2011, ജനുവരി 22, ശനിയാഴ്‌ച

യെദിയൂരപ്പക്കെതിരെ ക്രിമിനല്‍ കേസ് (2)എന്തിന് രാജിവെക്കണം -യെദിയൂരപ്പ(3)ദയൂബന്ദ് വൈസ് ചാന്‍സലറുടെ രാജി ആവശ്യപ്പെട്ട് മുസ്‌ലിം സംഘടനകള്‍ രംഗത്ത്

യെദിയൂരപ്പക്കെതിരെ ക്രിമിനല്‍ കേസ്

യെദിയൂരപ്പക്കെതിരെ ക്രിമിനല്‍ കേസ്
പ്രോസിക്യൂഷന്‍ തീരുമാനം നിയമയുദ്ധത്തിലേക്ക്
ബംഗളൂരു: ഭൂമി കുംഭകോണം, സ്വജനപക്ഷപാതം എന്നീ കാരണങ്ങള്‍ കാട്ടി പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ യെദിയൂരപ്പക്കെതിരെ ക്രിമിനല്‍ കേസ് നല്‍കി.  അഴിമതി നിരോധ നിയമ പ്രകാരം ബംഗളൂരു അഡീഷനല്‍ സിറ്റി സിവില്‍ കോടതിയിലാണ്  അഭിഭാഷകരായ സിറാജിന്‍ പാഷ, കെ.എന്‍. ബല്‍രാജ് എന്നിവര്‍ സ്വകാര്യ അന്യായം നല്‍കിയത്. ഒരു കേസില്‍ ആറു പേരെയും മറ്റൊന്നില്‍ 15 പേരെയും പ്രതികളാക്കിയാണ് കേസ് നല്‍കിയത്. കേസ് ജനുവരി 24ന് ജഡ്ജി സി. ഹിപ്പരാഗിക്ക് മുമ്പാകെ പരിഗണനക്ക് വരും. പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവര്‍ണര്‍ അനുമതി നല്‍കിയ കാര്യവും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിങ്കളാഴ്ച ആറ് ഹരജികള്‍ കൂടി നല്‍കുമെന്നും ഇരു അഭിഭാഷകരും പറഞ്ഞു. യെദിയൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന അപേക്ഷയില്‍ വെള്ളിയാഴ്ചയാണ് സിറാജിന്‍ പാഷ, കെ.എന്‍. ബല്‍രാജ് എന്നിവര്‍ക്ക് അനുമതി ലഭിച്ചത്.
അതേസമയം, പ്രോസിക്യൂഷന് അനുമതി നല്‍കിയ നടപടി നിയമയുദ്ധത്തിന് വഴിതുറക്കുമെന്ന് ഉറപ്പായി. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ വ്യക്തമാക്കി. ഇക്കാര്യം നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗവര്‍ണറുടെ തീരുമാനം സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി യെദിയൂരപ്പ തിങ്കളാഴ്ച ഹൈകോടതിയെ സമീപിക്കുമെന്നാണ് സൂചന.  പ്രോസിക്യൂഷന്‍ അനുമതി ലഭിച്ച അഭിഭാഷകരും ഹൈകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യെദിയൂരപ്പ ഹരജി നല്‍കിയാല്‍ തങ്ങളുടെ വാദവും കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് കേവിയറ്റ് ഹരജി സമര്‍പ്പിച്ചത്.
ബി.ജെ.പി ശനിയാഴ്ച നടത്തിയ ബന്ദും നിയമ പോരാട്ടത്തിന് വഴി തുറക്കുകയാണ്. ബന്ദിനെതിരെ അഭിഭാഷകനായ ബൊപ്പണ്ണ കര്‍ണാടക ഹൈകോടതിയില്‍ ഹരജി നല്‍കി. ബന്ദ് പ്രഖ്യാപിച്ചത് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ നടപടിയാണെന്ന് കാണിച്ചാണ് ഹരജി നല്‍കിയത്. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.എസ്. ഈശ്വരപ്പയെയും എതിര്‍ കക്ഷികളാക്കിയാണ് പൊതുതാല്‍പര്യ ഹരജി നല്‍കിയത്. ബന്ദ് പ്രഖ്യാപിച്ച ബി.ജെ.പിക്കെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാന്‍ ജനതാദള്‍ എസും തീരുമാനിച്ചിട്ടുണ്ട്. ബന്ദിനിടെയുണ്ടായ അക്രമങ്ങള്‍ക്കും സാമ്പത്തിക നഷ്ടങ്ങള്‍ക്കും ഉത്തരവാദി ബി.ജെ.പിയാണെന്നും നഷ്ടം ഈടാക്കണമെന്നും കാണിച്ചാണ് സുപ്രീംകോടതിയെ സമീപിക്കുകയെന്ന് ജനതാദള്‍ ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ പറഞ്ഞു.
പ്രോസിക്യൂഷന്‍ അനുമതി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയ അഭിഭാഷകരായ സിറാജിന്‍ പാഷയുടെയും  കെ.എന്‍. ബല്‍രാജിന്റെയും ജീവന് ഭീഷണിയും ഉയര്‍ന്നു. ഫോണിലാണ് ഇരുവരെയും ഭീഷണിപ്പെടുത്തിയത്. ഇതേതുടര്‍ന്ന് പൊലീസ് സംരക്ഷണം തേടിയിട്ടുണ്ട്. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് ഇരുവരും പറഞ്ഞു.
പ്രോസിക്യൂഷന് അനുമതി നല്‍കിയതിനെതിരെയും ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജിനെ തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ 12 മണിക്കൂര്‍ ബന്ദ് ബംഗളൂരുവില്‍ ഏതാണ്ട് പൂര്‍ണവും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഭാഗികവുമായിരുന്നു. വ്യാപക അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ചിക്മഗളൂരുവില്‍ ജനതാദള്‍-എസ് നേതാവിന്റെ തലക്ക് അടിയേറ്റു. നിരവധി ബസുകളും തകര്‍ത്തു. കടകള്‍ക്ക് നേരെയും അക്രമമുണ്ടായി. രാവിലെ ബസുകള്‍ സര്‍വീസ് നടത്തിയെങ്കിലും ഒമ്പത് മണിയോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങിയതിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ചു. തുറന്ന കടകള്‍ അടപ്പിച്ചു. 20 ബസുകള്‍ക്ക് തീവെച്ചു. മൂന്ന് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു. പ്രക്ഷോഭകരുടെ കല്ലേറില്‍ നിരവധി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. സ്‌കൂളുകളും ഓഫിസുകളും പ്രവര്‍ത്തിച്ചില്ല. അതേസമയം, ഉള്‍പ്രദേശങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. സ്വകാര്യ വാഹനങ്ങളും റോഡിലിറങ്ങി. ബംഗളൂരുവില്‍ അക്രമ സംഭവങ്ങള്‍ തടയാന്‍ 18,000 പൊലീസുകാരെയാണ് നിയോഗിച്ചതെന്ന് സിറ്റി പൊലീസ് കമീഷണര്‍ ശങ്കര്‍ ബിദ്‌രി പറഞ്ഞു. 48 മണിക്കൂര്‍ സമയത്തേക്ക് നിരോധാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ഗുല്‍ബര്‍ഗ, രാമനഗര എന്നിവിടങ്ങളിലും നിരോധാജ്ഞ നിലവിലുണ്ട്

എന്തിന് രാജിവെക്കണം -യെദിയൂരപ്പ

ബംഗളൂരു: ഭൂമി കുംഭകോണ കേസില്‍ പ്രോസിക്യൂഷന് ഗവര്‍ണര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് രാജിവെക്കുമെന്ന അഭ്യൂഹങ്ങള്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ തള്ളി. ശനിയാഴ്ച വൈകുന്നേരം മുഖ്യമന്ത്രിയുടെ ഓഫിസില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് രാജിയില്ലെന്ന് യെദിയൂരപ്പ വ്യക്തമാക്കിയത്. രാജി വെക്കുമോ എന്ന ചോദ്യത്തിന് ഞാന്‍ എന്തിന് രാജിവെക്കണമെന്നായിരുന്നു മറുചോദ്യം. ആരെങ്കിലും പരാതി നല്‍കിയതിന്റെ പേരില്‍ ഇന്ത്യയില്‍ ഏതെങ്കിലും മുഖ്യമന്ത്രി രാജിവെച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. യു.പി.എയുടെ ഏജന്റായാണ്  ഗവര്‍ണര്‍ഭരദ്വാജ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു

ഗവര്‍ണറുടെ നടപടിക്ക് കേന്ദ്രത്തിന്റെ തുറന്ന പിന്തുണ

ഗവര്‍ണറുടെ നടപടിക്ക് കേന്ദ്രത്തിന്റെ തുറന്ന പിന്തുണ
അണികളെ നിയന്ത്രിക്കാന്‍ ബി.ജെ.പിയോട് മന്ത്രി ചിദംബരം
ന്യൂദല്‍ഹി: മുഖ്യമന്ത്രി ബി.എസ.് യെദിയൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ കര്‍ണാടക ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജിന്റെ നടപടിക്ക് കേന്ദ്രസര്‍ക്കാറിന്റെ തുറന്ന പിന്തുണ. നിയമവിരുദ്ധമായി ഗവര്‍ണര്‍ യാതൊന്നും ചെയ്തില്ലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.  ഇതിന്റെ പേരില്‍ സംസ്ഥാനത്ത് ഇന്നലെ ബന്ദ് നടത്തിയ ബി.ജെ.പി നിലപാടിനെയും കേന്ദ്രം രൂക്ഷമായി വിമര്‍ശിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരമാണ് ഗവര്‍ണറുടെ നടപടിയെ പരോക്ഷമായി ശരിവെച്ചും ഗവര്‍ണര്‍ക്കെതിരെ ബി.ജെ.പി സ്വീകരിച്ച  നിയമവിരുദ്ധ നീക്കങ്ങളെ തുറന്നെതിര്‍ത്തും ഇന്നലെ രംഗത്തു വന്നത്. ഗവര്‍ണര്‍ കൈക്കൊണ്ട നടപടിയോട് എതിര്‍പ്പുണ്ടെങ്കില്‍ തന്നെയും അതിനെതിരെ നിയമപരമായ മാര്‍ഗങ്ങള്‍ തേടുകയായിരുന്നു ബി.ജെ.പി ചെയ്യേണ്ടത്-ചിദംബരം പറഞ്ഞു. എന്നാല്‍ പ്രശ്‌നത്തെ തെരുവിലേക്ക് വലിച്ചിഴക്കാനും അക്രമങ്ങള്‍ നടത്താനുമാണ് പാര്‍ട്ടി കാഡറുകള്‍  ശ്രമിക്കുന്നത്. ഇത് തീര്‍ത്തും നിരാശാജനകമാണെന്ന് ചിദംബരം അഭിപ്രായപ്പെട്ടു.
ഒരു മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഇതാദ്യമായല്ല ഗവര്‍ണര്‍ അനുമതി നല്‍കുന്നത്. അതുകൊണ്ടു തന്നെ നിയമത്തെ കൈയിലെടുക്കാനുള്ള ബി.ജെ.പി നീക്കം തീര്‍ത്തും അസ്വീകാര്യമാണ്-ചിദംബരം പറഞ്ഞു.
ഗവര്‍ണറുടെ നടപടിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ അതിനുള്ള പരിഹാരം തേടുകയാണ് വേണ്ടത്. പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തെ നിയന്ത്രിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം തയാറാകണമെന്നും ചിദംബരം ഉണര്‍ത്തി. നേരത്തെ ലാലുപ്രസാദ് യാദവിനെയും മറ്റും പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയപ്പോള്‍ അതിനെ സ്വാഗതം ചെയ്ത പാര്‍ട്ടിയാണ് ബി.ജെ.പി.എന്നാല്‍, കര്‍ണാടകയുടെ കാര്യം വന്നപ്പോള്‍ പാര്‍ട്ടി മലക്കം മറിയുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
 യു.പി.എ സര്‍ക്കാറിനെതിരായ അഴിമതി വിരുദ്ധ പോരാട്ടം ശക്തമായി മുന്നോട്ടു കൊണ്ടു പോകുന്നതിനും കര്‍ണാടക വിവാദം പാര്‍ട്ടിക്ക് തിരിച്ചടിയായിരിക്കുകയാണ്.
യുനൈറ്റഡ് ജനതാദള്‍ ഉള്‍പ്പെടെ എന്‍.ഡി.എ മുന്നണിയിലെ ഘടക കക്ഷികള്‍ അഭിപ്രായം പറയാന്‍ വിസമ്മതിക്കുകയാണ്. ഗവര്‍ണര്‍ കൈക്കൊണ്ട നടപടിക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്നത് ബി.ജെ.പിക്കും മുന്നണിക്കും ദോഷം ചെയ്യുമെന്ന നിലപാടാണ് അവരില്‍ പലര്‍ക്കുമുള്ളത്.

ദയൂബന്ദ് വൈസ് ചാന്‍സലറുടെ രാജി ആവശ്യപ്പെട്ട് മുസ്‌ലിം സംഘടനകള്‍ രംഗത്ത്

അഹ്മദാബാദ്: ദയൂബന്ദിലെ ദാറുല്‍ ഉലൂം പുതിയ വൈസ് ചാന്‍സലറായി നിയമിതനായ മൗലാനാ ഗുലാം മുഹമ്മദ് വസ്തന്‍വിയുടെ രാജി ആവശ്യപ്പെട്ട് ഗുജറാത്തിലെ മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ അനുകൂലിച്ച് വസ്തന്‍വി നടത്തിയ പ്രസ്താവനയാണ് മുസ്‌ലിം സംഘടനകളെ ചൊടിപ്പിച്ചത്.
 പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മോഡിയുടെ ഭരണത്തിനുകീഴില്‍ ഗുജറാത്തിലെ മുസ്‌ലിംകള്‍ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനമൊന്നും നേരിടുന്നില്ലെന്നും വസ്തന്‍വി പ്രസ്താവിച്ചിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിലെ ഇരകളെ മോഡി സര്‍ക്കാര്‍ ശരിയായവിധം പുനരധിവസിപ്പിച്ചിട്ടുണ്ടെന്നും വസ്തന്‍വി പറഞ്ഞിരുന്നു.
പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ( ഐ.യു.പി.സി.എല്‍) ഗുജറാത്ത് ഘടകം പ്രസിഡന്റും പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജെ.എസ്. ബന്ദൂക്ക് വാല വസ്തന്‍വിയുടെ പ്രസ്താവനയെ നിശിതമായി വിമര്‍ശിച്ചു. 2000ത്തിലധികം മുസ്‌ലിംകളെ കൂട്ടക്കൊലക്കിരയാക്കിയ മോഡിയെ ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന വസ്തന്‍വി ഒരിക്കലും ന്യായീകരിക്കരുതായിരുന്നുവെന്നും ദയൂബന്ദിന്റെ വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് അദ്ദേഹം രാജിവെക്കണമെന്നും ബന്ദൂക്ക് വാല ആവശ്യപ്പെട്ടു.
നരോദപാട്യയിലെ കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയതായി തെഹല്‍ക ടേപ്പുകളില്‍ കുറ്റസമ്മതം നടത്തിയ ബാബു ബജ്‌റന്‍ഗി ഇന്നും സ്വതന്ത്രനായി വിഹരിക്കുമ്പോള്‍ പോട്ട നിയമപ്രകാരം മുസ്‌ലിംകളെ ജയിലിലടക്കുന്നത് വിവേചനമല്ലാതെ മറ്റെന്താണെന്നും ബന്ദൂക്ക് വാല ചോദിച്ചു.
ഗുജറാത്തിലെ മദ്‌റസകളുടെ രക്ഷാധികാര കമ്മിറ്റി ചെയര്‍മാന്‍ മുഫ്തി അഹ്മദ് ദെവാല്‍വി, കലാപത്തിലെ ഇരകളുടെ പുനരധിവാസം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വഡോദരയില്‍നിന്നുള്ള മുസ്‌ലിം നേതാവ് യൂസുഫ് ശൈഖ് എന്നിവരും വസ്തന്‍വിയുടെ രാജി ആവശ്യപ്പെട്ടു. ഗുജറാത്തിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയത് സര്‍ക്കാറിതര സംഘടനകളാണെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.
അതേസമയം, വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് വസ്തന്‍വിയോട് മത്സരിച്ച് തോറ്റയാളും ദയൂബന്ദ് ഭരണസമിതിയംഗവുമായ മൗലാന അര്‍ശദ് മദനി വിവാദത്തെക്കുറിച്ച് മൗനം പാലിക്കുകയാണ്. മൗലാനയുടെ മകന്‍ ഹബീബുല്ല വിവാഹം കഴിച്ചിരിക്കുന്നത് വസ്തന്‍വിയുടെ മകളെയാണെന്നതുതന്നെ കാരണം. സൂറത്തിലെ വസ്തന്‍ ജില്ലക്കാരനായ വസ്തന്‍വി മഹാരാഷ്ട്രയില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ