ്റ് തന്നെ ഡോ. തോമസ് ഐസക് അവതരിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് ബജറ്റുകളുടെ ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ആധുനിക രാഷ്ട്രീയ ഭരണ (ഗവേണന്‍സ്) സാഹചര്യങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന ആശങ്ക ആ ബജറ്റുകളില്‍ ഉടനീളം നിഴലിച്ചിരിക്കുന്നു എന്ന് കാണാം. തന്റെ പാര്‍ട്ടിയുടെ പരമ്പരാഗത ഇടതുപക്ഷ കാഴ്ചപ്പാടുകള്‍ കൊണ്ട് പരിഹരിക്കാന്‍ പറ്റുന്നതല്ല ആധുനിക വികസനപ്രശ്‌നങ്ങളെന്ന് മനസ്സിലാക്കാന്‍ സി.പി.എമ്മും അതിന്റെ പ്രതിനിധിയായ തോമസ് ഐസക്കും ഏറെക്കാലമെടുത്തു.
ട്രാക്ടറും കമ്പ്യൂട്ടറും പോലുള്ള ആധുനിക ടെക്‌നോളജിയോടുള്ള പരമ്പരാഗത ഇടതുപക്ഷത്തിന്റെ കലഹത്തോട് ഇതിനെ താരതമ്യം ചെയ്യാം.
ആദ്യബജറ്റില്‍ തന്നെ അദ്ദേഹം വാറ്റിനെ മറികടക്കാനാണ് തുനിഞ്ഞത്. പക്ഷേ, പിന്നീട് വാറ്റിന്റെ വക്താവും ഗുണഭോക്താവുമായി അദ്ദേഹം മാറി. ആഗോളമാന്ദ്യം അദ്ദേഹത്തെ വല്ലാതെ ഉലച്ചു. 1929 ആവര്‍ത്തിക്കും എന്നും എല്ലാം തകര്‍ന്നടിയുമെന്നും അദ്ദേഹം സ്വപ്‌നം കണ്ടു. തകഴിയുടെ 'കയറില്‍'നിന്ന് സുലഭമായി ഉദ്ധരിച്ച് ക്ലാസിപ്പേറുടെ കണ്ടെഴുത്ത് കാലത്തേക്ക് അദ്ദേഹം മലയാളിയെ കൂട്ടിക്കൊണ്ടുപോയി. രണ്ടാം ലോകയുദ്ധകാലത്തിന് മുമ്പിലെന്നപോലെ ഏഷ്യന്‍ സമ്പദ്ഘടനകള്‍ കേവലം പാശ്ചാത്യ സമ്പദ്ഘടനകളുടെ വാലില്‍തൂങ്ങികളാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ അറബികളും ചൈനക്കാരും ജപ്പാന്‍കാരും കൊറിയക്കാരും വിയറ്റ്‌നാംകാരും വരെ ഒരു ബദല്‍ വികസനമാതൃകയിലൂടെ ഏഷ്യന്‍ സമ്പദ്ഘടനകള്‍ കെട്ടിപ്പടുക്കുന്നതിന്റെ രസതന്ത്രം അദ്ദേഹത്തിന് പിടികിട്ടിയില്ല. കഴിഞ്ഞ ബജറ്റിലാകട്ടെ, അദ്ദേഹം മറ്റൊരു സകല വിനാശദിന (ഡൂംസ് ഡേ) പ്രവചനം നടത്തി. ആസിയാന്‍ കരാറില്‍ ഒപ്പിട്ടതോടുകൂടി 1999, 2004 എന്നതുപോലെ നൂറുകണക്കിന് കര്‍ഷകര്‍ കേരളത്തില്‍ ആത്മഹത്യചെയ്യുമെന്ന് ബജറ്റില്‍ എഴുതിവെച്ചു. പക്ഷേ, സംഭവിച്ചതെല്ലാം മറിച്ചായിരുന്നു. ഇന്ത്യയും കേരളവും ആഗോളമാന്ദ്യത്തെ മറികടന്നു. ഈ വര്‍ഷത്തെ ഇക്കണോമിക് റിവ്യൂവില്‍ പറയുന്നതുപോലെ 'അത്യസാധാരണമായ പ്രതിഭാസം' ആണിത്. മാന്ദ്യം കൂടുമ്പോള്‍ കാര്‍ഷികോത്പന്നങ്ങളുടെ വില കുറയണമായിരുന്നു. കുറഞ്ഞില്ലെന്നു മാത്രമല്ല, കൂടി. ഇത് ധനമന്ത്രിയെ അമ്പരപ്പിക്കുന്നു. ഒമ്പത് ശതമാനം വളര്‍ച്ചാനിരക്ക് കൈവരിച്ചുനില്‍ക്കുന്ന കേരളം ഇതെങ്ങനെ ഒപ്പിച്ചു എന്നമട്ടില്‍ നോക്കിനില്‍ക്കുകയാണ് അദ്ദേഹം. കേരളത്തിന്റെ സമ്പദ്ഘടന ഡോ. തോമസ് ഐസക്കിന്റെ ബജറ്റിനെ അനുസരിച്ചില്ല എന്നര്‍ഥം. സമ്പദ്ഘടനയുടെ വളര്‍ച്ചകൊണ്ട് നികുതിവരവിലും വര്‍ധനയുണ്ടായി. കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതി പണം (തൊഴിലുറപ്പ് പദ്ധതി പോലെ) ഗ്രാമീണന്റെ ക്രയശേഷിയും വര്‍ധിപ്പിച്ചു. ഇന്ത്യയെമ്പാടും സംസ്ഥാന സര്‍ക്കാറുകള്‍ ധനപ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെട്ടു. വാറ്റ് സമ്പ്രദായം സംസ്ഥാന ഖജനാവുകളെ നല്ലപോലെ സഹായിച്ചു. എന്നാല്‍, മറ്റ് സംസ്ഥാനങ്ങള്‍ പലതും ചെയ്യുന്നതുപോലെ ആധുനിക ഭരണരീതികളിലൂടെ ഒരുപാട് മുന്നോട്ടുപോകാന്‍ കഴിയുമായിരുന്ന കേരളം അറച്ചുനിന്നു. സ്വാശ്രയ കോളജ്, പബ്ലിക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍ (പി.പി.പി), സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ (എസ്.ഇ.ഇസഡ്), മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ബി.ഒ.ടി തുടങ്ങിയ നിരവധി സമ്പ്രദായങ്ങളിലൂടെ സമ്പദ്ഘടനയെ ത്രസിപ്പിക്കുകയും അതിന്റെ ഫലമായി ഉദ്ഭവിക്കുന്ന നികുതിവരുമാനം കൊണ്ട് വികസനത്തിന്റെ മുഖ്യധാരയില്‍ നിന്ന് വിട്ടുപോയവരെ കൈപിടിച്ച് ഉയര്‍ത്തുകയും ചെയ്യുക എന്ന യു.ഡി.എഫിന്റെ നയം നടപ്പാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാറിനായില്ല. അതുതന്നെയാണ് ഈ വര്‍ഷത്തെ ബജറ്റിന്റെയും മുഖ്യ ദൗര്‍ബല്യം.
എന്നാല്‍, പെന്‍ഷന്‍തുക വര്‍ധിപ്പിച്ചും ശമ്പളകമീഷന്‍ നടപ്പാക്കിയും ചെലവിന്റെ കാര്യത്തില്‍ വലിയ വര്‍ധന വരുത്തിയിട്ടുണ്ട്. പുതിയ തൊഴിലാളി ക്ഷേമനിധികളും സ്വാഗതാര്‍ഹമാണ്. പക്ഷേ, ബജറ്റ്പ്രസംഗത്തിലുടനീളം 50 ലക്ഷത്തിന്റെയും ഒരു കോടിയുടെയും രണ്ട് കോടിയുടെയും ഡസന്‍കണക്കിന് പദ്ധതിച്ചെലവുകള്‍ എഴുതിവായിക്കുമ്പോള്‍ ബജറ്റ്‌വായന പദ്ധതിവായനയായി അധഃപതിക്കുന്നു എന്ന ദോഷമുണ്ട് (പഞ്ചായത്തുകളിലെ പദ്ധതിയാണ് ഇത് കാണുമ്പോള്‍ ഓര്‍മവരുന്നത്). കേരളത്തിന്റെ ചെലവ് 35863 കോടിയില്‍ നിന്ന് 44566 കോടിയിലേക്ക് ഉയര്‍ന്നു. റവന്യു വരുമാനം 32127 കോടിയില്‍ നിന്ന് 38546 കോടിയിലേക്ക് ഉയര്‍ന്നു. പക്ഷേ, റവന്യു കമ്മി 3736 കോടിയില്‍ നിന്ന് 6099 കോടിയിലേക്ക് ഉയര്‍ന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റവന്യു കമ്മിയുള്ള സംസ്ഥാനങ്ങളിലൊന്നായി ഇതോടെ കേരളം മാറിയിരിക്കുകയാണ്. കേരളത്തിന്റെ പൊതു കടവും 78000 കോടിയിലേക്ക് ഉയര്‍ന്നു. ഇതൊന്നും തന്നെ ആശ്വാസ്യമായ സൂചകങ്ങളല്ല. വേണ്ടത്ര വരുമാനമില്ലാതെ കൈയയച്ച് ചെലവ് ചെയ്യുന്നതിനെ നല്ല ധനകാര്യ മാനേജ്‌മെന്റ് എന്ന് വിളിക്കാന്‍ വയ്യല്ലോ.
ധനമന്ത്രി ഈ ബജറ്റില്‍ ഭംഗിയായി ഷോകേസ് ചെയ്യാന്‍ ശ്രമിച്ച കാര്യം 40,000 കോടിയുടെ റോഡ്ഫണ്ടാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയത്തിന് റോഡിലെ കുഴികള്‍ വലിയ കാരണമായി എന്ന കണ്ടുപിടിത്തമായിരിക്കാം ഈ മുന്‍ഗണനാ ക്രമത്തിലെ പിറകിലുള്ളത്. 40,000 കോടിയുടെ റോഡ്പണിയാണ് അദ്ദേഹം വിഭാവനം ചെയ്യുന്നത്. അതിന് പണം കണ്ടെത്തുന്നതാകട്ടെ ഇനിയും തുടങ്ങിയിട്ടില്ലാത്ത 'അല്‍ബറക' എന്ന ഇസ്‌ലാമിക് ബാങ്കില്‍ നിന്നും. എന്നാല്‍,  മലേഷ്യയിലും ദുബൈയിലും നന്നായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് ബാങ്കുകളുണ്ട്. ഏറ്റവും കൂടുതല്‍ ഇസ്‌ലാമിക് ബാങ്കുകളുള്ളത് അമേരിക്കയിലാണ്. ബ്രിട്ടീഷ് ഇസ്‌ലാമിക് ബാങ്കും ശക്തമാണ്. ഇവിടെ നിന്നെങ്ങാനും പലിശരഹിത പണം കിട്ടുമെന്ന് പറഞ്ഞിരുന്നെങ്കില്‍ കുറേക്കൂടി വിശ്വാസ്യത ഉണ്ടാകുമായിരുന്നു. ഇസ്‌ലാമിക് ബാങ്കുകള്‍ക്ക് പലിശയില്ലെങ്കിലും ലാഭവിഹിതം നല്‍കേണ്ടതുമുണ്ട്. എന്തായാലും കഴിഞ്ഞവര്‍ഷത്തെ മണല്‍വാരി പണമുണ്ടാക്കാനുള്ള അദ്ദേഹത്തിന്റെ വിഫലശ്രമം പോലെ ഇതും തകര്‍ന്നടിയില്ലെന്ന് കരുതാം.
യു.ഡി.എഫ് ശിശുക്കളായ വിഴിഞ്ഞവും സ്മാര്‍ട്ട്‌സിറ്റിയും കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും നടപ്പാക്കാന്‍ കഴിയാത്തതിന്റെ ജാള്യതയും ബജറ്റിലുണ്ട്. ഇതിനോട് കിടപിടിക്കാന്‍ പറ്റുന്ന ഒരു മെഗാ പദ്ധതിയും ഈ സര്‍ക്കാറിന് മുന്നോട്ടുവെക്കാനായില്ല. ഏറെ കൊട്ടിഘോഷിച്ച കൃഷിവികസനം പോലും പ്രയോജന ശൂന്യമായിരുന്നു എന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. പോകുന്ന പോക്കില്‍ നടപ്പാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങളുടെയും വൈകിമാത്രം അംഗീകരിച്ച നയങ്ങളുടെയും നീണ്ട പട്ടികമാത്രമാണ് ഈ സര്‍ക്കാറിന്റെ ബാലന്‍സ് ഷീറ്റിലുള്ളത്.

2011, ഫെബ്രുവരി 4, വെള്ളിയാഴ്‌ച

യഥാര്‍ഥ റിപ്പോര്‍ട്ട് പുറത്ത് ഗുജറാത്ത് കലാപത്തില്‍ മോഡിക്ക് പങ്ക്

യഥാര്‍ഥ റിപ്പോര്‍ട്ട് പുറത്ത് ഗുജറാത്ത് കലാപത്തില്‍ മോഡിക്ക് പങ്ക്

യഥാര്‍ഥ റിപ്പോര്‍ട്ട് പുറത്ത് ഗുജറാത്ത് കലാപത്തില്‍ മോഡിക്ക് പങ്ക്
ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് പങ്കാളിത്തമുണ്ടെന്ന് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതായി വെളിപ്പെടുത്തല്‍. 'െതഹല്‍ക'യും 'ഹെഡ്‌ലൈന്‍സ് ടുഡെ'യും ചേര്‍ന്നാണ് 'മാധ്യമം' ആദ്യമായി വെളിച്ചത്തുകൊണ്ടു വന്ന വാര്‍ത്ത സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട്  പുറത്തുവിട്ടത്.
ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക്  സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയെന്ന് ഡിസംബര്‍ മൂന്നിന്  പ്രമുഖ ഇംഗ്ലീഷ് പത്രം ലീഡ് വാര്‍ത്തയായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. മോഡി കുറ്റവിമുക്തനാണെന്ന ധാരണ പരത്തുന്ന തരത്തില്‍ രാജ്യമൊന്നടങ്കമുള്ള മാധ്യമങ്ങള്‍ ഈ വാര്‍ത്ത ഏറ്റെടുക്കുകയും ചെയ്തു. തുടര്‍ന്ന് 'മാധ്യമം' നടത്തിയ അന്വേഷണത്തില്‍ റിപ്പോര്‍ട്ട് മോഡിക്ക് അനുകൂലമല്ലെന്നും മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ പത്രം അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ഭാഗികമായി ചോര്‍ത്തി നല്‍കുകയുമായിരുന്നെന്നും കണ്ടെത്തി. 'സ്‌കൂപ്പ്' എന്ന നിലയില്‍ ഭാഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ട് ജുഡീഷ്യറിയെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും നിയമ വിദഗ്ധര്‍ വെളിപ്പെടുത്തിയിരുന്നു. ഈ വാര്‍ത്ത  കഴിഞ്ഞ ഡിസംബര്‍ എട്ടിന് 'മാധ്യമം' പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ വാര്‍ത്ത സാധൂകരിക്കുന്ന വിവരങ്ങളാണ് തെഹല്‍കയും ഹെഡ്‌ലൈന്‍സ് ടുഡെയും ചേര്‍ന്ന് വ്യാഴാഴ്ച  പുറത്തുകൊണ്ടുവന്നത്.
ഗുജറാത്ത് കലാപത്തില്‍ വ്യക്തമായ പങ്കുള്ള മോഡി കൈകഴുകി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയെന്ന് ഇവര്‍ വെളിപ്പെടുത്തി. ഏതൊരു ക്രിയക്കും തുല്യവും വിപരീതവുമായ പ്രതിക്രിയയുണ്ടാകുമെന്ന മോഡിയുടെ വിവാദമായ പ്രതികരണമടക്കം ഉള്‍പ്പെടുത്തി തയാറാക്കിയ റിപ്പോര്‍ട്ട് ഗുജറാത്ത് കലാപത്തില്‍ മോഡിക്കുള്ള പങ്ക് അക്കമിട്ട് നിരത്തിയിട്ടുണ്ട്. മോഡിയുടെ ഈ ന്യായീകരണം അദ്ദേഹത്തിന്റെ പക്ഷപാതപരമായ നിലപാടിനുള്ള തെളിവായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. ഒരു സംസ്ഥാനം വര്‍ഗീയ കലാപത്തിന് ഇരയായ ഘട്ടത്തിലായിരുന്നു നിരുത്തരവാദപരമായ ഈ പ്രസ്താവനയെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇത് കൂടാതെ കലാപനാളുകളില്‍ ചേര്‍ന്ന ക്രമസമാധാനവുമായി ബന്ധപ്പെട്ട നിര്‍ണായകയോഗങ്ങളുടെ മിനുട്‌സുകളും രേഖകളും ഒന്നും തന്നെ മോഡി സൂക്ഷിച്ചില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.  അഹ്മദാബാദില്‍  ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ കൊല്ലപ്പെട്ട കലാപ ബാധിത പ്രദേശം സന്ദര്‍ശിക്കാതിരുന്നത് മോഡിയുടെ വിവേചനത്തിന്റെ തെളിവായും റിപ്പോര്‍ട്ടിലുണ്ട്.

വര്‍ഗീസ് വധം: ലക്ഷ്മണക്ക് ജാമ്യമില്ല

വര്‍ഗീസ് വധം: ലക്ഷ്മണക്ക് ജാമ്യമില്ല
ന്യൂദല്‍ഹി: നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ ഐ.ജി ലക്ഷ്മണയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. എഴുപത് കഴിഞ്ഞ തന്റെ ആരോഗ്യ സ്ഥിതി മോശമായതിനാല്‍ ജാമ്യം  അനുവദിക്കണമെന്നായിരുന്നു ലക്ഷ്മണയുടെ അപേക്ഷ.
മൂന്ന് മാസത്തിനകം കേസ് പരിഗണിക്കണമെന്ന് സുപ്രീംകോടതി ഹൈകോടതിയോട് നിര്‍ദേശിച്ചു. അല്ലാത്ത പക്ഷം ലക്ഷ്മണക്ക് വീണ്ടും ജാമ്യാപേക്ഷ നല്‍കാമെന്നും കോടതി പറഞ്ഞു.
ലക്ഷ്മണയുടെ ജാമ്യാപേക്ഷ നേരത്തെ ഹൈകോടതിയും തള്ളിയിരുന്നു.
1970 ഫെബ്രുവരി 18നാണ് വയനാട്ടിലെ തിരുനെല്ലി കാടുകളില്‍ വെച്ച് നക്‌സല്‍ നേതാവായിരുന്ന വര്‍ഗീസ് കൊല്ലപ്പെടുന്നത്. അന്ന് ഐ.ജിയായിരുന്ന ലക്ഷ്മണയുടെ നിര്‍ദേശപ്രകാരം പൊലീസുകാര്‍ വര്‍ഗീസിനെ വെടിവെച്ചുകൊല്ലുകയായിരുന്നു എന്നാണ് കേസ്. 40 കൊല്ലത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ആണ് ലക്ഷ്മണയെ സി.ബി.ഐ കോടതി ശിക്ഷിക്കുന്നത്.

ഭീകരാക്രമണ അന്വേഷണത്തില്‍ മതവിവേചനം

ഭീകരാക്രമണ അന്വേഷണത്തില്‍ മതവിവേചനം
ന്യൂദല്‍ഹി: 'നിങ്ങളെല്ലാവരും വൃത്തികെട്ട പാകിസ്താനികളാണ്. നിങ്ങളുടെ ആളുകള്‍ എന്തുകൊണ്ടാണ ് ഇങ്ങനെ ദേശവിരുദ്ധരാകുന്നത്്?' ഉന്നത സാങ്കേതിക വിദ്യാഭ്യാസം നേടിയ മുസ്‌ലിം യുവാവിനോട് ദല്‍ഹി സ്‌പെഷല്‍ സെല്ലിലെ പൊലീസ് ഓഫിസറുടെ ചോദ്യമാണിത്. ന്യൂയോര്‍ക് കേന്ദ്രമായ അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടന 'ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്' പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.
ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് തയാറാക്കിയ  റിപ്പോര്‍ട്ട്  ഭീകരാക്രമണ കേസുകളില്‍ മുസ്‌ലിംകളോടുള്ള വിവേചനം പ്രധാന വിഷയമാക്കി 'ദേശവിരുദ്ധര്‍' എന്ന പേരിലാണ് ഹ്യൂമന്റൈറ്റ്‌സ് വാച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പേരില്‍ ഇന്ത്യയില്‍ മതപരമായ വിവേചനവും മുന്‍ധാരണയും നിലനില്‍ക്കുന്നുവെന്നതിന്റെ തെളിവാണ് ദല്‍ഹി സ്‌ഫോടനത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത ശേഷം നിരപരാധിയാണെന്നു കണ്ട് വിട്ടയച്ച മുസ്‌ലിം യുവാവിനോടുള്ള ചോദ്യമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. ഈ വിവേചനം അവസാനിപ്പിക്കാന്‍ പൊതുകാമ്പയിന്‍ നടത്തണം. ഭീകരപ്രവര്‍ത്തനം നടത്തിയതായി കുറ്റസമ്മതം നടത്തുന്നതിന് തങ്ങളുടെ പഠനത്തിന് വിധേയമാക്കിയ നിരവധി യുവാക്കളെ പീഡനത്തിനിരയാക്കി.
ഗുജറാത്ത് പൊലീസിലെ ക്രൈംബ്രാഞ്ചിലാണ് ഏറ്റവും ക്രൂരമായ പീഡനം അരങ്ങേറുന്നത്. ഇവിടെ പീഡനം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെയും പിടിയിലായ യുവാക്കളെയും കറുത്ത മുഖംമൂടി അണിയിക്കും. കസ്റ്റഡിയിലുള്ളവര്‍ ഇരുകൈകളും നിലത്ത് കുത്തി ശരീരം  തിരശ്ചീനമായി വായുവില്‍ നിര്‍ത്തണം. ബാലന്‍സിന് കഴിയാതെ കാല്‍ താഴേക്കുവരുമ്പോഴെല്ലാം ക്രൂരമായ ദണ്ഡനത്തിനിരയാക്കും. രഹസ്യ ക്യാമ്പുകളില്‍ കൊണ്ടുപോയി തങ്ങളെ വൈദ്യുതാഘാതമേല്‍പിച്ച് ചോദ്യം ചെയ്തുവെന്ന് ചിലര്‍ മൊഴി നല്‍കി.  ഗുജറാത്തിലെ സ്‌ഫോടന കേസുകളില്‍ അറസ്റ്റിലായവര്‍ക്കെതിരെയുള്ള വിചാരണ സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്.
ഇത്തരം കേസുകളില്‍ കുടുങ്ങിയ യുവാക്കളുടെ രക്ഷക്കെത്തുന്നവരും വിവേചനത്തിന്റെ ഇരകളാകുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ മുംബൈയില്‍ കൊല്ലപ്പെടുകയും മറ്റൊരു അഭിഭാഷകന്‍ മധ്യപ്രദേശില്‍ ഹിന്ദു തീവ്രവാദികളുടെ ആക്രമണത്തിനിരയാകുകയും ചെയ്തു. ഇവരുടെ കേസുകള്‍ വാദിച്ച പല അഭിഭാഷകരെയും ബാര്‍ അസോസിയേഷനുകള്‍ വിലക്കി. നിരപരാധികളായ മുസ്‌ലിം യുവാക്കളെ കേസില്‍ കുടുക്കിയതിനെതിരെ സമരം നയിച്ച വിനോദ്കുമാര്‍ യാദവ് എന്ന മനുഷ്യാവകാശ പ്രവര്‍ത്തകനെ ഉത്തര്‍ പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് രഹസ്യ കേന്ദ്രത്തിലെത്തിച്ച് മര്‍ദിച്ചു.
മുസ്‌ലിംകളോടൊപ്പം മേലില്‍ കണ്ടുപോകരുതെന്ന് പറഞ്ഞാണ് യാദവിനെ വിട്ടയച്ചത്. ലോക്കപ്പുകളില്‍ യുവാക്കള്‍ ക്രൂരമായി മര്‍ദനത്തിരയായത് അറിഞ്ഞിട്ടും അഹ്മദാബാദിലെയും ദല്‍ഹിയിലെയും മജിസ്‌ട്രേറ്റുമാര്‍ വീണ്ടും വീണ്ടും അവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
കോളിളക്കം സൃഷ്ടിച്ച ബട്‌ല ഹൗസ് സംഭവത്തില്‍ സ്വന്തം നിലക്ക് അന്വേഷണം നടത്തുന്നതിന് പകരം പൊലീസ് റിപ്പോര്‍ട്ട് പകര്‍ത്തിയെഴുതിയതിന് ദേശീയ മനുഷ്യാവകാശ കമീഷനെ റിപ്പോര്‍ട്ട് രൂക്ഷമായി വിമര്‍ശിച്ചു.
ഹസനുല്‍ ബന്ന

അല്‍ ജസീറയും ഇന്ത്യാവിഷനും

അല്‍ ജസീറയും ഇന്ത്യാവിഷനും
അല്‍ ജസീറയും ഇന്ത്യാവിഷനും വ്യത്യസ്തമായ കാരണങ്ങളാല്‍ മാധ്യമപഠനത്തിനു വിഷയമാകുന്നു. അല്‍ ജസീറയില്‍ നിന്നുള്ള ദൃശ്യവീചികള്‍ അറബ് ലോകത്തെ പ്രക്ഷുബ്ധമാക്കുന്ന കൊടുങ്കാറ്റായി മാറുമ്പോള്‍ ഇന്ത്യാവിഷന്റെ ഒളികാമറ എഡിറ്റോറിയല്‍ സ്വാതന്ത്ര്യത്തിനു പുതിയ നിര്‍വചനങ്ങള്‍ കണ്ടെത്തുന്നു. മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും മാധ്യമധര്‍മത്തെക്കുറിച്ചുമുള്ള വിചിന്തനമാണ് രാഷ്ട്രീയമായ ഇളക്കങ്ങള്‍ക്കൊപ്പം നടക്കുന്നത്.
അറബ് തലസ്ഥാനങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന ജനകീയമുന്നേറ്റം അല്‍ജസീറയുടെ സൃഷ്ടിയല്ല. പക്ഷേ, അല്‍ജസീറയുടെ അസാന്നിധ്യത്തില്‍ അവിശ്വസനീയമായത് സാധ്യമാകുമായിരുന്നില്ല. തുനീഷ്യന്‍ സൂനാമി ആഴ്ചകള്‍ക്കകം നൈല്‍തടങ്ങളില്‍ ആഞ്ഞടിച്ചപ്പോള്‍ അല്‍ജസീറയുടെ ശ്രദ്ധ മറ്റെവിടെയോ ആയിരുന്നു. തീപിടിക്കുന്നത് തിരി കൊളുത്തിയവര്‍ കാണാന്‍ വൈകി. എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ പലതുണ്ടാകും. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ആവശ്യമില്ല. കണ്ടെത്തിയത് വെളിപ്പെടുത്താന്‍ ഇന്ത്യാവിഷന്‍ വൈകിയതെന്തുകൊണ്ടെന്ന വീരേന്ദ്രകുമാറിന്റെ ചോദ്യത്തിനും ഉത്തരം അന്വേഷിച്ച് സമയം കളയേണ്ടതില്ല.
അല്‍ജസീറയുടെ പതിനഞ്ച് വര്‍ഷത്തെ ചരിത്രം സംഭവബഹുലമാണ്. വാഷിങ്ടണില്‍ മാത്രമല്ല, അറബ് തലസ്ഥാനങ്ങളിലും അല്‍ജസീറ വെറുക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും പലയിടങ്ങളിലും ആക്രമിക്കപ്പെടുകയും ചെയ്തു. ഇസ്രായേലിനെതിരെ മാത്രമല്ല, അമേരിക്കയുടെ പിന്തുണയോടെ ഏകാധിപത്യത്തിന്റെ പിരമിഡുകളില്‍ വസിക്കുന്ന ആജീവനാന്ത ഫറോവമാര്‍ക്കെതിരെയും അല്‍ ജസീറ നിലപാടെടുത്തു. ഖത്തറിലെ അമീറിന് രാഷ്ട്രീയമായ സൗഹൃദങ്ങളും പരിമിതികളുമുണ്ട്. അമീറാണ് അല്‍ജസീറയുടെ സ്ഥാപകന്‍. മുബാറക് ദോഹയിലെ ആതിഥ്യം സ്വീകരിച്ച് മടങ്ങിയ ഉടനെയാണ് അല്‍ ജസീറയുടെ കാമറകള്‍ കൈറോയിലെ തെരുവുകളിലേക്ക് കണ്ണുതുറന്നത്. സ്വന്തം ബലഹീനതകളെ അതിജീവിക്കുമ്പോഴാണ് മാധ്യമങ്ങള്‍ക്ക് വിശ്വാസ്യത ഉണ്ടാകുന്നത്. വ്യക്തിപരമായ താത്പര്യത്തിന്റെ പേരില്‍ ഒരു ന്യായാധിപന് കേസില്‍നിന്ന് വിട്ടുനില്‍ക്കാം. അത്തരം താത്പര്യങ്ങളുടെ പേരില്‍ ഒരു മാധ്യമസ്ഥാപനത്തിന് ഒരു വിഷയവും ഒഴിവാക്കാനാവില്ല.
മാധ്യമങ്ങള്‍ ഒന്നും സൃഷ്ടിക്കേണ്ടതില്ല. പക്ഷേ, സൃഷ്ടിക്ക് സഹായകമായ പരിസരം ഒരുക്കുന്നതിലും സൃഷ്ടിക്കപ്പെടുന്നത് ജനങ്ങളെ അറിയിക്കുന്നതിലും മാധ്യമങ്ങള്‍ വീഴ്ച വരുത്തരുത്. അടിയന്തരാവസ്ഥയില്‍ ഇന്ത്യന്‍മാധ്യമങ്ങള്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചു. ഭരണകൂടം അടിച്ചേല്‍പിച്ചതായിരുന്നു ആ നിസ്സഹായതയെന്ന വാദം പൂര്‍ണമായും ശരിയല്ല. 'ഇന്ത്യന്‍ എക്‌സ്‌പ്രസി'നു കഴിയുമായിരുന്നത് മറ്റുള്ളവര്‍ക്കും കഴിയുമായിരുന്നു. ഇന്ത്യന്‍പത്രങ്ങള്‍ ഏകസ്വരത്തില്‍ മാ നിഷാദ എന്നാര്‍ത്തു വിളിച്ചിരുന്നുവെങ്കില്‍ കാട്ടാളന്മാരുടെ അമ്പ് താഴെ വീഴുമായിരുന്നു. സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പത്രക്കടലാസുകൊണ്ട് മറയ്ക്കപ്പെട്ടപ്പോള്‍ മേഘസന്ദേശമായെത്തിയത് ലണ്ടനില്‍നിന്ന് ബി.ബി.സി ആയിരുന്നു. ബി.ബി.സിയുടെ ഹിന്ദി ന്യൂസ് സര്‍വീസിന് അക്കാലത്ത് മൂന്നര കോടി ശ്രോതാക്കളുണ്ടായിരുന്നു. അടിയന്തരാവസ്ഥയിലെ അത്യാചാരങ്ങള്‍ ബി.ബി.സി ഷോര്‍ട്ട്‌വേവ് ട്രാന്‍സ്മിഷനിലൂടെ അവര്‍ കേട്ടുകൊണ്ടിരുന്നു. ഓള്‍ ഇന്ദിര റേഡിയോയെ അവിശ്വസിച്ച് ബി.ബി.സിയിലേക്ക് തിരിഞ്ഞ ഉത്തരേന്ത്യയിലെ ജനങ്ങളാണ് അവസരം കിട്ടിയപ്പോള്‍ ഏകാധിപത്യത്തെ തകര്‍ത്തത്.
നായകനില്ലാതെ തിരക്കഥ രൂപപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ നായകസ്ഥാനത്തെത്തും. പൊതുമണ്ഡലം പരിമിതപ്പെടുമ്പോള്‍ അജ്ഞാതമായ ലോകങ്ങള്‍ തുറക്കപ്പെടും. പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിക്കപ്പെടുമ്പോള്‍ സൈബര്‍ലോകത്തിലെ സൂപ്പര്‍ഹൈവേകളില്‍ യോഗവേദികള്‍ ഉയരും. ഏകാധിപതികളുടെ പൊലീസിന് ഈ ഹൈവേയില്‍ പ്രവേശനമില്ല. ഇന്റര്‍നെറ്റിലെ സൗഹൃദക്കൂട്ടുകളാണ് ഈജിപ്ഷ്യന്‍ തെരുവുകളില്‍ സ്വാതന്ത്ര്യത്തിന്റെ ജനകീയ പിരമിഡുകള്‍ ഉയര്‍ത്തിയത്. ഗുട്ടന്‍ബര്‍ഗിന്റെ വിനീതമായ മുദ്രണവിദ്യയില്‍ നിന്നാരംഭിച്ച സ്വാതന്ത്ര്യത്തിന്റെ കല്ലോലിനി സാങ്കേതികവിദ്യയുടെ തികവില്‍ തടുക്കാനാവാത്ത മഹാപ്രവാഹമായി മാറുന്നു.
മാധ്യമലോകത്തെ മഹാദ്ഭുതങ്ങള്‍ കാണാതെയും പാരമ്പര്യം അറിയാതെയും മുനീറിനെ പ്രതിസന്ധിയിലാക്കുന്നവര്‍ അവര്‍ണനീയമായ അജ്ഞതയില്‍ കഴിയുന്നവരാണ്. ചാനലിന്റെ പ്രവര്‍ത്തനം പാര്‍ട്ടിക്ക് അസ്വീകാര്യമായപ്പോള്‍ മുനീര്‍ അജ്ഞത നടിച്ചു. എഡിറ്റോറിയല്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം ചെയര്‍മാന്‍ അറിയേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ശരിയായ തത്ത്വമാണത്. സംപ്രേഷണത്തിനു ഏതാനും ദിവസം മുമ്പ് അദ്ദേഹം അക്കാര്യം അറിഞ്ഞു. എന്നിട്ടും ഇടപെട്ടില്ല. വ്യക്തിപരമായ വിയോജിപ്പ് സ്ഥാപനത്തിന്റെ സ്വാതന്ത്ര്യത്തെ ബാധിക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. ഉടമക്ക് നയം നിശ്ചയിക്കാം. നിശ്ചയിക്കപ്പെട്ട നയം നടപ്പാക്കുന്നതിന് പ്രാപ്തനായ എഡിറ്ററെ നിയമിക്കാം. നയവ്യതിയാനം ഉണ്ടാകുമ്പോള്‍ എഡിറ്റര്‍ നീക്കം ചെയ്യപ്പെടും. അതാണ് 'ഹിന്ദുസ്ഥാന്‍ ടൈംസി'ല്‍ ബി.ജി. വര്‍ഗീസിന് സംഭവിച്ചത്. ബോര്‍ഡ്‌റൂമിലല്ലാതെ ന്യൂസ് റൂമില്‍ ചെയര്‍മാനു പ്രവേശനമില്ല. പക്ഷേ, ന്യൂസ്‌റൂമില്‍ ഇരിക്കേണ്ടതാരെന്ന് ബോര്‍ഡ് റൂമില്‍ തീരുമാനിക്കപ്പെടും. പണ്ടും ഇതുതന്നെയായിരുന്നു അവസ്ഥ. അനഭിമതനായ പത്രാധിപരെ നീക്കം ചെയ്തുകൊണ്ടാണ് അനുയോജ്യനായ പത്രാധിപരെ വക്കം അബ്ദുല്‍ഖാദര്‍ മൗലവി കണ്ടെത്തിയത്.
 ഇന്നറിയപ്പെടുന്ന രീതിയില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ തുടക്കം വാട്ടര്‍ഗേറ്റില്‍ നിന്നാണ്. അതേക്കുറിച്ച് അന്വേഷണഘട്ടത്തില്‍ 'വാഷിങ്ടണ്‍ പോസ്റ്റി'ന്റെ ഉടമകള്‍ക്ക് അറിവുണ്ടായിരുന്നില്ല. ആ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട രണ്ട് ലേഖകര്‍ക്കു പുറമെ എഡിറ്റര്‍ ടോം ബ്രാഡ്‌ലിക്കു മാത്രമാണ് അക്കാര്യം അറിയാമായിരുന്നത്.  പ്രസിഡന്റിന്റെ രാജിയിലേക്ക് നീങ്ങിയ വാര്‍ത്തകളോട് യോജിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും അവയുടെ പ്രസിദ്ധീകരണം തടയാന്‍ ഉടമകള്‍ ശ്രമിച്ചില്ല. ഉടമകളായാലും പ്രവര്‍ത്തകരായാലും പത്രാധിപരെ വിശ്വസിക്കുകയെന്നതു മാത്രമാണ് കരണീയമായുള്ളത്.
പത്രാധിപര്‍പോലും എല്ലാം അറിയണമെന്നില്ല. സി.എച്ച്. മുഹമ്മദ് കോയയുടെ കേസില്‍ സുപ്രീംകോടതി ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. 'ചന്ദ്രിക'യില്‍ സി.എച്ചിന്റെ ചീഫ് എഡിറ്റര്‍ പദവി ആലങ്കാരികം മാത്രമാണെന്ന വാദം കോടതി സ്വീകരിച്ചു. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ തിരക്കില്‍ പത്രത്തില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്റെയെല്ലാം ഉത്തരവാദിത്ത്വം ചീഫ് എഡിറ്റര്‍ എന്ന നിലയില്‍ സി.എച്ചിന് ഏല്‍ക്കാനാവില്ലെന്ന് കോടതി പറഞ്ഞു. പത്രത്തിനായാലും ചാനലിനായാലും ഉത്തരവാദിത്ത്വം എവിടെയെങ്കിലും കണ്ടെത്താന്‍ കഴിയണം. നിയമമനുസരിച്ച് ഉത്തരവാദി എഡിറ്ററാണ്. പ്രസ് ആക്ടനുസരിച്ച് ആരാണോ എഡിറ്റര്‍ അയാള്‍ എല്ലാറ്റിനും ഉത്തരവാദിയാണ്. ഇക്കാര്യം ഇപ്പോള്‍ പത്രങ്ങള്‍ പ്രിന്റ്‌ലൈനില്‍ പരസ്യപ്പെടുത്തുന്നുണ്ട്.
എഡിറ്റോറിയല്‍ വിഭാഗത്തെ നിയന്ത്രിക്കാന്‍ കഴിയുംവിധം ചെയര്‍മാനെ ശാക്തീകരിക്കാന്‍ തയാറാണെന്ന് ഓഹരികള്‍ കൈവശമുള്ള കെ.എം.സി.സി പറയുന്നു. അധികാരത്തിന്റെ പരിമിതി ഇടപെടലിനു തടസ്സമാണെന്ന് മുനീര്‍ പറഞ്ഞിട്ടില്ല. തത്ത്വാധിഷ്ഠിതമായി പ്രവര്‍ത്തിക്കുമ്പോള്‍ അത്തരം നിയന്ത്രണം അസാധ്യമാണെന്നാണ് മുനീര്‍ വിശദീകരിച്ചത്. അങ്ങനെയെങ്കില്‍ ചെയര്‍മാനെ നീക്കം ചെയ്യാന്‍ ഓഹരിയുടമകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. റിമോട്ട് കണ്‍ട്രോള്‍ എന്ന അവസാനത്തെ ആയുധം പ്രയോഗിക്കാന്‍ പ്രേക്ഷകര്‍ക്കുള്ള സ്വാതന്ത്ര്യത്തിനു വിധേയമായിരിക്കും ഉടമകള്‍ക്ക് പ്രയോഗിക്കാന്‍ കഴിയുന്ന അധികാരം. ഇക്കാരണത്താലാണ് മാധ്യമസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഇതര വ്യവസായസംരംഭങ്ങളില്‍നിന്ന് വ്യത്യസ്തമാകുന്നത്.

നഗ്‌നമായ അഴിമതിക്ക് പരിഹാരം നഗ്‌നത!

കുറച്ചു ദിവസങ്ങളായി നൂല്‍ബന്ധമില്ലാതെ തറയില്‍ ഉറങ്ങുകയും പുഴയില്‍ മുങ്ങുകയും പൂജാദികര്‍മങ്ങള്‍ അനുഷ്ഠിക്കുകയും സൂര്യനമസ്‌കാരം നടത്തുകയുമൊക്കെയാണത്രെ ഇന്ത്യാ മഹാരാജ്യത്തെ ഒരു സംസ്ഥാന മുഖ്യമന്ത്രി! ശത്രുക്കള്‍ ദുര്‍മന്ത്രവാദം പ്രയോഗിച്ചതിനാല്‍ തന്നെ നിരന്തരം വേട്ടയാടുന്ന പീഡകളില്‍നിന്ന് മുക്തി നേടാന്‍ ഇതൊക്കെയാണുപോല്‍ കര്‍ണാടകയുടെ ബി.ജെ.പിക്കാരനായ മുഖ്യമന്ത്രി യെദിയൂരപ്പക്ക് പൂജാരിമാര്‍ നല്‍കിയ ഉപദേശം. നേരത്തെ മുഖ്യമന്ത്രി പദവിക്ക് വന്‍ ഭീഷണി ഉയര്‍ന്ന നേരങ്ങളില്‍ യെദിയൂരപ്പ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ രാജരാജ ക്ഷേത്രത്തില്‍ വന്ന് പരിഹാര നടപടികള്‍ തേടിയിരുന്നു. രാജരാജനൊന്നും തന്നെ രക്ഷിക്കില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാവും ഈ സമ്പൂര്‍ണ നഗ്‌ന ധ്യാന, നിദ്ര, സ്‌നാന പൂജാദിയജ്ഞം!
സംഗതിയെന്താണ്? നഗ്‌നമായ അധികാര ദുര്‍വിനിയോഗത്തിലൂടെയുള്ള ഭൂമിദാനവും അഴിമതിയും സ്വജനപക്ഷപാതവും മൂലം യെദിയൂരപ്പ കര്‍ണാടകയിലെ ഗവര്‍ണര്‍ക്കും ജനങ്ങള്‍ക്കും മാത്രമല്ല, സ്വന്തം പാര്‍ട്ടിക്കുപോലും തീര്‍ത്തും അനഭിമതനായിത്തീര്‍ന്നിരിക്കുന്നു. തികഞ്ഞ കുതിരക്കച്ചവടത്തിലൂടെ ഒപ്പിച്ചെടുത്ത കേവല ഭൂരിപക്ഷത്തിന്റെ മേലെയാണ് അദ്ദേഹം തല്‍ക്കാലം മുഖ്യമന്ത്രിപദത്തില്‍ തുടരുന്നത്. അതുതന്നെ, കുറേയേറെ എം.എല്‍.എമാര്‍ക്ക് നിയമസഭാ സ്‌പീക്കര്‍ അയോഗ്യത കല്‍പിച്ചതിനാല്‍. സംസ്ഥാന ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് മുഖ്യമന്ത്രിയുമായി തുറന്ന യുദ്ധത്തിലാണ്. ലോകായുക്ത ചുമത്തിയ അഴിമതിക്കേസുകള്‍ അദ്ദേഹത്തെ വേട്ടയാടുന്നു. ലജ്ജാകരമായ ഈ പതനത്തിലെത്തിയിട്ടും സ്വന്തം പാര്‍ട്ടി പറഞ്ഞിട്ടും പദവി വിട്ടൊഴിയാന്‍ യെദിയൂരപ്പ തയാറല്ല. പകരം ഇതൊക്കെ തന്റെ കാലക്കേടാണെന്നും ശത്രുക്കള്‍ ചെയ്ത കൂടോത്രത്തിന്റെ ഫലമാണെന്നും അന്ധമായി വിശ്വസിക്കുകയാണദ്ദേഹം. തന്റെ തന്നെ കര്‍മങ്ങളാണ് തന്റെ ദുരവസ്ഥക്ക് നിമിത്തമായതെന്ന് ഒരു നിമിഷം ആലോചിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. എല്ലാം പോകട്ടെ, ദുര്‍മന്ത്രവാദം ഫലിക്കുമെങ്കില്‍ ശത്രുക്കള്‍ക്കെതിരെ മുഖ്യമന്ത്രിക്കും അത് പ്രയോഗിക്കരുതോ? അന്ധവിശ്വാസികള്‍ക്കെന്ത് യുക്തിബോധം. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യന്‍ ജനത തങ്ങളുടെ കടിഞ്ഞാണ്‍ ഏല്‍പിച്ചിരിക്കുന്നത് ഇമ്മാതിരിക്കാരെയാണല്ലോ എന്നോര്‍ക്കുമ്പോള്‍ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍. 

2011, ഫെബ്രുവരി 2, ബുധനാഴ്‌ച

ദുര്‍മന്ത്രവാദം പേടിച്ച് യെദിയൂരപ്പ; ഉറക്കം വസ്ത്രങ്ങള്‍ ഉപേക്ഷിച്ച്

ദുര്‍മന്ത്രവാദം പേടിച്ച് യെദിയൂരപ്പ; ഉറക്കം വസ്ത്രങ്ങള്‍ ഉപേക്ഷിച്ച്

ദുര്‍മന്ത്രവാദം പേടിച്ച് യെദിയൂരപ്പ; ഉറക്കം വസ്ത്രങ്ങള്‍ ഉപേക്ഷിച്ച്
ബംഗളൂരു: രണ്ടരവര്‍ഷം മുമ്പ് അധികാരത്തിലെത്തിയത് മുതല്‍ പ്രശ്‌നങ്ങളില്‍നിന്ന് പ്രശ്‌നങ്ങളിലേക്ക് യാത്ര തുടരുന്ന കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ ഒടുവില്‍ അഭയം കണ്ടെത്തുന്നത് മന്ത്ര തന്ത്രങ്ങളിലും പൂജാദികര്‍മങ്ങളിലുമെന്ന് റിപ്പോര്‍ട്ട്. ദുര്‍മന്ത്രവാദത്തില്‍ നിന്ന് രക്ഷപ്പെടാനായി വസ്ത്രങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ച് വെറും നിലം സപ്രമഞ്ചമാക്കിയതായും മുഖ്യമന്ത്രിയുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് സി.എന്‍.എന്‍-ഐ.ബി.എന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
   ദുര്‍മന്ത്രവാദത്തിലൂടെതന്നെ കൊല്ലാനും അധികാരത്തില്‍നിന്ന് പുറത്താക്കാനും ചിലര്‍ ശ്രമിക്കുന്നതായി ആരോപിച്ച് രണ്ടുദിവസത്തിനകമാണ് പരിഹാര ക്രിയകളുമായി യെദിയൂരപ്പ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
 നഗ്‌നനായി തറയില്‍ കിടന്നുറങ്ങുകയും നഗ്‌നനായി നദിയില്‍ മുങ്ങി സൂര്യനമസ്‌കാരം നടത്തുകയും വിവിധ പൂജകളില്‍ മുഴുകുകയും ചെയ്താല്‍ ദുര്‍മന്ത്രവാദത്തില്‍നിന്ന് രക്ഷപ്പെടാമെന്നാണ് വിവിധ പൂജാരിമാര്‍ യെദിയൂരപ്പക്ക് ഉപദേശം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി ഇതിനുള്ള ഒരുക്കം തുടങ്ങിയതായും നഗ്‌നനായി തറയില്‍ ഉറക്കം തുടങ്ങിയതായും പറയുന്നു.
മൂന്ന് ദിവസം തുടര്‍ച്ചയായി നഗ്‌നനായി ഉറങ്ങുക, രണ്ട് ദിവസം നദിയില്‍ നഗ്‌നനായിനിന്ന് സൂര്യനമസ്‌കാരം ചെയ്യുക, മൈസൂര്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ സഹസ്ര ചണ്ഡികാ യജ്ഞവും ലക്ഷ മോദക ഗണപതി ഹോമവും നടത്തുക തുടങ്ങിയവയാണ് വിവിധ പൂജാരികള്‍ പരിഹാര ക്രിയകളായി നിര്‍ദേശിച്ചിരിക്കുന്നതത്രെ.
 ഫെബ്രുവരി എട്ടിനും പത്തിനുമിടയില്‍ പൂര്‍ണനഗ്‌നനായുള്ള സൂര്യ നമസ്‌കാരം ആരംഭിക്കാനും പൂജാരിമാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ കുടുംബ പൂജാരിയായ ഭാനുപ്രകാശ് ശര്‍മയാണ് പൂജാദി കര്‍മങ്ങള്‍ സംബന്ധിച്ച് പ്രധാനമായും ഉപദേശം നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ യാത്രകള്‍ സംസ്ഥാനത്ത് മാത്രമായി ഒതുക്കാനും നിര്‍ദേശിച്ചതായി ശര്‍മ പറഞ്ഞു. ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 15 വരെ അപകീര്‍ത്തികരമായ സംഭവങ്ങള്‍ മുഖ്യമന്ത്രി നേരിടേണ്ടി വരും.
കടുത്ത വിശ്വാസിയായ യെദിയൂരപ്പ ക്ഷേത്രങ്ങളിലും മഠങ്ങളിലും സന്ദര്‍ശനം നടത്തുന്നതും വന്‍ തുക സംഭാവന നല്‍കുന്നതും പതിവായിരുന്നു.
അതേസമയം, ദുര്‍മന്ത്രവാദത്തിലൂടെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായുള്ള യെദിയൂരപ്പയുടെ തിങ്കളാഴ്ചത്തെ പ്രസ്താവന വീണ്ടും നിയമക്കുരുക്കില്‍ ചാടിച്ചിരിക്കുകയാണ്.
യെദിയൂരപ്പക്കെതിരെ മാനനഷ്ട േകസോ ക്രിമിനല്‍ കേസോ കൊടുക്കുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ ആറു കോടി ജനങ്ങളെ രക്ഷിക്കേണ്ട മുഖ്യമന്ത്രി ദുര്‍മന്ത്രവാദത്തിലും ആഭിചാര ക്രിയയിലും വിശ്വസിച്ച് അവയെ പേടിച്ച് നടക്കുന്നതിനെതിരെയും വിമര്‍ശം ശക്തമായിട്ടുണ്ട്.

എ. രാജ പാര്‍ട്ടി സ്ഥാനം രാജിവെച്ചതായി സൂചന

എ. രാജ പാര്‍ട്ടി സ്ഥാനം രാജിവെച്ചതായി സൂചന
ചെന്നൈ: സ്പെക്ട്രം അഴിമതിയുടെ പേരില്‍ ഇന്നലെ സി.ബി.ഐ അറസ്റ്റുചെയ്ത മുന്‍ ടെലികോം മന്ത്രി എ. രാജ,  ഡി.എം.കെ സെക്രട്ടറി സ്ഥാനം രാജിവെച്ചതായി സൂചന. പാര്‍ട്ടി നേതൃത്വത്തിന് രാജ രാജിക്കത്ത് നല്‍കിയതായാണ് വിവരം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചെന്നെയില്‍ നടക്കുന്ന ഡി.എം .കെ ജനറല്‍ കൌണ്‍സില്‍ യോഗത്തിന്റെ മുഖ്യ അജണ്ട രാജയുടെ അറസ്റ്റാണ്.

ജയിലില്‍ കഴിയുന്ന നിരപരാധികളുടെ മോചനം എന്റെ നിയോഗം -കലീം

 ജയിലില്‍ കഴിയുന്ന നിരപരാധികളുടെ മോചനം എന്റെ നിയോഗം -കലീം
കൊച്ചി: തീവ്രവാദം ഇസ്‌ലാമിന്റെ സൃഷ്ടിയല്ലെന്ന സന്ദേശം പൊതുജനങ്ങളിലെത്തിക്കലാണ് തന്റെ ദൗത്യമെന്ന് 2007 ലെ ഹൈദരാബാദ് മക്കാമസ്ജിദ് സ്‌ഫോടനത്തിലെ യഥാര്‍ഥ വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവരുന്നതിന് നിമിത്തമായി മാറിയ അബ്ദുല്‍ കലീം. കലീമിന്റെ നിഷ്‌കളങ്കതയും നിരപരാധിത്വവും തിരിച്ചറിഞ്ഞാണ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആര്‍.എസ്.എസ് നേതാവ് സ്വാമി അസിമാനന്ദ അന്വേഷണ സംഘത്തിന് മുമ്പാകെ വസ്തുതകള്‍ തുറന്ന് സമ്മതിച്ചത്.
നിരപരാധികളെ കൊല്ലുന്ന പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും ഇസ്‌ലാം അംഗീകരിക്കുന്നില്ല. മക്കാ മസ്ജിദ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏല്‍ക്കണമെന്നാവശ്യപ്പെട്ട് കൊടിയ പീഡനങ്ങളേല്‍പ്പിച്ചപ്പോഴും താന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത് ഇതുതന്നെയാണെന്ന് കലീം വ്യക്തമാക്കി. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പെരുമ്പാവൂരില്‍ സംഘടിപ്പിച്ച ഭീകരവിരുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കലീം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
പശ്ചാത്താപബോധം തോന്നി സ്വാമി അസിമാനന്ദ കുറ്റം ഏറ്റുപറഞ്ഞപ്പോള്‍ രക്ഷപ്പെട്ടത് മുസ്‌ലിം സമുദായം മാത്രമല്ല, രാജ്യമാകെയാണ്.
രാജ്യത്തെ പ്രബല മതവിഭാഗങ്ങള്‍ പരസ്‌പരം സംശയിക്കുന്ന അവസ്ഥ നാടിന്റെ വളര്‍ച്ചയെത്തന്നെ ബാധിച്ചിരുന്നു.
രാജ്യത്ത് എവിടെ സ്‌ഫോടനമുണ്ടായാലും മുസ്‌ലിം തീവ്രവാദികളാണ് അതിന്റെ പിന്നിലെന്ന് പ്രചരിപ്പിക്കുന്ന വലിയൊരു സംഘം തന്നെയുണ്ട്. എന്നാല്‍, ഇതല്ല വസ്തുത. ഹിന്ദുവായാലും ഇസ്‌ലാമായാലും ഒരു മതവും തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നില്ല. സാഹചര്യങ്ങളാണ് തീവ്രവാദികളെ സൃഷ്ടിക്കുന്നത്.
താന്‍ മാത്രം ജയിലില്‍നിന്ന് പുറത്തുവന്നതുകൊണ്ട് കാര്യമില്ല. ചെയ്യാത്ത കുറ്റത്തിന്  നൂറുകണക്കിന് ആളുകള്‍ രാജ്യത്തെ വിവിധി ജയിലുകളില്‍ കഴിയുന്നുണ്ട്. കേരളത്തിലുമുണ്ട് അത്തരം സംഭവങ്ങള്‍. ചെയ്യാത്ത കുറ്റത്തിന് വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞ അബ്ദുന്നാസിര്‍ മഅ്ദനി വീണ്ടും ജയിലിലായതും ഇങ്ങനെ തന്നെ. മഅ്ദനിയുടെ മോചനത്തിനായുള്ള പോരാട്ടങ്ങളില്‍ തന്നാല്‍ കഴിയും വിധം പങ്കാളിയാകും. ജയിലില്‍ കഴിയുന്ന നിരപരാധികളുടെ മോചനത്തിനായി പ്രവര്‍ത്തിക്കുകയെന്നതാണ് തന്റെ ഇനിയുള്ള ജീവിത നിയോഗം.
മക്കാ മസ്ജിദ് സ്‌ഫോടനത്തിന്റെ പേരില്‍ 2007ല്‍ 19ാം വയസ്സിലാണ് താന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. മെഡിസിന് പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അത്. 18 മാസം ജയിലിലടച്ചശേഷമാണ് തന്നെ വിട്ടയച്ചത്. മെഡിസിന്‍ പഠനം തുടരാനുള്ള ശ്രമവും അധികൃതര്‍ തടഞ്ഞു. താന്‍ സ്‌ഫോടനമുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചയാളാണെന്ന് പൊലീസ് കോളജ് അധികൃതരോട് പറഞ്ഞു. അതോടെ പഠനം നിലച്ചതിനെ ത്തുടര്‍ന്ന് നിയമ പഠനത്തിന് ചേര്‍ന്നു. അതിനിടെയാണ് ജയിലിലുള്ള സഹോദരനെ സന്ദര്‍ശിച്ചപ്പോള്‍ സിം കാര്‍ഡ് കൈമാറിയെന്ന കള്ളക്കേസ് ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തത്. തന്നെ ജയിലിലടച്ചതോടെ കുടുംബത്തെ വാടകവീട്ടില്‍നിന്ന് ഇറക്കിവിട്ടു. കയറിക്കിടക്കാനുള്ള ഇടംതേടി മാതാവിന് അലയേണ്ടിവന്നു. ഇനിയും ശിക്ഷയനുഭവിക്കുന്നവരുടെ മോചനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിനായി താന്‍ നിയമപഠനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ സുഹൈല്‍ ഹാഷിം, കെ.എ ഫൈസല്‍, എസ്.എം. സൈനുദ്ദീന്‍, എസ്.എ. അജിംസ്, മുഹമ്മദ് ഉമര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

ആശയക്കുഴപ്പമുണ്ടാക്കി ലീഗിനെ തകര്‍ക്കാന്‍ സമ്മതിക്കില്ല -മുനീര്‍

ആശയക്കുഴപ്പമുണ്ടാക്കി ലീഗിനെ തകര്‍ക്കാന്‍ സമ്മതിക്കില്ല -മുനീര്‍
കോഴിക്കോട്: മുസ്‌ലിംലീഗില്‍ പ്രതിസന്ധിയുണ്ടെന്ന് വരുത്തിതീര്‍ത്ത് വെള്ളംകലക്കി മീന്‍പിടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ഡോ. എം.കെ. മുനീര്‍ പ്രസ്താവനയില്‍ ആരോപിച്ചു. അതുകൊണ്ടാണ് ചിലര്‍ എന്നെ അവരുടെ പ്രസ്ഥാനങ്ങളിലേക്ക് ക്ഷണിക്കുന്നത്. മുസ്‌ലിംലീഗ് എന്റെ തറവാടാണ്. ഭൂമിയില്‍ പിറന്നുവീണ് ബാങ്കൊലി കേട്ടശേഷം പിന്നെ കേട്ട ശബ്ദം 'മുസ്‌ലിംലീഗ് സിന്ദാബാദ്' എന്നതാണ്. എന്റെ സിരകളിലോടുന്ന രക്തം ലീഗിന്‍േറതാണ്.  അതുകൊണ്ട് തന്നെ എന്റെ അവസാന ശ്വാസംവരെ ഞാനീ പ്രസ്ഥാനത്തിന്റെ സേവകനായിരിക്കുമെന്നും മുനീര്‍ പറഞ്ഞു.
എല്ലാ പ്രതിസന്ധികളെയും തരണംചെയ്ത് ലീഗ് മുന്നോട്ടുപോകും.   ഈ പ്രസ്ഥാനത്തിന്റെ അസൂയാവഹമായ വളര്‍ച്ചയും ഐക്യവും കണ്ട് അസഹ്യതപൂണ്ടവരാണ് പ്രശ്‌നം കൂടുതല്‍ വഷളാക്കാന്‍ ശ്രമിക്കുന്നത്. പുരുഷായുസ്സ് എന്റെ പിതാവ് ജീവിച്ച് തീര്‍ത്തത് മുസ്‌ലിംലീഗിനുവേണ്ടിയായിരുന്നു.  ആ ജീവിതമാണ് എന്റെ മുന്നിലുള്ള മാതൃകയെന്നും മുനീര്‍ വ്യക്തമാക്കി.

ഈജിപ്തില്‍ എറ്റുമുട്ടല്‍ തുടരുന്നു: മൂന്ന് മരണം, 1,500 പേര്‍ക്ക് പരിക്ക്

ഈജിപ്തില്‍ എറ്റുമുട്ടല്‍ തുടരുന്നു: മൂന്ന് മരണം, 1,500 പേര്‍ക്ക് പരിക്ക്
കൈറോ: അനുദിനം രൂക്ഷമാവുന്ന ഈജിപ്തിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭം പുതിയ തലങ്ങളിലേക്ക്. ഹുസ്‌നി മുബാറകിനെ അനുകൂലിക്കുന്നവരും മുബാറക് വിരുദ്ധരായ പ്രക്ഷോഭകരും തമ്മില്‍ കൈറോയില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 1,500 ലേറെ േപര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആഴ്ചയിലധികമായി തുടരുന്ന പ്രക്ഷോഭത്തിനിടെ ഇരു വിഭാഗവും തമ്മില്‍ നടക്കുന്ന ആദ്യത്തെ സംഘട്ടനമാണിത്.
ബുധനാഴ്ച വൈകീട്ടോടെയാണ് കൈറോയിലെ തെഹ്‌രി സ്‌ക്വയറില്‍ മുബാറക് അനുകൂലികളും ഭരണകൂട വിരുദ്ധ പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്. സംഘര്‍ഷത്തില്‍ മൂന്ന്  കുതിരകളും ഒട്ടകങ്ങളുമായെത്തിയ മുബാറക് അനുകൂലികള്‍ തഹ്‌രീര്‍ സ്‌ക്വയറില്‍ തടിച്ചു കൂടിയ ആയിരങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. റോഡിലെ ബാരിക്കടുകള്‍ തകര്‍ത്താണ് അനുകൂലികള്‍ ആയിരങ്ങളെ ആക്രമിക്കാനൊരുങ്ങിയത്. തുടര്‍ന്ന്  ഇരുപക്ഷത്തുനിന്നും കല്ലേറുണ്ടായി.
ചുറ്റുമുള്ള കെട്ടിടത്തില്‍ നിന്ന് തെഹ്‌രിസ്‌ക്വയറിലേക്ക് ചിലര്‍ നാടന്‍ ബോംബുകള്‍ എറിയുന്നതായി അല്‍ജസീറ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ക്വയറില്‍ നിന്ന് തുടരെ തുടരെ വെടിയൊച്ചകളും കേള്‍ക്കുന്നുണ്ട്.
വാളും വടിയേുമന്തി വന്ന മുബാറക് അനുകൂലികളെ തെഹ്‌റി സ്‌ക്വയറിലേക്ക് കടക്കാന്‍ സൈന്യം അനുവദിക്കുകയായിരുന്നു എന്നാണ് ഒരു വിഭാഗം ജനങ്ങള്‍ പറയുന്നത്. എന്നാല്‍ പ്രക്ഷോഭകരെ അടിച്ചൊതുക്കാന്‍ ഹുസ്‌നി മുബാറക് തന്റെ ഗുണ്ടകളെ പറഞ്ഞയച്ചതായി മറു വിഭാഗം വിശ്വസിക്കുന്നു.
സംഘര്‍ഷം ഉണ്ടാവാന്‍ സൈന്യത്തിന്റെ നിലപാട് സഹായിച്ചതായാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഏറ്റുമുട്ടലില്‍  സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരിയ മുന്‍തൂക്കം ഉള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുള്ള ആംബുലന്‍സ് സൗകര്യവും മറ്റു വൈദ്യ സഹായങ്ങളും ലഭ്യമായിട്ടില്ലെന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ പറയുന്നു. പരിക്കേറ്റവര്‍ക്ക് ഡെറ്റോള്‍ മാത്രമാണ് ഇപ്പോള്‍ ഉപേയോഗിക്കുന്നത്. ലഭ്യമായ ക്ലിനിക്കുകളിലാവട്ടെ പരിക്കേറ്റവരുടെ ഒഴുക്ക് കാരണം ഡോക്ടര്‍മാരും നഴ്‌സുമാരും ബുദ്ധിമുട്ടുകയാണ്.ഇരു വിഭാഗവും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു.
അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കില്ലെന്ന് പ്രസിഡന്റ് ഹുസ്‌നി മുബാറക് ചൊവ്വാഴ്ച രാത്രി വ്യക്തമാക്കിയിട്ടരുന്നു. എന്നാല്‍ മൂന്ന് പതിറ്റാണ്ട് കാലത്തെ ഏകാധിപത്യഭരണം അവസാനിപ്പിച്ച് മുബാറക് രാജിവെക്കുന്നതുവരെ സമരം തുടരുമെന്നാണ്     പ്രക്ഷോഭകര്‍ പറയുന്നത്. കൊച്ചുകുഞ്ഞുങ്ങളെ എടുത്ത അമ്മമാര്‍ ഉള്‍പ്പെടെയുള്ള ആബാല വൃദ്ധം ജനങ്ങളാണ് ഒമ്പതാം ദിവസവും തഹ്‌രീര്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയിരുന്നത്. രാജ്യത്തെ മറ്റ് നഗരങ്ങളിലും ജനങ്ങള്‍ പ്രക്ഷോഭം നടക്കുന്നുണ്ട്.  

2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

മാലേഗാവ് സഫോടനം; പ്രവീണ്‍ മുത്തലിക്ക് അറസ്റ്റില്‍


മാലേഗാവ് സഫോടനം; പ്രവീണ്‍ മുത്തലിക്ക് അറസ്റ്റില്‍
മുംബൈ: 2008 ലെ മലേഗാവ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് പ്രവീണ്‍ മുത്തലിക്കിനെ മഹരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. 2008 സെപ്റ്റംബറില്‍ മുസ്‌ലിം പള്ളിക്കു സമീപം ബൈക്കില്‍ ബോംബ് സ്ഥാപിക്കാന്‍ പദ്ധതിയിട്ട മൂന്നു പേരില്‍ ഒരാള്‍ മുത്തലിക്കാണെന്നു പൊലീസ് പറഞ്ഞു. ഇദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച രാംദി കല്‍സന്‍ഗര, സന്ദീപ് ഡംഗ് എന്നിവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണ്. സ്‌ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രഗ്യ സിങ് താക്കൂര്‍, ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്നിവരുള്‍പ്പെടെ 11 പേരെ സ്‌ക്വാഡ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു