2010, ഡിസംബർ 20, തിങ്കളാഴ്‌ച

നാം എവിടേക്ക്?

രാജക്കും റാഡിയക്കും സി.ബി.ഐ നോട്ടീസ്


രാജക്കും റാഡിയക്കും സി.ബി.ഐ നോട്ടീസ്
ന്യൂദല്‍ഹി: 2 ജി സ്‌പെക്ട്രം ക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ടെലികോം മുന്‍ മന്ത്രി എ. രാജക്ക് സി.ബി.ഐ നോട്ടീസ്. കോര്‍പറേറ്റ് ഇടനിലക്കാരി നീര റാഡിയ ഉള്‍പ്പെടെ കേസിലുള്‍പ്പെട്ട മറ്റുള്ളവര്‍ക്കും തിങ്കളാഴ്ച നോട്ടീസ് കൈമാറി. അധികം വൈകാതെതന്നെ രാജ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റും ഉണ്ടാകുമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.
സ്‌പെക്ര്ടം ഇടപാടില്‍ പങ്കുള്ള ആരെയും വെറുതെ വിടില്ലെന്ന് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ തിങ്കളാഴ്ച  പ്രധാനമന്ത്രി വ്യക്തമാക്കിയ ഉടന്‍തന്നെയാണ് ചോദ്യംചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രാജക്കും കൂട്ടാളികള്‍ക്കും നോട്ടീസ് കൈമാറിയതും.
ദല്‍ഹിയില്‍ രാജയുടെ ഔദ്യോഗിക വസതിയിലാണ് ക്രിമിനല്‍ നടപടി ചട്ടം 160ാം വകുപ്പു പ്രകാരം സി.ബി.ഐ നോട്ടീസ് കൈമാറിയത്. ലഭിച്ചിടത്തോളം രേഖകളും സാക്ഷിമൊഴികളും രാജക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പര്യാപ്തമാണെന്നും അന്വേഷണ ഏജന്‍സി അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൈമാറുന്നതോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും നോട്ടീസില്‍ രാജയോട് ആവശ്യപ്പെട്ടു.
2 ജി സ്‌പെക്ട്രം വിതരണത്തില്‍ നടന്ന ക്രമക്കേടുകള്‍മൂലം പൊതു ഖജനാവിന് 1.73 ലക്ഷംകോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. കഴിഞ്ഞദിവസം ദല്‍ഹിയിലും ചെന്നെയിലും നടന്ന റെയ്ഡില്‍ നിരവധി  രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇതുംകൂടി കണക്കിലെടുത്താണ് നോട്ടീസ് കൈമാറ്റം.
ക്രമക്കേടുമായി ബന്ധപ്പെട്ട് വിവിധ വ്യക്തികളെ ചോദ്യം ചെയ്തതില്‍നിന്ന് രാജയുടെ കുറ്റകരമായ പങ്കിന്റെ വിലപ്പെട്ട തെളിവുകള്‍ സി.ബി.ഐക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്.
കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ഇടനിലക്കാരി നീര റാഡിയ ഉള്‍പ്പെടെ മറ്റു ചിലര്‍ക്കും സി.ബി.ഐ തിങ്കളാഴ്ച   നോട്ടീസ് അയച്ചു.
രാജയുടെ സഹോദരന്‍, രണ്ട് അടുത്ത അനുയായികള്‍, നക്കീരന്‍ മാസിക അസോ. എഡിറ്റര്‍ എ. കാമരാജ്, ടെലികോം ക്രമീകരണ അതോറിറ്റി മുന്‍ ചെയര്‍മാന്‍ പ്രദീപ് ബയ്ജാല്‍ എന്നിവരോടും ചോദ്യംചെയ്യാന്‍ ഹാജരാകണമെന്ന് സി.ബി.ഐ  നിര്‍ദേശിച്ചു. ബയ്ജാലിനെ ഇന്നലെയും  സി.ബി.ഐ  ചോദ്യം ചെയ്തു. ഛന്ദോലിയ ഉള്‍പ്പെടെ ടെലികോം മുന്‍ ഉദ്യോഗസ്ഥരെയും വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും.
സുപ്രീംകോടതിയുടെ കര്‍ക്കശ നിലപാടിനു പുറമെ സ്‌പെക്ട്രം വിഷയത്തില്‍ കുറ്റക്കാരായവരെ വെറുതെ വിടില്ലെന്ന് സര്‍ക്കാറും വ്യക്തമാക്കിയത് രാജക്ക് തിരിച്ചടിയായി.
പുറമെ നിന്നുള്ള ഒരുവിധ ഇടപെടലും കൂടാതെ സ്‌പെക്ട്രം ക്രമക്കേട് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനും കുറ്റക്കാരെ കഴിയുംവേഗം കണ്ടെത്താനും സുപ്രീംകോടതി കഴിഞ്ഞദിവസം  സി.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു.

ഇതൊരു പത്ര വാര്‍ത്ത

നമ്മുടെ രാജ്യത്തെ വിഭവങ്ങള്‍ കൊള്ളയടിച്ചുകൊണ്ടുപോയിരുന്ന വിദേശിയരെ
നാം എന്നോ ചവിട്ടി പുറത്താക്കി. ആ ആധിപത്യത്തില്‍ നിന്നും ആ മഹാത്മാവും,
നമ്മുടെ പൂര്‍വീകരും നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യം.

ഇന്ന് നമ്മെ കൊള്ളയടിച്ചു, നമ്മുടെ  രാജ്യം തന്നെ തുരന്നു തിന്നു നശിപ്പിക്കുന്ന
തുരപ്പന്മാരായ രാജ്യ ദ്രോഹികളില്‍ നിന്നും നമ്മുടെ രാജ്യത്തെ മോചിപ്പിക്കാന്‍
നമുക്കിന്നു കഴിയുന്നില്ല.

എവിടെ നോക്കിയാലും, അഴിമതി, കോഴ, വര്‍ഗീയത, വിഭാഗീയത, എല്ലാറ്റിനും പുറമേ
ഇന്ന് നാം അമേരിക്കയുടെ പാദസേവകരായി മാറിയിരിക്കുന്നു. ആര്‍, എസ്, എസ്സുകാരനെ
പറഞ്ഞാല്‍ ഇസ്രായേല്‍  കാരന്നു നോവുന്ന അവസ്ഥ

വിദേശ വസ്ത്രങ്ങള്‍ പോലും ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത ആ മഹാത്മാ
വിന്റെ നാട്ടുകാരായ നമുക്കിന്നു അമേരിക്കയുടെ കാല്‍ക്കീഴില്‍ ജീവിക്കേണ്ട അവസ്ഥ
എങ്ങിനെ വന്നു?

നൂറ്റിപ്പത്ത് കോടി ജനങ്ങളുടെ രക്തം ഊറ്റി കുടിക്കുന്ന, കട്ടുമുടിക്കുന്ന, രാജ്യത്തിന്റെ
സമ്പത്ത് തുരന്നു തിന്നുന്ന, രാജ്യ ദ്രോഹികളെ നാം കരുതിയിരിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ