2014, ഓഗസ്റ്റ് 23, ശനിയാഴ്‌ച

മദ്യ മുക്തം ....



മദ്യം  ഹറാമാക്കിയ, (കര്‍ശനമായും നിഷിദ്ധമാക്കിയ) ഇസ്ലാം.."മുസ്ലിം" എന്ന പേരും മുന്‍പില്‍ ചാര്‍ത്തി സമുദായ വക്താക്കളായി സ്വയം ചമഞ്ഞ രാഷ്ട്രീയ പാര്‍ട്ടി, കൂട്ടധികാരത്തിലിരുന്നു വര്‍ഷങ്ങള്‍ ഏറെ ഭരണം കയ്യാളിയിട്ടും മദ്യ നിരോധനത്തെക്കുറിച്ചു ഒരക്ഷരം ഉരിയാടാന്‍ തുനിയാതിരുന്നവര്‍ ഇപ്പോള്‍ മദ്യ  നിരോധനം നടപ്പാക്കി എന്ന് പറയുന്നവരുടെ മുന്‍ നിരയില്‍ നിന്നുകൊണ്ട്   കൈ ഉയര്‍ത്തി "ഞമ്മളും മദ്യത്തിനെതിരാ" എന്ന് പറയുമ്പോള്‍  നിഷ്പക്ഷ ജനത്തിന്നു തോന്നുന്ന വികാരം പരിഹാസ്യം തന്നെ.

പൂട്ടിയ ബാറുകള്‍ തുറപ്പിക്കില്ല എന്ന് പറഞ്ഞു മദ്യപാനം നിരുല്സാഹപ്പെടുത്താന്‍ ശക്തമായി നിലകൊണ്ട,കെ.പി.സി.സി അധ്യക്ഷന്‍  സുധീരന്‍ ഏല്‍ക്കേണ്ടിവന്ന കൂരംബുകളില്‍ കിടന്നു പിടയുമ്പോഴും, ആഞ്ഞുവെട്ടി അവസാന ശ്വാസവും ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍,ബാര്‍ നടത്തിപ്പുകാര്‍ക്ക് വേണ്ടി ഓശാന പാടിയവര്‍, എല്ലാം തന്നെ മണിക്കൂറുകള്‍ കൊണ്ട് മലക്കം മറിഞ്ഞു അവരും മദ്യത്തെ എതിര്‍ക്കുന്നവരായി, മദ്യ നിരോധനത്തെ ശകതമായി അനുകൂലിക്കുന്നവരായി മാറിയതും നാം ജനം കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടു.

എന്തായാലും കള്ള് കച്ചവടവും, അതുകൊണ്ടുള്ള വരുമാനവും, ഇനി സര്‍ക്കാരിന്നു വേണ്ടെന്നു വച്ച് പൂട്ടിക്കിടന്ന ബാറുകള്‍ ഇനി തുറപ്പിക്കില്ല എന്ന് വെച്ചാല്‍, അതിന്നര്‍ത്ഥം കേരളം മദ്യ  നിരോധന സംസ്ഥാനമെന്നാണോ ?

ബാറുകളില്‍  പോയിരുന്നു മദ്യപിക്കുന്നവരുടെ ശല്യം പൊതുജനത്തെ അലട്ടിയിരുന്നോ?.അത്തരം മദ്യപര്‍ സമൂഹത്തിനു ഒരു വിഷയമായിരുന്നോ, ശല്യമായിരുന്നോ എന്നതൊന്നും, ഈ ബാറുകള്‍ പൂട്ടുന്നത് വരെ സാധാരണ ജനങ്ങള്‍ക്ക്‌ വിഷയമായിരുന്നില്ല.പൂട്ടിയ ശേഷമുണ്ടായ വിവാദങ്ങളും ഇടപെടലുകളും ആയിരുന്നു ഈ വിഷയത്തിലേക്ക് പൊതുജന ശ്രദ്ധ തിരിച്ചത്.അതിലേറെ ശല്യവും.

ഇങ്ങിനെ പൊതുജനത്തിനു ശല്യമോ വലിയ പ്രശ്നമോ, ആയിത്തീരാതിരുന്ന ബാര്‍ വിഷയം ഇത്ര വാശിയോടെ ഭരണ കൂടവും, രാഷ്ട്രീയക്കാരും, മാസങ്ങള്‍; ചിലവഴിച്ചു വിവാദം കൊഴുപ്പിച്ച്പ്പോള്‍, എന്തെ, സാധാരണക്കാര്‍ക്കും,പ്രദേശവാസികള്‍ക്കും,കുട്ടികള്‍ക്കും,സ്ത്രീകള്‍ക്കും, വിദ്യാര്‍ത്ഥിക
ള്‍ക്കും  ആരാധനാലയങ്ങള്‍ക്കും,വഴിപോക്കാര്‍ക്കും, ബസ്സ്‌ കാത്തുനില്‍ക്കുന്നവര്‍ക്കും വലിയ ശല്യമായി മാറിയ മദ്യ വില്പന ശാലകള്‍ (bevarage corparation outlets) എന്തുകൊണ്ട് അടപ്പിക്കുന്നില്ല? കേരളത്തിലങ്ങോളമിങ്ങോളമുള്ള ആയിരക്കണക്കിന് ബീവറേജ് കോര്‍പറേഷന്‍ ഔട്ട്‌ ലെറ്റുകള്‍ക്ക് മുന്‍പില്‍  രാപകല്‍ ഭേദമന്യേ നീണ്ടു കിടക്കുന്ന മദ്യപരുടെ വരികള്‍ പൊതുജനത്തിനു വിഷയമല്ല, ശല്യമല്ല എന്നങ്ങു തീരുമാനിച്ചുവോ?

എന്തായാലും ഈ മദ്യ വിവാദത്തിനൊടുവില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം കേരളത്തെ മദ്യപന്മാരില്ലാത്ത ഒരു സംസ്ഥാനമാക്കി മാറ്റാന്‍ ആണെങ്കില്‍ സര്‍ക്കാരിന്റെ  മദ്യ വില്പന കൂടി അവസാനിപ്പിക്കാതെ, അടച്ച് ബാറുകള്‍ തുറപ്പിക്കില്ല എന്നതുകൊണ്ട്‌, സംസ്ഥാനത്തെ സമ്പൂര്‍ണ്ണ മദ്യമുക്ത സംസ്ഥാനമാക്കി മാറ്റാന്‍ എന്ത് ജാലവിദ്യയാണ്‌ സര്‍ക്കാര്‍  കാണുന്നത് എന്ന് ജനങ്ങള്‍ക്കറിയില്ല.



പിന്നാമ്പുറം : ഇനി ഒരു വ്യാജ മദ്യ ദുരന്തവും, അതിന്‍റെ കോലാഹലങ്ങളും, പിന്നെ  ഭരണ മാറ്റവും വീണ്ടുമൊരു മദ്യ നയവും........നമുക്ക് പ്രതീക്ഷിക്കാം..