2012, ഒക്‌ടോബർ 30, ചൊവ്വാഴ്ച

പത്ര വാര്‍ത്തകളിലൂടെ....(ഒന്ന്)

'മാധ്യമ'ത്തില്‍ നിന്നും.

പൈലറ്റിനെയും ജീവനക്കാരെയും ബന്ദിയാക്കിയതു തന്നെയെന്ന് എയര്‍ ഇന്ത്യ

പൈലറ്റിനെയും ജീവനക്കാരെയും ബന്ദിയാക്കിയതു തന്നെയെന്ന് എയര്‍ ഇന്ത്യ
തിരുവനന്തപുരം: പൈലറ്റിനെയും ജീവനക്കാരെയും ബന്ദിയാക്കിയതും ആക്രമിച്ചതുമാണ് ‘വിമാന റാഞ്ചല്‍’ വിവാദത്തിന് കാരണമായതെന്ന് എയര്‍ഇന്ത്യ.
തങ്ങളുടെ കുറ്റങ്ങളെല്ലാം മറച്ച് യാത്രക്കാരെ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് എയര്‍ഇന്ത്യ അധികൃതര്‍. അബൂദബി-കൊച്ചി എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് അന്വേഷിച്ച വ്യേമായാന മേഖലാ ഡയറക്ടര്‍ ശരത്ശ്രീനിവാസനും കേരളാ പൊലീസിനും നല്‍കിയ മൊഴികളിലാണ് എയര്‍ഇന്ത്യ ഉദ്യോഗസ്ഥര്‍ യാത്രക്കാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യാത്രക്കാര്‍ക്കെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും എയര്‍ഇന്ത്യയുടെ നടപടിയും നിലപാടും യാത്രക്കാര്‍ക്കെതിരാണെന്നതാണ് വസ്തുത. നിലവില്‍ പൈലറ്റിന്‍െറ പരാതിയില്‍ ആറ് യാത്രക്കാരെ പ്രതി ചേര്‍ത്ത് വലിയതുറ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രസിഡന്‍റിന്‍െറ സന്ദര്‍ശനം പ്രമാണിച്ച് രണ്ട് ദിവസമായി കാര്യമായ അന്വേഷണമൊന്നും നടക്കുന്നില്ലെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
എന്നാല്‍ എയര്‍ഇന്ത്യയാണ് പരാതിക്കാര്‍ എന്നതിനാല്‍ യാത്രക്കാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണവുമായി മുന്നോട്ട് പോകാന്‍ പൊലീസ് നിര്‍ബന്ധിതമാകുമെന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
കേസിന്‍െറ തുടര്‍നടപടികളുമായി പൊലീസ് മുന്നോട്ട് പോകുകയാണെങ്കില്‍ യാത്രക്കാരില്‍ പലര്‍ക്കും മടക്കയാത്ര ബുദ്ധിമുട്ടാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. യാത്രക്കാര്‍ ആവശ്യമില്ലാതെയാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. വിമാനത്തിന്‍െറ കോക്പിറ്റിലേക്ക് യാത്രക്കാര്‍ തള്ളിക്കയറിയെന്നും അത് തടയാന്‍ ശ്രമിച്ച രണ്ട് ജീവനക്കാരെ കൈയേറ്റം ചെയ്തെന്നുമാണ് എയര്‍ഇന്ത്യ ആരോപിക്കുന്നത്.
വിമാനത്തിന്‍െറ മുന്‍ഭാഗത്തിരുന്ന 20 ഓളം ജീവനക്കാര്‍ കോക്പിറ്റിലേക്ക് ഇടിച്ചുകയറി, ചിലര്‍ വിമാനത്തിന്‍െറ വശങ്ങളില്‍ ഇടിച്ചു. യാത്രക്കാരെ ശാന്തരാക്കാന്‍ ശ്രമിച്ച ജീവനക്കാരെ മര്‍ദിക്കുകയും അസഭ്യം കൊണ്ട് പൊതിയുകയുമാണുണ്ടായത്. കോക്പിറ്റിലെത്തിയവര്‍ പൈലറ്റിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എയര്‍ ഇന്ത്യ പറയുന്നു.
പൈലറ്റ് ഉള്‍പ്പെടെ ആറ് വിമാനജീവനക്കാരെയും രണ്ട് ജീവനക്കാരെയും യാത്രക്കാര്‍ ബന്ദികളാക്കിയെന്നും പ്രതിഷേധക്കാര്‍ വിമാനത്തില്‍ നിന്നിറങ്ങി ഗോവണിയില്‍ ഇരുന്നതിനാല്‍ ഗോവണിക്ക് കേടുപറ്റിയെന്നും മറ്റ് ചിലര്‍ പാര്‍ക്കിങ് ഏരിയയിലേക്ക് ഇറങ്ങിയതായും എയര്‍ഇന്ത്യ ആരോപിക്കുന്നു.
എയര്‍ഇന്ത്യ എയര്‍പോര്‍ട്ട് മാനേജര്‍, ഡ്യൂട്ടി മാനേജര്‍, സെക്യൂരിറ്റി മാനേജര്‍, കമേഴ്സ്യല്‍ സ്റ്റാഫ്, ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ജീവനക്കാരന്‍ എന്നിവരാണ് മൊഴി നല്‍കിയത്. വനിതാപൈലറ്റ് രൂപാലിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആറ് യാത്രക്കാര്‍ക്കെതിരെ വലിയതുറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പൈലറ്റിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനും ജീവനക്കാരെ ആക്രമിച്ചതിനും വധശ്രമത്തിനുമൊക്കെ കേസെടുക്കണമെന്ന നിലപാടിലാണ് എയര്‍ഇന്ത്യയെന്നാണ് അറിയുന്നത്.
പൈലറ്റിന്‍െറ മൊഴി പൂര്‍ണമായും രേഖപ്പെടുത്തിയിട്ടില്ലെന്നും അത് കൂടി രേഖപ്പെടുത്തിയ ശേഷം മാത്രമേ കുറ്റം ചുമത്താന്‍ കഴിയൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി ‘മൗനി’മോഹന്‍ സിങ് ആണെന്ന് മോഡി

പ്രധാനമന്ത്രി ‘മൗനി’മോഹന്‍ സിങ് ആണെന്ന് മോഡി

മാണ്ഡി (ഹിമാചല്‍ പ്രദേശ്): വിലക്കയറ്റത്തെക്കുറിച്ചും പണപ്പെരുപ്പത്തെക്കുറിച്ചും ഒന്നുമുരിയാടാത്ത പ്രധാനമന്ത്രി ‘മൗനി’മോഹന്‍ സിങ് ആണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.പി.എ സര്‍ക്കാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച മോഡി മന്‍മോഹന്‍ സിങ്ങും സോണിയ ഗാന്ധിയും പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം അപ്രാപ്യരാണെന്നും കുറ്റപ്പെടുത്തി. സാധാരണക്കാരായ ഇന്ത്യക്കാരുടെ അടുക്കളയെ കുറിച്ച് അറിയാത്തയാളാണ് സോണിയ. അറിയുമായിരുന്നെങ്കില്‍ പാചകവാതകത്തിന് വില കുത്തനെ ഉയര്‍ത്തിയാല്‍ അവര്‍ അനുവദിക്കുമായിരുന്നില്ല.
പുതിയതായി ചുമതലയേറ്റ മന്ത്രി ശശി തരൂരിനെയും മോഡി വെറുതെ വിട്ടില്ല. തരൂരിന്‍െറ ഭാര്യയെ പരാമര്‍ശിച്ച് അവര്‍ തരൂരിനെ സംബന്ധിച്ചിടത്തോളം 50 കോടിയുടെ ഗേള്‍ഫ്രന്‍ഡാണെന്ന് കളിയാക്കി. യു.പി.എ മന്ത്രി സഭയില്‍ അഴിമതി കാണിക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്ന രീതിയാണെന്നും സല്‍മാന്‍ ഖുര്‍ശിദിന്‍െറ വകുപ്പ് മാറ്റത്തെ പരാമര്‍ശിച്ചുകൊണ്ട് മോഡി പറഞ്ഞു. നിയമമന്ത്രിയായിരുന്ന ഖുര്‍ശിദ് പുന$സംഘടനയെ തുടര്‍ന്ന് വിദേശകാര്യമന്ത്രിയായി ചുമതലയേറ്റിരുന്നു.
ഹിമാചലില്‍ അടുത്ത ഞായറാഴ്ച തെരഞ്ഞെടുപ്പ് നടക്കും.
 

സുനന്ദാ പുഷ്കര്‍ക്കുനേരെ കൈയേറ്റ ശ്രമം

സുനന്ദാ പുഷ്കര്‍ക്കുനേരെ കൈയേറ്റ ശ്രമം
ശശിതരൂരിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണത്തിനിടെ തിരക്കില്‍പെട്ട ഭാര്യ സുനന്ദ പുഷ്ക്കര്‍ ക്ഷുഭിതയായപ്പോള്‍
തിരുവനന്തപുരം: കേന്ദ്രമന്ത്രി ശശി തരൂരിന് നല്‍കിയ സ്വീകരണത്തില്‍ ഭാര്യ സുനന്ദ പുഷ്കര്‍ക്കു നേരെ കൈയേറ്റ ശ്രമം. സത്യപ്രതിജ്ഞക്കുശേഷമെത്തിയ കേന്ദ്ര മാനവശേഷി വികസന സഹമന്ത്രി തരൂരിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് സുനന്ദാ പുഷ്കക്കു നേരെ കൈയേറ്റ ശ്രമമുണ്ടായത്. മന്ത്രിയെ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നതിനിടെ ഒറ്റപ്പെട്ടുപോയപ്പോഴാണ് സുനന്ദയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ഇതില്‍ പ്രകോപിതയായ ഇവര്‍ പ്രവര്‍ത്തകര്‍ക്കുനേരെ തട്ടിക്കയറി. ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ ഇവരെ മന്ത്രിക്കൊപ്പം കാറില്‍ കയറ്റി വിമാനത്താവളത്തിന് പുറത്തേക്കയച്ചു. കാര്‍ വീണ്ടും പുറത്തുകൂടി വിമാനത്താവളത്തിനകത്തെത്തിയാണ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്.

 

******************

മന്ത്രിസഭാ പുന$സംഘടന വിവാദത്തില്‍

മന്ത്രിസഭാ പുന$സംഘടന വിവാദത്തില്‍
വകുപ്പുമാറ്റത്തില്‍ ഖേദമില്ല -ജയ്പാല്‍ റെഡ്ഡി
ന്യൂദല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുന$സംഘടന വിവാദത്തില്‍. അഴിമതി ആരോപണം നേരിടുന്ന ഘട്ടത്തില്‍തന്നെ സല്‍മാന്‍ ഖുര്‍ശിദിനെ വിദേശകാര്യ മന്ത്രിയാക്കി ഉയര്‍ത്തിയതും, പെട്രോളിയം മന്ത്രാലയത്തില്‍നിന്ന് ജയ്പാല്‍ റെഡ്ഡിയെ അപ്രധാനമായ ശാസ്ത്ര-സാങ്കേതിക വകുപ്പിലേക്ക് ഒതുക്കിയതുമാണ് പ്രധാനമായും വിമര്‍ശത്തിന് ഇടയാക്കിയത്. യു.പിയില്‍ സ്വന്തം നിയന്ത്രണത്തിലുള്ള ട്രസ്റ്റിന്‍െറ പേരില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണമാണ് സല്‍മാന്‍ ഖുര്‍ശിദിനെ വേട്ടയാടുന്നത്. സാമൂഹികപ്രവര്‍ത്തകനായ അരവിന്ദ് കെജ്രിവാള്‍ അഴിമതി ആരോപണം ഉയര്‍ത്തിയ ഘട്ടത്തില്‍തന്നെ ഖുര്‍ശിദിന് സ്ഥാനക്കയറ്റം നല്‍കിയതിനെ സമാജ്വാദി പാര്‍ട്ടിയടക്കം വിമര്‍ശിച്ചു.
മന്ത്രിസഭാ പുന$സംഘടനയില്‍ ഗൂഢാലോചനയുണ്ടെന്നാണ് കെജ്രിവാളിന്‍െറ ആരോപണം. അഴിമതിക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി അഴിമതിക്കാര്‍ നിയന്ത്രിക്കുന്ന സര്‍ക്കാറാണിതെന്ന സന്ദേശമാണ് പുന$സംഘടന നല്‍കുന്നതെന്നും കെജ്രിവാള്‍ ആരോപിച്ചു.
റിലയന്‍സിന്‍െറ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്തതുകൊണ്ടാണ് ജയ്പാല്‍ റെഡ്ഡിയെ പെട്രോളിയം മന്ത്രാലയത്തില്‍നിന്ന് മാറ്റിയതെന്ന ആരോപണം ശക്തമാണ്. റെഡ്ഡിയെ മാറ്റിയത് ചോദ്യംചെയ്ത് ബി.ജെ.പി രംഗത്തുവന്നു. ഈ ഒതുക്കലിന്‍െറ കാരണം സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. വീരപ്പ മൊയ്ലിയാണ് പുതിയ പെട്രോളിയം മന്ത്രി. തിങ്കളാഴ്ച രാവിലെ പുതിയ ചുമതല ഏറ്റെടുക്കാന്‍ പെട്രോളിയം മന്ത്രാലയത്തില്‍ മൊയ്ലി എത്തിയപ്പോള്‍, സ്ഥാനമൊഴിയുന്ന മന്ത്രി ഉണ്ടായിരുന്നില്ല. ഇത് ജയ്പാല്‍ റെഡ്ഡിയുടെ അമര്‍ഷം വ്യക്തമാക്കി. എന്നാല്‍, പുതിയ മന്ത്രി സ്ഥാനമേല്‍ക്കാന്‍ എത്തുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് റെഡ്ഡി വിശദീകരിച്ചു.
പുന$സംഘടനയില്‍ ഒതുക്കപ്പെട്ടെങ്കിലും, അതു കാര്യമാക്കാതെയാണ് ജയ്പാല്‍ റെഡ്ഡി തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരെ നേരിട്ടത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി മികച്ച ബന്ധമാണുള്ളതെന്ന് അദ്ദേഹം വിശദീകരിച്ചു. വിശ്വസ്തനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനും സത്യസന്ധനായ മന്ത്രിയുമായി തുടരും. വകുപ്പ് അനുവദിക്കുന്നത് പ്രധാനമന്ത്രിയുടെ അധികാരത്തില്‍ പെട്ട കാര്യമാണ്. ഏതെങ്കിലും വകുപ്പിനുവേണ്ടി താന്‍ സമ്മര്‍ദം ചെലുത്തിയിട്ടുമില്ല.
വ്യവസായ ലോബിയുടെ സമ്മര്‍ദമാണ് റെഡ്ഡിയുടെ വകുപ്പുമാറ്റമെന്ന വാര്‍ത്തകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ജയ്പാല്‍ റെഡ്ഡി ഒഴിഞ്ഞുമാറി. മാനവശേഷി വികസന മന്ത്രാലയം കൈവിട്ടുപോയതില്‍ കപില്‍ സിബലിനും നീരസമുണ്ടെന്നാണ് വിവരം. സര്‍ക്കാറിന്‍െറ രക്ഷകനായി ചമഞ്ഞുനിന്ന സിബലിന് പ്രധാന വകുപ്പ് നഷ്ടപ്പെട്ടത് അപ്രതീക്ഷിതമായാണ്. പ്രതിരോധ സഹമന്ത്രി മാത്രമായിരുന്ന പല്ലം രാജുവിന് പൊടുന്നനെ കാബിനറ്റ് പദവിയും സുപ്രധാനമായ മാനവശേഷി വികസനവും നല്‍കിയതും അമ്പരപ്പിക്കുന്ന തീരുമാനമായിരുന്നു.
മഹാരാഷ്ട്രയിലെ കോണ്‍ഗ്രസുകാര്‍ രോഷത്തിലാണ്. വിലാസ്റാവു ദേശ്മുഖിന്‍െറ നിര്യാണം മൂലമുള്ള ഒഴിവ് മഹാരാഷ്ട്രയില്‍നിന്നുതന്നെ നികത്തിയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ