2010, ഡിസംബർ 22, ബുധനാഴ്‌ച

മാധ്യമം വാര്‍ത്തയില്‍ നിന്ന്- ൨

കര്‍ക്കരെയുടെ മരണം: ഇരുട്ടില്‍ തപ്പി പൊലീസ്


മുംബൈ : മുംബൈ ഭീകരാക്രമണത്തിനിടെ എ.ടി.എസ് മേധാവി ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമാക്കാനാകാതെ മുംബൈ പൊലീസും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയവും വിയര്‍ക്കുന്നു. കര്‍ക്കരെയെ കൊന്നത് അജ്മല്‍ അമീര്‍ കസബും അബു ഇസ്മായിലുമാണെന്ന് പറയുമ്പോഴും ഇത് ഉറപ്പിക്കുന്ന തെളിവുകളൊന്നും മുംബൈ പൊലീസിന്റെ കൈവശമില്ല. കര്‍ക്കരെക്ക് ഏറ്റ വെടിയുണ്ടകള്‍ പൊലീസിന്റെതോ ഭീകരരുടേതോ എന്ന് തിരിച്ചറിയാന്‍ അവ ഫോറന്‍സിക് പരിശോധനക്കുപോലും അയച്ചിരുന്നില്ല. ഇക്കാര്യം ഭീകരാക്രമണ കേസില്‍  പ്രത്യേക കോടതി ജഡ്ജി എം.എല്‍. താഹിലിയാനി തന്റെ വിധി പ്രസ്താവത്തില്‍ എടുത്തു പറഞ്ഞിട്ടുമുണ്ട്. ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട മൊഴികളും ആക്രമണ ദിവസത്തെ പൊലീസ് കണ്‍ട്രോള്‍ റൂമിലെ രേഖകളും പൊലീസിന്റെയും സര്‍ക്കാറിന്റെയും വാദങ്ങള്‍ക്ക് പ്രതികൂലമാണ്. കര്‍ക്കരെയുടെ മരണവുമായി ബന്ധപ്പെട്ട് ബോംബെ ഹൈകോടതി മര്‍മപ്രധാനമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും കര്‍ക്കരെ ഭീഷണിനേരിട്ടതുമായി ബന്ധപ്പെട്ടും മറ്റുമുള്ള രേഖകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തതോടെ മുംബൈ ക്രൈംബ്രാഞ്ചും സംസ്ഥാന ആഭ്യന്തര മന്ത്രാലയവും പരക്കംപായുകയാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ് ഉയര്‍ത്തിവിട്ട വിവാദമാണ് ഇപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാറിനെയും മുംബൈ പൊലീസിനെയും കുഴക്കുന്നത്.
ഭീകരാക്രമണ ദിവസം കര്‍ക്കരെ കാമാഹോസ്‌പിറ്റല്‍ പരിസരത്ത് എത്തിയതുതന്നെ ദുരൂഹതയായി തുടരുകയാണ്. ആരാണ് കര്‍ക്കരെയെയും അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ട അഡീഷനല്‍ പൊലീസ് കമീഷണര്‍ അശോക് കാംതെയെയും സംഭവ സ്ഥലത്തേക്ക് വിട്ടതെന്ന് വ്യക്തമല്ല. ആക്രമണം നടക്കുകയായിരുന്ന ട്രൈഡന്റ് ഹോട്ടല്‍ പരിസരത്തേക്ക് ചെല്ലണമെന്ന അന്നത്തെ പൊലീസ് കമീഷണര്‍ ഹസന്‍ ഗഫൂറിന്റെ നിര്‍ദേശമുണ്ടായിട്ടും കാംതെയെ കാമാ ഹോസ്‌പിറ്റല്‍ പരിസരത്തേക്ക് പൊലീസ് കണ്‍ട്രോള്‍ റൂമില്‍നിന്ന് വഴിതിരിക്കുകയായിരുന്നു. കാംതെക്ക് വെടിയേറ്റത് അക്രമികള്‍ ഉപയോഗിച്ച തോക്കില്‍നിന്നാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍, കര്‍ക്കരെ, സീനിയര്‍ ഇന്‍സ്‌പെക്ടറും ഏറ്റുമുട്ടല്‍ വിദഗ്ധനുമായ വിജയ് സലസ്‌കര്‍ എന്നിവര്‍ക്ക് വെടിയേറ്റത് ആരില്‍നിന്നാണെന്നതിന് തെളിവില്ല.
കര്‍ക്കരെയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നയുടന്‍ സംഭവസമയത്ത് അദ്ദേഹം ധരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് കാണാതാവുകയും ചെയ്തു. ജാക്കറ്റ് കാണാതായതും വിവാദമായിരുന്നു. തുടര്‍ന്ന് കേസെടുത്ത് അന്വേഷണവും നടന്നു. ഈ കേസിലെ മുഖ്യസാക്ഷി ജെ.ജെ മെഡിക്കല്‍ കോളജിലെ തൂപ്പുകാരന്‍ മൊഴിമാറ്റിപ്പറഞ്ഞതും ശ്രദ്ധേയമായിരുന്നു. ജാക്കറ്റ് ഉപേക്ഷിച്ചതാണെന്നു കരുതി അവശിഷ്ടങ്ങള്‍ക്കൊപ്പം കളഞ്ഞെന്നായിരുന്നു സാക്ഷിയുടെ ആദ്യമൊഴി. എന്നാല്‍, പിന്നീട് അത്തരം ജാക്കറ്റ് കണ്ടിട്ടേ ഇല്ലെന്നും ആദ്യമൊഴി സമ്മര്‍ദം മൂലമായിരുന്നുവെന്നും സാക്ഷി പറഞ്ഞു.  പൊലീസ് കണ്‍ട്രോള്‍റൂം രേഖകളുടെ വെളിച്ചത്തില്‍ അശോക് കാംതെയുടെ വിധവ വിനീത പുസ്തകമെഴുതി രംഗത്തെത്തിയെങ്കിലും പിന്നീട് ചിത്രത്തിലേ ഇല്ലാതായി. വിനീതയുടെ പുസ്തകത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി രാകേശ് മാരിയയാണ് ഇന്ന് എ.ടി.എസ് മേധാവി. കര്‍ക്കരെയുടെ മരണം അടക്കമുള്ള ഭീകരാക്രമണ കേസ് അന്വേഷിച്ചതും മാരിയയാണ്.

2 ജി സ്‌പെക്ട്രം: സി.ബി.ഐ സംഘം റാഡിയയുടെ വീട്ടില്‍


2 ജി സ്‌പെക്ട്രം: സി.ബി.ഐ സംഘം റാഡിയയുടെ വീട്ടില്‍
ന്യൂദല്‍ഹി: 2 ജി സ്‌പെക്ട്രം ക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാന്‍ കോര്‍പറേറ്റ് ഇടനിലക്കാരി നീര റാഡിയയുടെ വീട്ടില്‍ സി.ബി.ഐ സംഘം എത്തി. ചത്തപൂരിലെ  ഫാംഹൗസും ദല്‍ഹിയിലെ വൈഷ്ണവി കമ്മ്യൂണിക്കേഷന്‍സ് ഓഡീസും ഈ മാസം 15 സി.ബി.ഐ പരിശോധിച്ചിരുന്നു.  2 ജി സ്‌പെക്ട്രം വിതരണത്തില്‍ നടന്ന ക്രമക്കേടുകള്‍മൂലം പൊതു ഖജനാവിന് 1.73 ലക്ഷംകോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. കഴിഞ്ഞദിവസം ദല്‍ഹിയിലും ചെന്നെയിലും നടന്ന റെയ്ഡില്‍ നിരവധി  രേഖകള്‍ പിടിച്ചെടുത്തിരുന്നു.   പുറമെ നിന്നുള്ള ഒരുവിധ ഇടപെടലും കൂടാതെ സ്‌പെക്ട്രം ക്രമക്കേട് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനും കുറ്റക്കാരെ കഴിയുംവേഗം കണ്ടെത്താനും സുപ്രീംകോടതി കഴിഞ്ഞദിവസം  സി.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു.

സ്വദേശാഭിമാനിയെ വിമര്‍ശിക്കുന്നവരോട്


സ്വദേശാഭിമാനിയെ വിമര്‍ശിക്കുന്നവരോട്
ഒരു നൂറ്റാണ്ട് മുമ്പ് 38 വര്‍ഷം മാത്രം ജീവിച്ച് മരിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ (1878-1916) അത്രത്തോളം കാലത്തിനു മുന്നില്‍ സഞ്ചരിച്ച മലയാളികള്‍ മറ്റാരെങ്കിലും ഉണ്ടാകുമോ എന്ന് സംശയമാണ്. ആധുനികതയുടെ ലോകത്തേക്ക് ആദ്യം ചുവടുവെച്ച മലയാളികളില്‍ മുമ്പനായിരുന്നു അദ്ദേഹം. മാര്‍ക്‌സിന്റെയും ഗാന്ധിയുടെയും ആദ്യ ജീവചരിത്രം രചിക്കുക മാത്രമല്ല ജനാധിപത്യം, മതേതരത്വം, സമത്വം, സോഷ്യലിസം, പത്രസ്വാതന്ത്ര്യം, പൗരാവകാശം, സ്ത്രീപുരുഷസമത്വം, ശാസ്ത്രീയ യുക്തിചിന്ത എന്നിവയെയൊക്കെ സംബന്ധിച്ച് മലയാളികളില്‍ ആദ്യമായി ചിന്തിക്കുകയും എഴുതുകയും അവയെ അടിസ്ഥാനമാക്കി ആശയപ്രചാരണത്തിനായി സ്വയം സമര്‍പ്പിക്കുകയും ചെയ്തു അദ്ദേഹം. ജീവിതാവസാനം വരെ ഈ ആദര്‍ശങ്ങള്‍ക്കെതിരായ ശക്തികളോട് നേരിട്ട് തന്നെ ധീരവും ശക്തവുമായ പോരാട്ടത്തിലേര്‍പ്പെട്ട് അദ്ദേഹം ഏറ്റുവാങ്ങിയ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നിസ്സാരമായിരുന്നില്ല.
ജീവിച്ചിരുന്നകാലത്ത് രാമകൃഷ്ണപിള്ളയ്ക്ക് നിരന്തരവും നിശിതവുമായ അധിക്ഷേപങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത് സകല നിക്ഷിപ്തതാല്‍പര്യക്കാരില്‍നിന്നും പ്രതിലോമകാരികളില്‍ നിന്നുമായിരുന്നു. വ്യവസ്ഥയുടെ മൂടുതാങ്ങികളായിരുന്ന ഒരു വലിയ വിഭാഗം മാധ്യമങ്ങള്‍ക്കും അദ്ദേഹമായിരുന്നു മുഖ്യശത്രു. അദ്ദേഹത്തെ നാടുകടത്തിയത് വരെ ന്യായീകരിച്ച പത്രാധിപന്മാരില്‍ രാജസേവകനും വിഖ്യാതസാഹിത്യകാരനുമായ സി.വി രാമന്‍പിള്ളയുമുള്‍പ്പെട്ടു.
വിചിത്രമെന്ന് പറയട്ടെ,  ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ശത്രുക്കളായിരുന്ന സവര്‍ണഫ്യൂഡല്‍ വിഭാഗങ്ങളുടെ നേര്‍പാരമ്പര്യം വഹിക്കുന്നവരല്ല ഇന്ന് സ്വദേശാഭിമാനി നിന്ദയ്ക്ക് മുന്നില്‍ നിരന്നിരിക്കുന്നത്. ആയുഷ്‌കാലം മുഴുവന്‍ കലവറയില്ലാതെ അദ്ദേഹം പിന്തുണച്ച അധഃസ്ഥിതവിഭാഗങ്ങളുടെ വക്താക്കളെന്ന് അവകാശപ്പെടുന്ന കുറേപ്പേരാണ്. സ്വദേശാഭിമാനി സവര്‍ണ ഹൈന്ദവപക്ഷപാതിയും  അധഃസ്ഥിതവിഭാഗങ്ങളുടെ ശത്രുവും ആയിരുന്നെന്നാണ് ഇവരുടെ മുഖ്യ ആക്ഷേപം. അതിനായി അവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് സ്വദേശാഭിമാനിയുടെ ഒരു പരാമര്‍ശമാണ്. ജീവിതം മുഴുവന്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശങ്ങള്‍, നിലപാടുകള്‍, അവയ്ക്കായി സഹിച്ച ത്യാഗങ്ങള്‍ എന്നിവയൊക്കെ ഈ ആക്ഷേപകര്‍ സൗകര്യപൂര്‍വം മറന്ന് അദ്ദേഹത്തിന്റെ ഒരു വാചകത്തെ വളച്ചൊടിക്കുന്നു. ഇക്കൂട്ടത്തില്‍ പെട്ട ഏറ്റവും പുതിയതാണ് 'അഡോള്‍ഫ് ഹിറ്റ്‌ലറും സ്വദേശാഭിമാനിയും' എന്ന ഡോ. കെ. എസ് രാധാകൃഷ്ണന്റെ ലേഖനം (മാധ്യമം ദിനപത്രം, ഡിസംബര്‍ 7).
സ്വദേശാഭിമാനിക്കെതിരെ ഉന്നയിക്കപ്പെട്ട ആക്ഷേപങ്ങള്‍ക്ക് ഒന്നൊന്നായി പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി. വേണുഗോപാലന്‍ സമൃദ്ധമായ തെളിവുകളുടെയും നിശിതമായ യുക്തിയുടെയും പിന്തുണയോടെ മറുപടി നല്‍കിയതാണ്-'രാജദ്രോഹിയായ രാജ്യസ്‌നേഹി' (കേരള പ്രസ് അക്കാദമി, 1996) എന്ന സ്വദേശാഭിമാനിയുടെ ഏറ്റവും സമഗ്രമായ ജീവചരിത്രത്തില്‍. പക്ഷേ, ഇന്ന് സ്വദേശാഭിമാനിയുടെ ചരമശതാബ്ദിയില്‍ അതേ കാലഹരണപ്പെട്ട ആക്ഷേപങ്ങള്‍ പൊടിതട്ടി എടുക്കുകയാണ് രാധാകൃഷ്ണന്‍. സ്വദേശാഭിമാനിയെ അധിക്ഷേപിക്കുന്നതിനായി ലേഖകന്‍ മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്നതാകട്ടെ,  സ്വദേശാഭിമാനിയുടെ മുഖ്യ എതിരാളിയും തിരുവിതാംകൂറിലെ ഏറ്റവും ജനവിരുദ്ധ ഭരണാധികാരികളില്‍ ഒരാളുമായ സാക്ഷാല്‍ രാജഗോപാലാചാരിയെയും. സ്വദേശാഭിമാനിയേക്കാള്‍ വലിയ സമത്വവാദിയായി അദ്ദേഹം ദിവാനെ വാഴ്ത്തുന്നു. മാത്രമല്ല, മനുഷ്യചരിത്രം കണ്ട ഏറ്റവും ദുഷ്ട കഥാപാത്രങ്ങളില്‍ ഒരാളായ ഹിറ്റ്‌ലറോട് സ്വദേശാഭിമാനിയെ സമീകരിക്കുകയും ചെയ്യുന്നു!
തിരുവിതാംകൂര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിര്‍ബന്ധിത പ്രാഥമിക വിദ്യാഭ്യാസനയം സംബന്ധിച്ച് സ്വദേശാഭിമാനി പത്രത്തില്‍ 1909 ഡിസംബര്‍ 13ന് വന്ന മുഖപ്രസംഗമാണ് വിവാദവിഷയം. പട്ടികജാതിക്കാരായ കുട്ടികളെയും മറ്റു വിഭാഗങ്ങളിലെ കുട്ടികളെയും ഒരേ ക്ലാസ്സില്‍ ഇരുത്തി പഠിപ്പിക്കാന്‍ രാജകീയസര്‍ക്കാര്‍ എടുത്ത തീരുമാനം സംബന്ധിച്ചാണ് ആ മുഖപ്രസംഗം. എത്രയോ തലമുറകളായി ബുദ്ധി കൃഷി ചെയ്തിട്ടുള്ള ജാതിക്കാരെയും എത്രയോ തലമുറകളായി നിലം കൃഷി ചെയ്തുവന്നിരിക്കുന്ന ജാതിക്കാരെയും തമ്മില്‍ ബുദ്ധികൃഷിക്കാര്യത്തിന് ഒന്നായി ചേര്‍ക്കുന്നത് കുതിരയെയും പോത്തിനെയും ഒരേ നുകത്തില്‍ കെട്ടുകയാകുന്നു...' എന്നതാണ് ഈ വിവാദപരാമര്‍ശം (വിദ്യാഭ്യാസക്കുഴപ്പം, സ്വദേശാഭിമാനി, മാര്‍ച്ച് 2, 1900).
ഈ പരാമര്‍ശം വിവാദമാക്കുന്നതിനു പിന്നില്‍ പല കാരണങ്ങളുണ്ടാകാം. സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി അതിവൈകാരികതയോടെ പോത്ത് കുതിര പരാമര്‍ശത്തെ സമീപിക്കുന്നതാണ് ഒന്ന്. രാമകൃഷ്ണപിള്ള ജീവിതം മുഴുവന്‍ ഉയര്‍ത്തിപ്പിടിക്കുകയും കഠിന യാതന ഏറ്റുവാങ്ങി ജീവിതത്തില്‍ അനുവര്‍ത്തിക്കുകയും ചെയ്ത തത്ത്വങ്ങളും ആദര്‍ശങ്ങളും പൂര്‍ണമായും കണ്ടില്ലെന്ന് നടിക്കുന്നതാണ് മറ്റൊരു കാരണം. ഇവ രണ്ടുമല്ലെങ്കില്‍ പൂര്‍ണമായ അജ്ഞത അല്ലെങ്കില്‍ ബോധപൂര്‍വമായ അപവാദപ്രചാരണം. സ്വദേശാഭിമാനിയെക്കുറിച്ചുള്ള ഈ തരം സാമുദായികമായ ആക്ഷേപങ്ങള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ വിവരങ്ങളും തെളിവുകളും വേണുഗോപാലനു എത്തിച്ചുകൊടുത്ത ഒരാളാണ് ഡോ. രാധാകൃഷ്ണന്‍ എന്നും അറിയുമ്പോള്‍ വിവരക്കേടല്ല പ്രശ്‌നം എന്ന് അനുമാനിക്കാം.
പില്‍ക്കാലത്ത് ആധുനിക പരിഷ്‌കൃത സമൂഹങ്ങളില്‍ അംഗീകരിക്കപ്പെട്ടുകഴിഞ്ഞ സംവരണം അല്ലെങ്കില്‍ അഫമേറ്റീവ് ആക്ഷന്‍ എന്ന ധനാത്മക വിവേചനത്തിന്റെ (പോസിറ്റീവ് ഡിസ്‌ക്രിമിനേഷന്‍) യുക്തിയാണ് രാമകൃഷ്ണപിള്ളയുടെ പരാമര്‍ശത്തില്‍ കാണുക എന്ന് ഈ വിഷയം സംബന്ധിച്ച് അദ്ദേഹത്തിന്റെ രചനകള്‍ ആകെ പരിശോധിച്ചാല്‍ സുവ്യക്തമാണ്. ഇന്ന് പോലും സവര്‍ണവിഭാഗങ്ങളില്‍ വലിയ പങ്കും മുച്ചൂടും എതിര്‍ക്കുന്ന സംവരണസമ്പ്രദായത്തിന്റെ ന്യായവും യുക്തിയും എന്താണ്? പരമ്പരാഗതമായി വിദ്യാഭ്യാസത്തിന്റെയും ബൗദ്ധികപ്രവര്‍ത്തനങ്ങളുടെയും ലോകത്തുനിന്ന് അകറ്റിനിര്‍ത്തപ്പെട്ടവരെ മറ്റു വിഭാഗക്കാര്‍ക്കൊപ്പം വിദ്യാഭ്യാസത്തിന്റെയും തൊഴിലന്വേഷണത്തിന്റെയും മത്സരരംഗത്ത് ഒന്നിച്ച് ഇറക്കുന്നത് തികഞ്ഞ അന്യായമാണെന്നതാണ് അത്. സംവരണവിരോധികള്‍ക്കല്ലാതെ ആര്‍ക്കാണ് ഇന്ന് ഇത് നിഷേധിക്കാനാവുക? സ്വദേശഭിമാനി അന്നേ പറഞ്ഞതും മറ്റൊന്നല്ല.
ഇരുവിഭാഗം കുട്ടികളെയും ഒന്നിച്ചിരുത്താനുള്ള തീരുമാനത്തെ അകമഴിഞ്ഞ് അഭിനന്ദിക്കുകയും അത് പിന്നാക്കക്കാരുടെ അവകാശമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തുകൊണ്ടാണ് അതിന്റെ പോരായ്മയെ ശാസ്ത്രീയമായും ദീര്‍ഘദര്‍ശിത്വത്തോടെയും സ്വദേശാഭിമാനി വിശകലനം ചെയ്തത്. ബുദ്ധികൃഷിയെ പറ്റി പറയുന്ന സന്ദര്‍ഭത്തിലാണ് നുകവും ഉഴവും പോത്തും കുതിരയും ഒക്കെ ആലങ്കാരികമായി പരാമര്‍ശിക്കപ്പെട്ടതും. ഇത്  അവഗണിച്ച് പിന്നാക്കക്കാരെ പോത്തുകളായും മറ്റുള്ളവരെ കുതിരകളായും വിശേഷിപ്പിച്ചെന്ന ഉപരിപ്ലവമായ ആക്ഷേപം അവര്‍ ഉച്ചത്തില്‍ മുഴക്കി. ഇത് സംബന്ധിച്ച് പിള്ള എഴുതിയ മുഖപ്രസംഗങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. അദ്ദേഹത്തിന്റെ എല്ലാ രചനകളിലും പിന്നാക്കക്കാരുടെ അവകാശങ്ങള്‍ നിരന്തരം ചൂണ്ടിക്കാട്ടുന്നുണ്ട്. അദ്ദേഹത്തിന്റെ നിശിതവിമര്‍ശങ്ങള്‍ക്ക് ഇരയാകുന്നതാകട്ടെ, താന്‍ ജന്മം കൊണ്ട സവര്‍ണസമുദായത്തിലെ പ്രമാണിമാരും.
വിവാദപരാമര്‍ശത്തിനുശേഷം രണ്ട് ദിവസം കഴിഞ്ഞുള്ള സ്വദേശാഭിമാനിയിലെ മുഖപ്രസംഗം നോക്കുക: ഇന്ത്യയില്‍ 'താണജാതിക്കാര്‍' എന്ന് പേരിട്ട് ഏതാനും ജനസമുദായങ്ങളെ ചവുട്ടിത്താഴ്ത്തിയിരിക്കുന്നതിനെ അനുശോചിക്കുന്നവരായി പരോപകാരസ്വഭാവികളായ പല ആചാരപരിഷ്‌കാരികളും മേല്‍പടി താണജാതിക്കാരുടെ ഉന്നമനത്തെ കാംക്ഷിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നതിനാല്‍ അതേ സമഭാവന എല്ലാ കാര്യങ്ങളിലും സമുചിതമായിരിക്കുമെന്ന് ചിലര്‍ തെറ്റിദ്ധരിച്ചുപോകുന്നുണ്ട്. ഇങ്ങനത്തെ തെറ്റിദ്ധാരണ തന്നെയാണ് വിദ്യാഭ്യാസകാര്യത്തിലും കാണപ്പെടുന്നത്. പുലയര്‍, പറയര്‍ മുതലായ 'താണജാതിക്കാര്‍ക്ക്' മറ്റ് ജാതിക്കാരെ സമീപിക്കുവാന്‍ ന്യായവും അവകാശവുമുണ്ടെന്നും അവരോടൊപ്പം പബ്ലിക്‌സ്ഥലങ്ങളിലും പബ്ലിക് കാര്യങ്ങളിലും പ്രവേശിക്കാന്‍ അനുവാദം നല്‌കേണ്ടതാണെന്നും ഉള്ള വാദത്തെ വിസമ്മതിക്കുവാന്‍ പാടില്ല എന്നുതന്നെയാണ് ഞങ്ങള്‍ വിചാരിക്കുന്നത്. പുലയനും പറയനും ബ്രാഹ്മണനെയും നായരെയും പോലെ ഈശ്വരന്റെ സൃഷ്ടിയില്‍ പെട്ടവര്‍ തന്നെയാണ്. ഇവര്‍ ഇവരോടൊപ്പം ഗവര്‍മെന്റിന്റെ പ്രജകള്‍ തന്നെയാണ്. അതിനാല്‍ അവര്‍ക്ക് ഇവരോടൊപ്പം പബ്ലിക് കാര്യങ്ങളില്‍ പ്രവേശിക്കുന്നതിനു തുല്യാവകാശം അനുവദിക്കേണ്ടത് തന്നെയാണ്. അവരുടെ  പൗരത്വലബ്ധമായ ഈ അവകാശങ്ങളെ ഇത്രയുംകാലം അനുവദിക്കാതിരുന്നത് ഒരു മഹാപാപം തന്നെയാകുന്നു. എന്നാല്‍ അവര്‍ വിദ്യാഗ്രഹണകാര്യത്തില്‍ ഇവരോടൊപ്പം നില്‍ക്കുന്നില്ലെന്ന് സമ്മതിക്കാതെ കഴിയില്ല. ആചാരകാര്യത്തിലാവട്ടെ നാം അവരുടെ ന്യായമായ അവകാശത്തെയാണ് ഗണിക്കുന്നത്. വിദ്യാഭ്യാസകാര്യത്തിലാകട്ടെ, ഗ്രഹണപടുതയെയാണ് ഗണിക്കേണ്ടതായിരിക്കുന്നത്. ഒന്നാമത്തെ സംഗതിയില്‍ അനുഷ്ഠിക്കുന്ന തത്ത്വം രണ്ടാമത്തേതിലും യോജിക്കും എന്നുള്ള അനുമാനം യുക്തിഭ്രമലക്ഷ്യമാകുന്നു....'(വിദ്യാഭ്യാസപ്രമാദം, സ്വദേശാഭിമാനി, മാര്‍ച്ച് 4, 1910).
സാമ്പത്തിക അസമത്വം മാറാതെ പിന്നാക്കക്കാര്‍ക്ക് മുന്നാക്കക്കാര്‍ക്കൊപ്പം ഇരുന്ന് പഠിക്കാന്‍  സൗകര്യം നല്‍കിയതുകൊണ്ട് മാത്രം അവരുടെ പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്ന് അദ്ദേഹം കണ്ടു. പിന്നാക്കക്കാര്‍ക്ക് പ്രകടനാത്മകം മാത്രമായ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന്റെ സങ്കുചിതരാഷ്ട്രീയലക്ഷ്യങ്ങളും അദ്ദേഹം തിരിച്ചറിഞ്ഞു: 'ഈ അവകാശസമ്പാദനത്തെ അപലപിക്കുന്നില്ല. അത് അഭിനന്ദനീയം തന്നെ. എന്നാല്‍, ഇത്രയും കൊണ്ട്  പുലയരുടെ സമുദായചലനത്തിന്  ഉപശമം വന്നുവോ എന്നാണ് ചോദിപ്പാനുള്ളത്......ധനപുഷ്ടിയുള്ള മറ്റ് ജാതിക്കാരുടെ കുട്ടികളുമായി ഒന്നിച്ചിരുന്ന് പഠിക്കാന്‍ പൊലയര്‍ക്ക് അനുവാദം നല്കി; എന്നാല്‍, മറ്റ് കുട്ടികള്‍ക്കൊപ്പം ശുഭ്രമായ വസ്ത്രങ്ങളും ദിനം പ്രതി വിലവര്‍ധിപ്പിക്കപ്പെടുന്ന പുസ്തകങ്ങള്‍ മുതലായവയും യഥാകാലം മസ്തിഷ്‌കപോഷകമായ ആഹാരവും ലഭിപ്പാന്‍ പുലയക്കുട്ടികള്‍ക്ക് പണശക്തിയുണ്ടോ എന്ന് ആലോചിച്ചതേയില്ല. ഇതിന്ന് അവരിപ്പോള്‍ പുലയരുടെ സൂത്രധാരിത്ത്വം വഹിക്കുന്നവര്‍ എന്തെങ്കിലും ധനശേഖരം ചെയ്തിട്ടുമില്ല. ചെയ്യുന്നുമില്ല. ഇവര്‍ അവരെ രാജ്യകാര്യസംബന്ധമായ കക്ഷിബലത്തിന്റെ ആവശ്യാര്‍ഥം കൈവശപ്പെടുത്തിയിരിക്കുകയാണെന്നാണ് ശങ്കിക്കേണ്ടിയിരിക്കുന്നത്. പുലയരുടെ സങ്കടം ധനകാര്യമായിട്ടുള്ളതാണ്. അതില്‍ അവര്‍ക്ക് മോക്ഷം ലഭിക്കാതെ അവരുടെ സമുദായം വാസ്തവമായ അഭിവൃദ്ധിയില്‍ പ്രവേശിക്കയില്ല. ഇതിലേക്ക് എന്താണ് ചെയ്യേണ്ടത് ?' (സമുദായക്ഷയം: ലക്ഷ്മിവിലാസം, 1901). ശ്രീമൂലസഭയില്‍ പുലയരുടെ പ്രതിനിധിയായി നായര്‍ സമുദായക്കാരനായ സുഭാഷിണി പത്രാധിപര്‍ പി കെ ഗോവിന്ദപ്പിള്ളയെ നിയമിച്ചതിനെതിരെ അയ്യങ്കാളിക്കൊപ്പം കൈകോര്‍ത്ത് നിന്ന് ശബ്ദമുയര്‍ത്തിയതും പുലയവിഭാഗത്തില്‍ നിന്ന്  തന്നെ ഒരു പ്രതിനിധിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടതും സ്വദേശാഭിമാനി ആയിരുന്നു.
ഒരു വ്യക്തിയുടെ വീക്ഷണം വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ ഒന്നോ രണ്ടാ വാചകങ്ങളെ (ദുര്‍) വ്യാഖ്യാനം ചെയ്താകരുതെന്ന് അറിയാത്തതവരല്ല അക്കാദമികപണ്ഡിതന്മാര്‍. മതേതരത്വത്തെക്കുറിച്ച് തന്നെ പിള്ള സ്വീകരിച്ച നിലപാട് ചരിത്രപ്രാധാനമാണ്. ഹിന്ദുമതത്തോടും ഹൈന്ദവദൈവങ്ങളോടും തിരുവിതാംകൂര്‍ രാജാവ് സ്വീകരിച്ച സ്വാഭാവികമെന്ന മട്ടിലുള്ള ആഭിമുഖ്യത്തെ അന്ന് വിമര്‍ശിക്കാന്‍ ധൈര്യപ്പെട്ട ഏകവ്യക്തിയാണ് അദ്ദേഹം.
സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം വേണമെന്ന തിരുവിതാംകൂര്‍ കൊച്ചി ക്രിസ്തുജനസംഘത്തിന്റെ അപേക്ഷ ദിവാന്‍ വി പി മാധവരായര്‍ നിഷേധിച്ചതിനെപ്പറ്റി  അദ്ദേഹം എഴുതിയത് നോക്കൂ: ''...ഈ രാജ്യം ശ്രീ പദ്മനാഭസ്വാമിയുടെ വകയാകയാല്‍ ഗവര്‍മെന്റ് കാര്യത്തില്‍ ക്രിസ്ത്യാനികള്‍ക്ക് അവകാശം കിട്ടേണ്ടതിനെപ്പറ്റി പരാതി പറയാന്‍ അവകാശമില്ലെന്ന് മറുപടി കൊടുത്തത് ബ്രാഹ്മണേതരന്മാരായ മറ്റ് ഹിന്ദുപ്രജകള്‍ക്കും സമീപദൃഷ്ടമല്ലെങ്കിലും ദൂരസ്ഥിതമായ ഒരു കണ്ഠകോടാലിയാണെന്ന് പറഞ്ഞേ കഴിയൂ. ദിവാന്‍ജിയുടെ ഈ സിദ്ധാന്തത്തെ വേരോടെ ഇളക്കിക്കളയാന്‍ ക്രിസ്തീയജനങ്ങള്‍ മാത്രമല്ല, മുഹമ്മദീയര്‍ മുതല്‍ ഇതര ജനങ്ങളും ഉത്സാഹിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. എന്നാലും ഇനിയും ഇത് സാധിക്കാവുന്നതാവുന്നു. ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, മുഹമ്മദീയര്‍ മുതലായ പല മതക്കാരും പ്രജകളായ രാജ്യത്ത് അവരുടെ എല്ലാവരുടെയും പ്രയത്‌നം കൊണ്ട് മുതലെടുക്കുകയും അതിനെ ഹിന്ദുക്കളിലെ ഒരു വര്‍ഗക്കാര്‍ക്കുവേണ്ടി അന്യായമായ വിധത്തില്‍ ചെലവുചെയ്യുന്നതിലേക്ക് രാജ്യം ഹിന്ദുദേവന്റെ അധീനത്തിലാണെന്ന് വാദിക്കുകയും ചെയ്യുന്ന സംഗതികളെപ്പറ്റി പൊതുജനങ്ങള്‍ ചോദ്യം ചെയ്യാതിരുന്നാല്‍ അവരുടെ ഭാവിയായ ഫലം ക്ലേശമായിരിക്കുമെന്നതില്‍ സന്ദേഹമില്ല. കൃസ്ത്യാനികളും മുഹമ്മദീയരും അഹിന്ദുക്കളും തിരുവിതാംകൂര്‍ ഗവര്‍മെന്റിന്റെ പ്രജകളല്ലയോ ? തിരുവിതാംകൂര്‍ അധര്‍മപ്രസക്തരും സ്വധര്‍മഭ്രഷ്ടരും ആയ ഏതാനും ബ്രാഹ്മണര്‍ക്കായി ശ്രീപദ്മനാഭസ്വാമിയാല്‍ സങ്കല്‍പ്പിക്കപ്പെട്ടതോ?'' (വ്യാജനാമമായ ധര്‍മ്മം കേരളന്‍ 1895). പത്തൊമ്പതാം നൂട്ടാണ്ടിലാണ് സ്വദേശാഭിമാനി കാണിച്ച ഈ ചങ്കൂറ്റം എന്നോര്‍ക്കുക.
അതേ സമയം ബ്രാഹ്മണമേധാവിത്തത്തെയല്ലാതെ ഇന്നും ചില കീഴാളവക്താക്കളെപ്പോലെ ഒരു സമുദായത്തോടും ജാതീയമായ വിദ്വേഷം പുലര്‍ത്തിയില്ല അദ്ദേഹം എന്ന് വേണുഗോപാലന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരം ബ്രാഹ്മണവിദ്വേഷം പ്രകടിപ്പിച്ച 'സുഭാഷിണി' എന്ന ഒരു നായര്‍ പത്രത്തെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. മാത്രമല്ല ഇന്നും ചെയ്യുന്നതുപോലെ മുസ്‌ലിംകളെ ആകെ പ്രാകൃതരായി ചിത്രീകരിക്കുന്നതിനും എതിരെ അദ്ദേഹം ശക്തമായി ആഞ്ഞടിച്ചു.
ഇതൊക്കെ കഴിഞ്ഞാലും സ്വദേശാഭിമാനിയില്‍ പുലയവിരോധം വീണ്ടും ആവര്‍ത്തിക്കപ്പെടാം. എന്നാലും മഹാനായ ഈ മലയാളി ദലിതവിരോധിയായിരുന്നെന്ന് അദ്ദേഹത്തിന്റെ ചരമശതാബ്ദിയിലും ഉയരുന്ന ആക്ഷേപത്താല്‍ തെറ്റിദ്ധരിക്കപ്പെടാതിരിക്കാന്‍ ഒരു കത്ത് കൂടി ഹാജരാക്കുന്നു:
'ഈ തിരുവിതാംകൂറില്‍ പൊതുജനപ്രാതിനിധ്യം വഹിക്കുന്നവരായി ഒട്ടനവധി വര്‍ത്തമാനപത്രപ്രവര്‍ത്തകന്മാരുണ്ട്. എന്നിരുന്നാലും പൊതുജനപ്രതിനിധി എന്ന നിലയില്‍ ഉള്ളവണ്ണം ഏതുകാര്യങ്ങളും സധൈര്യം പ്രസ്താവിച്ചിട്ടുള്ളതായി അവിടത്തെപ്പോലെ മറ്റാരും ഉണ്ടായിരുന്നില്ല എന്നുള്ളതും ഈ രാജ്യത്തിലെ സ്വദേശികളും അഗതികളും ആയ ഞങ്ങള്‍ക്ക് വേണ്ടി അനുകൂലമായ ലേഖനങ്ങള്‍ അധികമായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത് അവിടെ ഒഴികെ മറ്റാരും ഇല്ലെന്നുള്ളതും തീര്‍ച്ചയാണ്. ഉള്ളത് പറഞ്ഞാല്‍ കഞ്ഞിക്ക് പറ്റില്ല എന്ന് പറഞ്ഞ കൂട്ടത്തില്‍ നിഷ്പക്ഷവാദിയും നീതിജ്ഞനും ആയ യജമാനന്‍ അവര്‍കളെ ഈ രാജ്യത്തുനിന്നും അകറ്റുന്നതിനു മറ്റുള്ളവര്‍ ഇടയാക്കിയതില്‍ വിശേഷിച്ചും പുലയജാതിക്കാരായ ഞങ്ങള്‍ എല്ലാവര്‍ക്കും ഏതാപല്‍പര്യന്തമുള്ള സങ്കടത്തെ സര്‍വശക്തനായ ജഗദീശ്വരന്‍ തന്നെ തീര്‍ക്കുമെന്ന് ആശംസിക്കുന്നു...'
ഇത് എഴുതിയത് തിരുവിതാംകൂര്‍ സാധുജനപരിപാലനസംഘം സെക്രട്ടറി അഥവാ സാക്ഷാല്‍ അയ്യങ്കാളിയാണ്. സ്ഥലം വെങ്ങാന്നൂര്‍, തീയതി 16.7. 1901.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ