2012, ഡിസംബർ 10, തിങ്കളാഴ്‌ച

NO COMMENT- 14 11/12/12

EROM MADHYAMAM ONLINE..

 

 

1)മനുഷ്യാവകാശ മണ്ണാങ്കട്ടകള്‍

2)ഇസ്രായേലിന്‍െറ തടവറ

3)മനുഷ്യാവകാശങ്ങള്‍ക്ക് കത്തിവെച്ച് യു.എ.പി.എ നിയമഭേദഗതി

4)വെള്ളം കൊടുക്കാതെ മോഡി; വെള്ളം കുടിക്കാന്‍ മൊദ്വാദിയ

5)പല്ലും നഖവും ഇല്ലാത്ത നിയമം

6)വിദേശ തൊഴിലാളി ക്ഷേമ അതോറിറ്റി ഉടന്‍


കുവൈത്ത് സിറ്റി: വിദേശ തൊഴിലാളികളുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ട് സാമൂഹിക, തൊഴില്‍ മന്ത്രാലയത്തിന്‍െറ മേല്‍നോട്ടത്തിലുള്ള പുതിയ അതോറിറ്റി രൂപവല്‍ക്കരണം അന്തിമഘട്ടത്തില്‍. എല്ലാ വിദേശ തൊഴിലാളികള്‍ക്കും രാജ്യത്തെ·തൊഴില്‍ നിയമപ്രകാരമുള്ള അവകാശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതാവും അതോറിറ്റിയെന്ന് മന്ത്രാലയത്തിലെ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ ദൂസരി വ്യക്തമാക്കി.
അതോറിറ്റിയുടെ കരടുരൂപം പൂര്‍ത്തിയായതായും അതിന് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കിയതായും വ്യക്തമാക്കിയ അല്‍ ദൂസരി പുതിയ പാര്‍ലമെന്‍റ് സമ്മേളനത്തിന്‍െറ പരിഗണനയില്‍ ഉടന്‍ ഇത് വരുമെന്ന് അറിയിച്ചു. നിലവില്‍ രാജ്യത്തെ വിദേശ തൊഴിലാളികള്‍ അനുഭവിക്കുന്ന അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ക്ക് അതോറിറ്റി നിലവില്‍വരുന്നതോടെ പരിഹാരമാവുമെന്ന് അല്‍ ദൂസരി പറഞ്ഞു. ‘വിദേശ തൊഴിലാളികള്‍ക്ക് അന്താരാഷ്ട്ര നിയമം അനുശാസിക്കുന്ന അവകാശങ്ങള്‍ ലഭ്യമാവുന്നുണ്ടെന്ന് അതോറിറ്റി ഉറപ്പുവരുത്തും. ഏതു സാഹചര്യത്തിലും അവസ്ഥയിലും തൊഴിലാളികളുടെ അവകാശങ്ങള്‍ നിര്‍ണായകമാണ്. അത് വിദേശ തൊഴിലാളികളാവുമ്പോള്‍ പ്രത്യേകിച്ചും. അതുകൊണ്ടുതന്നെ അതോറിറ്റി അക്കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തും’ -അല്‍ ദൂസരി വ്യക്തമാക്കി.
രാജ്യത്തെ· പുതിയ തൊഴില്‍ നിയമപ്രകാരം വിദേശ തൊഴിലാളികള്‍ക്ക് ജോലിസ്ഥലത്ത·് പൂര്‍ണാര്‍ഥത്തിലുള്ള അവകാശവും സംരക്ഷണവും ലഭ്യമാവുന്നുണ്ടെന്നും അവര്‍ നേരിടുന്ന ഏത് പ്രശ്നവും നിയമപരമായി പരിഹരിക്കാനുള്ള സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്പോണ്‍സറുടെ അനുവാദമില്ലാതെ സ്പോണ്‍സര്‍ഷിപ്പ് മാറാനുള്ള അവകാശം ഇതിലൊന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ നിയമം നിലവില്‍വന്നതോടെ രാജ്യത്തെ· വിദേശ തൊഴിലാളികള്‍ക്ക് സ്പോണ്‍സര്‍മാരില്‍നിന്നുള്ള പീഡനം കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
കുവൈത്തടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വിദേശ ജോലിക്കാര്‍, പ്രത്യേകിച്ച് ഗാര്‍ഹിക തൊഴിലാളികള്‍ പീഡനമനുഭവിക്കുന്നതായി ഏറക്കാലമായി അന്താരാഷ്ട്ര മനുഷ്യവകാശ സംഘടനകള്‍ ആരോപിക്കുന്നുണ്ട്. ജോലിക്കാര്‍ നേരിടുന്ന പീഡനങ്ങളില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് അടക്കമുള്ള സംഘടനകള്‍ ആശങ്ക അറിയിച്ചിരുന്നു. വിദേശ രാജ്യങ്ങളിലേക്ക് വീട്ടുജോലിക്ക് അയക്കുന്നവര്‍ക്ക് സംരക്ഷണം ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഏപ്രിലില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു

വെള്ളം കൊടുക്കാതെ മോഡി; വെള്ളം കുടിക്കാന്‍ മൊദ്വാദിയ

വെള്ളം കൊടുക്കാതെ മോഡി; വെള്ളം കുടിക്കാന്‍ മൊദ്വാദിയ
സ്വാതന്ത്ര്യലബ്ധി തൊട്ട് ഗുജറാത്ത് കൈവരിച്ച വ്യവസായിക വളര്‍ച്ച അപ്പാടെ തന്‍െറ അക്കൗണ്ടിലേക്ക് വരവുവെക്കുന്നതില്‍ അസാമാന്യ വൈദഗ്ധ്യം കാണിക്കുന്ന മുഖ്യമന്ത്രി നരേന്ദ്ര മോഡി, സ്വന്തം ഭരണത്തിന്‍െറ കെടുതികളുടെ പഴി എതിരാളികളുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടുന്നതിന്‍െറ കൗതുകക്കാഴ്ചകള്‍ക്കുകൂടി സാക്ഷ്യംവഹിക്കുകയാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. സത്യത്തിന്‍െറ ജയത്തിന് സത്യഗ്രഹം നടത്തിയ മഹാത്മാഗാന്ധിയുടെ സ്വന്തം മണ്ണില്‍ തെരഞ്ഞെടുപ്പ് ജയിക്കാന്‍ മോഡി നടത്തുന്ന അസത്യപ്രചാരണത്തില്‍ വെള്ളം കുടിക്കുന്നതാകട്ടെ കോണ്‍ഗ്രസ് മുഖ്യമന്ത്രി പദത്തിലേക്ക് കണ്ടുവെച്ച ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്‍റ് അര്‍ജുന്‍ മൊദ്വാദിയയും.
ധീരുഭായ് അംബാനിക്ക് തുച്ഛവിലക്ക് പതിച്ചുനല്‍കിയ പതിനായിരക്കണക്കിനേക്കര്‍ ഭൂമിയും അവയിലൊരുക്കിയ അടിസ്ഥാനസൗകര്യങ്ങളും കണ്ട് ജാംനഗര്‍ ജില്ലയില്‍നിന്ന് പോര്‍ബന്തറിലേക്ക് പ്രവേശിക്കുമ്പോള്‍ വരവേല്‍ക്കുന്നത് തലയില്‍ കുടമേന്തി സ്ത്രീകളും കുഞ്ഞുങ്ങളും കുടിവെള്ളത്തിന് കിലോമീറ്ററുകള്‍ താണ്ടുന്ന കാഴ്ച. പോര്‍ബന്തര്‍ മണ്ഡലത്തിലെ രാത്ത്ഡി ഗ്രാമത്തിലെത്തിയപ്പോള്‍, ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും മതിയായ വെള്ളമെത്തിക്കാതെ തങ്ങളെന്തു ചെയ്യുമെന്ന് ചോദിക്കാന്‍ സിറ്റിങ് എം.എല്‍.എ ആയ അര്‍ജുന്‍ മൊദ്വാദിയയുടെ വരവും കാത്തിരിക്കുകയാണ് ജനങ്ങള്‍. പ്രചാരണത്തിന് ഉച്ചക്ക് രണ്ടുമണിക്ക് വരുമെന്ന് പറഞ്ഞ മൊദ്വാദിയ ഒരു മണിക്കൂര്‍ വൈകിയെത്തി ഗ്രാമമുഖ്യനിരിക്കുന്ന ആല്‍ത്തറയുടെ ചുവട്ടിലേക്ക് ചെന്നപ്പോള്‍ ഗ്രാമീണര്‍ ആവലാതി നിരത്തി. കുടിവെള്ളമല്ലാതെ മറ്റൊന്നും തങ്ങള്‍ക്ക് ചോദിക്കാനില്ലെന്ന് പറഞ്ഞപ്പോള്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വരാതെ പോര്‍ബന്തറില്‍ വെള്ളമെത്തിക്കാന്‍ കഴിയില്ലെന്ന് മൊദ്വാദിയ നിസ്സഹായത പ്രകടിപ്പിച്ചു.
അതിനുശേഷം മൈക്കില്‍ ഹ്രസ്വമായ സംസാരംനടത്തിയ മൊദ്വാദിയ ഏതാനും വ്യവസായികളുടെ വളര്‍ച്ച മാത്രം ലക്ഷ്യംവെക്കുന്ന മോഡി സര്‍ക്കാറിനെ ഗാന്ധിയുടെ മണ്ണില്‍ പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ പ്രാവശ്യം കുടിവെള്ളം വിഷയമാക്കി ജയിക്കാനുള്ള വോട്ട് സമാഹരിച്ച മൊദ്വാദിയ ഇപ്രാവശ്യം പ്രസംഗങ്ങളില്‍ അത് പരാമര്‍ശിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് തൊട്ടടുത്ത രണ്ട് ഗ്രാമങ്ങളില്‍ തുടര്‍ന്ന് നടന്ന പ്രചാരണയോഗങ്ങളും തെളിയിച്ചു. തലതിരിഞ്ഞ വികസനത്തില്‍ വെള്ളംകിട്ടാതെ തൊണ്ട വരണ്ട ഗാന്ധിയുടെ നാട്ടുകാരുടെ മുമ്പില്‍ മോഡിക്ക് പകരം സമാധാനം ബോധിപ്പിക്കേണ്ട ഗതികേടിലാണ് മൊദ്വാദിയ.
മേധാപട്കര്‍ അടക്കമുള്ളവര്‍ ജലസമാധി വരെ നടത്തി പോരടിച്ചിട്ടും തോറ്റുകൊടുക്കാതെ നര്‍മദാ നദിയില്‍ അണകെട്ടി നിര്‍ത്തിയ വെള്ളംകൊണ്ട് സൗരാഷ്ട്രക്കാരെ മൊത്തം മതിവരുവോളം കുടിപ്പിക്കുമെന്നായിരുന്നു മോഡിയുടെ വാഗ്ദാനം. നര്‍മദാ സരോവര്‍ പദ്ധതിയുടെ വെള്ളം കനാലുകളിലൂടെ ഒഴുകിയെത്തുന്നതോടെ സൗരാഷ്ട്രയിലെ മുഴുവന്‍ ജില്ലകളിലും കാര്‍ഷികാഭിവൃദ്ധി നേടുമെന്നും 12 വര്‍ഷം മുമ്പ് മുഖ്യമന്ത്രിക്കസേരയിലെത്തിയ മോഡി 2002ലെ തെരഞ്ഞെടുപ്പില്‍ ഉറപ്പുനല്‍കി. എന്നാല്‍, മുഖ്യമന്ത്രി പദത്തിലേറി ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും കുടിവെള്ളം കൊടുക്കാന്‍ കഴിയാത്തതിന്‍െറ പേരിലേല്‍ക്കുന്ന ജനരോഷം ഗാന്ധിയുടെ പിന്തുടര്‍ച്ചാവകാശമേറ്റെടുത്ത കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരിലേക്ക് വഴിതിരിച്ചുവിടുകയാണിപ്പോള്‍ മോഡി. നര്‍മദാ നദിയിലെ വെള്ളം പോര്‍ബന്തര്‍ അടങ്ങുന്ന സൗരാഷ്ട്രയിലേക്ക് എത്തിക്കാന്‍ വൈകുന്നത് കേന്ദ്രത്തിന്‍െറയും കോണ്‍ഗ്രസിന്‍െറയും നിസ്സഹകരണം കൊണ്ടാണെന്നാണ് മേഖലയില്‍ മോഡിയും ബി.ജെ.പിയും നടത്തുന്ന പ്രചാരണം. മണ്ഡലത്തിലെ സ്ഥാനാര്‍ഥി പി.സി.സി പ്രസിഡന്‍റായതിനാല്‍ ഇതിനുത്തരവാദി അദ്ദേഹമാണെന്ന് പോര്‍ബന്തറില്‍ പ്രത്യേകം പ്രചരിപ്പിക്കുകയും ചെയ്യുന്നു.

മനുഷ്യാവകാശങ്ങള്‍ക്ക് കത്തിവെച്ച് യു.എ.പി.എ നിയമഭേദഗതി

ന്യൂദല്‍ഹി: പൗരന്മാരുടെ മനുഷ്യാവകാശത്തിന് കത്തിവെച്ച് കേന്ദ്രം പാസാക്കിയ നിയമദേദഗതി വിമര്‍ശിക്കപ്പെടുന്നു. ചില്ലറവ്യാപാരത്തിന്‍െറ വിദേശനിക്ഷേപത്തെ ചൊല്ലിയുള്ള ബഹളത്തിനിടെ നവംബര്‍ 30നാണ് നിയമവിരുദ്ധ പ്രവര്‍ത്തന നിരോധ നിയമം (യു.എ.പി.എ) ഭേദഗതി ബില്‍  സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ചകൂടാതെ പാസാക്കിയത്. കരിനിയമമെന്ന് പഴികേട്ട യു.എ.പി.എയില്‍ കൂടുതല്‍ കടുത്ത വ്യവസ്ഥകളാണ് ഭേദഗതിയിലൂടെ സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തത്.
   സംശയകരമെന്ന് പൊലീസ് കരുതുന്ന സാമ്പത്തിക ഇടപാടുകള്‍ തീവ്രവാദത്തിന്‍െറ പരിധിയില്‍ പെടുത്തുന്നതാണ് ഭേദഗതികളിലൊന്ന്. ഇതനുസരിച്ച് വിദേശത്തുനിന്ന് അയച്ചതിന്‍െറയോ  സ്വീകരിച്ചതിന്‍െറയോ പേരില്‍ വ്യക്തികള്‍, സന്നദ്ധ സംഘങ്ങള്‍, ചാരിറ്റി സ്ഥാപനങ്ങള്‍ എന്നിവയെ യു.എ.പി.എ പ്രകാരമുള്ള കേസില്‍പെടുത്താന്‍ പൊലീസിന് കഴിയും. തങ്ങള്‍ അയച്ച പണം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടില്ലെന്ന് തെളിയിക്കേണ്ടത് ആരോപിക്കപ്പെടുന്നയാളുടെ ബാധ്യതയാണ്. പ്രവാസി പണം ധാരാളമായി ഒഴുകുന്ന കേരളത്തിനാണ് ഇത് കാര്യമായ ഭീഷണി ഉയര്‍ത്തുക.
  സംഘടനകള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിരോധത്തിന്‍െറ കാലാവധി രണ്ടില്‍ നിന്ന് അഞ്ചു വര്‍ഷമാക്കിയതാണ് മറ്റൊരു ഭേദഗതി. നേരത്തേ മൂന്നു വര്‍ഷമായിരുന്ന കാലാവധി പാര്‍ലമെന്‍ററി സമിതി നിര്‍ദേശിച്ചതനുസരിച്ചാണ് രണ്ടു വര്‍ഷമാക്കിയത്. അത് അഞ്ചുവര്‍ഷമാക്കി ഉയര്‍ത്തിയപ്പോള്‍ പാര്‍ലമെന്‍ററി സമിതിയില്‍ ചര്‍ച്ച പോലും നടന്നില്ല. ഇതോടൊപ്പം, ഒരു സംഘം ആളുകള്‍ പതിവായി ഒത്തുകൂടുന്നത് സംഘടനാ പ്രവര്‍ത്തനമായി കണക്കാക്കാനും അതില്‍ സംശയകരമായി  എന്തെങ്കിലുമുണ്ടെങ്കില്‍ തീവ്രവാദ കേസിലുള്‍പ്പെടുത്താനും പൊലീസിന് അനുമതി നല്‍കി. നിരോധിത സംഘടനയുടെ അംഗമെന്ന പേരില്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കൂടുതല്‍ സ്വാതന്ത്ര്യമാണ് ഇതോടെ കൈവന്നത്. ഭേദഗതി ബില്‍ അനുസരിച്ച് കള്ളനോട്ട് കേസുകളും തീവ്രവാദത്തിന്‍െറ പരിധിയിലാണ്വരുക.   തീവ്രവാദത്തെ നേരിടാനെന്ന പേരില്‍ വരുത്തിയ ഭേദഗതി ഭീകരവേട്ടയുടെ ഇരകളായ ന്യൂനപക്ഷങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. വിവാദമായ ടാഡ, പോട്ട എന്നിവ പ്രകാരം അറസ്റ്റു ചെയ്യപ്പെട്ടവര്‍ മഹാഭൂരിപക്ഷവും ന്യൂനപക്ഷ യുവാക്കളായിരുന്നു. ഒരാളെ ദീര്‍ഘകാലം വിചാരണകൂടാതെ തടവില്‍വെക്കാന്‍ സാഹചര്യമൊരുക്കുന്ന യു.എ.പി.എ കേസുകളിലുള്‍പ്പെട്ട് ഇപ്പോള്‍ ജയിലിലുള്ളവര്‍ ഏറെയും ന്യൂനപക്ഷക്കാരാണ്. 2008ല്‍ മുംബൈ ആക്രമണത്തിന്‍െറ പശ്ചാത്തലം ഉപയോഗപ്പെടുത്തിയാണ് 67ലെ യു.എ.പി.എ നിയമത്തില്‍ ടാഡ, പോട്ട നിയമങ്ങളിലെ കരിനിയമങ്ങള്‍ ഉള്‍പ്പെടുത്തി ഭേദഗതി ചെയ്തത്. 
  ഇടതുപക്ഷത്തിന്‍െറയും ചില മുസ്ലിം എം.പിമാരുടെയും എതിര്‍പ്പ് മറികടന്ന്  പാര്‍ലമെന്‍ററി കമ്മിറ്റിയുടെ ചര്‍ച്ചക്കുവെക്കാതെയാണ്  ഭേദഗതി ബില്‍ പാസാക്കിയത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാണിച്ച തിടുക്കം ദുരൂഹമാണെന്നും ഭേദഗതി ബില്‍ ഭരണഘടനക്ക് വിരുദ്ധമാണെന്നും പി.യു.സി.എല്‍ കുറ്റപ്പെടുത്തി. ന്യൂനപക്ഷത്തിനെതിരെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം നിലനില്‍ക്കെ  യു.എ.പി.എ നിയമം കൂടുതല്‍ കര്‍ക്കശമാക്കിയതില്‍ കടുത്ത ആശങ്കയുണ്ടെന്ന് ഓള്‍ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറ പ്രസിഡന്‍റ് ഡോ. സഫറുല്‍ ഇസ്ലാം പറഞ്ഞു.

ഇസ്രായേലിന്‍െറ തടവറ

ഇസ്രായേലിന്‍െറ തടവറ
(ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)
ഗസ്സ വഴി കൈറോവില്‍നിന്ന് തെല്‍ അവീവിലേക്കും ജറൂസലമിലേക്കുമൊക്കെ ഞാന്‍ ബസില്‍ പോയിട്ടുണ്ട്. വളരെ മുമ്പാണ്. ഇപ്പോഴത്തെ സ്ഥിതിയെന്താണ്? തടവറയുടെ പദവിയാണിന്ന് ഫലസ്തീന്. ഗസ്സയിലും വെസ്റ്റ്ബാങ്കിലുമുള്ളവര്‍ക്കു മുന്നില്‍, നിത്യജീവിതം തടവറ പോലെ വരണ്ടതാണ്. വിഹ്വലവും അനിശ്ചിതവുമായ ജീവിതം. സ്വാതന്ത്ര്യത്തിന്‍െറ സാധ്യതകള്‍ മുന്നില്‍കാണാത്ത ജീവിതം. എങ്ങോട്ടും നീങ്ങാന്‍ കഴിയില്ല. ക്രൂരതയുടെ സൈനിക ചെക്പോസ്റ്റുകള്‍. ഭീമന്‍ ഭിത്തികള്‍. വെസ്റ്റ് ബാങ്കിലെവിടെയും ഇസ്രായേല്‍ സൈന്യം. സ്വന്തം ഭൂമിയില്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയാത്തവര്‍. എല്ലാക്കാലത്തും അവരുടെ ജീവിതം അങ്ങനെയൊക്കെയാകണമെന്ന് ഇസ്രായേലി അധിനിവേശം നിര്‍ബന്ധിക്കുന്നു. ഇന്നത്തെയും ഭാവിയിലെയും ജീവിതം എന്താണെന്ന് നിങ്ങള്‍ സ്വയം തീരുമാനിക്കേണ്ട എന്നാണ് ഫലസ്തീനികളോട് കല്‍പിച്ചിരിക്കുന്നത്. രാഷ്ട്രീയ നിലനില്‍പില്ലാത്ത, സ്വയംനിര്‍ണയാവകാശമില്ലാത്ത സമൂഹം. മനുഷ്യാവകാശങ്ങളെക്കുറിച്ച നമ്മുടെ ബോധ്യങ്ങള്‍ക്കു മേലുള്ള വലിയ ചോദ്യചിഹ്നമാണ് ഫലസ്തീന്‍. അന്താരാഷ്ട്ര സമൂഹം ഇതിനെ തങ്ങളുടെ പരാജയമായി കാണുന്നുണ്ടോ? ചോദ്യം അതാണ്.
നമ്മളെല്ലാം പലവിധത്തില്‍ താരതമ്യേന സുരക്ഷിതരാണ്. അവകാശത്തിന്‍െറ നിരവധി കവചങ്ങള്‍ നമുക്ക് സംരക്ഷണം നല്‍കുന്നു.  ഓരോ പദവിക്കും പ്രാമാണ്യത്തിനുമൊത്ത് അവകാശങ്ങള്‍ കൂടുന്നു. നമ്മുടെ അവകാശങ്ങള്‍ രാജ്യം അംഗീകരിക്കുമ്പോഴാണ്, ലോകം അതിനായി കൂടെ നില്‍ക്കുമ്പോഴാണ് നമ്മുടെ ജീവിതം സംരക്ഷിക്കപ്പെടുന്നത്. പക്ഷേ, വ്യക്തിസ്വാതന്ത്ര്യങ്ങളില്ലാതെ ഫലസ്തീനിലെ പുരുഷനും സ്ത്രീയും കുഞ്ഞും വരണ്ടുകീറിയ ജീവിതം നയിക്കുന്നു. ഇസ്രായേലിന്‍െറ അധിനിവേശത്തില്‍ അമര്‍ന്നുപോയ ഫലസ്തീനില്‍ അവകാശങ്ങളെല്ലാം പറിച്ചെറിയപ്പെട്ടിരിക്കുന്നു. കൂടുതല്‍ തടവുശിക്ഷയൊരുക്കാനാണ് എന്നും ഇസ്രായേലിന്‍െറ ശ്രമം. അതിനിടയിലും പക്ഷേ, പരമാധികാര സ്വതന്ത്ര രാഷ്ട്രമെന്ന മോഹം ആ ജനത കൊണ്ടുനടക്കുകയാണ്. ഇച്ഛാശക്തിയോടെ അതിനുവേണ്ടി പൊരുതുകയാണ്.
ചിന്തയുടെയും സങ്കല്‍പങ്ങളുടെയും ലോകത്ത് ഫലസ്തീനികള്‍ സമ്പന്നരാണ്. ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസം നേടിയ സമൂഹങ്ങളിലൊന്നുമാണ്. പക്ഷേ, സാഹചര്യങ്ങളുടെ നിര്‍ബന്ധിതാവസ്ഥയില്‍ ഈ ചിന്താലോകത്തിന് സ്വാതന്ത്ര്യം അപ്രാപ്യം. മഹ്മൂദ് ദര്‍വിഷ് ഫലസ്തീന്‍െറ ദേശീയ കവിയാണ്. അദ്ദേഹം ഒരിക്കല്‍ എഴുതി: ‘അവസാനത്തെ ആകാശത്തിനപ്പുറത്തേക്ക് എങ്ങനെയാണ് പക്ഷികള്‍ പറക്കുക?’ അതിരുകളില്ലാത്ത ആകാശത്തിനുമപ്പുറത്തേക്ക് പറക്കാന്‍ കഴിയുന്ന പരമമായ മനുഷ്യ സ്വാതന്ത്ര്യമാണ് കവി വിഭാവനം ചെയ്യുന്നത്. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, അതില്‍ അടങ്ങിയ വിരോധാഭാസം നമുക്ക് കാണാം. സ്വാതന്ത്ര്യത്തിന്‍െറ ഒടുക്കം ഒരു വലിയ തടവറയായി നില്‍ക്കുകയാണ്. എവിടെയും പോകാന്‍ കഴിയില്ലെന്ന് അവര്‍ക്കറിയാം. അപ്പോള്‍ പോലും വലിയൊരു പ്രതീക്ഷ കൊണ്ടുനടക്കുകയാണ് അവര്‍. വിവരണാതീതമായൊരു പ്രതിസന്ധി. അധിനിവേശ ശക്തികള്‍ അദൃശ്യരല്ല. ഈ അധിനിവേശം അവസാനിപ്പിച്ച് ഫലസ്തീന് എല്ലാ അര്‍ഥത്തിലും അസ്തിത്വം സ്ഥാപിച്ചു കൊടുക്കുകയാണ് ലോകത്തിന് മുമ്പിലുള്ള രാഷ്ട്രീയ ദൗത്യം. ന്യായയുക്തമായ ഒരു രാഷ്ട്രപദവിക്ക് അര്‍ഥം കൈവരുന്നത് അപ്പോഴാണ്.
നിരീക്ഷക രാഷ്ട്രപദവി സംബന്ധിച്ച യു.എന്‍ വോട്ടെടുപ്പില്‍ ബഹുഭൂരിപക്ഷം ലോകരാഷ്ട്രങ്ങളും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നുവെന്നത് പ്രധാനമാണ്. ലോകക്രമത്തില്‍ ന്യായയുക്തമായൊരു രാഷ്ട്രീയ അസ്തിത്വമാണ് ഫലസ്തീന്‍ എന്നതാണ് യു.എന്‍ നല്‍കിയ പുതിയ പദവി. അതിന്‍െറ സാഹചര്യങ്ങള്‍ നമുക്കറിയാം. സമ്മര്‍ദ സാഹചര്യങ്ങളുടെ ഫലമാണത്. ലോകത്തെ പല വിഷയങ്ങളെക്കുറിച്ചും അടിക്കടി സംസാരിക്കുന്ന രാജ്യാന്തര വേദികള്‍ ഫലസ്തീനെ സൗകര്യപൂര്‍വം മറന്നുകളയുന്നതാണ് ഇതുവരെയുള്ള ചരിത്രം. ലോക രാജ്യങ്ങളുടെ രാഷ്ട്രീയ അജണ്ടയായി ഫലസ്തീന്‍ പ്രശ്നം മാറിയില്ല. ഇതിനിടയില്‍ ജനങ്ങള്‍ ശ്രദ്ധിക്കുന്ന ഒരു സ്ഥിതിക്ക് വേണ്ടിയാണ് ഫലസ്തീന്‍ പ്രയത്നിച്ചത്. അതുകൊണ്ടുതന്നെയാകണം, അറുപതുകളിലും എഴുപതുകളിലും ഫലസ്തീന്‍ പോരാട്ടം മിക്കവാറും സായുധ വിപ്ളവമായിരുന്നു. പല സംഘടനകളും പരീക്ഷിക്കുന്നതുപോലത്തെ  സൈനികമായ ശ്രമങ്ങളിലൂടെ ലോകശ്രദ്ധ നേടാന്‍ അവര്‍ ശ്രമിച്ചു. എന്നിരുന്നാലും 1974ല്‍  ഫലസ്തീന്‍ പ്രശ്നം സജീവ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത് യാസര്‍ അറഫാത്തിന്‍െറ യു.എന്‍ പ്രസംഗമാണ്. തോക്കും ഒലീവിലയുമായിട്ടാണ് താന്‍ എത്തിയിരിക്കുന്നതെന്ന ആ വാക്കുകള്‍ പ്രസിദ്ധമാണ്.
അവിടം മുതല്‍ നയതന്ത്രത്തിന്‍െറ വഴി പി.എല്‍.ഒ സ്വീകരിച്ചു. ഫലസ്തീന്‍ ജനതയുടെ ന്യായയുക്തമായ ഏക പ്രതിനിധി എന്ന നിലയില്‍ പിന്നീട് പി.എല്‍.ഒയെ അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചു. എന്നാല്‍, ഈ ന്യായയുക്തത താഴത്തേലത്തില്‍ ഇന്ന് നിലനില്‍ക്കുന്നുണ്ടോ എന്നതൊരു പ്രധാന ചോദ്യം തന്നെ. ഗസ്സക്കും റാമല്ലക്കുമിടയില്‍, ഫത്തഹും ഹമാസും തമ്മില്‍, പ്രശ്നങ്ങളുണ്ട്. എങ്കിലും സ്വതന്ത്ര രാഷ്ട്ര പദവി നേടുന്നതില്‍ തങ്ങള്‍ ഒന്നാണെന്ന സന്ദേശം അന്താരാഷ്ട്ര സമൂഹത്തിന് നല്‍കാന്‍ അവര്‍ ശ്രദ്ധിക്കുന്നുണ്ട്. വോട്ടിനുപരി, പ്രതീകാത്മകമായ പദവികള്‍ക്കുമപ്പുറത്ത്, അടിസ്ഥാന തലത്തില്‍ ഫലസ്തീന്‍െറ ഭാവിയെ സംബന്ധിച്ചിടത്തോളം ഒരു ധാരണ അവര്‍ക്കിടയിലുണ്ട്. പരസ്പരമുള്ള പോരിന് അതീതമായി ഫലസ്തീന്‍ ജനതയോട് ലോകസമൂഹം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത്, അവര്‍ ഉയര്‍ത്തുന്ന വിഷയത്തില്‍ കാതലുള്ളതു കൊണ്ടാണ്. ആ പോരാട്ടത്തിന്‍െറ പാരമ്പര്യം കൊണ്ടാണ്; ധാര്‍മികമായ കരുത്തുകൊണ്ടാണ്. ഒതുക്കപ്പെടുമ്പോള്‍ അവര്‍ ലോകത്തോട് വിളിച്ചുപറയുന്നത്, ഞങ്ങളുടെ വികാരത്തിന്, കാഴ്ചപ്പാടിന്, ആവേശത്തിന് ഒരിക്കലും മരണമില്ലെന്നാണ്.  രാഷ്ട്രീയവും സാമ്പത്തികവും സാങ്കേതികവുമായ ഇസ്രായേലിന്‍െറ കരുത്തിനെതിരെയും അമേരിക്കന്‍-ഇസ്രായേല്‍ അച്ചുതണ്ടിനെതിരെയുമാണ് അവരുടെ പോരാട്ടം. ഖാലിദ് മിശ്അലിന്‍െറ ഗസ്സയിലേക്കുള്ള വരവോടെ ഫലസ്തീന്‍ ജനതയുടെ ഐക്യത്തിനു വേണ്ടിയുള്ള പരീക്ഷണങ്ങള്‍ കൂടുതല്‍ മുന്നോട്ടുപോകുമെന്നുവേണം കരുതാന്‍. യു.എന്നിലെ വോട്ടിലുപരി, ഭാവിയിലെ രാഷ്ട്രീയ ചുവടുവെപ്പുകളാണ് നിര്‍ണായകം

മനുഷ്യാവകാശ മണ്ണാങ്കട്ടകള്‍

മനുഷ്യാവകാശ  മണ്ണാങ്കട്ടകള്‍
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ 191 വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ നടന്നതായി ദേശീയ മനുഷ്യാവകാശ കമീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. വ്യാജ ഏറ്റുമുട്ടല്‍ കൊല നടന്നുവെന്ന 1671 പരാതികളാണ് 2007 മുതല്‍ ഇക്കഴിഞ്ഞ മാസം വരെ കമീഷന് കിട്ടിയത്. 191 കേസുകളിലായി 10.51 കോടി രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തിട്ടുണ്ട്. അഥവാ, ഇത്രയും പരാതികള്‍ സത്യമാണെന്നു കണ്ട് തീര്‍പ്പുകല്‍പിച്ചു. കൊലചെയ്യപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം വരെ രൂപ നഷ്ടപരിഹാരം നല്‍കി.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ആവശ്യപ്പെട്ട പ്രകാരമാണ് മനുഷ്യാവകാശ കമീഷന്‍ ഈ വിവരങ്ങള്‍ അടങ്ങുന്ന സത്യവാങ്മൂലം അടുത്തയിടെ സമര്‍പ്പിച്ചത്. പരാതികള്‍ പലതു കിട്ടിയിട്ടുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാറുകളുടെയും പൊലീസിന്‍െറയും മറ്റും നിസ്സഹകരണം കാരണം കൂടുതല്‍ മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടില്ലെന്നും കമീഷന്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. അന്വേഷണ നടപടി പൂര്‍ത്തിയാക്കാന്‍ അനാവശ്യ കാലതാമസമെടുക്കുന്നു. മജിസ്ട്രേറ്റിന്‍െറ അന്വേഷണ റിപ്പോര്‍ട്ട്, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, വിദഗ്ധരുടെ റിപ്പോര്‍ട്ട് എന്നിവയൊക്കെ കിട്ടാന്‍ വലിയ പ്രയാസമാണ്. അതുകൊണ്ട് പരാതികളെക്കുറിച്ച് ഒരു നിഗമനത്തില്‍ എത്തിച്ചേരാന്‍ മിക്കപ്പോഴും കമീഷന് സാധിക്കുന്നില്ല. അതുകൊണ്ട് മനുഷ്യാവകാശ കമീഷന്‍െറ നിര്‍ദേശം പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങളോട് സുപ്രീംകോടതി നിര്‍ദേശിക്കണം.
പ്രശ്നഭൂമിയായി പുകയുന്ന മണിപ്പൂരില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകള്‍ക്കിടയില്‍ 1500ല്‍പരം വ്യാജ ഏറ്റുമുട്ടല്‍ കൊല നടന്നുവെന്നാണ് സുപ്രീംകോടതിക്ക് മുന്നിലെത്തിയ പരാതി. സേനയുടെ പ്രത്യേകാധികാര നിയമം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മണിപ്പൂര്‍. ക്രൂരതകള്‍ക്ക് പ്രത്യേകാധികാര നിയമം സേന മറയാക്കുന്ന അവിടെയാണ് ഈറോം ശര്‍മിള പതിറ്റാണ്ടിലേറെയായി നിരാഹാരം തുടരുന്നത്. സേനയുടെ അതിക്രമങ്ങള്‍ സഹിക്കാതെ സ്ത്രീകള്‍ കൂട്ടത്തോടെ തുണിയുരിഞ്ഞ് തെരുവില്‍ പ്രതിഷേധിച്ചതും മണിപ്പൂരിലാണ്. സേനയുടെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് സുപ്രീംകോടതി ആവശ്യപ്പെട്ട പ്രകാരം കമീഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
വ്യാജ ഏറ്റുമുട്ടലുകളില്‍ കൊല ചെയ്യപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതിന്‍െറ കണക്കു കേട്ടപ്പോള്‍ സുപ്രീംകോടതിയില്‍ ജസ്റ്റിസുമാരായ ആഫ്താബ് ആലവും രഞ്ജന ദേശായിയും അടങ്ങുന്ന ബെഞ്ച് ചോദിച്ചു: അഞ്ചു ലക്ഷം രൂപ, കൊല്ലാനുള്ള ലൈസന്‍സാണോ? അഞ്ചു ലക്ഷം കൊടുത്തെന്നു കരുതി കുറ്റക്കാരായ പൊലീസുകാര്‍ക്കും പട്ടാളക്കാര്‍ക്കുമെതിരെ നടപടി വേണ്ടെന്നാണോ? സേനയുടെ കുറ്റം തെളിഞ്ഞ കേസുകളില്‍ അഞ്ചു ലക്ഷം രൂപ കൊടുത്താല്‍  മതിയോ? രാജ്യത്തിനുള്ളില്‍ത്തന്നെ യുദ്ധം നടക്കുന്നുണ്ടോ? പല്ലിനു പല്ല് എന്നതാണോ നയം?
കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ 500ല്‍പരം സേനാംഗങ്ങള്‍ പ്രതികളാണ്. കസ്റ്റഡി മരണം, തട്ടിക്കൊണ്ടുപോകല്‍, മൃഗീയ പീഡനം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങളാണ് ഈ സേനാംഗങ്ങള്‍ നേരിടുന്നത്. പട്ടാളക്കാര്‍ക്കു പുറമെ പൊലീസ്, അര്‍ധസേന എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രതികളാണ്. പക്ഷേ, ഇവരെ ഇനിയും ശിക്ഷിച്ചിട്ടില്ല. 1989 മുതല്‍ നീറിപ്പുകയുന്ന കശ്മീരില്‍ സേന നടത്തിയ ഏറ്റുമുട്ടലുകളിലും മറ്റുമായി ആയിരങ്ങളാണ് കൊല്ലപ്പെട്ടത്; കാണാതായത്. കാണാതായ യുവാക്കളുടെ രക്ഷിതാക്കള്‍ രൂപവത്കരിച്ച സംഘടനയും ‘ഇന്ത്യന്‍ നിയന്ത്രിത കശ്മീരിലെ മനുഷ്യാവകാശത്തിനും നീതിക്കും വേണ്ടിയുള്ള അന്താരാഷ്ട്ര ജനകീയ ട്രൈബ്യൂണ’ലും ചേര്‍ന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ 354 പേജ് വരുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിവരിക്കുന്നത്.
കരസേനയിലെ മൂന്നു ബ്രിഗേഡിയര്‍മാര്‍, ഒമ്പതു കേണല്‍മാര്‍, മൂന്ന് ലഫ്. കേണല്‍മാര്‍, 78 മേജര്‍മാര്‍, 25 ക്യാപ്റ്റന്മാര്‍, അര്‍ധസേനയിലെ 37 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ കശ്മീരിലെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ സൂത്രധാരന്മാരാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. പൊലീസ്, കോടതി, സര്‍ക്കാര്‍ രേഖകള്‍ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇവര്‍ക്കെതിരെ നീതിയുക്തമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ താല്‍പര്യം കാണിച്ചിട്ടില്ല. നഷ്ടപരിഹാരം ചില കേസുകളില്‍ ഉണ്ടായിട്ടുണ്ടെങ്കിലും കുറ്റക്കാരെ നീതിക്കുമുമ്പില്‍ കൊണ്ടുവരാന്‍ ഒരു നടപടിയുമില്ല. രണ്ടു വര്‍ഷമെടുത്ത് തയാറാക്കിയ റിപ്പോര്‍ട്ട് ജമ്മുകശ്മീര്‍ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും അയച്ചുകൊടുത്ത് നീതിക്കും മനുഷ്യാവകാശത്തിനും വേണ്ടി അവസാനം കാണാത്ത മറ്റൊരു ശ്രമം കൂടി നടത്തുകയാണ് അവര്‍.
കഴിഞ്ഞ ദിവസം ലോക്സഭയില്‍ ആഭ്യന്തര സഹമന്ത്രി ആര്‍.പി.എന്‍ സിങ് ഒരംഗത്തിന്‍െറ ചോദ്യത്തിന് എഴുതി നല്‍കിയ മറുപടി ഇനി വായിക്കുക: നക്സലുകള്‍ ആദിവാസികളെ ചൂഷണം ചെയ്യുന്ന നിരവധി സംഭവങ്ങള്‍ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. മാവോയിസ്റ്റ് ക്യാമ്പുകളില്‍ നടക്കുന്ന ലൈംഗിക ചൂഷണം അതിലൊന്നാണ്. വിവാഹം ചെയ്യുന്നതിനുമുമ്പ് വന്ധ്യംകരണം നടത്തണമെന്ന് മുതിര്‍ന്ന മാവോവാദി നേതാക്കള്‍ അണികളായ യുവാക്കളോട് ആവശ്യപ്പെടുന്നു. തീവ്രവാദ പ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ടവര്‍ക്ക് കുട്ടികള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണിത്. പൊലീസിന് വിവരം നല്‍കുന്നവരെന്ന് മുദ്രകുത്തി സാധാരണക്കാരെ നക്സലുകള്‍ കൊല്ലുന്നു. 2001 മുതല്‍ ഇതുവരെ മാവോവാദികള്‍ വധിച്ച 5745 പേരില്‍ ഭൂരിഭാഗവും ആദിവാസികളാണ്. രഹസ്യം വെളിപ്പെടുത്തുന്നതിന്‍െറ പേരിലാണിത്. രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചവരാണ് അവര്‍. ഇടതുതീവ്രവാദത്തെ നേരിടാന്‍ സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.
തൊട്ടുപിന്നാലെ വന്ന പത്രറിപ്പോര്‍ട്ടു കൂടി വായിക്കാം: നക്സല്‍ ബാധിതമായ നാലു സംസ്ഥാനങ്ങളില്‍ പുതിയ പട്ടാള കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ മുന്നൊരുക്കം തുടങ്ങി. മാവോവാദി സ്വാധീന മേഖലയില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുന്നതിന് വേണ്ടിയാണിത്്. പറ്റിയ സ്ഥലം കണ്ടെത്തി വിവരമറിയിക്കാന്‍ മഹാരാഷ്ട്ര, ഒഡിഷ, ഝാര്‍ഖണ്ഡ്, ഛത്തിസ്ഗഢ് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ആഭ്യന്തര മന്ത്രാലയം എഴുതി. ഇനി സുപ്രീംകോടതിയുടെ ചോദ്യം ഒരിക്കല്‍കൂടി മനസ്സിരുത്തി ആലോചിക്കുക: രാജ്യത്തിനുള്ളില്‍ത്തന്നെ യുദ്ധം നടക്കുന്നുണ്ടോ? സ്വന്തം ജനതയോട് യുദ്ധം ചെയ്യുന്ന ഭരണകൂടമാണോ നമ്മുടേത്?
നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ(യു.എ.പി.എ)ത്തില്‍ ഭീകരതയുടെ നിര്‍വചനം വിപുലപ്പെടുത്തുന്നതടക്കം നിരവധി വിവാദ ഭേദഗതികള്‍ ഉള്‍ക്കൊള്ളുന്ന ബില്‍ ലോക്സഭയിലെ ബഹളങ്ങള്‍ക്കിടയില്‍ ചര്‍ച്ച കൂടാതെ സര്‍ക്കാര്‍ പാസാക്കി. അങ്ങനെ ചെയ്യരുത്, വിശദമായ ചര്‍ച്ചവേണമെന്ന് നിരവധി അംഗങ്ങള്‍ ഉയര്‍ത്തിയ എതിര്‍പ്പ് സര്‍ക്കാര്‍ അവഗണിച്ചു. ജനാധിപത്യ രീതിയില്‍ ചര്‍ച്ച നടത്തിയാല്‍ ഈ ബില്‍ പാസാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാറിന് ബോധ്യമുണ്ട്. ബി.ജെ.പി സര്‍ക്കാര്‍ ഏറെ ദുരുപയോഗിച്ച പോട്ട പിന്‍വലിച്ച യു.പി.എ സര്‍ക്കാര്‍, അതിനേക്കാള്‍ കാടന്‍ സ്വഭാവമാണ് ഭേദഗതികളിലൂടെ യു.എ.പി.എ നിയമത്തിന് നല്‍കിയിരിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.  നിരപരാധികളെ കുടുക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ദുരുപയോഗിക്കാന്‍ പാകത്തിലുള്ള നിരവധി വ്യവസ്ഥകളാണ് യു.എ.പി.എ നിയമത്തിലുള്ളത്. കള്ളനോട്ട് അടക്കം സാമ്പത്തിക കുറ്റങ്ങള്‍ ഭീകരതയുടെ നിര്‍വചനത്തില്‍ കൊണ്ടുവന്നു. ഭീകര സംഘടനകളുടെ നിരോധന കാലാവധി രണ്ടില്‍നിന്ന് അഞ്ചു വര്‍ഷമാക്കി. ഭീകരവിരുദ്ധ നിയമങ്ങള്‍ ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനിടയില്‍ തന്നെയാണ് യു.എ.പി.എ നിയമഭേദഗതി പാസാക്കിയത്. നിലവിലെ നിയമങ്ങള്‍തന്നെ ദുരുപയോഗിച്ച്, മുസ്ലിം യുവാക്കളെ ഭീകരതയുടെ പേരില്‍ വേട്ടയാടുന്നതിന്‍െറ കൂടുതല്‍ കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടയില്‍തന്നെയാണ് കാടന്‍ നിയമത്തിന് പിന്നെയും ദംഷ്ട്രകള്‍ സര്‍ക്കാര്‍ മുളപ്പിച്ചത്. മുസ്ലിം യുവാക്കള്‍ ഇരകളാക്കപ്പെടുന്നതിനെതിരായ സാമൂഹിക വികാരവും കണ്ടില്ലെന്നു നടിക്കുന്നു. വിവിധ പാര്‍ട്ടികള്‍ ഈ വിഷയം സര്‍ക്കാറിനും രാഷ്ട്രപതിക്കും മുമ്പിലെത്തിച്ചു. പാര്‍ലമെന്‍റില്‍ പറഞ്ഞു. പക്ഷേ, എന്‍.ഡി.എ സര്‍ക്കാറില്‍നിന്ന് ഇക്കാര്യത്തില്‍ തങ്ങളും ഭിന്നമല്ലെന്നാണ് യു.പി.എ സര്‍ക്കാര്‍ കാണിച്ചു തരുന്നത്.
ഭീകരവേട്ടയുടെ കേസുകള്‍ കോടതിക്കു മുന്നിലെത്തുമ്പോള്‍ പൊളിഞ്ഞു പോകുന്നത് പൊലീസിനും സര്‍ക്കാറിനും ബാധകമല്ല. ഇരകളെ സൃഷ്ടിച്ച് പതക്കങ്ങള്‍ നേടുകയാണ് അവര്‍ക്ക് വേണ്ടത്. നീതിബോധമല്ല, വര്‍ഗീയവികാരമാണ് കാക്കിക്കും കാവിക്കും ഖദറിനുമുള്ളില്‍ ഇന്ന് കുടിയിരിക്കുന്നത്. 1992നും 2008നും ഇടയില്‍ ദല്‍ഹി പൊലീസ് പ്രത്യേക സെല്‍ അന്വേഷിച്ച 16 ഭീകര കേസുകള്‍ കോടതിയില്‍ പൊളിഞ്ഞു പോയ കഥ ജാമിഅ ടീച്ചേഴ്സ് സോളിഡാരിറ്റി അസോസിയേഷന്‍ പുറത്തുകൊണ്ടുവന്നത് സെപ്റ്റംബറിലാണ്. എത്രയോ വര്‍ഷങ്ങള്‍ വിചാരണത്തടവുകാരായി ഇരുമ്പഴിക്കുള്ളില്‍ കിടന്ന അതിലെ കുറ്റാരോപിതരോട് ഭരണകൂടം ക്ഷമ ചോദിച്ചില്ല. നഷ്ടപ്പെടുത്തിയ യൗവനത്തിന് പകരം വെക്കാനെന്തെങ്കിലുമോ, വെറുമൊരു ആശ്വാസവാക്കെങ്കിലുമോ നല്‍കിയില്ല. 16ല്‍ 14ലും കശ്മീരികളായിരുന്നു ‘ഭീകരര്‍’. രാജ്യത്തെ ജയിലുകളില്‍ അനിശ്ചിതമായി കഴിയുന്ന ആയിരക്കണക്കായ വിചാരണത്തടവുകാരുടെ കാര്യം കൂടി ഇത് പറഞ്ഞുതരുന്നുണ്ട്. ഇരുമ്പഴിയില്‍നിന്ന് പുറത്തുവരുന്നില്ലെന്ന് എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് പ്രതികാര മനസ്സോടെ ഉറപ്പാക്കിയിരിക്കുന്ന പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനി അവരിലൊരാള്‍. മഅ്ദനിക്കേസില്‍ കുടുങ്ങിയ ഷാഹിന എന്ന പത്രപ്രവര്‍ത്തകക്ക് മാധ്യമ സ്വാതന്ത്ര്യത്തിന്‍െറ നാട്ടിലെ തൊഴില്‍ ഇപ്പോള്‍ നിരപരാധിത്വം തെളിയിക്കാനുള്ള പോരാട്ടമാണ്.
സുരക്ഷാ ഭീഷണിയുടെ പേരില്‍, വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഫോണ്‍ ചോര്‍ത്തലും ഇ-മെയില്‍ പരിശോധനയും രഹസ്യാന്വേഷണ ഏജന്‍സികള്‍ കൂടുതലായി നടത്തിവരുന്നതിന്‍െറ വിവരങ്ങളും പുറത്തുവരുന്നു. വ്യക്തി സ്വകാര്യതയിലും അവകാശങ്ങളിലും കടന്നുകയറാന്‍ ജനാധിപത്യത്തിന്‍െറ നാട്ടില്‍ രഹസ്യ പൊലീസിന് പണ്ട് പരിമിതികള്‍ വെച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഇ-മെയില്‍ നിരീക്ഷണത്തില്‍ തൊട്ടു മുന്‍മാസത്തേക്കാള്‍ 36 ശതമാനത്തിന്‍െറ വര്‍ധനയാണ് ഔദ്യാഗിക കണക്കുകള്‍ അനുസരിച്ചുതന്നെ ഉണ്ടായത്. ആഗസ്റ്റില്‍ 1174 ഇ-മെയിലുകള്‍ ചോര്‍ത്തി. സെപ്റ്റംബര്‍ ആയപ്പോള്‍ ഇത് 1601 ആയി. വിവിധ സുരക്ഷാ ഏജന്‍സികള്‍ ഒരു മാസത്തിനിടയില്‍ 10,469 ഫോണുകളാണ് ചോര്‍ത്തിയത്.  മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് പ്രത്യേകാനുമതിയുടെ ആവശ്യമില്ല. മൊബൈല്‍ ഉടമയുടെ വിളിച്ച വിവരങ്ങള്‍, സഞ്ചരിച്ച വഴികള്‍ എന്നിവയൊക്കെ സുരക്ഷാ ഏജന്‍സികള്‍ക്ക് നല്‍കാന്‍ മൊബൈല്‍ കമ്പനികള്‍ ബാധ്യസ്ഥമാണ്.
ശിവസേനാ തലവന്‍ ബാല്‍താക്കറെയുടെ സംസ്കാര ദിനത്തില്‍ മുംബൈയില്‍ നടന്ന ബന്ദിനെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ചതിന് യുവതികളെ അറസ്റ്റു ചെയ്ത സംഭവം കൂടി ചേര്‍ത്തുവായിക്കുക.
ഒരു പ്രത്യേക അറിയിപ്പ്:
നാളെ സാര്‍വദേശീയ മനുഷ്യാവകാശ ദിനമാണ്. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്

പല്ലും നഖവും ഇല്ലാത്ത നിയമം

1948 ഡിസംബര്‍ 10ന്  217 എ (III) പ്രമേയമായി ഐക്യരാഷ്ട്ര സഭ ആഗോള മനുഷ്യാവകാശ പ്രഖ്യാപനം ഔദ്യാഗികമായി അംഗീകരിച്ചു. അന്നുമുതല്‍ എല്ലാ വര്‍ഷവും ഡിസംബര്‍ 10 മനുഷ്യാവകാശദിനമായി ലോകമെമ്പാടും ആചരിക്കുന്നു. മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള അറിവ് ക്രിസ്തുവിന് മുമ്പ്-സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ്-ഇന്ത്യക്കാര്‍ക്കുണ്ടായിരുന്നുവെന്ന്  വേദങ്ങളും പുരാണങ്ങളും ഉപനിഷത്തുകളും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, പാശ്ചാത്യര്‍ അവയൊന്നും ശ്രദ്ധിച്ചില്ല. 1215ലെ മാഗ്നാകാര്‍ട്ട, 1789ലെ മനുഷ്യാവകാശങ്ങളെക്കുറിച്ച ഫ്രഞ്ച് പ്രഖ്യാപനം,1989ലെ  അമേരിക്കന്‍ അവകാശ ബില്‍ എന്നീ രേഖകളാണ് ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍െറ അടിസ്ഥാനം എന്നവര്‍ അവകാശപ്പെടുന്നു.
   പാശ്ചാത്യരാജ്യങ്ങളിലെ സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ-മത-വര്‍ഗ-ലിംഗ ചിന്തകളുടെ അടിസ്ഥാനത്തില്‍ 1948ല്‍ ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച ആഗോള മനുഷ്യാവകാശ പ്രഖ്യാപനം ഏഷ്യ, ആഫ്രിക്ക, അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ അതേപടി നടപ്പാക്കുക അപ്രായോഗികമാണെന്ന ചിന്താഗതി അക്കാലത്ത് നിലവിലുണ്ടായിരുന്നു. സമ്പന്നരായ പാശ്ചാത്യരുടെ സ്വാധീനത്തില്‍ ഐക്യരാഷ്ട്ര സഭ 1948ല്‍ അവര്‍ തയാറാക്കിയ പ്രഖ്യാപനം അംഗീകരിച്ചുവെങ്കിലും പിന്നീട് പല പ്രദേശങ്ങളിലും അവരുടേതായ മനുഷ്യാവകാശ പ്രഖ്യാപനങ്ങള്‍ ഉണ്ടായിയെന്നത് ഒരു ചരിത്ര സത്യം. അങ്ങനെയാണ് ആഫ്രിക്കന്‍ പ്രഖ്യാപനം, അറബ് പ്രഖ്യാപനം, യൂറോപ്യന്‍ പ്രഖ്യാപനം എന്നിവ നിലവില്‍ വന്നത്.
ലോകം മുഴുവനും മനുഷ്യാവകാശങ്ങള്‍ പലതരത്തിലും രൂപത്തിലും ലംഘിക്കപ്പെടുന്നു. ആര്‍ത്തിയോടെ ആഗോള മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയവര്‍ തന്നെ പ്രതിസ്ഥാനത്ത് വരുന്നു. 1993ല്‍ ഇന്ത്യയില്‍ മനുഷ്യാവകാശ സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നു. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മനുഷ്യാവകാശ കമീഷനുകള്‍ നിലവില്‍ വന്നു. പല്ലും നഖവും ഇല്ലാത്ത നിയമം എന്ന ആക്ഷേപം 1993 മുതല്‍ നാം കേള്‍ക്കുന്നുണ്ട്. നിയമത്തില്‍ പറയുന്നതുപോലുള്ള മനുഷ്യാവകാശ കോടതികളൊന്നും കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളിലും സ്ഥാപിക്കപ്പെട്ടിട്ടില്ല. അവികസിതവും വികസ്വരവുമായ രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ കണക്കിലെടുക്കാതെയുണ്ടാക്കിയ 1948ലെ ആഗോള മനുഷ്യാവകാശ പ്രഖ്യാപനം അടിമുടി പൊളിച്ചെഴുതി ഒരു പുത്തന്‍ (രണ്ടാം) ആഗോള മനുഷ്യാവകാശ പ്രഖ്യാപനം ഐക്യരാഷ്ട്ര സഭ കൊണ്ടുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് കരുതുന്നവര്‍ അനേകമാണ്. 65 വയസ്സുള്ള ഒരു ‘വൃദ്ധ’ പ്രഖ്യാപനം-ഒരു ചരിത്രരേഖ-എന്നതിലുപരി 1948ലെ പ്രഖ്യാപനത്തിന് പവിത്രത കാണുന്നില്ല. നാളിതുവരെ ഒരു മാറ്റത്തിനും  ആ രേഖ വിധേയമാക്കിയിട്ടില്ല. 1950ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ഭരണഘടനയില്‍ 1948ലെ ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ പറഞ്ഞിരിക്കുന്ന പല അവകാശങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, അവയില്‍ മാറ്റങ്ങള്‍ വന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ എത്രയോ ഭേദഗതികളാണ് ഇക്കാലയളവില്‍ വന്നത് എന്നോര്‍ക്കുക.
1948ലെ യു.എന്‍ പ്രഖ്യാപനം കാലഹരണപ്പെട്ടുവെന്നതിന് തര്‍ക്കമില്ല. ലിംഗ നീതി, വയോജന നീതി, ഇരകള്‍ക്കുള്ള നീതി, സ്വാഭാവിക നീതി, അറിയാനുള്ള അവകാശം, സേവനാവകാശം തുടങ്ങി പലമേഖലകളും അത് സ്പര്‍ശിച്ചിട്ടുപോലുമില്ല. അതിനും കാരണങ്ങള്‍ ഉണ്ടാവാം. 1948ന് ശേഷമാണ് ‘നീതി’യുടെ പല ശാഖകളെപ്പറ്റിയും കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ തുടങ്ങിയത്. തുല്യനീതി, ജനപങ്കാളിത്ത നീതി, വിതരണ നീതി തുടങ്ങിയ ആശയങ്ങള്‍ക്ക് അരനൂറ്റാണ്ടിനു താഴെയേ പ്രായമുള്ളൂ. ഒരു പക്ഷേ, ഗവേഷകര്‍ അക്കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിന് സഹസ്രാബ്ദങ്ങള്‍ മുമ്പ് നമ്മുടെ ഋഷിവര്യന്മാരും മുനികളും അവ ചിന്തിച്ചിരുന്നുവെന്നതില്‍ നമുക്ക് അഭിമാനിക്കാം. ചുമതലകളില്ലാത്ത അവകാശങ്ങള്‍ അംഗീകരിക്കുക പ്രയാസമാണ്. 1948ല്‍ ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ എന്തുകൊണ്ട് മനുഷ്യന്‍െറ ചുമതലകളും ഉത്തരവാദിത്തങ്ങളും ഉള്‍പ്പെടുത്തിയില്ല!
ഒരു രണ്ടാം ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന് സമയമായിരിക്കുന്നു. അതില്‍ ആഫ്രിക്ക, ഏഷ്യ, അറബ് തുടങ്ങിയ രാജ്യങ്ങളിലെ പ്രത്യേക സ്ഥിതിവിശേഷങ്ങള്‍കൂടി കണക്കിലെടുക്കണം. എന്താണെന്നറിയില്ല അതിനൊരു വിമുഖത  കാണുന്നുണ്ട്. അക്കാരണത്താല്‍, ഞാന്‍ വ്യക്തിഗത ചിന്തയിലൊരു പുത്തന്‍ (രണ്ടാം) ആഗോള മനുഷ്യാവകാശ പ്രഖ്യാപനം തയാറാക്കി പ്രസിദ്ധീകരിച്ചു. 1948ലെ പ്രഖ്യാപനത്തില്‍ ഉണ്ടായിരുന്ന 30 അനുച്ഛേദങ്ങളെ വിപുലീകരിച്ചും അവയില്‍ വേണ്ടത്ര മാറ്റങ്ങള്‍ വരുത്തിയും 56 അനുച്ഛേദങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. 1948ലെ പ്രഖ്യാപനത്തിലെ പ്രീആംബ്ള്‍ വരെ മാറ്റി തയാറാക്കിയ പ്രസ്തുത രണ്ടാം പ്രഖ്യാപനം ചര്‍ച്ച ചെയ്യപ്പെടണമെന്നും അങ്ങനെ കാലഹരണപ്പെട്ട 1948ലെ പ്രഖ്യാപനം തിരുത്തി, നവ പ്രഖ്യാപനം കൂടുതല്‍ അനുച്ഛേദങ്ങള്‍ ഉള്‍പ്പെടുത്തി ഐക്യരാഷ്ട്ര സഭ നടപ്പാക്കണമെന്നും ആഗ്രഹിക്കുന്നു.
(ക്രിമിനോളജിസ്റ്റും അഭിഭാഷകനുമാണ് ലേഖകന്‍)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ