2010, ഡിസംബർ 22, ബുധനാഴ്‌ച

മാധ്യമം മുഖ പ്രസംഗംDecember 21, 2010

എ.ഐ.സി.സി പ്ലീനറികൊണ്ട് എന്തുനേടി?

എ.ഐ.സി.സി പ്ലീനറികൊണ്ട് എന്തുനേടി?
ഒരേ സമയം ആശ്വാസത്തിനും ആശങ്കക്കും വകനല്‍കുന്ന സാഹചര്യങ്ങളിലാണ് 125 വര്‍ഷം പിന്നിട്ട ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ 83ാം പ്ലീനറി സമ്മേളനം ബുറാഡിയില്‍ നടന്നത്. നീണ്ട ഇടവേളക്കുശേഷം ഇന്ത്യയുടെ ഭരണനേതൃത്വം വീണ്ടും പാര്‍ട്ടിയെ തേടിയെത്തിയതും ഒടുവിലത്തെ തെരഞ്ഞെടുപ്പില്‍ സാമാന്യം ഭേദപ്പെട്ട പ്രകടനത്തോടെ അധികാരത്തിന്റെ രണ്ടാമൂഴം ഉറപ്പിക്കാനായതുമാണ് ആശ്വാസത്തിനും ആഹ്ലാദത്തിനും വകയൊരുക്കിയത്. എന്നാല്‍, സകല റെക്കോഡും തകര്‍ത്ത സ്‌പെക്ട്രം അപവാദവും ആദര്‍ശ് ഫ്‌ളാറ്റ് വിവാദവും കോമണ്‍വെല്‍ത്ത് ഗെയിംസ് കുംഭകോണവും പാര്‍ട്ടിയുടെയും കേന്ദ്രസര്‍ക്കാറിന്റെയും പ്രതിച്ഛായ തകര്‍ത്തതും ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തകര്‍ന്നു തരിപ്പണമായതുമാണ് കടുത്ത ആശങ്കക്ക് വകനല്‍കുന്നത്. ഒപ്പം വിക്കിലീക്‌സ് പുറത്തുവിട്ട രഹസ്യ രേഖകളിലൂടെ അനാവരണം ചെയ്യപ്പെട്ട ഇന്ത്യയുടെ അമേരിക്കന്‍ ദാസ്യത്തിന്റെ സ്‌പഷ്ടമായ തെളിവുകളും കോണ്‍ഗ്രസിന്റെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്നതാണ്. ഈ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാക്കളും യുവ പടക്കുതിരകളുമഖിലം ഒത്തുചേര്‍ന്ന പ്ലീനറി, ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും കുറിച്ച പാര്‍ട്ടിയുടെ കാഴ്ചപ്പാടും ഭാവിപരിപാടികളും ജനസമക്ഷം സുതാര്യമായി അവതരിപ്പിക്കുമെന്നും പ്രതിസന്ധികളില്‍ രാജ്യത്തെ ദിശാബോധത്തോടെ മുന്നോട്ടു നയിക്കാനുള്ള നിശ്ചയദാര്‍ഢ്യം പ്രകടിപ്പിക്കുമെന്നുമാണ് ജനങ്ങള്‍ സ്വാഭാവികമായും പ്രതീക്ഷിച്ചിരിക്കുക.
എ.ഐ.സി.സി ചര്‍ച്ചകള്‍ക്കുശേഷം പാസാക്കിയ രാഷ്ട്രീയ, സാമ്പത്തിക പ്രമേയങ്ങളും സമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രധാനമന്ത്രി  മന്‍മോഹന്‍ സിങ്ങും ഉള്‍പ്പെടെയുള്ളവര്‍ ചെയ്ത പ്രസംഗങ്ങളും വിലയിരുത്തുമ്പോള്‍ പക്ഷേ, മല എലിയെ പ്രസവിച്ച പ്രതീതി എന്നു പറയാവുന്നവിധം മോശമായില്ലെങ്കിലും സുപ്രധാനമായ നയമാറ്റമോ വഴിത്തിരിവോ പ്രതീക്ഷിച്ചവര്‍ നിരാശപ്പെടാനാണിട. ദേശീയതലത്തില്‍ ബി.ജെ.പിയാണ് കോണ്‍ഗ്രസിന്റെ പ്രധാന പ്രതിയോഗി എന്നതുകൊണ്ട് ആര്‍.എസ്.എസിനും ഹിന്ദുത്വ ഭീകരതക്കുമെതിരെ കുറേക്കൂടി രൂക്ഷമായ ആക്രമണം രാഷ്ട്രീയ പ്രമേയത്തില്‍ നടത്തിയിട്ടുണ്ട്. നഷ്ടപ്പെട്ടതോ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതോ ആയ മതന്യൂനപക്ഷങ്ങളുടെ പിന്തുണ തിരിച്ചുപിടിക്കുന്നതോടൊപ്പം തന്നെ വിക്കിലീക്‌സ് വെളിപ്പെടുത്തിയ, രാഹുല്‍ ഗാന്ധിയുടെ വിവാദപരമായ അഭിപ്രായപ്രകടനത്തെ പരോക്ഷമായി  ന്യായീകരിക്കുക കൂടിയാവാം ഹിന്ദുത്വ ഭീകരരുടെ ആര്‍.എസ്.എസ് ബന്ധം അന്വേഷിക്കണമെന്ന ആവശ്യത്തിലൂടെ പാര്‍ട്ടി ഉന്നംവെച്ചത്. എന്നാല്‍, യു.പി.എ സര്‍ക്കാര്‍ ടാഡക്കും പോട്ടക്കും പകരമായി, ചര്‍ച്ച പോലും നടക്കാതെ പാര്‍ലമെന്റില്‍ ചുട്ടെടുത്ത നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ഭേദഗതി നിയമമാണ്  മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കുന്ന ന്യൂനപക്ഷ വേട്ടക്ക് ആയുധമാവുന്നതെന്ന സത്യത്തിനുനേരെ പ്ലീനറി പ്രമേയവും അതിനെ പിന്താങ്ങി സംസാരിച്ചവരും കണ്ണടച്ചു. ഏറ്റവും ഒടുവില്‍ അനേകമനേകം ബസ് കത്തിക്കലുകള്‍ക്കിടയില്‍ ഒരാളുടെപോലും ജീവനെടുക്കാത്ത കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍, 'രാജ്യദ്രോഹവും രാജ്യത്തിനെതിരായ യുദ്ധവും' ആരോപിച്ച് സൂഫിയ മഅ്ദനിയടക്കമുള്ളവരെ പ്രതികളാക്കാന്‍ വഴിയൊരുക്കിയതും പ്രസ്തുത കരിനിയമമാണ്. ഹിന്ദുത്വ ഭീകരരാണ് മല്‍ഗാവോന്‍, ഹൈദരാബാദ് മക്ക മസ്ജിദ്, സംഝോതാ എക്‌സ്‌പ്രസ്, അജ്മീര്‍ തുടങ്ങിയ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്ന് തെളിഞ്ഞിരിക്കെ, അതിന്റെ പേരില്‍ കാരാഗൃഹത്തിലടക്കപ്പെട്ട നിരപരാധികളായ ന്യൂനപക്ഷ സമുദായക്കാര്‍ക്കിതേവരെ മോചനം ലഭിച്ചിട്ടില്ല. പ്ലീനറിയില്‍ സംസാരിച്ച ഒരുത്തനും ഇക്കാര്യത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചതുമില്ല. മൃദു ഹിന്ദുത്വം എന്ന ബലഹീനതയില്‍നിന്ന് കോണ്‍ഗ്രസ് ഇനിയും മുക്തമായിട്ടില്ലെന്ന് ധരിക്കാനേ ബോധപൂര്‍വമായ ഈ മൗനം സഹായകമാവൂ.
സാധാരണക്കാരും പാവപ്പെട്ടവരും പാര്‍ട്ടിയില്‍നിന്ന് അകലുന്നു എന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിതമായ പ്ലീനറി അകല്‍ച്ച അവസാനിപ്പിക്കാന്‍ പത്തു കൊല്ലത്തിനകം നടപ്പാക്കേണ്ട സാമ്പത്തിക-സാമൂഹിക നീതിയുടെ രൂപരേഖ അംഗീകരിച്ചിട്ടുണ്ട്. സമഗ്രമായ ഭരണനിര്‍വഹണം, അധികാര വികേന്ദ്രീകരണം, കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വായ്പകള്‍, സമ്രഗ ആരോഗ്യ ഇന്‍ഷുറന്‍സിലൂടെ ആരോഗ്യ പരിരക്ഷ, സാര്‍വത്രിക വിദ്യാഭ്യാസം, എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം-ടോയ്‌ലറ്റ് സൗകര്യങ്ങള്‍, ആദിവാസി ക്ഷേമം, സ്ത്രീ ശാക്തീകരണം, സബ്‌സിഡി നിരക്കില്‍ ഭക്ഷ്യവസ്തുക്കളുടെ വിതരണം, എല്ലാവര്‍ക്കും തൊഴില്‍ അവസരങ്ങള്‍ എന്നിത്യാദി കാര്യങ്ങളാണ് ദശാബ്ദക്കാലത്തെ പരിപാടികളില്‍ ഉള്‍ക്കൊള്ളുന്നത്. ഏതാണ്ടെല്ലാ തെരഞ്ഞെടുപ്പു പ്രകടനപത്രികകളിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനങ്ങളിലും പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗങ്ങളിലും മുറതെറ്റാതെ ആവര്‍ത്തിക്കുന്ന വാഗ്ദാനങ്ങളാണ് ഇവയില്‍ മിക്കതും. വീണ്ടും വീണ്ടും പ്രഖ്യാപനങ്ങള്‍ വേണ്ടിവരുന്നതുതന്നെ ഒരിക്കലും തൃപ്തികരമായ രീതിയില്‍ നടപ്പാക്കാത്തതുകൊണ്ടാണല്ലോ. നടപ്പാവാതിരിക്കാനുള്ള മുഖ്യ കാരണം ആസൂത്രണത്തിന്റെ കമ്മിയോ പണം വകയിരുത്താത്തതോ അല്ല, ലോകത്തിന്റെ നെറുകയില്‍ രാജ്യത്തെ എത്തിച്ച അഴിമതിയാണ്. അഴിമതി എന്ത് വിലകൊടുത്തും തുടച്ചുനീക്കും എന്ന ബറാഡി പ്ലീനറിയും ഉദ്‌ഘോഷിച്ചു. അതെങ്ങനെ എന്നുമാത്രം വിശദീകരിച്ചില്ല. തെരഞ്ഞെടുപ്പുകളെ കോടീശ്വരന്മാരുടെയും ക്രിമിനലുകളുടെയും നീരാളിപ്പിടിത്തത്തില്‍നിന്ന് മുക്തമാക്കാന്‍ നടപടികളെടുക്കുകയും കളങ്കിതര്‍ക്കുനേരെ പാര്‍ലമെന്റിന്റെയും നിയമസഭകളുടെയും മന്ത്രിസഭകളുടെയും വാതിലുകള്‍ കൊട്ടിയടക്കുകയും ഭരണയന്ത്രത്തെ സംശുദ്ധമാക്കാനുള്ള തന്ത്രങ്ങള്‍ ആത്മാര്‍ഥമായും ഫലപ്രദമായും നടപ്പാക്കുകയും ചെയ്താലേ അഴിമതി ഇല്ലാതാവൂ. സ്വദേശി, വിദേശി കുത്തകകളുടെ പൂര്‍ണ സ്‌പോണ്‍സര്‍ഷിപ്പില്‍ പാര്‍ട്ടിയും സര്‍ക്കാറുകളും തുടരുന്നേടത്തോളം കാലം അഴിമതിക്കെതിരായ വാചാടോപങ്ങള്‍ തീര്‍ത്തും അര്‍ഥശൂന്യമാണ്. ടാറ്റ, അംബാനിമാരുടെ മുമ്പില്‍ മുട്ടുവിറക്കുന്ന പാര്‍ട്ടിക്കും സര്‍ക്കാറിനും സോഷ്യലിസം എന്ന വാക്കുച്ചരിക്കാന്‍പോലും അര്‍ഹതയില്ലെന്നിരിക്കെ, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് നയങ്ങള്‍ പിന്തുടരുമെന്ന പ്രഖ്യാപനം ആരെ കബളിപ്പിക്കാനാണ്?
നെഹ്‌റുവിന്റെ വിദേശനയം തുടരുമെന്ന അവകാശവാദത്തിലുമുണ്ട് പ്രകടമായ ഈ വൈരുധ്യം. വിക്കിലീക്‌സ് അനാവരണം ചെയ്ത ലക്ഷക്കണക്കില്‍ രേഖകള്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍പോലും നഗ്‌നമായി ഇടപെടുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ധാര്‍ഷ്ട്യം തുറന്നുകാണിച്ചിട്ടും അതിനെതിരെ കമാ എന്നുച്ചരിക്കാന്‍ സോണിയ ഗാന്ധിക്കോ മന്‍മോഹനോ രാഹുലിനോ കഴിഞ്ഞില്ല. അമേരിക്കന്‍ എംബസിയിലെ ചാരന്മാര്‍ക്ക് രഹസ്യം ചോര്‍ത്തിക്കൊടുക്കുന്ന സാദാ പൊലീസുകാരെ ബലിയാടുകളാക്കി രക്ഷപ്പെടാനാണ് ശ്രമം. ഇതാണത്രെ നെഹ്‌റുവിന്റെ ചേരിചേരാ നയം!  ഇങ്ങനെയൊക്കെയാണെങ്കിലും സമാധാനിക്കാന്‍ വകയുണ്ട്. കോണ്‍ഗ്രസോ ബി.ജെ.പിയോ അല്ലാതെ, ഇന്ത്യയില്‍ ഇടതുപക്ഷമോ അമേരിക്കന്‍ വിരുദ്ധരോ ഒരുകാലത്തും അധികാരത്തില്‍ വരാതെ നോക്കാന്‍ വേണ്ടതൊക്കെ യാങ്കികള്‍ ചെയ്തുകൊള്ളും. അതിലേക്കാണല്ലോ ഏറ്റവും പുതുതായി പുറത്തുവന്ന രേഖ വെളിച്ചംവീശിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ