2011, ജനുവരി 20, വ്യാഴാഴ്‌ച

മകരജ്യോതി അമാനുഷികമല്ല-ദേവസ്വം ബോര്‍ഡ്(2)വീക്കിലീക്‌സിന് സ്വിസ് ബാങ്ക് രഹസ്യങ്ങള്‍ നല്‍കിയ ആള്‍ അറസ്റ്റില്‍ (3)ജീവന്‍ ആദ്യമുണ്ടായത് ബഹിരാകാശത്ത്

മകരജ്യോതി അമാനുഷികമല്ല-ദേവസ്വം ബോര്‍ഡ്

മകരജ്യോതി അമാനുഷികമല്ല-ദേവസ്വം ബോര്‍ഡ്
കൊച്ചി: മകരജ്യോതി മനുഷ്യസൃഷ്ടിയാണോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന്  മകരജ്യോതി അമാനുഷികമാണെന്ന അവകാശവാദം ഒരിക്കലും ഉന്നയിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. എന്നാല്‍, മകരജ്യോതിയുടെ ഭാഗമായ മകരനക്ഷത്രം തെളിയുന്നുണ്ട്. അതാണ് പവിത്രമായി കണക്കാക്കുന്നത്. നക്ഷത്രം കാണാന്‍ കൂടിയാണ് ജനത്തിരക്കുണ്ടാകുന്നതെന്നും വിശ്വാസിത്തിന്റെ ഭാഗമാണിവയെന്നും ബോര്‍ഡ് പറഞ്ഞു.
മകരജ്യോതി ദര്‍ശനത്തോടനുബന്ധിച്ച് പുല്ലുമേട്ടില്‍ തിക്കിലും തിരക്കിലും പെട്ട് 102പേര്‍ മരിച്ചതിനെക്കുറിച്ചുള്ള പൊലീസ്, വനം വകുപ്പുകളുടെയും ദേവസ്വം ബോര്‍ഡിന്റെയും റിപ്പോര്‍ട്ടുകള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ദേവസ്വം ബോര്‍ഡിനോട് മകരജ്യോതിയെ കുറിച്ച് ആരാഞ്ഞത്.
മകരവിളക്കും മകരജ്യോതിയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ദേവസ്വംബോര്‍ഡ് വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു.  മതവിശ്വാസവും ആചാരവും ജനസുരക്ഷയെ ബാധിക്കുന്നുണ്ടെങ്കില്‍ നിയമം ഉണ്ടാക്കണമെന്നും അല്ലെങ്കില്‍ ഇടപെടേണ്ടിവരുമെന്നും കോടതി പറഞ്ഞു. വിശ്വാസത്തിന്റെ ഭാഗമാണെങ്കിലും മകരജ്യോതി മനുഷ്യസൃഷ്ടിയാണോയെന്ന് ജനങ്ങള്‍ അറിയണം. മരിച്ചവരില്‍ ഭൂരിഭാഗവും അന്യസംസ്ഥാനക്കാരാണ്. വിരലിലെണ്ണാവുന്ന മലയാളികള്‍ മാത്രമാണ് ദുരന്തത്തില്‍പ്പെട്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
പൊന്നമ്പലമേട്ടിലെ മൂല സ്ഥാനത്ത് പോകാന്‍ അനുമതിയുണ്ടോയെന്ന് കോടതി ചോദിച്ചു. അവിടെ ആര്‍ക്കും പോകാന്‍ പറ്റില്ലെന്ന് ദേവസ്വംബോര്‍ഡ് വ്യക്തമാക്കി. എന്നാല്‍, പോകാന്‍ പറ്റാത്തിടത്ത് ആള്‍ക്കാര്‍ മരിച്ചുവീഴുന്നത് കാണുന്നുണ്ടെന്നും നിയന്ത്രണ പ്രദേശമായ പുല്ലുമേട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞു. പൊന്നമ്പലമേട് ധനാഗമ സ്രോതസായി മാറുന്നുണ്ടോയെന്നും കോടതി സംശയം പ്രകടപ്പിച്ചു. കേസ് തിങ്കളാഴ്ച പരിഗണിക്കും.

വീക്കിലീക്‌സിന് സ്വിസ് ബാങ്ക് രഹസ്യങ്ങള്‍ നല്‍കിയ ആള്‍ അറസ്റ്റില്‍

വീക്കിലീക്‌സിന് സ്വിസ് ബാങ്ക് രഹസ്യങ്ങള്‍ നല്‍കിയ ആള്‍ അറസ്റ്റില്‍
സൂറിച്ച്: വീക്കിലീക്‌സിന് പ്രമുഖരുടെ ബാങ്കിങ് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത മുന്‍ സ്വിസ് ബാങ്കര്‍ റുഡോള്‍ഫ് എല്‍മറെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ടോടെ ഇയാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് സൂറിച്ച് കോടതി ഇയാളെ കുറ്റക്കാരനായി കണ്ടെത്തി. രാജ്യത്തിന്റെ രഹസ്യ സ്വഭാവമുള്ള നിയമങ്ങള്‍ ലംഘിച്ചുവെന്ന കുറ്റമാണ് എല്‍മര്‍ക്കെതിരെ ചുമത്തപ്പെട്ടത്. തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി വീക്കിലീക്‌സിന് നല്‍കിയതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. മൂന്നു വര്‍ഷം മുമ്പുതന്നെ ഇയാള്‍ക്ക് ജൂലിയന്‍ അസാന്‍ജുമായി ബന്ധമുണ്ട്.
ബുധനാഴ്ച നടന്ന വിചാരണയില്‍ രഹസ്യസ്വഭാവമുള്ള രേഖകള്‍ കൈമാറിയതായി ഇയാള്‍ പറഞ്ഞു. രേഖകള്‍ കൈമാറിയതിന് പണം പറ്റി, മറ്റൊരാളെ ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങള്‍ എല്‍മര്‍ നിഷേധിച്ചു. രാഷ്ട്രീയക്കാരും വ്യാപാരികളും നടത്തുന്ന കോടികളുടെ നികുതിവെട്ടിപ്പ് പുറത്തുകൊണ്ടുവരാനാണ് ശ്രമിച്ചത്. നിലവിലുള്ള സംവിധാനത്തിന് ഞാന്‍ എതിരാണ്. ഈ രഹസ്യ സംവിധാനത്തിനുള്ളില്‍ നടക്കുന്നതെന്താണെന്ന് സമൂഹം അറിയണം -എല്‍മര്‍ വ്യക്തമാക്കി.

ജീവന്‍ ആദ്യമുണ്ടായത് ബഹിരാകാശത്ത്

ജീവന്‍ ആദ്യമുണ്ടായത് ബഹിരാകാശത്ത്
ലണ്ടന്‍: ഒടുവില്‍ ശാസ്ത്രജ്ഞര്‍ അതു സ്ഥിരീകരിക്കുന്നു: ജീവന്‍ ആദ്യമുണ്ടായതു ഭൂമിയിലല്ല; ബഹിരാകാശത്താണ്. ഉല്‍ക്കകളില്‍ നാസ നടത്തിയ പുതിയ പഠനമാണ് നിര്‍ണായകമായ ഈ കണ്ടെത്തലിലേക്കു നയിച്ചത്. ജീവന്റെ അസംസ്‌കൃത ചേരുവകള്‍ വന്‍തോതില്‍ ഭൂമിയിലേക്കു വര്‍ഷിക്കപ്പെടുന്നത് ഉല്‍ക്കാപാതത്തിലൂടെയാണെന്നാണു കണ്ടെത്തിയിരിക്കുന്നത്.
ഭൂമിയില്‍ ജീവന്റെ അടിസ്ഥാനഘടകമായ അമിനോ അമ്ലങ്ങള്‍ ഉല്‍ക്കകളില്‍ ധാരാളമായി കണ്ടെത്തിയിട്ടുണ്ട്. ദര്‍പ്പണപ്രതിബിംബം പോലെ രണ്ടു തരത്തിലുള്ള തന്മാത്രകളാണ് ഉല്‍ക്കകളില്‍ നിന്നു കണ്ടെത്തിയ അമിനോ അമ്ലങ്ങളിലുള്ളത്. ഇടംകൈയെനെന്നും വലംകൈയെനെന്നുമാണ് ഇവക്കു പേരിട്ടിരിക്കുന്നത്. എന്നാല്‍, ഇടംകൈയന്‍ അമിനോ അമ്ലങ്ങള്‍ മാത്രമാണു പ്രകൃതിയില്‍ കാണപ്പെടുന്നത്.
ഈ ഇടംകൈയന്മാര്‍ ജീവനായി പരിണമിച്ചതു ബഹിരാകാശത്തു വെച്ചായിരിക്കാമെന്നാണു കണക്കാക്കപ്പെടുന്നത്. കൊച്ചുഗ്രഹങ്ങളിലെ കാലാവസ്ഥ അമിനോഅമ്ലങ്ങള്‍ക്ക് അനുകൂലഘടകങ്ങള്‍ ഒരുക്കിക്കൊടുത്തിട്ടുണ്ടാവണം. ഉല്‍ക്കാപാതം വഴി ഈ ജീവാംശം ഭൂമിയിലെത്തുകയും ചെയ്തു. ചരിത്രാതീതകാലത്ത് ഭൂമി വന്‍ ഉല്‍ക്കാപാതങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നാണു ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ