2011, ജനുവരി 21, വെള്ളിയാഴ്‌ച

മകരജ്യോതി: സത്യം പറയേണ്ടത് തന്ത്രിമാര്‍ -ക്യാപ്ടന്‍ രാജന്‍

മകരജ്യോതി: സത്യം പറയേണ്ടത് തന്ത്രിമാര്‍ -ക്യാപ്ടന്‍ രാജന്‍

മകരജ്യോതി: സത്യം പറയേണ്ടത് തന്ത്രിമാര്‍ -ക്യാപ്ടന്‍ രാജന്‍
തിരുവനന്തപുരം: മകരജ്യോതിയിലെ സത്യം തുറന്നുപറയേണ്ടത് ശബരിമലയിലെ പൂജാദികര്‍മങ്ങള്‍ നിയന്ത്രിക്കുന്ന താഴമണ്‍ മഠത്തിലെ തന്ത്രിമാര്‍ ആണെന്ന് തുറമുഖ വകുപ്പ് ഡയറക്ടറായി വിരമിച്ച് കോഴിക്കോട്ട് വിശ്രമജീവിതം നയിക്കുന്ന ക്യാപ്ടന്‍ കെ.പി. രാജന്‍. പത്തുവര്‍ഷം മുമ്പ് മകരജ്യോതിയുടെ സത്യം തേടി പൊന്നമ്പലമേട്ടില്‍ പോയ അനുഭവം അദ്ദേഹം മാധ്യമവുമായി പങ്കുവെച്ചു.
വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പൊന്നമ്പലമേട്ടില്‍ പോയത്. കൂടെ ഉണ്ടായിരുന്നത് പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. കെ. സുഗതന്‍, പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയറായിരുന്ന കൃഷ്ണപിള്ള, മലയാള മനോരമയുടെ അന്നത്തെ കോഴിക്കോട്ടെ പ്രത്യേക ലേഖകന്‍ സി.ഐ. ഗോപിനാഥ്, ഉരുള്‍പൊട്ടലില്‍ മരിച്ച മനോരമ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ് എന്നിവര്‍.
വണ്ടിപ്പെരിയാറില്‍ നിന്ന് കൊച്ചുപമ്പ വഴി രണ്ട് കിലോമീറ്റര്‍ ദൂരം ഫോര്‍വീല്‍ ജീപ്പിലായിരുന്നു യാത്ര.
യൂക്കാലിപ്റ്റസ് മരങ്ങളാണ് ചുറ്റും. സംരക്ഷണമേഖല ആയതിനാല്‍ ആര്‍ക്കും പ്രവേശനമില്ല. രണ്ട് കിലോമീറ്റര്‍ എത്തിയപ്പോള്‍ വലിയൊരു ടവര്‍ കണ്ടു. അതിന് മുകളില്‍ നിന്ന് നോക്കിയാല്‍ പ്രദേശം മുഴുവന്‍ കാണാം. അവിടെ നിന്ന് നടന്നാണ് പൊന്നമ്പലമേട്ടിലെത്തിയത്.
ഫുട്ബാള്‍ ഗ്രൗണ്ട് പോലെ നിരപ്പായ സ്ഥലം. അവിടെ ആറടി നീളം രണ്ടടി വീതിയില്‍ രണ്ടടി ഉയരത്തില്‍ ഒരു സിമന്റ് തറ കെട്ടിയിട്ടിട്ടുണ്ട്.
അതിനിടയില്‍ രണ്ട് മീറ്റര്‍ താഴ്ചയുള്ള ഗുഹയുണ്ട്. അവിടെ നിന്ന് ബൈനോക്കുലറിലൂടെ നോക്കിയപ്പോള്‍ സന്നിധാനം കണ്ടു. ശ്രീകോവിലില്‍ തത്വമസി എന്നെഴുതിയത് വായിക്കാം. ദേവസ്വം ബോര്‍ഡുകാര്‍ പൊലീസിന്റെയും വനംവകുപ്പുകാരുടെയും വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെയും സഹായത്തോടെയാണ് ഇവിടെ നിന്ന് മകരജ്യോതി തെളിയിക്കുന്നത്.
സന്നിധാനത്തുനിന്ന് കുത്തനെയുള്ള മല കയറിയാല്‍ മൂന്നോ നാലോ മണിക്കൂര്‍ കൊണ്ട് പൊന്നമ്പലമേട്ടിലെത്താം. സിമന്റ് തറയില്‍ നെയ്യും കര്‍പ്പൂരവും കത്തിച്ചാണ് മകരജ്യോതി സൃഷ്ടിക്കുന്നത്.
 ഇതിന്റെ ചുറ്റും കറുത്ത തുണി പിടിക്കും. അത് ഇടക്കിടെ മാറ്റുമ്പോള്‍ അകലെ നിന്ന് നോക്കുന്നവര്‍ക്ക് നക്ഷത്രം തെളിഞ്ഞതുപോലെ തോന്നും. മകരം ഒന്നിന് നട തുറന്ന് രാത്രി ഒരു മണിക്ക് അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും ആനകളില്‍ എഴുന്നെള്ളിച്ച് സന്നിധാനത്തു നിന്ന് ശരംകുത്തിവരെ പോയി തിരിച്ചുവരുന്നതാണ് മകരവിളക്ക്.
ഇത് താന്‍ കണ്ടിട്ടുണ്ടെന്ന് ക്യാപ്ടന്‍ രാജന്‍ പറഞ്ഞു. എനിക്ക് പതിനെട്ടാം പടിയിലും ശാസ്താവിലും വിശ്വാസമുണ്ട്. പക്ഷേ, അതിന്റെ പേരില്‍ നടത്തുന്ന ചൂഷണം അംഗീകരിക്കാന്‍ പറ്റില്ല.
ശബരിമലയില്‍ നിന്ന് കിഴക്കോട്ട് നോക്കിയാല്‍ അഞ്ച് കിലോമീറ്ററോളം മുകളിലാണ് പൊന്നമ്പലമേട്. മകരസംക്രമ സമയത്ത് കിഴക്ക് നക്ഷത്രങ്ങള്‍ ഉദിക്കും. ഒരുപാട് നക്ഷത്രങ്ങള്‍ ഉണ്ടാകും.
സൂര്യന്‍ അസ്തമിച്ചാലും രാത്രിയാകുന്നതിന് മുമ്പ് വെളിച്ചം തങ്ങിനില്‍ക്കും. അതിനാല്‍ നക്ഷത്രങ്ങള്‍ തെളിഞ്ഞുകാണാം. ഈ നക്ഷത്രങ്ങള്‍ തലേന്നും പിറ്റേന്നും ഉള്ളതാണ്. അത് നോക്കാന്‍ പക്ഷേ ആരും മിനക്കെടാറില്ല.
ആദിവാസികള്‍ കത്തിക്കുന്നതാണ് മകരജ്യോതിയെന്ന് മുന്‍ ദേവസ്വംമന്ത്രി പറഞ്ഞത് ശരിയല്ല. മന്നന്മാര്‍ എന്നറിയപ്പെട്ടിരുന്ന ആദിവാസി വിഭാഗം അവിടെ ഉണ്ടായിരുന്നു എന്നത് ശരിയാണ്. 1901 ലെ സെന്‍സസ് പ്രകാരം അവര്‍ 29 പേരായിരുന്നു. നൂറുകൊല്ലത്തിനിടയില്‍ അവരെല്ലാം മരിച്ചു. ഇന്ന് ആരുമില്ല.
അവര്‍ ഉണ്ടായിരുന്ന കാലത്ത് ചില മലകളില്‍ മലയാളമാസം ഒന്നാം തീയതിയും ശിവരാത്രിദിവസവും വിളക്ക് കത്തിച്ചിരുന്നു. ആദിവാസികളാണ് വിളക്ക്‌തെളിയിക്കുന്നതെങ്കില്‍ അത് കുറച്ചുസമയമെങ്കിലും കത്തി നില്‍ക്കും. ഇതിപ്പോള്‍ ഏതാനും സെക്കന്‍ഡ് മാത്രമാണ് കാണുന്നത്.
പൊന്നമ്പലമേട്ടില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ അവിടെ പരുന്തുകള്‍ പറക്കുന്നുണ്ടായിരുന്നു. പരുന്തുകള്‍ ധാരാളം ഉള്ള സ്ഥലമാണത്. അയ്യപ്പഭക്തന്മാര്‍ എന്തിനാണ് ആകാശത്തേക്ക് നോക്കുന്നത്?
പുണ്യമായ പതിനെട്ടാംപടിയും അയ്യപ്പദര്‍ശനവും പോരേ. യാതൊരു ശാസ്ത്രീയടിത്തറയുമില്ലാതെ കബളിപ്പിക്കല്‍ ആണെന്നറിഞ്ഞിട്ടും പത്രങ്ങളും ടി.വിയും റേഡിയോയുമെല്ലാം ഇതിന് വന്‍ പ്രചാരണം കൊടുക്കുന്നു. സത്യാന്വേഷണം നടത്തേണ്ട മാധ്യമങ്ങളാണ് ഇതില്‍ ഒന്നാം പ്രതി- ക്യാപ്ടന്‍ രാജന്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ