2012, നവംബർ 30, വെള്ളിയാഴ്‌ച

NO COMMENT-9 01/12/12

From Madhyamam Online News...

വേണ്ട, ആറന്മുള വിമാനത്താവളം

ഈജിപ്തില്‍ പുതിയ ഭരണഘടനയുടെ കരടിന് അംഗീകാരം

വിക്കിലീക്സ് കേസ്: കൂട്ടിലടച്ച് പീഡിപ്പിച്ചെന്ന് യു.എസ് സൈനികന്‍

ആഹ്ളാദത്തിമിര്‍പ്പില്‍ ഗസ്സയും വെസ്റ്റ്ബാങ്കും

ഫലസ്തീന്‍ രാഷ്ട്രസാഫല്യത്തിന് ഇനി ഒരു ചുവടുമാത്രം

ഫലസ്തീന്‍ രാഷ്ട്രസാഫല്യത്തിന് ഇനി ഒരു ചുവടുമാത്രം
റാമല്ല: ഇസ്രായേലിന്‍െറ നയതന്ത്ര ചരടുവലികളെ മറികടന്ന് ഫലസ്തീന്‍ നയതന്ത്രം യു.എന്നില്‍ വിജയപതാക നാട്ടിയതോടെ പതിറ്റാണ്ടുകളായി ഫലസ്തീന്‍ ജനത താലോലിക്കുന്ന സ്വാതന്ത്ര രാഷ്ട്രം എന്ന സ്വപ്നം സഫലീകരിക്കാന്‍ ഇനി രക്ഷാസമിതി അംഗീകാരം എന്ന ഒറ്റ ചുവടുവെപ്പുകൂടി മതിയെന്ന് നിരീക്ഷകര്‍. രക്ഷാസമിതിയില്‍ ആരും നിഷേധവോട്ട് (വീറ്റോ) രേഖപ്പെടുത്താതിരുന്നാല്‍ പൂര്‍ണ സ്വാതന്ത്ര രാഷ്ട്രാംഗത്വത്തിലേക്കുള്ള വഴി ഫലസ്തീന് സുഗമമാകും.
ഫലസ്തീന്‍ കൊതിച്ചത്
1974 മുതല്‍ പി.എല്‍.ഒയുടെ പേരില്‍ ഫലസ്തീന് യു.എന്നില്‍ നിരീക്ഷകപദവി ഉണ്ടായിരുന്നു. ഗസ്സ, വെസ്റ്റ്ബാങ്ക്, കിഴക്കന്‍ ജറൂസലം എന്നിവ ചേര്‍ന്ന പരമാധികാര ഫലസ്തീന് അംഗീകാരം ലഭിക്കുക എന്നതായിരുന്നു. ഫലസ്തീന്‍ ജനതയുടെ അഭിലാഷം 1993ലെ ഓസ്ലോ ഉടമ്പടിപ്രകാരം പരസ്പരം രാഷ്ട്രങ്ങളായി അംഗീകരിക്കാന്‍ ഇസ്രായേലും പി.എല്‍.ഒയും തീരുമാനിച്ചുവെങ്കിലും ഫലസ്തീന് അംഗീകാരം നല്‍കുമെന്ന വ്യവസ്ഥ നടപ്പാക്കാതെ ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് രണ്ടു ദശകമായി നീട്ടിക്കൊണ്ടുപോയതോടെ ക്ഷമയറ്റ ഫലസ്തീനി പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് 2010 സെപ്റ്റംബറില്‍ രക്ഷാസമിതി വഴി പൂര്‍ണ അംഗത്വത്തിന് നീക്കം ആരംഭിച്ചു.
വീറ്റോ ഭീഷണി മുഴക്കി അമേരിക്ക ഈ നീക്കം തടഞ്ഞതോടെ വോട്ടവകാശമില്ലാത്ത അംഗത്വത്തിനുവേണ്ടി അബ്ബാസ് നടത്തിയ നീക്കമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ യു.എന്‍ പൊതുസഭയില്‍ വിജയം കണ്ടത്.
നേടിയത് പ്രതീകാത്മക വിജയം
ജനറല്‍ അസംബ്ളിയില്‍ രാഷ്ട്രസമാനമായ അംഗീകാരം നേടിയത് ഫലസ്തീന്‍െറ പ്രതീകാത്മകമായ വിജയമായി വാഴ്ത്തപ്പെടുന്നു. വത്തിക്കാനു തുല്യമായ പദവിയാണ് ഫലസ്തീന് ലോകവേദി കനിഞ്ഞരുളിയത്. അതേസമയം, കേവല പ്രതീകാത്മക വിജയത്തിലുപരിയായ ഇസ്രായേലിന്‍െറ ആക്രമണോത്സുകതക്ക് കടിഞ്ഞാണിടാന്‍ പുതിയ പദവി ഫലസ്തീന്‍ അധികൃതര്‍ക്ക് അവസരമരുളും.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി) ലോകാരോഗ്യ സംഘടന തുടങ്ങി യു.എന്നിന്‍െറ പോഷക ഘടകങ്ങളില്‍ ഫലസ്തീന് പൂര്‍ണാംഗത്വം ലഭ്യമാകും. ഐ.സി.സിയിലെ അംഗത്വം ഉപയോഗിച്ച് ഇസ്രായേലിന്‍െറ അവകാശധ്വംസനങ്ങളെ ഫലസ്തീന് നിയമപരമായി ചോദ്യം ചെയ്യാം. ഇസ്രായേല്‍ നടത്തുന്ന അധിനിവേശ നടപടികളെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാനും അതുവഴി സമാധാനപ്രക്രിയയിലേക്ക് ഇസ്രായേലിനെ ആനയിക്കാനും സാധിക്കും. ഫലസ്തീന്‍ ജനതയെ ശിഥിലീകരിക്കുന്ന ഇസ്രായേലി നടപടിക്കെതിരെ ജനീവാ പ്രമാണപ്രകാരം നിയമനടപടി സ്വീകരിക്കാനും പുതിയ അംഗീകരം ഫലസ്തീന്‍ ജനതക്ക് തുണയാകും. ലോകമന$സാക്ഷി ഫലസ്തീന്‍ ജനതക്കൊപ്പം നില്‍ക്കുന്നു എന്ന് സ്പഷ്ടമാക്കുന്ന ഈ അംഗീകാരത്തിനു മുന്നില്‍ ഇസ്രായേല്‍ പ്രകടിപ്പിക്കുന്ന പ്രതിഷേധസ്വരങ്ങള്‍ക്ക് പഴയ പ്രഭാവം ഉണ്ടാകാനിടയില്ല.

ആഹ്ളാദത്തിമിര്‍പ്പില്‍ ഗസ്സയും വെസ്റ്റ്ബാങ്കും

ആഹ്ളാദത്തിമിര്‍പ്പില്‍ ഗസ്സയും വെസ്റ്റ്ബാങ്കും
റാമല്ല: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ അന്താരാഷ്ട്ര സമൂഹം ഫലസ്തീന്‍ ജനതയുടെ സ്വരത്തിന് നല്‍കിയ അംഗീകാരം ഗസ്സയിലെയും വെസ്റ്റ്ബാങ്കിലെയും തെരുവുകളില്‍ ആഹ്ളാദത്തിന്‍െറ സമുദ്രങ്ങള്‍ തീര്‍ത്തു.
പരസ്പരം ആലിംഗനം ചെയ്തും തക്ബീര്‍ ധ്വനികള്‍ ഉയര്‍ത്തിയും വാദ്യഘോഷങ്ങള്‍ മുഴക്കിയും ജനങ്ങള്‍ ചരിത്രനേട്ടത്തിന്‍െറ ചാരിതാര്‍ഥ്യം പങ്കിട്ടു.
സ്കൂളുകളും കടകമ്പോളങ്ങളും അടച്ചിട്ട് അധ്യാപകരും വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും കച്ചവടക്കാരും ഫലസ്തീന്‍ പതാകകളുമായി തെരുവുകളിലിറങ്ങി. ഫലസ്തീനികളുടെ ഉല്‍സവദിനമാണിന്ന് എന്ന പ്രഖ്യാപനത്തോടെയാണ് പലരും ചരിത്രമുഹൂര്‍ത്തത്തെ വരവേറ്റത്. പരമാധികാര രാഷ്ട്രമായി അംഗീകാരം നേടിയില്ലെങ്കിലും യു.എന്നില്‍ പൂര്‍ണാംഗത്വം നേടുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പായാണ് യു.എന്‍ അംഗീകാരത്തെ ജനങ്ങള്‍ വിലയിരുത്തുന്നത്.
യു.എന്‍ പൊതുസഭയിലെ വോട്ടെടുപ്പും തുടര്‍നടപടികളും ഫലസ്തീന്‍ ടെലിവിഷന്‍ ചാനലുകള്‍ ആവര്‍ത്തിച്ച് സംപ്രേഷണം ചെയ്തു.
ഫതഹ് ഗ്രൂപ്പുമായി അഭിപ്രായഭിന്നത ഉണ്ടായിരുന്ന ഹമാസും തുടക്കത്തിലെ എതിര്‍പ്പ് പ്രകടിപ്പിച്ച് മഹ്മൂദ് അബ്ബാസിന്‍െറ യു.എന്നിലെ നീക്കങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഗസ്സയിലും കിഴക്കന്‍ ജറൂസലമിലും ആഹ്ളാദം പങ്കിടാന്‍ ജനങ്ങള്‍ തെരുവുകളിലിറങ്ങി. സ്വന്തം ധിക്കാരനടപടികള്‍ക്ക് ഇനി ഇസ്രായേല്‍ മറുപടി ബോധിപ്പിക്കേണ്ടിവരുമെന്ന് പി.എല്‍.ഒ വക്താവ് ഹനാന്‍ അശ്റവി മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര സമൂഹത്തിന്‍െറ അംഗീകാരം നേടിയ ഒരു രാജ്യത്തോടാണ് ഇനി ഇടപെടുന്നതെന്ന് ഓര്‍മിക്കണമെന്ന് അവര്‍ ഇസ്രായേലിനെ ഉണര്‍ത്തി.
ഇസ്രായേലിനെതിരായ അന്താരാഷ്ട്ര നിയമനടപടികള്‍ ഒഴിവാക്കുന്നതിന് യു.എന്‍ പ്രമേയം മയപ്പെടുത്താന്‍ ലോബിയിസ്റ്റുകള്‍ കരുക്കള്‍ നീക്കിയിരുന്നെങ്കിലും അവ വിഫലമാവുകയായിരുന്നു. അതേസമയം, ഫലസ്തീന് ലഭിച്ച യു.എന്‍ അംഗീകാരം സമാധാനപ്രക്രിയകളെ പ്രതികൂലമായി ബാധിക്കുമെന്ന് അമേരിക്ക പ്രതികരിച്ചു.

വിക്കിലീക്സ് കേസ്: കൂട്ടിലടച്ച് പീഡിപ്പിച്ചെന്ന് യു.എസ് സൈനികന്‍

മേരിലന്‍ഡ്: വിക്കിലീക്സിന് രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കിയെന്ന സംശയത്തില്‍ അറസ്റ്റിലായ യു.എസ് സൈനികന്‍ ബ്രാഡ്ലി മാനിങ്ങിനെ കൂട്ടിലടച്ച് പീഡിപ്പിച്ചെന്ന്. രഹസ്യം ചോര്‍ത്തിയെന്ന കേസില്‍ കോര്‍ട്ട് മാര്‍ഷ്യല്‍ നേരിടുന്നതിനിടെയാണ് മാനിങ് ഇക്കാര്യം പുറത്തുവിട്ടത്. 2010ല്‍ അറസ്റ്റിലായ തന്നെ ചെറിയ കൂട്ടിലടച്ചെന്നും ആ സമയത്ത് ശക്തമായ ഏകാന്തത അനുഭവിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ആ കൊച്ചു കൂട്ടില്‍ തന്‍െറ ജീവന്‍ അവസാനിക്കുമെന്നുപോലും ഭയന്നിരുന്നു. മാനസികമായും ശാരീരികമായും വളരെയധികം പ്രയാസപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
മാനിങ്ങിന്‍െറ വിചാരണ വെള്ളിയാഴ്ച വൈകിയും തുടരുകയാണ്. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തിന് ജീവപര്യന്തം വരെ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇറാഖില്‍ അമേരിക്ക നടത്തിയ കൊടുംപാതകങ്ങള്‍ വെളിപ്പെടുത്തുന്ന  സൈനിക രേഖകളാണ് വിക്കിലീക്സ് ചോര്‍ത്തി പുറത്തുവിട്ടത്. അഫ്ഗാനില്‍ യു.എസ് സേന കുട്ടികളടക്കം നിരവധി സിവിലിയന്മാരെ വധിച്ചതായും രേഖകളിലുണ്ടായിരുന്നു. തുടര്‍ന്ന് 2010 മേയിലാണ് മാനിങ്ങിനെ സംശയാസ്പദമായി അറസ്റ്റ് ചെയ്യുന്നത്. അന്നുമുതല്‍ ഏകാന്ത തടവിലായിരുന്നു മാനിങ്.
രഹസ്യരേഖകള്‍ വിക്കിലീക്സിന് കൈമാറിയതിന്‍െറ പേരില്‍ ഏകാന്ത തടവുശിക്ഷ അനുഭവിച്ചുവരുന്ന മാനിങ്ങിനെ മോചിപ്പിക്കണമെന്ന് പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഒബാമയോട് അസാന്‍ജ് ആവശ്യപ്പെട്ടിരുന്നു.

ഈജിപ്തില്‍ പുതിയ ഭരണഘടനയുടെ കരടിന് അംഗീകാരം

കൈറോ: വിപ്ളവാനന്തര ഈജിപ്തിന്‍െറ പുതിയ ഭരണഘടനയുടെ അന്തിമ കരടിന് ഭരണഘടനാ അസംബ്ളിയുടെ അംഗീകാരം. ഭരണഘടനാ അസംബ്ളിയില്‍ നടന്ന വിശദമായ ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിനും ശേഷമാണ് കരട് അംഗീകരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ആരംഭിച്ച അസംബ്ളി വെള്ളിയാഴ്ച രാവിലെയാണ് അവസാനിച്ചത്.
ഭരണത്തിന്‍െറ അടിസ്ഥാന പ്രമാണമായി ഇസ്ലാമിക നിയമത്തെ അംഗീകരിക്കാന്‍ ഭരണഘടനാ സമിതി തീരുമാനിച്ചു. 234 ആര്‍ട്ടിക്കിളുകളടങ്ങിയ ഭരണഘടന പ്രസിഡന്‍റിന് അയക്കുമെന്നും രണ്ടാഴ്ചക്കുള്ളില്‍ ജനഹിതപരിശോധനക്കായി സമര്‍പ്പിക്കുമെന്നും അസംബ്ളി മേധാവി ഹസാം അല്‍ ഗിര്‍യാനി പറഞ്ഞു.
മുര്‍സിയുടെ പ്രഖ്യാപനത്തിനെതിരായ പ്രക്ഷോഭത്തിന് സമാനമായ പ്രതിഷേധം ഭരണഘടനയുടെ കരടിനെതിരെയും ഉയരാനിടയുണ്ടെന്ന് അല്‍ജസീറ ലേഖകന്‍ വിലയിരുത്തി.
 അതേസമയം, രാജ്യത്ത് ഇസ്്ലാമിക നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് മിതവാദികളും ക്രിസ്ത്യന്‍ അംഗങ്ങളും ഭരണഘടനാ അസംബ്ളി ബഹിഷ്കരിച്ചു. 100 അംഗങ്ങളുള്ള സമിതിയിലെ 85 പേരാണ് വോട്ടെടുപ്പിന് ഹാജരുണ്ടായിരുന്നത്. കരടിന് രൂപം നല്‍കാന്‍ ധൃതി കാണിച്ചതിനെയും പ്രതിപക്ഷം വിമര്‍ശിച്ചു.
അതിനിടെ മുര്‍സി കൂടുതല്‍ അധികാരം കൈക്കലാക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് ആരംഭിച്ച പ്രക്ഷോഭം രാജ്യത്ത് തുടരുകയാണ്.
തഹ്രീര്‍ ചത്വരത്തില്‍ മുര്‍സിക്കെതിരെ വന്‍പ്രതിഷേധം നടത്തുമെന്ന്  പ്രതിപക്ഷം അറിയിച്ചു. ഭരണഘടന പാസാക്കിയ ശേഷം തന്‍െറ വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിക്കുമെന്ന് മുര്‍സി യു.എസ് ടൈംസ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

വേണ്ട, ആറന്മുള വിമാനത്താവളം

വേണ്ട, ആറന്മുള വിമാനത്താവളം
പമ്പാതീരത്താണ് ആറന്മുള. അനന്തവിശാലമായ നെല്‍പാടങ്ങളും തോടുകളും കാവുകളും നിരവധി ക്ഷേത്രങ്ങളും അവക്കെല്ലാം നടുനായകമായി തിരുവാറന്മുള ക്ഷേത്രവും നിലകൊള്ളുന്ന ഒതുങ്ങിയ പൈതൃകഗ്രാമം. ഇവിടെയിപ്പോഴും കൊയ്ത്തും വിതയും നാടന്‍പാട്ടും തുയിലുണര്‍ത്തും ആറന്മുള കണ്ണാടി നിര്‍മാണവും അക്ഷരശ്ളോകവും പഴയരീതിയിലുള്ള ഉത്സവാഘോഷങ്ങളും വള്ളപ്പാട്ടും വള്ളം കളിയും വള്ളസദ്യയുമെല്ലാം നിറഞ്ഞുനില്‍ക്കുന്നു. ഈ നെല്‍പാടങ്ങളുടെ നടുവിലേക്കാണ് ഒരു എയര്‍പോര്‍ട്ട് ഭീകരമായി താണിറങ്ങാന്‍ പോകുന്നു എന്ന് അറിയുന്നത്.
അതുവേണ്ടാ എന്നും അരുത് എന്നും ഞങ്ങള്‍ ശക്തമായി പറയുന്നു. കാരണം, ഇപ്പോള്‍ തന്നെ മൂന്ന് ഇന്‍ര്‍നാഷനല്‍ എയര്‍പോര്‍ട്ടുകളും നിര്‍മാണത്തിലിരിക്കുന്ന നാലാമത്തെ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ടായ കണ്ണൂരും കൊച്ചിയില്‍ ഒരു നാവിക എയര്‍പോര്‍ട്ടും നിലവിലുണ്ട്. ആകപ്പാടെ 600 കിലോമീറ്റര്‍ മാത്രം ഭൂവിസ്തൃതിയുള്ള ഈ കൊച്ചു കേരളത്തില്‍ എന്തിനാണിത്രമാത്രം എയര്‍പോര്‍ട്ടുകളെന്ന് മനസ്സിലാകുന്നില്ല. സ്വകാര്യ കമ്പനികള്‍ക്ക് ലാഭം കൊയ്യുവാന്‍ വേണ്ടി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും ഭൂമാഫിയകളും ഒത്തുചേര്‍ന്ന് നടത്തുന്ന തികച്ചും നിയമവിരുദ്ധമായ ഇത്തരം പരിപാടികള്‍ക്ക് സര്‍ക്കാര്‍ ഒരിക്കലും കൂട്ടുനില്‍ക്കാന്‍ പാടില്ല. ഒരുപിടി സമ്പന്നരുടെ ആവശ്യമാണ് വിമാനത്താവളം. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതല്ല എന്നും ആറന്മുളനിന്നും ഏതാണ്ട് രണ്ടുമണിക്കൂര്‍ ദൂരത്തില്‍ തിരുവനന്തപുരം, നൊടുമ്പാശ്ശേരി വിമാനത്താവളങ്ങള്‍ ഉണ്ടെന്നും ഞങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ വിമാനത്താവളത്തിനുവേണ്ടി നഷ്ടപ്പെടുന്നതോ ഫലഭുയിഷ്ഠമായ നെല്‍പാടങ്ങളാണ്. അവ കുറെ വര്‍ഷങ്ങളായി തരിശ് ഇട്ടിരിക്കയാണെന്നതാണ് കാരണം പറയുന്നത്. എന്നാല്‍, കാരണം മറ്റ് പലതുമാണ്. സമ്പന്നനായ ഒരു വ്യക്തി അവിടെയുള്ള കുറച്ചു വയലുകള്‍ വിലക്കു വാങ്ങുന്നു. ആ വിശാലമായ നെല്‍പാടങ്ങള്‍ക്കെല്ലാം സമൃദ്ധമായി ജലം നല്‍കുന്ന വലിയ തോടിനു നടുവില്‍ ആ വ്യക്തി തടസ്സം സൃഷ്ടിക്കുന്നു. സമീപത്തുള്ള വന്‍ കുന്നുകള്‍ വിലക്കു വാങ്ങി വെട്ടിയിടിച്ച് ആ മണ്ണ് കൊണ്ടുവന്ന് വലിയ തോട്ടില്‍ ഇടുകയാണ് സധൈര്യം ചെയ്തത്. തോട് തിരിഞ്ഞ് ഒഴുകി പാടങ്ങളെല്ലാം ചെളി കെട്ടി ഉപയോഗ ശൂന്യമായി. നാട്ടുകാര്‍ വര്‍ഷങ്ങളായി സര്‍ക്കാറിന്‍െറയും കോടതിയുടെയും പിറകെ നടക്കുകയാണ്. തോട്ടിലെ മണ്ണ് നീക്കി പൂര്‍വസ്ഥിതിയിലാക്കാന്‍ പലവട്ടം കലക്ടര്‍ ആജ്ഞ പുറപ്പെടുവിച്ചിട്ടും അത് അനുസരിക്കപ്പെട്ടിട്ടില്ല. വളരെ വൈകിവന്ന അതേരീതിയിലുള്ള കോടതിവിധിയും അതുപോലെ അവഗണിക്കപ്പെട്ടു. ഈ അവസ്ഥയിലാണ് പെട്ടെന്ന് ഒരു വിമാനത്താവള പദ്ധതി അവിടെ ആവിഷ്കരിക്കപ്പെട്ടത്. അതിന്‍െറ നിയമ വൈരുധ്യങ്ങളെപ്പറ്റിയും മറ്റും അന്വേഷണങ്ങളും കേസുകളും നടന്നുകൊണ്ടിരിക്കയാണ്.
ഈ ഘട്ടത്തിലാണ് കേന്ദ്രത്തില്‍നിന്നും അലുവാലിയ എന്ന സര്‍ക്കാറിന്‍െറ പ്രധാന ആസൂത്രണോപദേശകന്‍ കേരളത്തില്‍ എത്തിച്ചേരുന്നത്. അദ്ദേഹത്തിന് കേരളത്തിന്‍െറ നിറഞ്ഞ പച്ചപ്പ് കണ്ടിട്ട് പിടിച്ചില്ല. ‘എന്തിനാണിവിടെ കൃഷി? പ്രത്യേകിച്ചും നെല്‍കൃഷി? എല്ലാ വയലുകളും നികത്തിയിട്ട് വ്യവസായങ്ങള്‍ സ്ഥാപിക്കുകയാണ് വേണ്ടത്. നിങ്ങള്‍ക്കുവേണ്ട ആഹാരം അന്യനാട്ടുകാര്‍ തന്നോളും’ എന്നാണ് അദ്ദേഹം ഉദ്ബോധിപ്പിച്ചത്. ഈ ധിക്കാരത്തിന് മറുപടി കേരളം അതേനാണയത്തില്‍ തിരിച്ചു നല്‍കേണ്ടതാണ്. കേരളം ജലസമൃദ്ധിയുടെയും ഫലസമൃദ്ധിയുടെയും നാടാണ്. പൊന്നുവിളയുന്ന നാടാണ്. മനുഷ്യന്‍െറ ഏറ്റവും പ്രധാന ആവശ്യങ്ങള്‍ പ്രാണവായുവും ജലവും അന്നവുമാണ്. ഈ മൂന്നും നല്‍കാന്‍ കെല്‍പുള്ളവയാണ് നമ്മുടെ കാടുകളും വയലേലകളും. വയലെന്നാല്‍ അന്നദായിനി മാത്രമല്ല ജലസംഭരണിയും കൂടിയാണ്. പെയ്യുന്ന മഴവെള്ളം മുഴുവനും മാര്‍ത്തടത്തില്‍ ഏറ്റുവാങ്ങി ഭൂഗര്‍ഭജലമാക്കി മാറ്റി ഉറവകളായി പുനരുജ്ജീവിപ്പിക്കുന്നത് പ്രകൃതിയുടെ സുകൃതമായ രാസവിദ്യയാണ്. അവിടെ നെല്ല് മാത്രമല്ല വരമ്പുകളില്‍ ഒരായിരം സസ്യജാലങ്ങള്‍ തഴച്ചുനില്‍ക്കുന്നു. അവക്കിടയിലും നെല്ലിന്‍െറ കാല്‍ച്ചുവട്ടിലെ ജലപ്പരപ്പിലും ലക്ഷക്കണക്കിന് ജീവജാലങ്ങള്‍ വിഹരിക്കുന്നു. തവളയും മാനത്തു കണ്ണിയും ചെറുമീനുകളും നീര്‍ച്ചിലന്തികളും അരണകളും നീര്‍പാമ്പുകളും പാമ്പുകളും ശലഭങ്ങളും തുമ്പികളും വണ്ടുകളും തേനീച്ചകളും കിളിക്കൂട്ടങ്ങളും വയലുകളും കൊണ്ടു പുലരുന്നു. എല്ലാം നശിപ്പിക്കാന്‍ എന്തെളുപ്പം! ഒരു ജെ.സി.ബി മതിയാകും. ഇങ്ങനെയൊരു ജൈവപ്രഭവ കേന്ദ്രം സൃഷ്ടിക്കുവാനോ എത്ര ദശ വര്‍ഷങ്ങള്‍ വേണം.
വയല്‍ എന്നാല്‍ നെല്ലു മാത്രമല്ല, ജലം മാത്രമല്ല, ജൈവ വൈവിധ്യം മാത്രമല്ല. ഒരു മനോഹര സംസ്കാരം കൂടിയാണ്. നടീല്‍ പാട്ടും കൊയ്ത്തു പാട്ടും തേക്ക് പാട്ടും ഒരു നൂറ് ആചാരങ്ങളും അനുഷ്ഠാനങ്ങളും വയലുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഏറ്റവുമധികം പെണ്ണുങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നത് നെല്‍കൃഷിയിടങ്ങളായിരുന്നു. വയലുകള്‍- കേരളത്തിന്‍െറ മുഖമുദ്രയാണ്, ഐശ്വര്യമാണ്, അമൂല്യ സമ്പത്താണ്.
നെല്‍കൃഷിയെയും പച്ചക്കറി കൃഷിയെയും പുനരുജ്ജീവിപ്പിക്കുക എന്നതാണ് കേരളത്തിന്‍െറ ധര്‍മം. പമ്പാ തീരത്തിന്‍െറ വളക്കൂറുള്ള മണ്ണ് നശിപ്പിച്ചുകൂടാ. കോണ്‍ക്രീറ്റിട്ട് ശ്വാസംമുട്ടിച്ച് കൊന്നുകൂടാ. അയല്‍വക്കക്കാര്‍ അമിതവിലക്ക് കനിഞ്ഞുനല്‍കുന്ന അരിയും ‘കേരളാവുക്ക് സെപറേറ്റ് താന്‍’ എന്ന് വേര്‍തിരിച്ചയക്കുന്ന കൊടും വിഷംകലര്‍ന്ന പച്ചക്കറിയും പഴങ്ങളുമല്ല മലയാളിക്കാവശ്യം. അവന്‍െറ നാഴിയിടങ്ങഴി മണ്ണില്‍ അന്നം വിളയട്ടെ. നാടന്‍ പശുക്കള്‍ പുലരട്ടെ. ചേറില്‍ പണിയെടുക്കാന്‍ മടിയില്ലാത്ത പുതിയൊരു മലയാളി പുനര്‍ജനിക്കട്ടെ. ഞങ്ങളുടെ പ്രാര്‍ഥന ഇതാണ്. അതിനാലത്രെ സര്‍ക്കാറിനോട് ആറന്മുള എയര്‍പോര്‍ട്ട് അരുത് എന്ന് ഞങ്ങള്‍ ആയിരമായിരം കണ്ഠങ്ങളിലൂടെ രാഷ്ട്രീയാതീതമായി ഉറക്കെ വിളിച്ചുപറയുന്നത്. ആറന്മുള ഒരു പ്രതീകമാണ്. കേരളത്തിലുടനീളം നടക്കുന്ന വയല്‍ തണ്ണീര്‍ത്തട സംഹാരത്തിന്‍െറ ഒരു പ്രതീകം. അത് തടയുവാന്‍ ലോകമെങ്ങുമുള്ള മലയാളികളുടെ ശബ്ദം ഉയരട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ