2012, നവംബർ 13, ചൊവ്വാഴ്ച

NO COMMEMT - 7 13/11/12

 FROM MADHYAMAM ONLINE:...

കെജ്രിവാള്‍ ലീക്സ്’...എഡിറ്റോറിയല്‍

ചാനലുകളില്‍ രാഷ്ട്രീയ നേതാക്കള്‍ മര്യാദ പാലിക്കണമെന്ന് എ.കെ ആന്‍റണി

വയലാര്‍ രവി ഗള്‍ഫ് പര്യടനം വെട്ടിച്ചുരുക്കി

പ്രവാസി പ്രശ്നങ്ങള്‍ അവതരിപ്പിച്ച മാധ്യമപ്രവര്‍ത്തകരോട് മന്ത്രി തട്ടിക്കയറി


പ്രവാസി പ്രശ്നങ്ങള്‍ അവതരിപ്പിച്ച മാധ്യമപ്രവര്‍ത്തകരോട് മന്ത്രി തട്ടിക്കയറി
കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറുന്നു
ഷാര്‍ജ: പ്രവാസികളുടെ യാത്രാപ്രശ്നം അവതരിപ്പിച്ച് മാധ്യമ പ്രവര്‍ത്തകരോട് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ക്ഷുഭിതനായി. ഞായറാഴ്ച വൈകീട്ട് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സ്വീകരണത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവേയായിരുന്നു മന്ത്രിയുടെ രോഷ പ്രകടനം. ചില ദൃശ്യമാധ്യമങ്ങള്‍ ഇതിന്‍െറ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ പ്രവാസി സമൂഹത്തിനിടയില്‍ സംഭവം വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ചാനലുകളിലും റേഡിയോകളിലും പ്രധാന ചര്‍ച്ച പ്രവാസി മന്ത്രിയുടെ ‘പ്രകടന’ത്തെ കുറിച്ചായിരുന്നു.
സ്വീകരണത്തില്‍ സംസാരിക്കവേ ‘ഞാന്‍ നിങ്ങളുടെ പ്രിയ സുഹൃത്ത്’ ആണെന്നൊക്കെ തട്ടിവിട്ട ശേഷമായിരുന്നു വയലാര്‍ രവി പ്രവാസികളുടെ യാത്രാ പ്രശ്നങ്ങള്‍ അറിയുകയേ ഇല്ല എന്ന രീതിയില്‍ പ്രതികരിച്ചത്. എയര്‍ ഇന്ത്യ സ്ഥിരമായി സര്‍വീസ് മുടക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ എയര്‍ ഇന്ത്യ പ്രശ്നങ്ങള്‍ ഇവിടെ വന്നതിനുശേഷം ആരും തന്‍െറ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്നായിരുന്നു മറുപടി. ‘പരിഹാരമാര്‍ഗം ഉണ്ടാക്കി നിങ്ങള്‍ പറയൂ, ഞാനത് പോലെ ചെയ്യാം’ എന്നും ദേഷ്യത്തോടെ പറഞ്ഞു. ഇത് താന്‍ സ്ഥിരമായി നാട്ടില്‍വെച്ച് കാണുന്നതും കേള്‍ക്കുന്നതുമാണെന്നും ഇത്തരത്തിലുള്ള വേല തന്‍െറയടുത്ത് ചെലവാകില്ലെന്നും പറഞ്ഞ മന്ത്രി മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ക്സിസ്റ്റുകാരുടെ പണി എടുക്കേണ്ട എന്ന ഉപദേശം നല്‍കി രംഗം വിടുകയും ചെയ്തു.

വയലാര്‍ രവി ഗള്‍ഫ് പര്യടനം വെട്ടിച്ചുരുക്കി


മസ്കത്ത്: പ്രവാസലോകത്തെ പ്രതിഷേധങ്ങള്‍ക്കിടെ കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി ഗള്‍ഫ് പര്യടനം വെട്ടിച്ചുരുക്കി മടങ്ങുന്നു. ചൊവ്വാഴ്ച രാവിലെ മസ്കത്തിലെത്തുന്ന അദ്ദേഹം സൗദി, ബഹ്റൈന്‍ സന്ദര്‍ശനം ഒഴിവാക്കി രാത്രി ന്യൂദല്‍ഹിയിലേക്ക് മടങ്ങും. ബുധനാഴ്ച ദല്‍ഹിയില്‍ സോണിയാഗാന്ധി വിളിച്ചുചേര്‍ത്ത അടിയന്തിരയോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം യാത്ര വെട്ടിച്ചുരുക്കി മടങ്ങുന്നതെന്ന്് മന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ വിശദീകരിച്ചു.
ഇക്കുറി രണ്ടാംതവണയാണ് വയലാര്‍ രവിയുടെ ഗള്‍ഫ് പര്യടനത്തില്‍ മാറ്റം സംഭവിക്കുന്നത്. ഈമാസം ആറിന് ആരംഭിക്കേണ്ട പര്യടനം ഹരിയാനയിലെ സൂരജ് കുണ്ഡില്‍ കോണ്‍ഗ്രസ് നേതാക്കളുടെയും മന്ത്രിമാരുടെയും അടിയന്തരയോഗത്തെ തുടര്‍ന്ന് ഈമാസം പത്തിലേക്ക് മാറ്റിയതായി നേരത്തേ അറിയിച്ചിരുന്നു. പത്തിന് കുവൈത്തിലെത്തിയ വയലാര്‍ രവി അടുത്ത രണ്ടു ദിവസങ്ങവും യു.എ.ഇയിലായിരുന്നു. ചൊവ്വാഴ്ച മസ്കത്തിലെത്തി 14ന് സൗദി തലസ്ഥാനമായ റിയാദ്, 15ന് ജിദ്ദ എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ ശേഷം 16ന് ബഹ്റൈന്‍ സന്ദര്‍ശിച്ച് മടങ്ങാനായിരുന്നു തീരുമാനം. സൗദി, ബഹ്റൈന്‍ സന്ദര്‍ശനം ഒഴിവാക്കി മടങ്ങാന്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് തീരുമാനമുണ്ടായത്. ഖത്തറിനെ നേരത്തേ പര്യടനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ ‘റാഞ്ചല്‍’ സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ ശക്തമായ പ്രതിഷേധമാണ് വയലാര്‍ രവിയുടെ സന്ദര്‍ശനത്തിനെതിരെ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലൂടെയും മാധ്യമങ്ങളിലൂടെയും ഉയര്‍ന്നിരുന്നത്. യാത്ര നീട്ടിവെച്ച് വയലാര്‍ രവി വ്യോമയാന മന്ത്രി അജിത് സിങുമായി കൂടിക്കാഴ്ച നടത്തി എയര്‍ഇന്ത്യ പ്രശ്നത്തില്‍ ചില ഉറപ്പുകള്‍ വാങ്ങിശേഷമാണ് പര്യടനം ആരംഭിച്ചത് തന്നെ.
കേന്ദ്രമന്ത്രി മസ്കത്തിലെത്തുമ്പോള്‍ കരിദിനമാചരിക്കാനും, മന്ത്രിയെ ബഹിഷ്കരിക്കാനും ഇടത് ആഭിമുഖ്യമുള്ള സംഘടനകള്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഉര്‍വശീശാപം ഉപകാരമെന്ന മട്ടില്‍ ദല്‍ഹിയില്‍ സോണിയാഗാന്ധി അടിയന്തിര യോഗം വിളിച്ചത്. രാത്രി 11.20ന് ദല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ എക്സപ്രസിലാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്

ചാനലുകളില്‍ രാഷ്ട്രീയ നേതാക്കള്‍ മര്യാദ പാലിക്കണമെന്ന് എ.കെ ആന്‍റണി


ചാനലുകളില്‍ രാഷ്ട്രീയ നേതാക്കള്‍ മര്യാദ പാലിക്കണമെന്ന് എ.കെ ആന്‍റണി
പാലക്കാട്: ടി.വി ചാനലുകളില്‍ സംസാരിക്കുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ മര്യാദ പാലിക്കണമെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്‍റണി പറഞ്ഞു. ചാനല്‍ മൈക്കുകള്‍ കാണുമ്പോള്‍ പരസ്പരം ആരോപണം ഉന്നയിക്കുന്നത് നിര്‍ത്തണം. പ്രസ്താവനകള്‍ നടത്തുമ്പോള്‍ മിതത്വം പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ വിളിച്ചു പറയുന്ന അവസ്ഥയുണ്ടാകുന്നത് കേരളത്തിന്‍െറ പാരമ്പര്യമല്ല- ആന്‍റണി വ്യക്തമാക്കി.
ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാലിന്‍െറ രാഷ്ട്രീയ-പൊതു ജീവിതത്തിന്‍െറ സുവര്‍ണ ജൂബിലി ആഘോഷം പാലക്കാട് ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എ.കെ ആന്‍റണി. പെരുമാറ്റം, വാക്ക്, പ്രവര്‍ത്തി എന്നിവയില്‍ എളിമയും കുലീനത്തവും എന്നും പുലര്‍ത്തിപ്പോന്ന രാജഗോപാല്‍ മറ്റ് രാഷ്ട്രീയ പൊതുപ്രവര്‍ത്തകര്‍ക്ക് അനുകരണീയനാണെന്ന് ആന്‍റണി പറഞ്ഞു.
ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡു മുഖ്യപ്രഭാഷണം നടത്തി. എം.പി വീരേന്ദ്രകുമാര്‍, എം.ബി. രാജേഷ് എം.പി, എം.എല്‍.എമാരായ എം.പി. അബ്ദുസമദ് സമദാനി, സി.പി. മുഹമ്മദ് , കെ. അച്യുതന്‍, ഷാഫി പറമ്പില്‍, ആര്‍.എസ്.എസ് നേതാവ് പി.ഇ.ബി. മേനോന്‍, എം. മുരളീധരന്‍, കെ. രാമന്‍പിള്ള, പി.എസ്. ശ്രീധരന്‍പിള്ള, പി.കെ. കൃഷ്ണദാസ്, വി.എസ്. വിജയരാഘവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

‘കെജ്രിവാള്‍ ലീക്സ്’

‘കെജ്രിവാള്‍ ലീക്സ്’
2010 ഡിസംബറില്‍ തുടങ്ങിയ, ലോകത്തെത്തന്നെ അദ്ഭുതപ്പെടുത്തി മുന്നേറിയ, ഈ നൂറ്റാണ്ടിലെ ഏറ്റവും ആഴമേറിയ സാമൂഹിക, രാഷ്ട്രീയ പ്രതിഭാസമായ അറബ് വസന്തത്തിന്‍െറ പൊടുന്നനെയുള്ള കാരണങ്ങളിലൊന്ന് ആ സമയത്ത് പുറത്തുവന്ന വികിലീക്സ് രേഖകളായിരുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സ്വീഡിഷ്/ആസ്ട്രേലിയന്‍ പത്രപ്രവര്‍ത്തകനായ ജൂലിയന്‍ അസാന്‍ജ് തന്‍െറ വെബ്സൈറ്റായ വികിലീക്സിലൂടെ പുറത്തുവിട്ട, തങ്ങളുടെ ഭരണാധികാരികളുടെ അവിഹിത ഇടപെടലുകളുടെയും സാമ്പത്തിക കള്ളക്കളികളുടെയും രേഖകള്‍ അറബ്-ഉത്തരാഫ്രിക്കന്‍ നാടുകളിലെ യുവാക്കളെ രോഷംകൊള്ളിക്കുന്നതില്‍ വലിയ പങ്കുവഹിക്കുകയുണ്ടായി. സമാനമായ വെളിപ്പെടുത്തലുകളാണ് കഴിഞ്ഞദിവസങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയ, വ്യാവസായികരംഗത്തെ മേല്‍പാളി ഭീമന്മാരുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാള്‍ എന്ന സാമൂഹിക പ്രവര്‍ത്തകന്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിലെ വ്യവസായ ഭീമന്മാര്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡിലെ ബാങ്കുകളിലുള്ള ബഹുകോടികളുടെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ചാണ് അദ്ദേഹം കണക്കും കള്ളിയും വെച്ച് വിവരങ്ങള്‍ പറഞ്ഞുതന്നിരിക്കുന്നത്. സി.ബി.ഐ മുമ്പ് വെളിപ്പെടുത്തിയതനുസരിച്ച് ഇന്ത്യയിലെ വിവിധ രാഷ്ട്രീയ, വ്യവസായ ഭീമന്മാര്‍ക്കായി വിവിധ സ്വിസ് ബാങ്കുകളില്‍ 25 ലക്ഷം കോടിയുടെ നിക്ഷേപമുണ്ട്. (ആ കോടികളുടെ വലുപ്പം ഒന്നോര്‍ത്തു നോക്കുക!) സ്വിസ് ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ച് നാട്ടില്‍ എല്ലാവര്‍ക്കും നേരത്തേതന്നെ അറിയാവുന്നതാണെന്ന് ചുരുക്കം. ഇവയില്‍ ചിലരുടെ പേരും അവരുടെ നിക്ഷേപത്തിന്‍െറ കണക്കും പുറത്തുവിട്ടുവെന്നതാണ് കെജ്രിവാള്‍ വെളിപ്പെടുത്തലിന്‍െറ പ്രത്യേകത.
കെജ്രിവാളിന്‍െറ വെളിപ്പെടുത്തല്‍ ലിസ്റ്റിലെ ഒരു പേര് ശ്രദ്ധിക്കുക; സന്ദീപ് ടാന്‍ഡന്‍. മുന്‍ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥനും പിന്നീട് റിലയന്‍സ് കമ്പനിയില്‍ ഉന്നത ഉദ്യോഗം സ്വീകരിക്കുകയും ചെയ്ത ഇദ്ദേഹത്തിന്‍െറ (ഇപ്പോള്‍ ജീവിച്ചിരിപ്പില്ല) പേരില്‍ 125 കോടിയുടെ നിക്ഷേപമുണ്ട്. എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥനായ ഒരാളെ റിലയന്‍സ് പോലുള്ള ഒരു കമ്പനി വിലക്കെടുക്കുന്നതിന്‍െറ രാഷ്ട്രീയം എളുപ്പം മനസ്സിലാക്കാവുന്നതാണ്. സന്ദീപ് ടാന്‍ഡന്‍െറ മകന്‍ അനു ടാന്‍ഡന്‍െറ പേരിലുമുണ്ട് 125 കോടി രൂപയുടെ നിക്ഷേപം. ഇദ്ദേഹം കോണ്‍ഗ്രസിന്‍െറ എം.പിയും കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന രാഹുല്‍ ഗാന്ധിയുടെ കോര്‍ഗ്രൂപ്പില്‍ അംഗവുമാണ്. അപ്പോള്‍ എങ്ങനെയുണ്ട്? രാജ്യത്തെ ഏറ്റവും വലിയ വ്യവസായഗ്രൂപ്പുമായി ബന്ധപ്പെട്ട ഒരാളുടെ മകന്‍ രാജ്യംഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനത്തു വരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും കള്ളപ്പണ ബാങ്കുകളില്‍ വന്‍ നിക്ഷേപമുണ്ട് എന്ന് വരുമ്പോള്‍ ഇവരെല്ലാംകൂടി ചേര്‍ന്ന് നടത്തുന്ന ഒത്തുകളികള്‍ എന്തൊക്കെയാണെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
ഇതേ റിലയന്‍സ് ഗ്രൂപ്പിന്‍െറ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് പെട്രോളിയം-പ്രകൃതിവാതക മന്ത്രിയായിരുന്ന ജയ്പാല്‍ റെഡ്ഡിയെ പ്രസ്തുത വകുപ്പില്‍നിന്ന് ഈയിടെ നടന്ന മന്ത്രിസഭാ പുന$സംഘടനയില്‍ മാറ്റിയത് എന്നതും പരസ്യമായ രഹസ്യമാണ്. മാന്യതയുടെയും ഉന്നതമൂല്യങ്ങളുടെയും കാവലാളായി അവതരിപ്പിക്കപ്പെടുന്ന സാക്ഷാല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തന്നെയാണ് ഈ മാറ്റിപ്രതിഷ്ഠക്ക് കാര്‍മികത്വം വഹിച്ചത് എന്നറിയുമ്പോള്‍, നമ്മുടെ രാജ്യം ശരിക്കും ആരുടെ കൈയിലാണെന്ന ചോദ്യമാണ് ഉയരുന്നത്. റിലയന്‍സിന്‍െറ കച്ചവടതാല്‍പര്യങ്ങള്‍ക്ക് എതിരുനില്‍ക്കുന്ന ഒരാളും പെട്രോളിയം വകുപ്പില്‍ അധികകാലം നില്‍ക്കാറില്ല എന്നതാണ് ചരിത്രം. രാഷ്ട്രീയക്കാരും വ്യവസായ ഭീമന്മാരും അവര്‍ക്ക് ദല്ലാള്‍ പണിയെടുക്കുന്ന ഉദ്യോഗസ്ഥ വൃന്ദവും ചേര്‍ന്നുള്ള വെറുമൊരു കറക്കു കമ്പനി ഏര്‍പ്പാടിന്‍െറ പേര്‍ മാത്രമാണ് രാജ്യഭരണമെന്ന് അടിക്കടി ഉറപ്പിക്കുന്നതാണ് ഓരോദിവസവും വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍.
നമുക്കെല്ലാം അറിയാവുന്ന യാഥാര്‍ഥ്യങ്ങള്‍ രേഖകള്‍ സഹിതം പുറത്തുകൊണ്ടുവരുന്നുവെന്നതാണ് കെജ്രിവാള്‍ വെളിപ്പെടുത്തലുകളുടെ പ്രസക്തി. അങ്ങേയറ്റം ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടും അദ്ദേഹത്തിനെതിരെ നിയമനടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ധൈര്യമില്ലാത്തത് വെളിപ്പെടുത്തലിന്‍െറ സത്യസന്ധതയെയാണ് കുറിക്കുന്നത്. സമാനമായ കള്ളക്കണക്കുകള്‍ ഇനിയും ധാരാളം വരാനുണ്ട്; വരേണ്ടതുണ്ട്. രാജ്യത്തെ അകമേ കാര്‍ന്നുതിന്നുന്ന ഈ തുരപ്പന്മാരുടെ പിന്നില്‍നിന്ന് പിന്നെയും പിന്നെയും സിന്ദാബാദ് വിളിക്കാന്‍ ആളുണ്ടാവുന്നുവെന്നത് ഒരു ജനതയുടെ ദുരന്തമാണ്. അറബ്നാടുകളില്‍ സംഭവിച്ചത് പോലെ, ജനങ്ങളുടെ രോഷത്തെ മുഴുവന്‍ ആവാഹിക്കുന്ന ഒരു ജനകീയ പ്രവാഹം രൂപപ്പെടുക മാത്രമേ പോംവഴിയുള്ളൂ. ഒരു പക്ഷേ, അതിനെ സാധ്യമാക്കുന്ന പ്രേരക ഘടകങ്ങളായിരിക്കും ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ