2011, ഫെബ്രുവരി 2, ബുധനാഴ്‌ച

ദുര്‍മന്ത്രവാദം പേടിച്ച് യെദിയൂരപ്പ; ഉറക്കം വസ്ത്രങ്ങള്‍ ഉപേക്ഷിച്ച്

ദുര്‍മന്ത്രവാദം പേടിച്ച് യെദിയൂരപ്പ; ഉറക്കം വസ്ത്രങ്ങള്‍ ഉപേക്ഷിച്ച്

ദുര്‍മന്ത്രവാദം പേടിച്ച് യെദിയൂരപ്പ; ഉറക്കം വസ്ത്രങ്ങള്‍ ഉപേക്ഷിച്ച്
ബംഗളൂരു: രണ്ടരവര്‍ഷം മുമ്പ് അധികാരത്തിലെത്തിയത് മുതല്‍ പ്രശ്‌നങ്ങളില്‍നിന്ന് പ്രശ്‌നങ്ങളിലേക്ക് യാത്ര തുടരുന്ന കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ ഒടുവില്‍ അഭയം കണ്ടെത്തുന്നത് മന്ത്ര തന്ത്രങ്ങളിലും പൂജാദികര്‍മങ്ങളിലുമെന്ന് റിപ്പോര്‍ട്ട്. ദുര്‍മന്ത്രവാദത്തില്‍ നിന്ന് രക്ഷപ്പെടാനായി വസ്ത്രങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ച് വെറും നിലം സപ്രമഞ്ചമാക്കിയതായും മുഖ്യമന്ത്രിയുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് സി.എന്‍.എന്‍-ഐ.ബി.എന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
   ദുര്‍മന്ത്രവാദത്തിലൂടെതന്നെ കൊല്ലാനും അധികാരത്തില്‍നിന്ന് പുറത്താക്കാനും ചിലര്‍ ശ്രമിക്കുന്നതായി ആരോപിച്ച് രണ്ടുദിവസത്തിനകമാണ് പരിഹാര ക്രിയകളുമായി യെദിയൂരപ്പ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
 നഗ്‌നനായി തറയില്‍ കിടന്നുറങ്ങുകയും നഗ്‌നനായി നദിയില്‍ മുങ്ങി സൂര്യനമസ്‌കാരം നടത്തുകയും വിവിധ പൂജകളില്‍ മുഴുകുകയും ചെയ്താല്‍ ദുര്‍മന്ത്രവാദത്തില്‍നിന്ന് രക്ഷപ്പെടാമെന്നാണ് വിവിധ പൂജാരിമാര്‍ യെദിയൂരപ്പക്ക് ഉപദേശം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി ഇതിനുള്ള ഒരുക്കം തുടങ്ങിയതായും നഗ്‌നനായി തറയില്‍ ഉറക്കം തുടങ്ങിയതായും പറയുന്നു.
മൂന്ന് ദിവസം തുടര്‍ച്ചയായി നഗ്‌നനായി ഉറങ്ങുക, രണ്ട് ദിവസം നദിയില്‍ നഗ്‌നനായിനിന്ന് സൂര്യനമസ്‌കാരം ചെയ്യുക, മൈസൂര്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ സഹസ്ര ചണ്ഡികാ യജ്ഞവും ലക്ഷ മോദക ഗണപതി ഹോമവും നടത്തുക തുടങ്ങിയവയാണ് വിവിധ പൂജാരികള്‍ പരിഹാര ക്രിയകളായി നിര്‍ദേശിച്ചിരിക്കുന്നതത്രെ.
 ഫെബ്രുവരി എട്ടിനും പത്തിനുമിടയില്‍ പൂര്‍ണനഗ്‌നനായുള്ള സൂര്യ നമസ്‌കാരം ആരംഭിക്കാനും പൂജാരിമാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ കുടുംബ പൂജാരിയായ ഭാനുപ്രകാശ് ശര്‍മയാണ് പൂജാദി കര്‍മങ്ങള്‍ സംബന്ധിച്ച് പ്രധാനമായും ഉപദേശം നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ യാത്രകള്‍ സംസ്ഥാനത്ത് മാത്രമായി ഒതുക്കാനും നിര്‍ദേശിച്ചതായി ശര്‍മ പറഞ്ഞു. ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 15 വരെ അപകീര്‍ത്തികരമായ സംഭവങ്ങള്‍ മുഖ്യമന്ത്രി നേരിടേണ്ടി വരും.
കടുത്ത വിശ്വാസിയായ യെദിയൂരപ്പ ക്ഷേത്രങ്ങളിലും മഠങ്ങളിലും സന്ദര്‍ശനം നടത്തുന്നതും വന്‍ തുക സംഭാവന നല്‍കുന്നതും പതിവായിരുന്നു.
അതേസമയം, ദുര്‍മന്ത്രവാദത്തിലൂടെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായുള്ള യെദിയൂരപ്പയുടെ തിങ്കളാഴ്ചത്തെ പ്രസ്താവന വീണ്ടും നിയമക്കുരുക്കില്‍ ചാടിച്ചിരിക്കുകയാണ്.
യെദിയൂരപ്പക്കെതിരെ മാനനഷ്ട േകസോ ക്രിമിനല്‍ കേസോ കൊടുക്കുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ ആറു കോടി ജനങ്ങളെ രക്ഷിക്കേണ്ട മുഖ്യമന്ത്രി ദുര്‍മന്ത്രവാദത്തിലും ആഭിചാര ക്രിയയിലും വിശ്വസിച്ച് അവയെ പേടിച്ച് നടക്കുന്നതിനെതിരെയും വിമര്‍ശം ശക്തമായിട്ടുണ്ട്.

എ. രാജ പാര്‍ട്ടി സ്ഥാനം രാജിവെച്ചതായി സൂചന

എ. രാജ പാര്‍ട്ടി സ്ഥാനം രാജിവെച്ചതായി സൂചന
ചെന്നൈ: സ്പെക്ട്രം അഴിമതിയുടെ പേരില്‍ ഇന്നലെ സി.ബി.ഐ അറസ്റ്റുചെയ്ത മുന്‍ ടെലികോം മന്ത്രി എ. രാജ,  ഡി.എം.കെ സെക്രട്ടറി സ്ഥാനം രാജിവെച്ചതായി സൂചന. പാര്‍ട്ടി നേതൃത്വത്തിന് രാജ രാജിക്കത്ത് നല്‍കിയതായാണ് വിവരം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചെന്നെയില്‍ നടക്കുന്ന ഡി.എം .കെ ജനറല്‍ കൌണ്‍സില്‍ യോഗത്തിന്റെ മുഖ്യ അജണ്ട രാജയുടെ അറസ്റ്റാണ്.

ജയിലില്‍ കഴിയുന്ന നിരപരാധികളുടെ മോചനം എന്റെ നിയോഗം -കലീം

 ജയിലില്‍ കഴിയുന്ന നിരപരാധികളുടെ മോചനം എന്റെ നിയോഗം -കലീം
കൊച്ചി: തീവ്രവാദം ഇസ്‌ലാമിന്റെ സൃഷ്ടിയല്ലെന്ന സന്ദേശം പൊതുജനങ്ങളിലെത്തിക്കലാണ് തന്റെ ദൗത്യമെന്ന് 2007 ലെ ഹൈദരാബാദ് മക്കാമസ്ജിദ് സ്‌ഫോടനത്തിലെ യഥാര്‍ഥ വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവരുന്നതിന് നിമിത്തമായി മാറിയ അബ്ദുല്‍ കലീം. കലീമിന്റെ നിഷ്‌കളങ്കതയും നിരപരാധിത്വവും തിരിച്ചറിഞ്ഞാണ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആര്‍.എസ്.എസ് നേതാവ് സ്വാമി അസിമാനന്ദ അന്വേഷണ സംഘത്തിന് മുമ്പാകെ വസ്തുതകള്‍ തുറന്ന് സമ്മതിച്ചത്.
നിരപരാധികളെ കൊല്ലുന്ന പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും ഇസ്‌ലാം അംഗീകരിക്കുന്നില്ല. മക്കാ മസ്ജിദ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏല്‍ക്കണമെന്നാവശ്യപ്പെട്ട് കൊടിയ പീഡനങ്ങളേല്‍പ്പിച്ചപ്പോഴും താന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത് ഇതുതന്നെയാണെന്ന് കലീം വ്യക്തമാക്കി. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പെരുമ്പാവൂരില്‍ സംഘടിപ്പിച്ച ഭീകരവിരുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കലീം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
പശ്ചാത്താപബോധം തോന്നി സ്വാമി അസിമാനന്ദ കുറ്റം ഏറ്റുപറഞ്ഞപ്പോള്‍ രക്ഷപ്പെട്ടത് മുസ്‌ലിം സമുദായം മാത്രമല്ല, രാജ്യമാകെയാണ്.
രാജ്യത്തെ പ്രബല മതവിഭാഗങ്ങള്‍ പരസ്‌പരം സംശയിക്കുന്ന അവസ്ഥ നാടിന്റെ വളര്‍ച്ചയെത്തന്നെ ബാധിച്ചിരുന്നു.
രാജ്യത്ത് എവിടെ സ്‌ഫോടനമുണ്ടായാലും മുസ്‌ലിം തീവ്രവാദികളാണ് അതിന്റെ പിന്നിലെന്ന് പ്രചരിപ്പിക്കുന്ന വലിയൊരു സംഘം തന്നെയുണ്ട്. എന്നാല്‍, ഇതല്ല വസ്തുത. ഹിന്ദുവായാലും ഇസ്‌ലാമായാലും ഒരു മതവും തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നില്ല. സാഹചര്യങ്ങളാണ് തീവ്രവാദികളെ സൃഷ്ടിക്കുന്നത്.
താന്‍ മാത്രം ജയിലില്‍നിന്ന് പുറത്തുവന്നതുകൊണ്ട് കാര്യമില്ല. ചെയ്യാത്ത കുറ്റത്തിന്  നൂറുകണക്കിന് ആളുകള്‍ രാജ്യത്തെ വിവിധി ജയിലുകളില്‍ കഴിയുന്നുണ്ട്. കേരളത്തിലുമുണ്ട് അത്തരം സംഭവങ്ങള്‍. ചെയ്യാത്ത കുറ്റത്തിന് വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞ അബ്ദുന്നാസിര്‍ മഅ്ദനി വീണ്ടും ജയിലിലായതും ഇങ്ങനെ തന്നെ. മഅ്ദനിയുടെ മോചനത്തിനായുള്ള പോരാട്ടങ്ങളില്‍ തന്നാല്‍ കഴിയും വിധം പങ്കാളിയാകും. ജയിലില്‍ കഴിയുന്ന നിരപരാധികളുടെ മോചനത്തിനായി പ്രവര്‍ത്തിക്കുകയെന്നതാണ് തന്റെ ഇനിയുള്ള ജീവിത നിയോഗം.
മക്കാ മസ്ജിദ് സ്‌ഫോടനത്തിന്റെ പേരില്‍ 2007ല്‍ 19ാം വയസ്സിലാണ് താന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. മെഡിസിന് പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അത്. 18 മാസം ജയിലിലടച്ചശേഷമാണ് തന്നെ വിട്ടയച്ചത്. മെഡിസിന്‍ പഠനം തുടരാനുള്ള ശ്രമവും അധികൃതര്‍ തടഞ്ഞു. താന്‍ സ്‌ഫോടനമുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചയാളാണെന്ന് പൊലീസ് കോളജ് അധികൃതരോട് പറഞ്ഞു. അതോടെ പഠനം നിലച്ചതിനെ ത്തുടര്‍ന്ന് നിയമ പഠനത്തിന് ചേര്‍ന്നു. അതിനിടെയാണ് ജയിലിലുള്ള സഹോദരനെ സന്ദര്‍ശിച്ചപ്പോള്‍ സിം കാര്‍ഡ് കൈമാറിയെന്ന കള്ളക്കേസ് ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തത്. തന്നെ ജയിലിലടച്ചതോടെ കുടുംബത്തെ വാടകവീട്ടില്‍നിന്ന് ഇറക്കിവിട്ടു. കയറിക്കിടക്കാനുള്ള ഇടംതേടി മാതാവിന് അലയേണ്ടിവന്നു. ഇനിയും ശിക്ഷയനുഭവിക്കുന്നവരുടെ മോചനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിനായി താന്‍ നിയമപഠനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ സുഹൈല്‍ ഹാഷിം, കെ.എ ഫൈസല്‍, എസ്.എം. സൈനുദ്ദീന്‍, എസ്.എ. അജിംസ്, മുഹമ്മദ് ഉമര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

ആശയക്കുഴപ്പമുണ്ടാക്കി ലീഗിനെ തകര്‍ക്കാന്‍ സമ്മതിക്കില്ല -മുനീര്‍

ആശയക്കുഴപ്പമുണ്ടാക്കി ലീഗിനെ തകര്‍ക്കാന്‍ സമ്മതിക്കില്ല -മുനീര്‍
കോഴിക്കോട്: മുസ്‌ലിംലീഗില്‍ പ്രതിസന്ധിയുണ്ടെന്ന് വരുത്തിതീര്‍ത്ത് വെള്ളംകലക്കി മീന്‍പിടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ഡോ. എം.കെ. മുനീര്‍ പ്രസ്താവനയില്‍ ആരോപിച്ചു. അതുകൊണ്ടാണ് ചിലര്‍ എന്നെ അവരുടെ പ്രസ്ഥാനങ്ങളിലേക്ക് ക്ഷണിക്കുന്നത്. മുസ്‌ലിംലീഗ് എന്റെ തറവാടാണ്. ഭൂമിയില്‍ പിറന്നുവീണ് ബാങ്കൊലി കേട്ടശേഷം പിന്നെ കേട്ട ശബ്ദം 'മുസ്‌ലിംലീഗ് സിന്ദാബാദ്' എന്നതാണ്. എന്റെ സിരകളിലോടുന്ന രക്തം ലീഗിന്‍േറതാണ്.  അതുകൊണ്ട് തന്നെ എന്റെ അവസാന ശ്വാസംവരെ ഞാനീ പ്രസ്ഥാനത്തിന്റെ സേവകനായിരിക്കുമെന്നും മുനീര്‍ പറഞ്ഞു.
എല്ലാ പ്രതിസന്ധികളെയും തരണംചെയ്ത് ലീഗ് മുന്നോട്ടുപോകും.   ഈ പ്രസ്ഥാനത്തിന്റെ അസൂയാവഹമായ വളര്‍ച്ചയും ഐക്യവും കണ്ട് അസഹ്യതപൂണ്ടവരാണ് പ്രശ്‌നം കൂടുതല്‍ വഷളാക്കാന്‍ ശ്രമിക്കുന്നത്. പുരുഷായുസ്സ് എന്റെ പിതാവ് ജീവിച്ച് തീര്‍ത്തത് മുസ്‌ലിംലീഗിനുവേണ്ടിയായിരുന്നു.  ആ ജീവിതമാണ് എന്റെ മുന്നിലുള്ള മാതൃകയെന്നും മുനീര്‍ വ്യക്തമാക്കി.

ഈജിപ്തില്‍ എറ്റുമുട്ടല്‍ തുടരുന്നു: മൂന്ന് മരണം, 1,500 പേര്‍ക്ക് പരിക്ക്

ഈജിപ്തില്‍ എറ്റുമുട്ടല്‍ തുടരുന്നു: മൂന്ന് മരണം, 1,500 പേര്‍ക്ക് പരിക്ക്
കൈറോ: അനുദിനം രൂക്ഷമാവുന്ന ഈജിപ്തിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭം പുതിയ തലങ്ങളിലേക്ക്. ഹുസ്‌നി മുബാറകിനെ അനുകൂലിക്കുന്നവരും മുബാറക് വിരുദ്ധരായ പ്രക്ഷോഭകരും തമ്മില്‍ കൈറോയില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 1,500 ലേറെ േപര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആഴ്ചയിലധികമായി തുടരുന്ന പ്രക്ഷോഭത്തിനിടെ ഇരു വിഭാഗവും തമ്മില്‍ നടക്കുന്ന ആദ്യത്തെ സംഘട്ടനമാണിത്.
ബുധനാഴ്ച വൈകീട്ടോടെയാണ് കൈറോയിലെ തെഹ്‌രി സ്‌ക്വയറില്‍ മുബാറക് അനുകൂലികളും ഭരണകൂട വിരുദ്ധ പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്. സംഘര്‍ഷത്തില്‍ മൂന്ന്  കുതിരകളും ഒട്ടകങ്ങളുമായെത്തിയ മുബാറക് അനുകൂലികള്‍ തഹ്‌രീര്‍ സ്‌ക്വയറില്‍ തടിച്ചു കൂടിയ ആയിരങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. റോഡിലെ ബാരിക്കടുകള്‍ തകര്‍ത്താണ് അനുകൂലികള്‍ ആയിരങ്ങളെ ആക്രമിക്കാനൊരുങ്ങിയത്. തുടര്‍ന്ന്  ഇരുപക്ഷത്തുനിന്നും കല്ലേറുണ്ടായി.
ചുറ്റുമുള്ള കെട്ടിടത്തില്‍ നിന്ന് തെഹ്‌രിസ്‌ക്വയറിലേക്ക് ചിലര്‍ നാടന്‍ ബോംബുകള്‍ എറിയുന്നതായി അല്‍ജസീറ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ക്വയറില്‍ നിന്ന് തുടരെ തുടരെ വെടിയൊച്ചകളും കേള്‍ക്കുന്നുണ്ട്.
വാളും വടിയേുമന്തി വന്ന മുബാറക് അനുകൂലികളെ തെഹ്‌റി സ്‌ക്വയറിലേക്ക് കടക്കാന്‍ സൈന്യം അനുവദിക്കുകയായിരുന്നു എന്നാണ് ഒരു വിഭാഗം ജനങ്ങള്‍ പറയുന്നത്. എന്നാല്‍ പ്രക്ഷോഭകരെ അടിച്ചൊതുക്കാന്‍ ഹുസ്‌നി മുബാറക് തന്റെ ഗുണ്ടകളെ പറഞ്ഞയച്ചതായി മറു വിഭാഗം വിശ്വസിക്കുന്നു.
സംഘര്‍ഷം ഉണ്ടാവാന്‍ സൈന്യത്തിന്റെ നിലപാട് സഹായിച്ചതായാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഏറ്റുമുട്ടലില്‍  സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരിയ മുന്‍തൂക്കം ഉള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുള്ള ആംബുലന്‍സ് സൗകര്യവും മറ്റു വൈദ്യ സഹായങ്ങളും ലഭ്യമായിട്ടില്ലെന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ പറയുന്നു. പരിക്കേറ്റവര്‍ക്ക് ഡെറ്റോള്‍ മാത്രമാണ് ഇപ്പോള്‍ ഉപേയോഗിക്കുന്നത്. ലഭ്യമായ ക്ലിനിക്കുകളിലാവട്ടെ പരിക്കേറ്റവരുടെ ഒഴുക്ക് കാരണം ഡോക്ടര്‍മാരും നഴ്‌സുമാരും ബുദ്ധിമുട്ടുകയാണ്.ഇരു വിഭാഗവും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു.
അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കില്ലെന്ന് പ്രസിഡന്റ് ഹുസ്‌നി മുബാറക് ചൊവ്വാഴ്ച രാത്രി വ്യക്തമാക്കിയിട്ടരുന്നു. എന്നാല്‍ മൂന്ന് പതിറ്റാണ്ട് കാലത്തെ ഏകാധിപത്യഭരണം അവസാനിപ്പിച്ച് മുബാറക് രാജിവെക്കുന്നതുവരെ സമരം തുടരുമെന്നാണ്     പ്രക്ഷോഭകര്‍ പറയുന്നത്. കൊച്ചുകുഞ്ഞുങ്ങളെ എടുത്ത അമ്മമാര്‍ ഉള്‍പ്പെടെയുള്ള ആബാല വൃദ്ധം ജനങ്ങളാണ് ഒമ്പതാം ദിവസവും തഹ്‌രീര്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയിരുന്നത്. രാജ്യത്തെ മറ്റ് നഗരങ്ങളിലും ജനങ്ങള്‍ പ്രക്ഷോഭം നടക്കുന്നുണ്ട്.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ