2011, ജനുവരി 22, ശനിയാഴ്‌ച

മകരജ്യോതി നിര്‍ത്തണം -സ്വാമി ഭൂമാനന്ദതീര്‍ഥര്‍(2)മകരജ്യോതി വ്യാജം-അഴീക്കോട്(3) മകരജ്യോതി വിവാദം സുപ്രീംകോടതിയില്‍

മകരജ്യോതി നിര്‍ത്തണം -സ്വാമി ഭൂമാനന്ദതീര്‍ഥര്‍


മകരജ്യോതി നിര്‍ത്തണം  -സ്വാമി ഭൂമാനന്ദതീര്‍ഥര്‍
തൃശൂര്‍: മകരജ്യോതി മനുഷ്യനിര്‍മിതമെന്നും ഭക്തരെ കബളിപ്പിക്കുന്ന  മകരജ്യോതി തെളിക്കല്‍ അവസാനിപ്പിക്കണമെന്നും ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാന്‍ അഖില ഭാരത അധ്യക്ഷന്‍ സ്വാമി ഭൂമാനന്ദതീര്‍ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ശബരിമലയിലെ മകരജ്യോതിക്ക് 45 കൊല്ലത്തെ പഴക്കമേയുള്ളൂ. മലയരയന്‍മാരാണ് പണ്ട് അത് കൊളുത്തിയിരുന്നത്. ജലവൈദ്യുതി പദ്ധതിക്കുവേണ്ടി കെ.എസ്.ഇ.ബി സ്ഥലം ഏറ്റെടുത്തപ്പോള്‍ ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ ജ്യോതി തെളിക്കാന്‍ തുടങ്ങി. പിന്നെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും പൊലീസുകാരും ജ്യോതി തെളിക്കല്‍ ഏറ്റെടുത്തു.
കര്‍പ്പൂരാഴിയില്‍ കര്‍പ്പൂരം കൂട്ടി തീകൊളുത്തി ആഴിക്കൈ ഉയര്‍ത്തി, നനഞ്ഞ ചാക്ക് കൊണ്ട് മൂടി മൂന്ന് തവണ ചാക്ക് നീക്കുമ്പോഴാണ് ജ്യോതി തെളിയുന്നത്. കണക്കില്‍പെടാത്ത പണം വഴിയാണ് ഇത് നടക്കുന്നത്. ഈ ചെലവ് ദേവസ്വം കണക്കിലെഴുതിയെടുക്കാന്‍ മുന്‍ ദേവസ്വം കമീഷണര്‍ നളിനാക്ഷന്‍ നിര്‍ദേശിച്ചിട്ടും ചെയ്തില്ല.
ദക്ഷിണായനം വിട്ട് ഉത്തരായനത്തിലേക്ക് സൂര്യന്‍ സംക്രമിക്കുന്നതാണ് മകരം ഒന്നിന്റെ പ്രാധാന്യം. അന്ന് തിരുവാഭരണങ്ങള്‍  ചാര്‍ത്തി അയ്യപ്പനെ ദര്‍ശിക്കുക എന്നതിലാണ് ദിവ്യത്വം. ജ്യോതി തെളിയല്‍ തട്ടിപ്പാണെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരര് അടക്കം പല വിശ്വസനീയ കേന്ദ്രങ്ങളും വ്യക്തമാക്കിയതാണ്.  ജ്യോതി തെളിയലിന്റെ പേരില്‍ ശബരിമലയില്‍ 102 ഭക്തര്‍ മരിക്കാനിടയായ സംഭവത്തെത്തുടര്‍ന്നാണ്  ഈ ആവശ്യമുന്നയിച്ച് മുന്നോട്ടുവരുന്നത്. ജ്യോതി സത്യമാണെങ്കിലും അല്ലെങ്കിലും ഭക്തര്‍ക്ക് വേണ്ട സൗകര്യം ഒരുക്കേണ്ടത് സര്‍ക്കാറാണ്. വിശ്വാസം സത്യത്തില്‍ അധിഷ്ഠിതമല്ലാതെ വരുമ്പോള്‍ കോടതി ഇടപെടുന്നതില്‍ തെറ്റില്ല. ഭക്തര്‍ കൂടുതല്‍ എത്തുന്നത് കണക്കിലെടുത്ത് വര്‍ഷം മുഴുവന്‍ ശബരിമല തുറക്കുകയും 18ാം പടിയുടെ വീതി കൂട്ടുകയും ചെയ്യേണ്ടിവരുമെന്ന് സ്വാമി ഭൂമാനന്ദ തീര്‍ഥര്‍ പറഞ്ഞു.

മകരജ്യോതി വ്യാജം-അഴീക്കോട്

മകരജ്യോതി വ്യാജം-അഴീക്കോട്
തൃശൂര്‍: ശബരിമലയിലെ മകരജ്യോതി വ്യാജമെന്ന് ഡോ.സുകുമാര്‍ അഴീക്കോട്. അവിടെയുണ്ടായ ദുരന്തം പൊലീസിന്റെ വീഴ്ച മൂലമാണെന്ന് വരുത്തിത്തീര്‍ത്ത് യഥാര്‍ഥ പ്രശ്‌നം മറച്ചുവെക്കുകയാണ്. വിശ്വാസത്തിന്റെ പേരുപറഞ്ഞ് മുഖ്യമന്ത്രിയും വനംമന്ത്രിയും പ്രതിപക്ഷനേതാവും മിണ്ടാതിരിക്കുന്നത് തെറ്റാണെന്നും അഴീക്കോട് പറഞ്ഞു.
 കേരള ഗസറ്റഡ് ഓഫിസേഴ്‌സ് യൂനിയന്റെ രജതജൂബിലി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങള്‍ക്കിടയില്‍ പുതിയൊരു അന്ധവിശ്വാസം കൂടിയായാല്‍ ചെലവാകും എന്ന് മനസ്സിലാക്കിയവരാണ് മകരജ്യോതി തെളിക്കുന്നതിന് പിന്നില്‍. ഇത്ര വലിയ വഞ്ചന ക്ഷേത്രചരിത്രത്തില്‍ കാണാനാകില്ല. വോട്ടുപോകും എന്നുകരുതിയാണ് സര്‍ക്കാര്‍ മിണ്ടാത്തത്. യുക്തി കൊണ്ട് വിശദീകരിക്കാനാവാത്ത ഇടങ്ങളില്‍ പറയേണ്ട വാക്കല്ല വിശ്വാസം.  മകരം ഒന്നിന് മരിച്ചാല്‍ സ്വര്‍ഗത്തില്‍ പോകുമെന്ന് കരുതി ഭക്തര്‍ ഇനിയും ജ്യോതി കാണാനെത്തും.   രാഷ്ട്രീയനേതാക്കളും ജനങ്ങളെ അന്ധവിശ്വാസങ്ങളിലേക്ക് അടുപ്പിക്കുകയാണ്. ശബരിമല അയ്യപ്പന് ജ്യോതി കത്തിച്ച് കൃത്രിമ മഹത്വം ആവശ്യമില്ല. അയ്യപ്പന് വേണമെങ്കില്‍ ജ്യോതി ക്ഷേത്രത്തില്‍ തെളിക്കാമല്ലോ.അത് കാട്ടില്‍ വേണോ എന്നും അഴീക്കോട് ചോദിച്ചു.
 കെ.എല്‍.മോഹനവര്‍മ അധ്യക്ഷത വഹിച്ചു. പി.വി.കൃഷ്ണന്‍നായര്‍, ബാലചന്ദ്രന്‍ വടക്കേടത്ത്, പ്രഫ.എം.തോമസ് മാത്യു, രാജന്‍ കോട്ടപ്പുറം, ബക്കര്‍ മേത്തല എന്നിവര്‍ പങ്കെടുത്തു

മകരജ്യോതി വിവാദം സുപ്രീംകോടതിയില്‍

മകരജ്യോതി വിവാദം സുപ്രീംകോടതിയില്‍
'ഭരണകൂട മായാജാലം' നിരോധിക്കാന്‍ ഹരജി
ന്യൂദല്‍ഹി: ശബരിമല പൊന്നമ്പലമേട്ടിലെ മകരജ്യോതി സംബന്ധിച്ച വിവാദം സുപ്രീംകോടതിയില്‍. കേരള സര്‍ക്കാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, സംസ്ഥാന വൈദ്യുതി ബോര്‍ഡ്, വനം വകുപ്പ് എന്നിവ സംഘടിതമായി തീര്‍ഥാടകരെ കബളിപ്പിക്കാന്‍ കടുവ സംരക്ഷണ കേന്ദ്രമായ ശബരിമല ഉള്‍വനത്തില്‍ നടത്തുന്ന കര്‍പ്പൂരം കത്തിക്കല്‍ തടയണമെന്ന് ആവശ്യപ്പെട്ട് യുക്തിവാദി സംഘം പ്രസിഡന്റ് സനല്‍ ഇടമറുക് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചു. 'ഭരണകൂട മായാജാല'മാണ് വര്‍ഷം തോറും ശബരിമലയില്‍ നടക്കുന്നതെന്ന് ഹരജിയില്‍ കുറ്റപ്പെടുത്തി.
 മകരജ്യോതി മനുഷ്യനിര്‍മിതമാണെന്ന കാഴ്ചപ്പാട് ശബരിമല തന്ത്രി, പന്തളം രാജകുടുംബാംഗങ്ങള്‍, നായര്‍-ഈഴവ സമുദായ നേതാക്കള്‍ എന്നിവര്‍ തുറന്നു പറഞ്ഞതിന് പിന്നാലെയാണ് സുപ്രീംകോടതിയിലെ പൊതുതാല്‍പര്യ ഹരജി. മകരജ്യോതി മനുഷ്യനിര്‍മിതമാണോ എന്ന് കേരള ഹൈകോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു. എന്നാല്‍, ഇതേക്കുറിച്ചൊരു അന്വേഷണത്തിന് തയാറല്ലെന്നും വിശ്വാസങ്ങളില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ സ്വീകരിച്ച നിലപാട്. മകരജ്യോതി തെളിയുന്ന പൊന്നമ്പലമേട് ദേശീയ കടുവ സംരക്ഷണ കേന്ദ്രങ്ങളിലൊന്നായ പെരിയാര്‍ ടൈഗര്‍ റിസര്‍വ്, ശബരിഗിരി വൈദ്യുതി പദ്ധതി എന്നിവ ഉള്‍പ്പെടുന്ന കൊടുംവനമാണ്. വൈദ്യുതി, വനംവകുപ്പുകളുടെ കൈവശത്തിലിരിക്കുന്ന ഈ ഉള്‍ക്കാട്ടിലേക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആളുകളെ രഹസ്യമായി എത്തിച്ച്, പ്രത്യേകം തയാറാക്കിയ സിമന്റ് തറയില്‍ കര്‍പ്പൂരം കത്തിക്കാന്‍ അനുവദിക്കുകയാണ് ചെയ്തുവരുന്നത്. ഇത് വന നിയമങ്ങള്‍ക്കും വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്കും ഭരണഘടനാ തത്ത്വങ്ങള്‍ക്കും എതിരാണെന്ന് ഹരജിയില്‍ പറഞ്ഞു.
 മകരവിളക്ക് കാലത്ത് മൂന്നുവിധ അമാനുഷികതകളാണ് പ്രചരിപ്പിച്ചു പോരുന്നത്. മകര ജ്യോതി, മകര സംക്രമ നക്ഷത്രം, പരുന്തു പറക്കല്‍ എന്നിവയാണ് അവ. പൊന്നമ്പലമേട്ടില്‍ കര്‍പ്പൂരം കത്തിച്ച് ദൈവിക സാന്നിധ്യത്തിന്റെ ലക്ഷണമായി തീര്‍ഥാടകരെ വിശ്വസിപ്പിക്കുന്നത് മകരം ഒന്നിനാണ്. ശാസ്താക്ഷേത്രത്തിന് അഭിമുഖമായി ഉദ്ദേശ്യം എട്ടു കിലോമീറ്റര്‍ പറക്കുംദൂരം വരുന്ന പൊന്നമ്പലമേട്ടില്‍ കര്‍പ്പൂരം കത്തിച്ച്, ഇടക്കിടെ മൂന്നുവട്ടം തുണികൊണ്ട് മറച്ച്, മിന്നിമറയുന്ന പ്രതീതി സൃഷ്ടിക്കുന്നു.
 ഈ സന്ധ്യാ നേരത്ത് പൊന്നമ്പലമേട്ടില്‍ ആകാശത്ത് നക്ഷത്രം തെളിയുന്നത് മറ്റൊരു അപൂര്‍വ വിശേഷമായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍, മകരം ഒന്നിന് മുമ്പും ശേഷവും ശുക്രനക്ഷത്രം അവിടെ ഉണ്ടാകാറുണ്ടെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. അങ്ങനെ ആകാശത്ത് പല നക്ഷത്രങ്ങളും തെളിയാറുണ്ട്. പരുന്തിന്റെ സുരക്ഷിത വിഹാര കേന്ദ്രമായ ശബരിമല ഭാഗത്ത് മകരസംക്രമ ദിനത്തില്‍ മാത്രമല്ല പരുന്തിനെ കാണാറുള്ളത്. ഇതും മുമ്പ് തെളിയിക്കപ്പെട്ടതാണ്. സര്‍ക്കാറിന്റെതടക്കം മാധ്യമങ്ങള്‍ മകരജ്യോതി ഏര്‍പ്പാടിന് കൊഴുപ്പു പകരുകയാണ് ചെയ്തുവരുന്നതെന്നും ഹരജിയില്‍ കുറ്റപ്പെടുത്തി

അജ്മീര്‍ കേസില്‍ അസിമാനന്ദയെ രാജസ്ഥാന്‍ എ.ടി.എസ് കസ്റ്റഡിയിലെടുത്തു

അജ്മീര്‍ കേസില്‍ അസിമാനന്ദയെ രാജസ്ഥാന്‍ എ.ടി.എസ് കസ്റ്റഡിയിലെടുത്തു
രാജസ്ഥാന്‍: 2007ലെ അജ്മീര്‍ ദര്‍ഗ ബോംബു സ്‌ഫോടന കേസ് പ്രതിയും തീവ്ര ഹിന്ദുത്വ ഗ്രൂപ്പായ അഭിനവ് ഭാരതിന്റെ അംഗവുമായ സ്വാമി അസിമാനന്ദ രാജസ്ഥാന്‍ ഭീകരവിരുദ്ധ സേന(എ.ടി.എസ് ) കസ്റ്റഡിയില്‍. ജനുവരി 18ന് അസിമാനന്ദക്കെതിരെ അജ്മീര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്  പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് ഹരിയാനയില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലായിരുന്ന അസിമാനന്ദയെ എ.ടി.എസ് ഏറ്റുവാങ്ങി അജ്മീറില്‍ കൊണ്ടുവരുകയായിരുന്നു. അജ്മീര്‍  ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വിക്രംസിങ്ങ് മുമ്പാകെ ഹാജരാക്കിയ അസിമാനന്ദയെ എ.ടി.എസ് കസ്റ്റഡിയില്‍  റിമാന്‍ഡ് ചെയ്യുകയായിരുന്നു. ചോദ്യംചെയ്യലിനുശേഷം അദ്ദേഹത്തെ ഞായറാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കുമെന്ന് അഡീഷനല്‍ സൂപ്രണ്ട് ഓഫ് പൊലീസ് (എ.ടി.എസ്) സത്യേന്ദ്ര സിങ് പറഞ്ഞു.
അസിമാനന്ദ ആസൂത്രണം ചെയ്തതെന്നു കരുതുന്ന അജ്മീര്‍ ദര്‍ഗ സ്‌ഫോടനത്തില്‍ മൂന്നുപേരും  അതേവര്‍ഷം ഫെബ്രുവരിയില്‍ നടന്ന സംഝോത തീവണ്ടി സ്‌ഫോടനത്തില്‍ 68പേരും കൊല്ലപ്പെട്ടിരുന്നു.ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ ഹെദരാബാദിലെ മക്കാ മസ്ജിദ് സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് അസിമാനന്ദയെ കഴിഞ്ഞവര്‍ഷം നവംബര്‍ 19തിന് സി.ബി.ഐ അറസ്റ്റു ചെയ്യുന്നത്.  2008ല്‍ നടന്ന മാലേഗാവ് സ്‌ഫോടനത്തിലും അസിമാനന്ദയുടെ പേര് ഉയര്‍ന്നുവന്നിരുന്നു

2ജി: സാക്ഷിമൊഴി നല്‍കാന്‍ സി.എ.ജിയെ കോടതി വിളിപ്പിച്ചു

ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ മുന്‍മന്ത്രി എ. രാജയെ കുറ്റവിചാരണ ചെയ്യുന്നതിന് അനുവാദം നല്‍കണമെന്ന ഹരജിയില്‍ സാക്ഷിയെന്ന നിലയില്‍ ഫെബ്രുവരി അഞ്ചിന് കോടതിയില്‍ ഹാജരാകാന്‍ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) വിനോദ് റായിയോട് പ്രത്യേക സി.ബി.ഐ കോടതി നിര്‍ദേശിച്ചു.
 രാജയെ കുറ്റവിചാരണ ചെയ്യാന്‍ അനുവാദം തേടി ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് ഹരജി നല്‍കിയത്. സ്‌പെക്ട്രം ലൈസന്‍സ് വിതരണം വഴി ഖജനാവിന് ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയത് സി.എ.ജിയാണ്.
 സ്വാമിയുടെ സ്വകാര്യ അന്യായം നിലനില്‍ക്കത്തക്കതാണെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. രാജയെ വിളിച്ചു വരുത്തുക, കേസ് നടത്തിപ്പിന് പബ്ലിക് പ്രോസിക്യൂട്ടറെ നിയോഗിക്കുക, സി.ബി.ഐയുടെയും മറ്റും സഹായം കേസ് നടത്തിപ്പില്‍ തനിക്ക് ലഭ്യമാക്കുക തുടങ്ങിയ സ്വാമിയുടെ ആവശ്യങ്ങള്‍ പിന്നീട് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ