2012, നവംബർ 12, തിങ്കളാഴ്‌ച

NO COMMENT-- 6 12/12/12

News from 'Madhyamam' online news

പിങ്കി പ്രമാണിക്ക് പുരുഷന്‍ തന്നെ; മാനഭംഗത്തിനും വഞ്ചനക്കും കേസ്

കെജ്രിവാള്‍ സംഘാംഗത്തിന് വധഭീഷണി

സത്നംസിങിന്റെ കൊലപാതകം: കുറ്റപത്രം തയ്യാറായി

എയര്‍ ഇന്ത്യ പ്രശ്നം: മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടി- മന്ത്രി

എനിക്കറിയാത്ത പ്രശ്നങ്ങളൊന്നും പ്രവാസികള്‍ക്കില്ല- മന്ത്രി വയലാര്‍ രവി


എനിക്കറിയാത്ത പ്രശ്നങ്ങളൊന്നും പ്രവാസികള്‍ക്കില്ല- മന്ത്രി വയലാര്‍ രവി
ഷാര്‍ജ: തനിക്കറിയാത്ത പ്രശ്നങ്ങളൊന്നും പ്രവാസി മലയാളികള്‍ക്കില്ലെന്നും എല്ലാം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെന്നും കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി വ്യക്തമാക്കി. ഗള്‍ഫിലെ മിക്ക മലയാളി സംഘടനകളും എല്ലാ ദിവസവും ഓരോരോ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താറുണ്ട്. ഇതെല്ലാം കൃത്യമായി കുറിച്ചുവെച്ച് തുടര്‍നടപടികള്‍ എടുക്കാറുമുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്രയധികം ഇന്ത്യക്കാര്‍ ഉള്ളതിനാല്‍ പ്രശ്നങ്ങള്‍ ഒരിക്കലും തീരില്ല. സാധ്യമാകുന്നവയിലെല്ലാം പരിഹാരമുണ്ടാക്കി അവരെ തൃപ്തിപ്പെടുത്തുകയാണ് ലക്ഷ്യം. പരിഹാരം കാണുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു.
ഷാര്‍ജയിലെ നിര്‍ദിഷ്ട ഹൈന്ദവ, സിഖ് ശ്മശാനത്തിന്‍െറ നിര്‍മാണ പുരോഗതി വിലയിരുത്താനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
2013 ജനുവരി ഏഴ് മുതല്‍ ഒമ്പത് വരെ കൊച്ചിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ പ്രവാസികളുടെ എല്ലാ വിഷയവും ചര്‍ച്ച ചെയ്യുന്നുണ്ട്. ആദ്യ ദിവസം ഗള്‍ഫുകാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രം നീക്കിവെച്ചിരിക്കുകയാണ്. അന്ന് പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയോ എഴുതിത്തരികയോ ഒക്കെ ചെയ്യാം. വ്യക്തിപരമായ പ്രശ്നങ്ങളല്ല പൊതുവായ കാര്യങ്ങളാണ് അവതരിപ്പിക്കേണ്ടത്. മറ്റ് ദിവസങ്ങളിലും ഇതുസംബന്ധിച്ച സെഷനുകള്‍ ഉണ്ടാകും. പ്രവാസി ഭാരതീയ ദിവസില്‍ ഗള്‍ഫിലെ സംഘടനകളെ അവഗണിക്കുന്നെന്ന പരാതിയില്‍ കഴമ്പില്ല. കൂടുതല്‍ ആളുകള്‍ പങ്കെടുക്കണമെന്നാണ് സര്‍ക്കാറിന്‍െറ ആഗ്രഹം. അതുകൊണ്ടാണ് സംഘടനകളെ നേരിട്ട് ക്ഷണിക്കാന്‍ താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയകളില്‍ മന്ത്രിക്കെതിരെ നടക്കുന്ന കാമ്പയിന്‍ സംബന്ധിച്ച ചോദ്യത്തിന് വിദ്യാര്‍ഥി രാഷ്ട്രീയം മുതല്‍ താന്‍ ഇത്തരം പ്രചാരണങ്ങളെ അതിജീവിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തേത് ആസൂത്രിതമായി ചിലര്‍ നടത്തുന്നതാണെന്നുമായിരുന്നു മറുപടി.
പൊതുശ്മശാനത്തിന്‍െറ നിര്‍മാണം 80 ശതമാനം പൂര്‍ത്തിയായതെന്നും ജനുവരി രണ്ടാം വാരം പ്രവര്‍ത്തന സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജ സിമന്‍റ് ഫാക്ടറിക്ക് എതിര്‍വശത്ത് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജാ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി സൗജന്യമായി നല്‍കിയ 8.3 ഏക്കര്‍ സ്ഥലത്ത് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍െറ ആഭിമുഖ്യത്തിലാണ് ശ്മശാനം നിര്‍മിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ 52 ലക്ഷം ദിര്‍ഹം ചെലവ് കണക്കാക്കുന്നു. ആദ്യഘട്ടത്തില്‍ വര്‍ഷം 1500 മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള ശേഷിയുണ്ട്. ഒരു മൃതദേഹം സംസ്കരിക്കാന്‍ എട്ട് മണിക്കൂറാണ് വേണ്ടി വരിക. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ 3000 പേരെ സംസ്കരിക്കാനാവും. ഇവിടെ എത്തുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വ്യത്യസ്ത ഇരിപ്പിടം, പ്രാര്‍ഥനാ ഹാള്‍, മൃതദേഹം കുളിപ്പിക്കാനും സംസ്കരിക്കാനുമുള്ള സ്ഥലം, സ്റ്റോര്‍ തുടങ്ങിയവയാണ് ഇപ്പോള്‍ സജ്ജമായി കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ അംബാസഡര്‍ എം.കെ. ലോകേഷ്, എം.എ. യൂസഫലി, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളായ അഡ്വ.വൈ.എ. റഹീം, കെ. ബാലകൃഷ്ണന്‍, ബിജു സോമന്‍ തുടങ്ങിയവരും വയലാര്‍ രവിക്കൊപ്പമുണ്ടായിരുന്നു.
നേരത്തേ, ദ്വിദിന യു.എ.ഇ സന്ദര്‍ശനത്തിനെത്തിയ വയലാര്‍ രവിക്ക് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. പ്രസിഡന്‍റ് എം.ജി. പുഷ്പാകരന്‍, ജന. സെക്രട്ടറിമാരായ പുന്നക്കന്‍ മുഹമ്മദലി, സുഭാഷ് ചന്ദ്രബോസ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. വൈ.എ. റഹീം, സി.ആര്‍.ജി. നായര്‍, എന്‍.ആര്‍. മായിന്‍, എന്‍.പി. രാമചന്ദ്രന്‍, സി.പി. ജലീല്‍, വില്യറ്റ് കൊറിയ, ചന്ദ്രന്‍ ആയഞ്ചേരി, ഹൈദര്‍ പാലക്കാട്, ടൈറ്റസ് പുല്ലൂരാന്‍, ഫിറോസ് ഷാര്‍ജ, മജീദ് എറണാകുളം എന്നിവര്‍ നേതൃത്വം നല്‍കി.

എയര്‍ ഇന്ത്യ പ്രശ്നം: മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടി- മന്ത്രി


ഉമ്മുല്‍ഖുവൈന്‍: വിമാനം റാഞ്ചാന്‍ ശ്രമിച്ചെന്നാരോപിച്ച് പ്രവാസികള്‍ക്കെതിരെ എയര്‍ ഇന്ത്യ കേസ് നല്‍കിയതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കേരള മുഖ്യമന്ത്രിയുമായി ആലോചിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ഉറപ്പുനല്‍കി. പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിനത്തിന്‍െറ പ്രചാരണത്തിന്‍െറ ഭാഗമായി ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സ്വ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തിന്‍െറ പിടിയിലമര്‍ന്നപ്പോള്‍ പ്രവാസികളുടെ നിക്ഷേപം കൊണ്ടാണ് ഇന്ത്യ പിടിച്ചുനിന്നതെന്ന കാര്യം മറക്കില്ല. വിദേശ ഇന്ത്യക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 120ഓളം എംബസികളില്‍ ക്ഷേമ ഫണ്ടുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ നിര്‍മ്മാണ പ്രവര്‍ത്തന ഫണ്ടിലേക്ക് 7,50,000 രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഫണ്ടിലേക്ക് അഞ്ച് ലക്ഷം ദിര്‍ഹം നല്‍കുമെന്ന് വ്യവസായ പ്രമുഖന്‍ എം.എ. യൂസഫലി പ്രഖ്യാപിച്ചു. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ എം.കെ. ലോകേഷ്, കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ, മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ പ്രസിഡന്‍റ് വര്‍ഗീസ് രാജന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിക്സന്‍ ബേബി സ്വാഗതവും സജാദ് സഗീര്‍ നന്ദിയും പറഞ്ഞു

സത്നംസിങിന്റെ കൊലപാതകം: കുറ്റപത്രം തയ്യാറായി


സത്നംസിങിന്റെ കൊലപാതകം: കുറ്റപത്രം തയ്യാറായി
അമൃതാനന്ദമയി ഉള്‍പ്പെടെ സാക്ഷികളെ ഒഴിവാക്കി
തിരുവനന്തപുരം: ബിഹാര്‍ ഗയ സ്വദേശി സത്നംസിങ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊല്ലപ്പെട്ട കേസില്‍ അന്തിമകുറ്റപത്രം തയാറായി. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രം ജീവനക്കാരന്‍, ഡ്യൂട്ടിയിലുണ്ടായിരുന്ന ജയില്‍വാര്‍ഡര്‍, രോഗം ഭേദമായിട്ടും അവിടെ കഴിഞ്ഞുവന്ന നാല് അന്തേവാസികള്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. എന്നാല്‍ മാതാ അമൃതാനന്ദമയി അടക്കം വള്ളിക്കാവ് ആശ്രമത്തിലെ സാക്ഷികളെ ഒഴിവാക്കി.മാനസികാരോഗ്യകേന്ദ്രത്തില്‍ വെച്ചുണ്ടായ മര്‍ദനത്തിലാണ് സത്നംസിങ് മരിച്ചതെന്ന നിലയില്‍ അന്വേഷണം അവസാനിപ്പിക്കുകയാണ് ക്രൈംബ്രാഞ്ച് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ആഗസ്റ്റ് നാലിനാണ് സത്നംസിങ് കൊല്ലപ്പെട്ടത്.
വള്ളിക്കാവ് മഠത്തില്‍ അമൃതാനന്ദമയിയെ അപായപ്പെടുത്താനായി ചാടിവീണുവെന്നാരോപിച്ച് പിടിയിലായ സത്നംസിങ്ങിന് അവിടെവെച്ച് മര്‍ദനമേല്‍ക്കുന്ന വീഡിയോ ദൃശ്യങ്ങളുണ്ട്. അതിന് ശേഷം പൊലീസിന് കൈമാറിയ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. കൊല്ലം ജില്ലാ ജയിലില്‍ പ്രവേശിപ്പിച്ച ഇയാളെ അവിടെ അതിക്രമം കാട്ടിയെന്നാരോപിച്ചാണ് ജില്ലാആശുപത്രിയില്‍ കൊണ്ടുവന്നത്. അവിടെ നിന്ന് പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. നാലിന് വൈകുന്നേരം ഏഴര മണിയോടെ അബോധാവസ്ഥയില്‍ കണ്ടെത്തിതിനെ തുടര്‍ന്ന് മെഡിക്കല്‍കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ തലക്കും കഴുത്തിനുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി.
സംഭവം വിവാദമായതിനെ തുടര്‍ന്ന് ആശുപത്രിയിലെ നാല് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയും അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയും ചെയ്തു. ക്രൈംബ്രാഞ്ച് ഐ.ജി ബി. സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണത്തിന്‍െറ ആദ്യഘട്ടത്തില്‍ തന്നെ മാനസികാരോഗ്യകേന്ദ്രം മാത്രം കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് താല്‍പര്യം പ്രകടിപ്പിച്ചത്. മഠത്തിലെ അന്തേവാസികളുടെയും അമൃതാനന്ദമയിയുടെയും മൊഴി രേഖപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അന്തിമകുറ്റപത്രം തയാറായപ്പോള്‍ ഇവരാരും സാക്ഷിപ്പട്ടികയിലില്ല.
സത്നംസിങ്ങിന് അമൃതാനന്ദമയിമഠം, പൊലീസ് സ്റ്റേഷന്‍, ജില്ലാജയില്‍, മാനസികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലെല്ലാം വെച്ച് മര്‍ദനമേറ്റുവെന്ന് വ്യക്തമായതാണ്. അക്കാര്യങ്ങളൊന്നും പരിഗണിക്കാതെയുള്ള അന്തിമകുറ്റപത്രമാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് തയാറാക്കിയിട്ടുള്ളത്. മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ അനില്‍കുമാര്‍, വാര്‍ഡന്‍ വിവേകാനന്ദന്‍, മാനസിക കേന്ദ്രത്തിലെ കസ്റ്റഡി പ്രതികളായ മഞ്ചേഷ്, ബിജു, ശരത്ത് പ്രകാശ് എന്ന പ്രതീഷ്, ദിലീപ് എന്നിവരാണ് പ്രതികള്‍. ബിജു ഒഴികെ മറ്റെല്ലാവരും ജാമ്യത്തിലാണ്. ക്രൈംബ്രാഞ്ച് അന്വേഷണ ത്തില്‍ സത്നംസിങ്ങിന്‍െറ ബന്ധുക്കള്‍ നേരത്തേ തന്നെ അതൃപ്തരാണ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അവര്‍ കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്.

കെജ്രിവാള്‍ സംഘാംഗത്തിന് വധഭീഷണി


കെജ്രിവാള്‍ സംഘാംഗത്തിന് വധഭീഷണി
കുമാര്‍ വിശ്വാസ്
ന്യൂദല്‍ഹി: അഴിമതി വിരുദ്ധ സമരനേതാവ് അരവിന്ദ് കെജ്രിവാളിന്‍െറ സംഘത്തിലെ പ്രധാനി കുമാര്‍ വിശ്വാസിന് നേരെ വധഭീഷണി. യു.പി ഗാസിയാബാദിലെ വീട്ടിലെത്തിയാണ് ഒരു സംഘം പ്രശസ്ത ഹിന്ദി കവി കൂടിയായ കുമാര്‍ വിശ്വാസിനെതിരെ വധഭീഷണി മുഴക്കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ യു.പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച വൈകുന്നേരം കാറിലെത്തിയ ഏതാനും യുവാക്കള്‍ തന്‍െറ വീട്ടില്‍ ബഹളംവെക്കുകയും നേതാക്കള്‍ക്കെതിരായ ആരോപണങ്ങളുമായി മുന്നോട്ടുപോയാല്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തുവെന്ന് കുമാര്‍ വിശ്വാസ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തില്‍ തുടക്കം മുതല്‍ സജീവമായ കുമാര്‍ വിശ്വാസ് ഹസാരെയും കെജ്രിവാളും വഴിപിരിഞ്ഞതോടെ കെജ്രിവാളിനൊപ്പം നില്‍ക്കുകയായിരുന്നു. അതിനിടെ, തന്‍െറ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പേരും കൊടിയും നവംബര്‍ 26ന് പ്രഖ്യാപിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. അതിനുശേഷം ‘അഴിമതിക്കെതിരെ ഇന്ത്യ’ (ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍) എന്ന പേര് താനും തന്‍െറ കൂടെയുള്ളവരും ഉപയോഗിക്കില്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കി.
കെജ്രിവാളുമായുള്ള ഭിന്നതയെ തുടര്‍ന്ന് നിര്‍ത്തിവെച്ച അഴിമതി വിരുദ്ധ പോരാട്ടം ഇടവേളക്ക് ശേഷം പുനരാരംഭിച്ച ഹസാരെ ‘അഴിമതിക്കെതിരെ ഇന്ത്യ’ എന്ന പേരില്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പേര് വിട്ടുനല്‍കാന്‍ കെജ്രിവാള്‍ തീരുമാനിച്ചത്. പുതിയ പാര്‍ട്ടിയുടെ നയരേഖ കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ കെജ്രിവാള്‍ പുറത്തുവിട്ടിരുന്നു.

പിങ്കി പ്രമാണിക്ക് പുരുഷന്‍ തന്നെ; മാനഭംഗത്തിനും വഞ്ചനക്കും കേസ്

പിങ്കി പ്രമാണിക്ക് പുരുഷന്‍ തന്നെ; മാനഭംഗത്തിനും വഞ്ചനക്കും കേസ്
ന്യൂദല്‍ഹി: മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അത് ലറ്റ് പിങ്കി പ്രമാണിക്കിന് എതിര്. പിങ്കി പുരുഷന്‍ തന്നെയാണെന്ന് തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതമുള്ള കുറ്റപത്രം പൊലീസ് ബരാസാത് കോടതി മുമ്പാകെ സമര്‍പിച്ചു. മാനഭംഗത്തിനും വഞ്ചനക്കുമാണ് കേസ് എടുത്തിരിക്കുന്നത്.
കൊല്‍ക്കത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ബോര്‍ഡ് ആണ് പിങ്കിയുടെ മെഡിക്കല്‍ പരിശോധന നിര്‍വഹിച്ചത്.
പിങ്കി പുരുഷന്‍ ആണെന്നും തന്നെ മാനഭംഗപ്പെടുത്തിയെന്നും ഉള്ള മുന്‍ പങ്കാളിയുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 14ന് അറസ്റ്റിലായ പിങ്കി പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയിരുന്നു.
2006ലെ ദോഹ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍ നേടിയ റിലേ ടീമിലെ അംഗമായിരുന്നു പിങ്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ