2012, നവംബർ 14, ബുധനാഴ്‌ച

NO COMMENT--8 14/11/12

കാമുകന്‍െറ സഹോദരിയുടെ ചിത്രം മോര്‍ഫ് ചെയ്തു വിദ്യാര്‍ഥിനി കുടുങ്ങി

ലോഡ്ഷെഡിങ് തുടരും; പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി

ഗള്‍ഫിലെ പ്രതിഷേധം സി.പി.എം. ഗൂഢാലോചന: വയലാര്‍ രവി

കറുപ്പണിഞ്ഞ് പ്രതിഷേധക്കാരെത്തി; എംബസിയില്‍ പക്ഷെ, മന്ത്രിയെത്തിയില്ല

വിദേശതൊഴിലാളിക്ക് പ്രതിവര്‍ഷം 2400 റിയാല്‍ സ്പോണ്‍സര്‍ അധികം നല്‍കണം


വിദേശതൊഴിലാളിക്ക് പ്രതിവര്‍ഷം 2400 റിയാല്‍ സ്പോണ്‍സര്‍ അധികം നല്‍കണം
റിയാദ്: സ്വകാര്യമേഖലയില്‍ സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി ഓരോ വിദേശ തൊഴിലാളിക്കും പ്രതിമാസം 200 റിയാല്‍ വീതം (വര്‍ഷം 2400) തൊഴിലുടമയില്‍നിന്ന് അധികം ഈടാക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. തീരുമാനം മുഹര്‍റം ഒന്നു (നവംബര്‍ 15) മുതല്‍ നടപ്പാകും. സ്വദേശിതൊഴിലാളികളേക്കാള്‍ വിദേശതൊഴിലാളികളുള്ള സ്ഥാപന ഉടമകള്‍ക്കാണ് ഈ അമിത സാമ്പത്തികബാധ്യത വരിക. സ്വദേശിവനിതകള്‍ക്ക് വിദേശികളില്‍ ജനിച്ച മക്കള്‍, ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്ക് സാമ്പത്തിക ബാധ്യതയില്‍നിന്ന് ഇളവ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ മധ്യത്തില്‍ മന്ത്രിസഭ അംഗീകരിച്ച കരാര്‍പ്രകാരമാണ് പുതിയ വ്യവസ്ഥ നടപ്പാക്കുന്നതെന്ന് തൊഴില്‍മന്ത്രാലയത്തിന്‍െറ വിജഞാപനത്തില്‍ പറഞ്ഞു. തൊഴിലാളിയുടെ വര്‍ക്ക് പെര്‍മിറ്റ് ഇഷ്യുചെയ്യുമ്പോഴോ പുതുക്കുമ്പോഴോ തുക ഈടാക്കണമെന്നു കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന തുക മാനവ വിഭവശേഷി വകുപ്പിന്‍െറ ഫണ്ടില്‍ വകയിരുത്തും.
വിദേശികളുടെ തൊഴില്‍ഭാവിക്ക് തിരിച്ചടിയാകുന്ന പുതിയ വ്യവസ്ഥയെക്കുറിച്ച വിശദവിവരങ്ങള്‍ തൊഴില്‍കാര്യസഹമന്ത്രി ഡോ. മുഫ്രിജ് അല്‍ഹഖ്ബാനിയാണ് പുറത്തുവിട്ടത്. വിദേശ ജീവനക്കാരെക്കാള്‍ കൂടുതല്‍ സ്വദേശി ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് പുതിയ വ്യവസ്ഥ ബാധകമല്ല. സ്വകാര്യമേഖലയില്‍ തദ്ദേശീയരായ തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സ്വദേശി തൊഴിലന്വേഷകര്‍ക്ക് ആവശ്യമായ പരിശീലനങ്ങളും നിയമനങ്ങളും നല്‍കുന്നതിന് സാമ്പത്തിക പിന്തുണ നല്‍കുന്ന മാനവ വിഭവശേഷിവകുപ്പിന്‍െറ ഫണ്ട് പരിപോഷിപ്പിക്കുക എന്നതിന് പുറമെ ആവശ്യത്തിലധികം വിദേശതൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന പ്രവണതക്ക് കടിഞ്ഞാണിടുക കൂടി പുതിയ വ്യവസ്ഥയുടെ ലക്ഷ്യമാണെന്നു അല്‍ഹഖ്ബാനി വ്യക്തമാക്കി. സ്വകാര്യമേഖലയുടെ വളര്‍ച്ചക്ക് വിദേശതൊഴിലാളി ഒഴിച്ചുകൂടാനാവാത്തതാണെന്ന ചിന്ത വെടിഞ്ഞ് ദേശീയ തൊഴില്‍ശേഷിയെ പരിപോഷിപ്പിച്ചെടുക്കുകയെന്ന ബോധം തൊഴിലുടമകളില്‍ വളര്‍ത്തിയെടുക്കുന്നതിന് പുതിയ വ്യവസ്ഥ സഹായകരമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്ത് എല്ലായിടത്തും സ്വകാര്യതൊഴില്‍രംഗത്ത് പ്രഥമ പരിഗണന തദ്ദേശീയര്‍ക്കാണ് നല്‍കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വദേശിയുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനും അവരെ പരിശീലിപ്പിക്കുന്നതിനും ചെലവഴിക്കപ്പെടുന്ന സാമ്പത്തിക ബാധ്യതയില്‍ എല്ലാവരും പങ്കാളികളാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തൊഴില്‍ മന്ത്രാലയത്തിന്‍െറ പുതിയ തീരുമാനം വിദേശതൊഴിലാളികളുടെ തൊഴില്‍ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമിത സാമ്പത്തികബാധ്യത വരുന്നതിനാല്‍ വിദേശ തൊഴിലാളികളെ ഒഴിവാക്കാനോ ഉള്ളവ കുറക്കാനോ തൊഴിലുടമകള്‍ നിര്‍ബന്ധിതരാകും. സ്പോണ്‍സര്‍ഷിപ്പ് മാറാതെ സ്പോണ്‍സര്‍ക്ക് പ്രതിഫലം നല്‍കി സ്വതന്ത്ര തൊഴിലെടുത്ത് കഴിയുന്ന അനേകായിരങ്ങളെ പുതിയ വ്യവസ്ഥ സാരമായി ബാധിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

കറുപ്പണിഞ്ഞ് പ്രതിഷേധക്കാരെത്തി; എംബസിയില്‍ പക്ഷെ, മന്ത്രിയെത്തിയില്ല


കറുപ്പണിഞ്ഞ് പ്രതിഷേധക്കാരെത്തി; എംബസിയില്‍ പക്ഷെ, മന്ത്രിയെത്തിയില്ല
മസ്കത്ത്: കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി മസ്കത്തിലെത്തുമ്പോള്‍ കരിദിനം പ്രഖ്യാപിച്ച ‘കൈരളി’ പ്രവര്‍ത്തകര്‍ എംബസിയിലെത്തിയത് കറുത്ത വസ്ത്രങ്ങളണിഞ്ഞ്. എന്നാല്‍, രോഗബാധയെ തുടര്‍ന്ന് വലയാര്‍ രവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ മന്ത്രിയെ നേരിട്ട് പ്രതിഷേധമറിയിക്കാന്‍ ഇവര്‍ക്കായില്ല. മസ്കത്തില്‍ മന്ത്രിക്ക് നിശ്ചയിച്ചിരുന്ന ഏക പൊതുപരിപാടിയില്‍ അവസാന നിമിഷമെങ്കിലും സംബന്ധിക്കുമെന്ന പ്രതീക്ഷയില്‍ പ്രതിഷേധക്കാര്‍ കാത്തുനിന്നു.
ഒടുവില്‍ പ്രവാസികാര്യ വകുപ്പ് സെക്രട്ടറി മനോജ് കുമാറാണ് ചടങ്ങിനെത്തിയവരെ അഭിസംബോധന ചെയ്തത്. എയര്‍ഇന്ത്യയില്‍ പ്രതിഷേധ ആറ് യാത്രക്കാര്‍ക്കെതിരെ കേസെടുത്ത നടപടി പിന്‍വലിക്കുക, വിമാനചാര്‍ജ് വര്‍ധന പിന്‍വലിക്കുക, പാസ്പോര്‍ട്ട് സേവനങ്ങളുടെ സ്വകാര്യവത്കരണം, ക്ഷേമ പദ്ധതികള്‍ അട്ടിമറിക്കപ്പെടുന്ന സാഹചര്യം എന്നിവ ചൂണ്ടിക്കാട്ടിയാണ് മനോജ്കുമാറിന് മുന്നില്‍ കൈരളി പ്രവര്‍ത്തര്‍ സംസാരിച്ചത്. പ്രതിഷേധ സൂചകമായി ചടങ്ങില്‍ നിന്ന് ഇറങ്ങിപോവുകയാണെന്നും ഇവര്‍ പറഞ്ഞു.
കൈരളി ഭാരവാഹികളായ സുനില്‍കുമാര്‍, ഷാജി സെബാസ്റ്റ്യന്‍, പി.എം. ജാബിര്‍, വില്‍സന്‍, രജിലാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കരിദിനാചരണത്തിനും പ്രതിഷേധത്തിനുമെല്ലാം ഗള്‍ഫിലുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് തങ്ങള്‍ കൂട്ടമായി കറുത്ത വസ്ത്രങ്ങളിഞ്ഞ് എത്തിയതെന്ന് നേതാക്കള്‍ പറഞ്ഞു.

ഗള്‍ഫിലെ പ്രതിഷേധം സി.പി.എം. ഗൂഢാലോചന: വയലാര്‍ രവി


ഗള്‍ഫിലെ പ്രതിഷേധം സി.പി.എം. ഗൂഢാലോചന: വയലാര്‍ രവി
മസ്കത്ത്: ഗള്‍ഫില്‍ തനിക്കെതിരായ പ്രതിഷേധം സി.പി.എം. ഗൂഢാലോചനയാണെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ആലോചിച്ച് തയാറാക്കിയ പദ്ധതിയാണ് ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന പ്രചാരണത്തിന് കാരണമെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് അല്‍പം മുമ്പ് മാധ്യമപ്രവര്‍ത്തകരെ കണ്ട അദ്ദേഹം പറഞ്ഞു. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റിലൂടെ കുപ്രചരണങ്ങള്‍ നടത്തുന്നത് ഗൂഢാലോചനയിലെ പങ്കാളികളാണ്.
ഗള്‍ഫില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള സി.പി.എം. ശ്രമത്തിന്‍െറ ഭാഗമാണിത്. എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായ സംഭവങ്ങളില്‍ വിമാനത്തിലെ ഗ്രൗണ്ട് സ്റ്റാഫിനു പറ്റിയ വീഴ്ചകളാണ് യാത്രക്കാരെ പ്രകോപിപ്പിച്ചത്. പ്രതികളായവര്‍ക്കെതിരേയുള്ള കേസ് പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ ടിക്കറ്റ് ചാര്‍ജ് വര്‍ധനയില്‍ പ്രവാസികാര്യ വകുപ്പിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. പാസ്പോര്‍ട്ട് സേവനനിരക്ക് ഗള്‍ഫില്‍ മാത്രമല്ല ഇന്ത്യയിലും വര്‍ധിപ്പിച്ചിട്ടുണ്ട്. പാസ്പോര്‍ട്ട് പുതുക്കലിന് ഓരോ പ്രവാസിയും കൊടുക്കുന്ന തുക കേന്ദ്ര സര്‍ക്കാരിലേക്കാണ് ചെന്നെത്തുന്നത്. ഈ ഫണ്ട് വിനിയോഗിക്കുന്നത് പ്രവാസി ക്ഷേമത്തിനാണ്. ദുബൈയില്‍ മൂന്ന് പദ്ധതികള്‍ക്കായി കൊടുത്തതും പുതിയ പദ്ധതികള്‍ക്കായി വകയിരുത്തുന്നതും ഈ ഫണ്ടില്‍ നിന്നുള്ള തുകയാണെന്നും മന്ത്രി വിശദീകരിച്ചു. പ്രവാസികള്‍ക്കുവേണ്ടി പെന്‍ഷന്‍ ആന്‍ഡ് റീ സെറ്റില്‍മെന്‍റ് എന്നൊരു പദ്ധതി നടപ്പാക്കും. രണ്ടു വര്‍ഷത്തെ വിസാ കാലാവധി കഴിഞ്ഞ് നാട്ടിലേക്കു പോകുന്നവര്‍ക്ക് ഇതിന്‍െറ ഗുണം ലഭിക്കും
കേരളത്തില്‍ ഘടക കക്ഷികളുമായുള്ള ഭിന്നതയെക്കുറിച്ച ചോദ്യത്തിന് അതൊരു ചെറിയ തര്‍ക്കമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അതൊക്കെ പരിഹരിക്കുമെന്നായിരുന്നു മറുപടി.
രാവിലെ പത്തിന് മസ്കത്ത് വിമാനത്താവളത്തിലെത്തിയ വയലാര്‍ രവിയെ അംബാസഡര്‍ ജെ.എസ്. മുകുള്‍ സ്വീകരിച്ചു.

ലോഡ്ഷെഡിങ് തുടരും; പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി

ലോഡ്ഷെഡിങ് തുടരും; പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനാല്‍ ലോഡ്ഷെഡിങ് തുടരും. എന്നാല്‍ വൈദ്യുതി ബോര്‍ഡിന്‍െറ ആവശ്യം റെഗുലേറ്ററി കമീഷന്‍ അംഗീകരിക്കേണ്ടതുണ്ട്. പ്രതിസന്ധി ഗുരുതരമാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി.
നവംബര്‍ 30 വരെയാണ് ലോഡ്ഷെഡിങ്ങും വൈദ്യുതി നിയന്ത്രണവും റെഗുലേറ്ററി കമീഷന്‍ അനുവദിച്ചത്. നവംബറില്‍ തന്നെ വൈദ്യുതിനില അവലോകനംചെയ്ത് നിയന്ത്രണം തുടരണമോയെന്ന് കമീഷന്‍ തീരുമാനിക്കും. അതിന് മുമ്പ് ബോര്‍ഡ് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. നിയന്ത്രണം തുടരണമെന്ന നിലപാട് മന്ത്രി പ്രകടിപ്പിച്ചതോടെ സര്‍ക്കാറിന്‍െറ അനുമതി ഫലത്തില്‍ ലഭിച്ചിരിക്കുകയാണ്.
2002ന് ശേഷമുള്ള ഏറ്റവും രൂക്ഷമായ പ്രതിസന്ധിയാണ് ഇപ്പോഴെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ലോഡ്ഷെഡിങ് തുടരാതെ മാര്‍ഗമില്ല. ഇന്‍വര്‍ട്ടര്‍ ഉപയോഗം വ്യാപകമായതിനാല്‍ ലോഡ്ഷെഡിങ്ങിന്‍െറ ഗുണം ലഭിച്ചില്ല. സംഭരണികളില്‍ 40 ശതമാനം വെള്ളമേയുള്ളൂ. തുലാവര്‍ഷം ദുര്‍ബലമായതിനാല്‍ കൂടുതല്‍ നീരൊഴുക്ക് ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു. രാജീവ്ഗാന്ധി അക്ഷയ ഊര്‍ജ ദിവസം പരിപാടി കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
തുലാവര്‍ഷം ശക്തിപ്പെട്ടാല്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബോര്‍ഡ്. എന്നാല്‍ കാര്യമായ മഴ പെയ്യാത്തതിനാല്‍ നീരൊഴുക്ക് ശക്തിപ്പെട്ടില്ല. ഈ സാഹചര്യത്തില്‍ അടുത്ത വര്‍ഷം മഴ ലഭിക്കുന്നതുവരെ ലോഡ്ഷെഡിങ് തുടരണമെന്ന നിലപാടിലാണ് ബോര്‍ഡ്. കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ബോര്‍ഡ് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ തവണ പവര്‍കട്ട് അടക്കമുള്ള നിര്‍ദേശങ്ങള്‍ക്ക് കമീഷന്‍ അംഗീകാരം നല്‍കിയിരുന്നില്ല. അടുത്ത ആഴ്ച ബോര്‍ഡ് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം വിശദ റിപ്പോര്‍ട്ട് കമീഷന് നല്‍കും. വന്‍കിട വ്യവസായങ്ങള്‍ സ്വമേധയാ നിയന്ത്രണം പാലിക്കണമെന്ന നിലപാടാണ് കമീഷന്‍ നേരത്തെ കൈക്കൊണ്ടത്. ഇത് നടപ്പായില്ലെങ്കില്‍ കൂടുതല്‍ നടപടികള്‍ വേണ്ടിവരുമെന്നും സൂചിപ്പിച്ചിരുന്നു. മാസം 200 യൂനിറ്റിന് മേല്‍ ഉപയോഗിക്കുന്നവര്‍ക്ക് അധിക ഉപയോഗത്തിന് യൂനിറ്റിന് 10 രൂപ നിരക്കില്‍ ഈടാക്കണമെന്ന ബോര്‍ഡിന്‍െറ ആവശ്യവും അംഗീകരിച്ചിരുന്നില്ല. ഈ ആവശ്യങ്ങള്‍ വീണ്ടും ഉന്ന യിച്ചേക്കും.
ഇടുക്കിയില്‍ 33 ശതമാനത്തോളമേ വെള്ളമുള്ളൂ. കായംകുളത്തുനിന്ന് വില കൂടിയ വൈദ്യുതി കൂടുതല്‍ വാങ്ങാനാണ് നീക്കം. ഇത് ബോര്‍ഡിന്‍െറ സാമ്പത്തിക ഭാരം വര്‍ധിപ്പിക്കും. കേന്ദ്ര നിലയങ്ങളില്‍നിന്ന് ഇക്കുറി പ്രതീക്ഷിച്ച വൈദ്യുതി ലഭിച്ചില്ല. ഇക്കാര്യവും കമീഷനെ അറിയിക്കും

കാമുകന്‍െറ സഹോദരിയുടെ ചിത്രം മോര്‍ഫ് ചെയ്തു വിദ്യാര്‍ഥിനി കുടുങ്ങി

പ്രണയ പരാജയം പകയായി
കല്‍പറ്റ: പ്രണയ പരാജയം വിദ്യാര്‍ഥിനിയില്‍ പകയായി വളര്‍ന്നപ്പോള്‍ കാമുകന്‍െറ സഹോദരിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പലര്‍ക്കും അയച്ചത് പുലിവാലായി. സംഭവം കേസായതോടെ പിടിയിലായ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു. ഫേസ്ബുക് വഴി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ് പരാതി. വയനാട്ടിലെ പൂതാടി പഞ്ചായത്തില്‍നിന്ന് കേണിച്ചിറ പൊലീസിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ചാലക്കുടിയില്‍നിന്ന് ലിയ ലിജോ (20) എന്ന വിദ്യാര്‍ഥിനി അറസ്റ്റിലായത്. ബി.എസ്സി വിദ്യാര്‍ഥിനിയാണ്.
കേണിച്ചിറ സ്വദേശിയായ യുവാവ് കോയമ്പത്തൂരില്‍ പഠിക്കുന്ന ലിയയുമായി ഫോണ്‍ വഴി പ്രണയത്തിലായി. ഇവര്‍ നേരില്‍ കാണുകയും വിവാഹത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു. പ്രണയം സാഫല്യത്തിലേക്ക് നീങ്ങവെ യുവാവ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിറകോട്ടുപോയി. ഇതിന്‍െറ വിരോധം തീര്‍ക്കാനാണത്രെ വിദ്യാര്‍ഥിനി ഫേസ് ബുക്കില്‍നിന്ന് യുവാവിന്‍െറ സഹോദരിയുടെ ഫോട്ടോയെടുത്ത് മോര്‍ഫ് ചെയ്തത്. കൂട്ടുകാര്‍ക്കെല്ലാം ഇത് അയച്ചു. അശ്ളീല സന്ദേശങ്ങളും കൈമാറി.
മോര്‍ഫിങ്ങിനിരയായ യുവതിയുടെ മാതാവ് കേണിച്ചിറ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ പുല്‍പള്ളി പൊലീസ് ഇന്‍സ്പെക്ടര്‍ എസ്. അര്‍ഷാദ്, കേണിച്ചിറ എസ്.ഐ ബി. രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് കേണിച്ചിറയിലെത്തിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ