2011, ഫെബ്രുവരി 4, വെള്ളിയാഴ്‌ച

യഥാര്‍ഥ റിപ്പോര്‍ട്ട് പുറത്ത് ഗുജറാത്ത് കലാപത്തില്‍ മോഡിക്ക് പങ്ക്

യഥാര്‍ഥ റിപ്പോര്‍ട്ട് പുറത്ത് ഗുജറാത്ത് കലാപത്തില്‍ മോഡിക്ക് പങ്ക്

യഥാര്‍ഥ റിപ്പോര്‍ട്ട് പുറത്ത് ഗുജറാത്ത് കലാപത്തില്‍ മോഡിക്ക് പങ്ക്
ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് പങ്കാളിത്തമുണ്ടെന്ന് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതായി വെളിപ്പെടുത്തല്‍. 'െതഹല്‍ക'യും 'ഹെഡ്‌ലൈന്‍സ് ടുഡെ'യും ചേര്‍ന്നാണ് 'മാധ്യമം' ആദ്യമായി വെളിച്ചത്തുകൊണ്ടു വന്ന വാര്‍ത്ത സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട്  പുറത്തുവിട്ടത്.
ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക്  സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയെന്ന് ഡിസംബര്‍ മൂന്നിന്  പ്രമുഖ ഇംഗ്ലീഷ് പത്രം ലീഡ് വാര്‍ത്തയായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. മോഡി കുറ്റവിമുക്തനാണെന്ന ധാരണ പരത്തുന്ന തരത്തില്‍ രാജ്യമൊന്നടങ്കമുള്ള മാധ്യമങ്ങള്‍ ഈ വാര്‍ത്ത ഏറ്റെടുക്കുകയും ചെയ്തു. തുടര്‍ന്ന് 'മാധ്യമം' നടത്തിയ അന്വേഷണത്തില്‍ റിപ്പോര്‍ട്ട് മോഡിക്ക് അനുകൂലമല്ലെന്നും മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ പത്രം അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ഭാഗികമായി ചോര്‍ത്തി നല്‍കുകയുമായിരുന്നെന്നും കണ്ടെത്തി. 'സ്‌കൂപ്പ്' എന്ന നിലയില്‍ ഭാഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ട് ജുഡീഷ്യറിയെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും നിയമ വിദഗ്ധര്‍ വെളിപ്പെടുത്തിയിരുന്നു. ഈ വാര്‍ത്ത  കഴിഞ്ഞ ഡിസംബര്‍ എട്ടിന് 'മാധ്യമം' പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ വാര്‍ത്ത സാധൂകരിക്കുന്ന വിവരങ്ങളാണ് തെഹല്‍കയും ഹെഡ്‌ലൈന്‍സ് ടുഡെയും ചേര്‍ന്ന് വ്യാഴാഴ്ച  പുറത്തുകൊണ്ടുവന്നത്.
ഗുജറാത്ത് കലാപത്തില്‍ വ്യക്തമായ പങ്കുള്ള മോഡി കൈകഴുകി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയെന്ന് ഇവര്‍ വെളിപ്പെടുത്തി. ഏതൊരു ക്രിയക്കും തുല്യവും വിപരീതവുമായ പ്രതിക്രിയയുണ്ടാകുമെന്ന മോഡിയുടെ വിവാദമായ പ്രതികരണമടക്കം ഉള്‍പ്പെടുത്തി തയാറാക്കിയ റിപ്പോര്‍ട്ട് ഗുജറാത്ത് കലാപത്തില്‍ മോഡിക്കുള്ള പങ്ക് അക്കമിട്ട് നിരത്തിയിട്ടുണ്ട്. മോഡിയുടെ ഈ ന്യായീകരണം അദ്ദേഹത്തിന്റെ പക്ഷപാതപരമായ നിലപാടിനുള്ള തെളിവായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. ഒരു സംസ്ഥാനം വര്‍ഗീയ കലാപത്തിന് ഇരയായ ഘട്ടത്തിലായിരുന്നു നിരുത്തരവാദപരമായ ഈ പ്രസ്താവനയെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇത് കൂടാതെ കലാപനാളുകളില്‍ ചേര്‍ന്ന ക്രമസമാധാനവുമായി ബന്ധപ്പെട്ട നിര്‍ണായകയോഗങ്ങളുടെ മിനുട്‌സുകളും രേഖകളും ഒന്നും തന്നെ മോഡി സൂക്ഷിച്ചില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.  അഹ്മദാബാദില്‍  ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ കൊല്ലപ്പെട്ട കലാപ ബാധിത പ്രദേശം സന്ദര്‍ശിക്കാതിരുന്നത് മോഡിയുടെ വിവേചനത്തിന്റെ തെളിവായും റിപ്പോര്‍ട്ടിലുണ്ട്.

വര്‍ഗീസ് വധം: ലക്ഷ്മണക്ക് ജാമ്യമില്ല

വര്‍ഗീസ് വധം: ലക്ഷ്മണക്ക് ജാമ്യമില്ല
ന്യൂദല്‍ഹി: നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ ഐ.ജി ലക്ഷ്മണയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. എഴുപത് കഴിഞ്ഞ തന്റെ ആരോഗ്യ സ്ഥിതി മോശമായതിനാല്‍ ജാമ്യം  അനുവദിക്കണമെന്നായിരുന്നു ലക്ഷ്മണയുടെ അപേക്ഷ.
മൂന്ന് മാസത്തിനകം കേസ് പരിഗണിക്കണമെന്ന് സുപ്രീംകോടതി ഹൈകോടതിയോട് നിര്‍ദേശിച്ചു. അല്ലാത്ത പക്ഷം ലക്ഷ്മണക്ക് വീണ്ടും ജാമ്യാപേക്ഷ നല്‍കാമെന്നും കോടതി പറഞ്ഞു.
ലക്ഷ്മണയുടെ ജാമ്യാപേക്ഷ നേരത്തെ ഹൈകോടതിയും തള്ളിയിരുന്നു.
1970 ഫെബ്രുവരി 18നാണ് വയനാട്ടിലെ തിരുനെല്ലി കാടുകളില്‍ വെച്ച് നക്‌സല്‍ നേതാവായിരുന്ന വര്‍ഗീസ് കൊല്ലപ്പെടുന്നത്. അന്ന് ഐ.ജിയായിരുന്ന ലക്ഷ്മണയുടെ നിര്‍ദേശപ്രകാരം പൊലീസുകാര്‍ വര്‍ഗീസിനെ വെടിവെച്ചുകൊല്ലുകയായിരുന്നു എന്നാണ് കേസ്. 40 കൊല്ലത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ആണ് ലക്ഷ്മണയെ സി.ബി.ഐ കോടതി ശിക്ഷിക്കുന്നത്.

ഭീകരാക്രമണ അന്വേഷണത്തില്‍ മതവിവേചനം

ഭീകരാക്രമണ അന്വേഷണത്തില്‍ മതവിവേചനം
ന്യൂദല്‍ഹി: 'നിങ്ങളെല്ലാവരും വൃത്തികെട്ട പാകിസ്താനികളാണ്. നിങ്ങളുടെ ആളുകള്‍ എന്തുകൊണ്ടാണ ് ഇങ്ങനെ ദേശവിരുദ്ധരാകുന്നത്്?' ഉന്നത സാങ്കേതിക വിദ്യാഭ്യാസം നേടിയ മുസ്‌ലിം യുവാവിനോട് ദല്‍ഹി സ്‌പെഷല്‍ സെല്ലിലെ പൊലീസ് ഓഫിസറുടെ ചോദ്യമാണിത്. ന്യൂയോര്‍ക് കേന്ദ്രമായ അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടന 'ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്' പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.
ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് തയാറാക്കിയ  റിപ്പോര്‍ട്ട്  ഭീകരാക്രമണ കേസുകളില്‍ മുസ്‌ലിംകളോടുള്ള വിവേചനം പ്രധാന വിഷയമാക്കി 'ദേശവിരുദ്ധര്‍' എന്ന പേരിലാണ് ഹ്യൂമന്റൈറ്റ്‌സ് വാച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പേരില്‍ ഇന്ത്യയില്‍ മതപരമായ വിവേചനവും മുന്‍ധാരണയും നിലനില്‍ക്കുന്നുവെന്നതിന്റെ തെളിവാണ് ദല്‍ഹി സ്‌ഫോടനത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത ശേഷം നിരപരാധിയാണെന്നു കണ്ട് വിട്ടയച്ച മുസ്‌ലിം യുവാവിനോടുള്ള ചോദ്യമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. ഈ വിവേചനം അവസാനിപ്പിക്കാന്‍ പൊതുകാമ്പയിന്‍ നടത്തണം. ഭീകരപ്രവര്‍ത്തനം നടത്തിയതായി കുറ്റസമ്മതം നടത്തുന്നതിന് തങ്ങളുടെ പഠനത്തിന് വിധേയമാക്കിയ നിരവധി യുവാക്കളെ പീഡനത്തിനിരയാക്കി.
ഗുജറാത്ത് പൊലീസിലെ ക്രൈംബ്രാഞ്ചിലാണ് ഏറ്റവും ക്രൂരമായ പീഡനം അരങ്ങേറുന്നത്. ഇവിടെ പീഡനം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെയും പിടിയിലായ യുവാക്കളെയും കറുത്ത മുഖംമൂടി അണിയിക്കും. കസ്റ്റഡിയിലുള്ളവര്‍ ഇരുകൈകളും നിലത്ത് കുത്തി ശരീരം  തിരശ്ചീനമായി വായുവില്‍ നിര്‍ത്തണം. ബാലന്‍സിന് കഴിയാതെ കാല്‍ താഴേക്കുവരുമ്പോഴെല്ലാം ക്രൂരമായ ദണ്ഡനത്തിനിരയാക്കും. രഹസ്യ ക്യാമ്പുകളില്‍ കൊണ്ടുപോയി തങ്ങളെ വൈദ്യുതാഘാതമേല്‍പിച്ച് ചോദ്യം ചെയ്തുവെന്ന് ചിലര്‍ മൊഴി നല്‍കി.  ഗുജറാത്തിലെ സ്‌ഫോടന കേസുകളില്‍ അറസ്റ്റിലായവര്‍ക്കെതിരെയുള്ള വിചാരണ സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്.
ഇത്തരം കേസുകളില്‍ കുടുങ്ങിയ യുവാക്കളുടെ രക്ഷക്കെത്തുന്നവരും വിവേചനത്തിന്റെ ഇരകളാകുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ മുംബൈയില്‍ കൊല്ലപ്പെടുകയും മറ്റൊരു അഭിഭാഷകന്‍ മധ്യപ്രദേശില്‍ ഹിന്ദു തീവ്രവാദികളുടെ ആക്രമണത്തിനിരയാകുകയും ചെയ്തു. ഇവരുടെ കേസുകള്‍ വാദിച്ച പല അഭിഭാഷകരെയും ബാര്‍ അസോസിയേഷനുകള്‍ വിലക്കി. നിരപരാധികളായ മുസ്‌ലിം യുവാക്കളെ കേസില്‍ കുടുക്കിയതിനെതിരെ സമരം നയിച്ച വിനോദ്കുമാര്‍ യാദവ് എന്ന മനുഷ്യാവകാശ പ്രവര്‍ത്തകനെ ഉത്തര്‍ പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് രഹസ്യ കേന്ദ്രത്തിലെത്തിച്ച് മര്‍ദിച്ചു.
മുസ്‌ലിംകളോടൊപ്പം മേലില്‍ കണ്ടുപോകരുതെന്ന് പറഞ്ഞാണ് യാദവിനെ വിട്ടയച്ചത്. ലോക്കപ്പുകളില്‍ യുവാക്കള്‍ ക്രൂരമായി മര്‍ദനത്തിരയായത് അറിഞ്ഞിട്ടും അഹ്മദാബാദിലെയും ദല്‍ഹിയിലെയും മജിസ്‌ട്രേറ്റുമാര്‍ വീണ്ടും വീണ്ടും അവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
കോളിളക്കം സൃഷ്ടിച്ച ബട്‌ല ഹൗസ് സംഭവത്തില്‍ സ്വന്തം നിലക്ക് അന്വേഷണം നടത്തുന്നതിന് പകരം പൊലീസ് റിപ്പോര്‍ട്ട് പകര്‍ത്തിയെഴുതിയതിന് ദേശീയ മനുഷ്യാവകാശ കമീഷനെ റിപ്പോര്‍ട്ട് രൂക്ഷമായി വിമര്‍ശിച്ചു.
ഹസനുല്‍ ബന്ന

അല്‍ ജസീറയും ഇന്ത്യാവിഷനും

അല്‍ ജസീറയും ഇന്ത്യാവിഷനും
അല്‍ ജസീറയും ഇന്ത്യാവിഷനും വ്യത്യസ്തമായ കാരണങ്ങളാല്‍ മാധ്യമപഠനത്തിനു വിഷയമാകുന്നു. അല്‍ ജസീറയില്‍ നിന്നുള്ള ദൃശ്യവീചികള്‍ അറബ് ലോകത്തെ പ്രക്ഷുബ്ധമാക്കുന്ന കൊടുങ്കാറ്റായി മാറുമ്പോള്‍ ഇന്ത്യാവിഷന്റെ ഒളികാമറ എഡിറ്റോറിയല്‍ സ്വാതന്ത്ര്യത്തിനു പുതിയ നിര്‍വചനങ്ങള്‍ കണ്ടെത്തുന്നു. മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും മാധ്യമധര്‍മത്തെക്കുറിച്ചുമുള്ള വിചിന്തനമാണ് രാഷ്ട്രീയമായ ഇളക്കങ്ങള്‍ക്കൊപ്പം നടക്കുന്നത്.
അറബ് തലസ്ഥാനങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന ജനകീയമുന്നേറ്റം അല്‍ജസീറയുടെ സൃഷ്ടിയല്ല. പക്ഷേ, അല്‍ജസീറയുടെ അസാന്നിധ്യത്തില്‍ അവിശ്വസനീയമായത് സാധ്യമാകുമായിരുന്നില്ല. തുനീഷ്യന്‍ സൂനാമി ആഴ്ചകള്‍ക്കകം നൈല്‍തടങ്ങളില്‍ ആഞ്ഞടിച്ചപ്പോള്‍ അല്‍ജസീറയുടെ ശ്രദ്ധ മറ്റെവിടെയോ ആയിരുന്നു. തീപിടിക്കുന്നത് തിരി കൊളുത്തിയവര്‍ കാണാന്‍ വൈകി. എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ പലതുണ്ടാകും. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ആവശ്യമില്ല. കണ്ടെത്തിയത് വെളിപ്പെടുത്താന്‍ ഇന്ത്യാവിഷന്‍ വൈകിയതെന്തുകൊണ്ടെന്ന വീരേന്ദ്രകുമാറിന്റെ ചോദ്യത്തിനും ഉത്തരം അന്വേഷിച്ച് സമയം കളയേണ്ടതില്ല.
അല്‍ജസീറയുടെ പതിനഞ്ച് വര്‍ഷത്തെ ചരിത്രം സംഭവബഹുലമാണ്. വാഷിങ്ടണില്‍ മാത്രമല്ല, അറബ് തലസ്ഥാനങ്ങളിലും അല്‍ജസീറ വെറുക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും പലയിടങ്ങളിലും ആക്രമിക്കപ്പെടുകയും ചെയ്തു. ഇസ്രായേലിനെതിരെ മാത്രമല്ല, അമേരിക്കയുടെ പിന്തുണയോടെ ഏകാധിപത്യത്തിന്റെ പിരമിഡുകളില്‍ വസിക്കുന്ന ആജീവനാന്ത ഫറോവമാര്‍ക്കെതിരെയും അല്‍ ജസീറ നിലപാടെടുത്തു. ഖത്തറിലെ അമീറിന് രാഷ്ട്രീയമായ സൗഹൃദങ്ങളും പരിമിതികളുമുണ്ട്. അമീറാണ് അല്‍ജസീറയുടെ സ്ഥാപകന്‍. മുബാറക് ദോഹയിലെ ആതിഥ്യം സ്വീകരിച്ച് മടങ്ങിയ ഉടനെയാണ് അല്‍ ജസീറയുടെ കാമറകള്‍ കൈറോയിലെ തെരുവുകളിലേക്ക് കണ്ണുതുറന്നത്. സ്വന്തം ബലഹീനതകളെ അതിജീവിക്കുമ്പോഴാണ് മാധ്യമങ്ങള്‍ക്ക് വിശ്വാസ്യത ഉണ്ടാകുന്നത്. വ്യക്തിപരമായ താത്പര്യത്തിന്റെ പേരില്‍ ഒരു ന്യായാധിപന് കേസില്‍നിന്ന് വിട്ടുനില്‍ക്കാം. അത്തരം താത്പര്യങ്ങളുടെ പേരില്‍ ഒരു മാധ്യമസ്ഥാപനത്തിന് ഒരു വിഷയവും ഒഴിവാക്കാനാവില്ല.
മാധ്യമങ്ങള്‍ ഒന്നും സൃഷ്ടിക്കേണ്ടതില്ല. പക്ഷേ, സൃഷ്ടിക്ക് സഹായകമായ പരിസരം ഒരുക്കുന്നതിലും സൃഷ്ടിക്കപ്പെടുന്നത് ജനങ്ങളെ അറിയിക്കുന്നതിലും മാധ്യമങ്ങള്‍ വീഴ്ച വരുത്തരുത്. അടിയന്തരാവസ്ഥയില്‍ ഇന്ത്യന്‍മാധ്യമങ്ങള്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചു. ഭരണകൂടം അടിച്ചേല്‍പിച്ചതായിരുന്നു ആ നിസ്സഹായതയെന്ന വാദം പൂര്‍ണമായും ശരിയല്ല. 'ഇന്ത്യന്‍ എക്‌സ്‌പ്രസി'നു കഴിയുമായിരുന്നത് മറ്റുള്ളവര്‍ക്കും കഴിയുമായിരുന്നു. ഇന്ത്യന്‍പത്രങ്ങള്‍ ഏകസ്വരത്തില്‍ മാ നിഷാദ എന്നാര്‍ത്തു വിളിച്ചിരുന്നുവെങ്കില്‍ കാട്ടാളന്മാരുടെ അമ്പ് താഴെ വീഴുമായിരുന്നു. സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പത്രക്കടലാസുകൊണ്ട് മറയ്ക്കപ്പെട്ടപ്പോള്‍ മേഘസന്ദേശമായെത്തിയത് ലണ്ടനില്‍നിന്ന് ബി.ബി.സി ആയിരുന്നു. ബി.ബി.സിയുടെ ഹിന്ദി ന്യൂസ് സര്‍വീസിന് അക്കാലത്ത് മൂന്നര കോടി ശ്രോതാക്കളുണ്ടായിരുന്നു. അടിയന്തരാവസ്ഥയിലെ അത്യാചാരങ്ങള്‍ ബി.ബി.സി ഷോര്‍ട്ട്‌വേവ് ട്രാന്‍സ്മിഷനിലൂടെ അവര്‍ കേട്ടുകൊണ്ടിരുന്നു. ഓള്‍ ഇന്ദിര റേഡിയോയെ അവിശ്വസിച്ച് ബി.ബി.സിയിലേക്ക് തിരിഞ്ഞ ഉത്തരേന്ത്യയിലെ ജനങ്ങളാണ് അവസരം കിട്ടിയപ്പോള്‍ ഏകാധിപത്യത്തെ തകര്‍ത്തത്.
നായകനില്ലാതെ തിരക്കഥ രൂപപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ നായകസ്ഥാനത്തെത്തും. പൊതുമണ്ഡലം പരിമിതപ്പെടുമ്പോള്‍ അജ്ഞാതമായ ലോകങ്ങള്‍ തുറക്കപ്പെടും. പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിക്കപ്പെടുമ്പോള്‍ സൈബര്‍ലോകത്തിലെ സൂപ്പര്‍ഹൈവേകളില്‍ യോഗവേദികള്‍ ഉയരും. ഏകാധിപതികളുടെ പൊലീസിന് ഈ ഹൈവേയില്‍ പ്രവേശനമില്ല. ഇന്റര്‍നെറ്റിലെ സൗഹൃദക്കൂട്ടുകളാണ് ഈജിപ്ഷ്യന്‍ തെരുവുകളില്‍ സ്വാതന്ത്ര്യത്തിന്റെ ജനകീയ പിരമിഡുകള്‍ ഉയര്‍ത്തിയത്. ഗുട്ടന്‍ബര്‍ഗിന്റെ വിനീതമായ മുദ്രണവിദ്യയില്‍ നിന്നാരംഭിച്ച സ്വാതന്ത്ര്യത്തിന്റെ കല്ലോലിനി സാങ്കേതികവിദ്യയുടെ തികവില്‍ തടുക്കാനാവാത്ത മഹാപ്രവാഹമായി മാറുന്നു.
മാധ്യമലോകത്തെ മഹാദ്ഭുതങ്ങള്‍ കാണാതെയും പാരമ്പര്യം അറിയാതെയും മുനീറിനെ പ്രതിസന്ധിയിലാക്കുന്നവര്‍ അവര്‍ണനീയമായ അജ്ഞതയില്‍ കഴിയുന്നവരാണ്. ചാനലിന്റെ പ്രവര്‍ത്തനം പാര്‍ട്ടിക്ക് അസ്വീകാര്യമായപ്പോള്‍ മുനീര്‍ അജ്ഞത നടിച്ചു. എഡിറ്റോറിയല്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം ചെയര്‍മാന്‍ അറിയേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ശരിയായ തത്ത്വമാണത്. സംപ്രേഷണത്തിനു ഏതാനും ദിവസം മുമ്പ് അദ്ദേഹം അക്കാര്യം അറിഞ്ഞു. എന്നിട്ടും ഇടപെട്ടില്ല. വ്യക്തിപരമായ വിയോജിപ്പ് സ്ഥാപനത്തിന്റെ സ്വാതന്ത്ര്യത്തെ ബാധിക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. ഉടമക്ക് നയം നിശ്ചയിക്കാം. നിശ്ചയിക്കപ്പെട്ട നയം നടപ്പാക്കുന്നതിന് പ്രാപ്തനായ എഡിറ്ററെ നിയമിക്കാം. നയവ്യതിയാനം ഉണ്ടാകുമ്പോള്‍ എഡിറ്റര്‍ നീക്കം ചെയ്യപ്പെടും. അതാണ് 'ഹിന്ദുസ്ഥാന്‍ ടൈംസി'ല്‍ ബി.ജി. വര്‍ഗീസിന് സംഭവിച്ചത്. ബോര്‍ഡ്‌റൂമിലല്ലാതെ ന്യൂസ് റൂമില്‍ ചെയര്‍മാനു പ്രവേശനമില്ല. പക്ഷേ, ന്യൂസ്‌റൂമില്‍ ഇരിക്കേണ്ടതാരെന്ന് ബോര്‍ഡ് റൂമില്‍ തീരുമാനിക്കപ്പെടും. പണ്ടും ഇതുതന്നെയായിരുന്നു അവസ്ഥ. അനഭിമതനായ പത്രാധിപരെ നീക്കം ചെയ്തുകൊണ്ടാണ് അനുയോജ്യനായ പത്രാധിപരെ വക്കം അബ്ദുല്‍ഖാദര്‍ മൗലവി കണ്ടെത്തിയത്.
 ഇന്നറിയപ്പെടുന്ന രീതിയില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ തുടക്കം വാട്ടര്‍ഗേറ്റില്‍ നിന്നാണ്. അതേക്കുറിച്ച് അന്വേഷണഘട്ടത്തില്‍ 'വാഷിങ്ടണ്‍ പോസ്റ്റി'ന്റെ ഉടമകള്‍ക്ക് അറിവുണ്ടായിരുന്നില്ല. ആ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട രണ്ട് ലേഖകര്‍ക്കു പുറമെ എഡിറ്റര്‍ ടോം ബ്രാഡ്‌ലിക്കു മാത്രമാണ് അക്കാര്യം അറിയാമായിരുന്നത്.  പ്രസിഡന്റിന്റെ രാജിയിലേക്ക് നീങ്ങിയ വാര്‍ത്തകളോട് യോജിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും അവയുടെ പ്രസിദ്ധീകരണം തടയാന്‍ ഉടമകള്‍ ശ്രമിച്ചില്ല. ഉടമകളായാലും പ്രവര്‍ത്തകരായാലും പത്രാധിപരെ വിശ്വസിക്കുകയെന്നതു മാത്രമാണ് കരണീയമായുള്ളത്.
പത്രാധിപര്‍പോലും എല്ലാം അറിയണമെന്നില്ല. സി.എച്ച്. മുഹമ്മദ് കോയയുടെ കേസില്‍ സുപ്രീംകോടതി ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. 'ചന്ദ്രിക'യില്‍ സി.എച്ചിന്റെ ചീഫ് എഡിറ്റര്‍ പദവി ആലങ്കാരികം മാത്രമാണെന്ന വാദം കോടതി സ്വീകരിച്ചു. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ തിരക്കില്‍ പത്രത്തില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്റെയെല്ലാം ഉത്തരവാദിത്ത്വം ചീഫ് എഡിറ്റര്‍ എന്ന നിലയില്‍ സി.എച്ചിന് ഏല്‍ക്കാനാവില്ലെന്ന് കോടതി പറഞ്ഞു. പത്രത്തിനായാലും ചാനലിനായാലും ഉത്തരവാദിത്ത്വം എവിടെയെങ്കിലും കണ്ടെത്താന്‍ കഴിയണം. നിയമമനുസരിച്ച് ഉത്തരവാദി എഡിറ്ററാണ്. പ്രസ് ആക്ടനുസരിച്ച് ആരാണോ എഡിറ്റര്‍ അയാള്‍ എല്ലാറ്റിനും ഉത്തരവാദിയാണ്. ഇക്കാര്യം ഇപ്പോള്‍ പത്രങ്ങള്‍ പ്രിന്റ്‌ലൈനില്‍ പരസ്യപ്പെടുത്തുന്നുണ്ട്.
എഡിറ്റോറിയല്‍ വിഭാഗത്തെ നിയന്ത്രിക്കാന്‍ കഴിയുംവിധം ചെയര്‍മാനെ ശാക്തീകരിക്കാന്‍ തയാറാണെന്ന് ഓഹരികള്‍ കൈവശമുള്ള കെ.എം.സി.സി പറയുന്നു. അധികാരത്തിന്റെ പരിമിതി ഇടപെടലിനു തടസ്സമാണെന്ന് മുനീര്‍ പറഞ്ഞിട്ടില്ല. തത്ത്വാധിഷ്ഠിതമായി പ്രവര്‍ത്തിക്കുമ്പോള്‍ അത്തരം നിയന്ത്രണം അസാധ്യമാണെന്നാണ് മുനീര്‍ വിശദീകരിച്ചത്. അങ്ങനെയെങ്കില്‍ ചെയര്‍മാനെ നീക്കം ചെയ്യാന്‍ ഓഹരിയുടമകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. റിമോട്ട് കണ്‍ട്രോള്‍ എന്ന അവസാനത്തെ ആയുധം പ്രയോഗിക്കാന്‍ പ്രേക്ഷകര്‍ക്കുള്ള സ്വാതന്ത്ര്യത്തിനു വിധേയമായിരിക്കും ഉടമകള്‍ക്ക് പ്രയോഗിക്കാന്‍ കഴിയുന്ന അധികാരം. ഇക്കാരണത്താലാണ് മാധ്യമസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഇതര വ്യവസായസംരംഭങ്ങളില്‍നിന്ന് വ്യത്യസ്തമാകുന്നത്.

നഗ്‌നമായ അഴിമതിക്ക് പരിഹാരം നഗ്‌നത!

കുറച്ചു ദിവസങ്ങളായി നൂല്‍ബന്ധമില്ലാതെ തറയില്‍ ഉറങ്ങുകയും പുഴയില്‍ മുങ്ങുകയും പൂജാദികര്‍മങ്ങള്‍ അനുഷ്ഠിക്കുകയും സൂര്യനമസ്‌കാരം നടത്തുകയുമൊക്കെയാണത്രെ ഇന്ത്യാ മഹാരാജ്യത്തെ ഒരു സംസ്ഥാന മുഖ്യമന്ത്രി! ശത്രുക്കള്‍ ദുര്‍മന്ത്രവാദം പ്രയോഗിച്ചതിനാല്‍ തന്നെ നിരന്തരം വേട്ടയാടുന്ന പീഡകളില്‍നിന്ന് മുക്തി നേടാന്‍ ഇതൊക്കെയാണുപോല്‍ കര്‍ണാടകയുടെ ബി.ജെ.പിക്കാരനായ മുഖ്യമന്ത്രി യെദിയൂരപ്പക്ക് പൂജാരിമാര്‍ നല്‍കിയ ഉപദേശം. നേരത്തെ മുഖ്യമന്ത്രി പദവിക്ക് വന്‍ ഭീഷണി ഉയര്‍ന്ന നേരങ്ങളില്‍ യെദിയൂരപ്പ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ രാജരാജ ക്ഷേത്രത്തില്‍ വന്ന് പരിഹാര നടപടികള്‍ തേടിയിരുന്നു. രാജരാജനൊന്നും തന്നെ രക്ഷിക്കില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാവും ഈ സമ്പൂര്‍ണ നഗ്‌ന ധ്യാന, നിദ്ര, സ്‌നാന പൂജാദിയജ്ഞം!
സംഗതിയെന്താണ്? നഗ്‌നമായ അധികാര ദുര്‍വിനിയോഗത്തിലൂടെയുള്ള ഭൂമിദാനവും അഴിമതിയും സ്വജനപക്ഷപാതവും മൂലം യെദിയൂരപ്പ കര്‍ണാടകയിലെ ഗവര്‍ണര്‍ക്കും ജനങ്ങള്‍ക്കും മാത്രമല്ല, സ്വന്തം പാര്‍ട്ടിക്കുപോലും തീര്‍ത്തും അനഭിമതനായിത്തീര്‍ന്നിരിക്കുന്നു. തികഞ്ഞ കുതിരക്കച്ചവടത്തിലൂടെ ഒപ്പിച്ചെടുത്ത കേവല ഭൂരിപക്ഷത്തിന്റെ മേലെയാണ് അദ്ദേഹം തല്‍ക്കാലം മുഖ്യമന്ത്രിപദത്തില്‍ തുടരുന്നത്. അതുതന്നെ, കുറേയേറെ എം.എല്‍.എമാര്‍ക്ക് നിയമസഭാ സ്‌പീക്കര്‍ അയോഗ്യത കല്‍പിച്ചതിനാല്‍. സംസ്ഥാന ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് മുഖ്യമന്ത്രിയുമായി തുറന്ന യുദ്ധത്തിലാണ്. ലോകായുക്ത ചുമത്തിയ അഴിമതിക്കേസുകള്‍ അദ്ദേഹത്തെ വേട്ടയാടുന്നു. ലജ്ജാകരമായ ഈ പതനത്തിലെത്തിയിട്ടും സ്വന്തം പാര്‍ട്ടി പറഞ്ഞിട്ടും പദവി വിട്ടൊഴിയാന്‍ യെദിയൂരപ്പ തയാറല്ല. പകരം ഇതൊക്കെ തന്റെ കാലക്കേടാണെന്നും ശത്രുക്കള്‍ ചെയ്ത കൂടോത്രത്തിന്റെ ഫലമാണെന്നും അന്ധമായി വിശ്വസിക്കുകയാണദ്ദേഹം. തന്റെ തന്നെ കര്‍മങ്ങളാണ് തന്റെ ദുരവസ്ഥക്ക് നിമിത്തമായതെന്ന് ഒരു നിമിഷം ആലോചിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. എല്ലാം പോകട്ടെ, ദുര്‍മന്ത്രവാദം ഫലിക്കുമെങ്കില്‍ ശത്രുക്കള്‍ക്കെതിരെ മുഖ്യമന്ത്രിക്കും അത് പ്രയോഗിക്കരുതോ? അന്ധവിശ്വാസികള്‍ക്കെന്ത് യുക്തിബോധം. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യന്‍ ജനത തങ്ങളുടെ കടിഞ്ഞാണ്‍ ഏല്‍പിച്ചിരിക്കുന്നത് ഇമ്മാതിരിക്കാരെയാണല്ലോ എന്നോര്‍ക്കുമ്പോള്‍ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ