2012, നവംബർ 11, ഞായറാഴ്‌ച

NO COMMENT-5 11/11/12

'മാധ്യമം' ഓണ്‍ലൈനില്‍ നിന്നും.

ഗഡ്കരിയെ നീക്കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് യെദിയൂരപ്പ
2014ന് മുമ്പ് തെരഞ്ഞെടുപ്പുണ്ടായേക്കുമെന്ന് അദ്വാനി

റോഡപകടങ്ങള്‍ക്ക് കാരണം ബൈക്കും മൊബൈലും സുന്ദരിമാരും

കള്ളപ്പണം: നിയമനടപടിക്ക് മടിച്ച് റിലയന്‍സും എച്ച്.എസ്.ബി.സിയും

കോര്‍പറേറ്റുകള്‍ വിചാരിച്ചാല്‍ ഇന്ത്യ നിമിഷങ്ങള്‍ക്കകം നിശ്ചലം- അരുന്ധതി റോയ്

കോര്‍പറേറ്റുകള്‍ വിചാരിച്ചാല്‍ ഇന്ത്യ നിമിഷങ്ങള്‍ക്കകം നിശ്ചലം- അരുന്ധതി റോയ്
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ ‘ഗള്‍ഫ് മാധ്യമം’ സ്റ്റാള്‍ സന്ദര്‍ശിച്ച അരുന്ധതി റോയ് ഫോട്ടോ പ്രദര്‍ശനം കാണുന്നു. ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് സമീപം
ഷാര്‍ജ: ജനാധിപത്യ രാജ്യമെന്ന് പേരുണ്ടെങ്കിലും ഇന്ത്യ ഭരിക്കുന്നത് കോര്‍പറേറ്റ് ഭീമന്മാര്‍ ആണെന്നും അത്തരം ഒന്നോ രണ്ടോ സ്ഥാപനങ്ങള്‍ വിചാരിച്ചാല്‍ നിമിഷങ്ങള്‍ക്കം രാജ്യം നിശ്ചലമാകുമെന്നും പ്രമുഖ ഇന്ത്യന്‍ എഴുത്തുകാരി അരുന്ധതി റോയ്. ഉപ്പ് തൊട്ട് വിമാനം വരെ നിര്‍മിക്കാനുള്ള കുത്തക ചില കമ്പനികള്‍ക്ക് മാത്രമായി നല്‍കിയിരിക്കുന്നു.
ഇന്ത്യയില്‍ കോര്‍പറേറ്റുകള്‍ എല്ലാ മേഖലകളിലും നിക്ഷേപം നടത്തുന്നത് നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. അമേരിക്കയില്‍ പോലും ഇത് അനുവദനീയമല്ല. 19ലധികം ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളെ വരെ നിയന്ത്രിക്കുന്ന കോര്‍പറേറ്റ് ഭീമന്മാരുണ്ട് ഇന്ത്യയില്‍. ജനങ്ങള്‍ എന്ത് അറിയണം എന്ന് വരെ കുത്തകകള്‍ തീരുമാനിക്കുന്ന സ്ഥിതിയാണ്.
പണം ഉണ്ടെങ്കില്‍ എന്തുമാകാമെന്ന അവസ്ഥയും കൂട്ടക്കൊലക്ക് നേതൃത്വം നല്‍കുന്നയാള്‍ സംസ്ഥാനം ഭരിക്കുന്നത് പോലെയുള്ള അപകടകരമായ ജനാധിപത്യവുമാണ് ഇന്ത്യയിലേതെന്നും അരുന്ധതി ചൂണ്ടിക്കാട്ടി. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുക്കാനെത്തിയ അവര്‍ ഇന്ത്യന്‍ പവലിയനില്‍ ‘മീറ്റ് ദി പ്രസ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. കശ്മീര്‍ പ്രശ്നം പരിഹരിക്കപ്പെടണമെന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും താല്‍പര്യമില്ല എന്നതാണ് സത്യം. കശ്മീര്‍ പുകഞ്ഞുനില്‍ക്കുന്നത് കൊണ്ട് മറ്റുചില പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നുണ്ടെന്നതാണ് ഈ സത്യത്തിന്‍െറ മറുവശം. ഇന്ത്യന്‍ സേനയുടെ ഭൂരിഭാഗത്തെയും വിന്യസിച്ചാല്‍ തീരുന്ന പ്രശ്നമല്ല കശ്മീരിലേത്. ബാക്കി സേനയെ നക്സല്‍ വേട്ടക്കെന്ന പേരില്‍ വനത്തില്‍ വിന്യസിപ്പിച്ചിരിക്കുന്നതിനാല്‍ ആദിവാസികളുടെ പ്രശ്നവും തീരുന്നില്ല. 40 ശതമാനത്തിലേറെ കുട്ടികള്‍ പോഷകാഹാരം ഇല്ലാതെ കഴിയുന്ന ഒരു രാജ്യത്തെ എങ്ങിനെയാണ് സൂപര്‍ പവര്‍ എന്ന് വിളിക്കുകയെന്നറിയില്ല. ജനസംഖ്യയുടെ 60 ശതമാനം ദരിദ്രരാണ്. അവര്‍ക്കെതിരെ വിലക്കയറ്റം അടക്കമുള്ള യുദ്ധപ്രഖ്യാപനം നടത്തുകയാണ് ഭരണകൂടം. ഇതൊന്നും പരിഹരിക്കാതെ ആണവനിലയങ്ങള്‍ പണിയുന്നതിനാണ് ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്. ദൈനംദിന മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ സംവിധാനമില്ലാത്ത രാജ്യം ആണവ മാലിന്യങ്ങള്‍ എന്തുചെയ്യുമെന്ന് ചിന്തിക്കണം. അമേരിക്കയുടെ വിനീത സേവകനാകാന്‍ അതീവ താല്‍പര്യം കാണിക്കുന്നൊരാള്‍ പ്രധാനമന്ത്രിയായ രാജ്യത്ത് നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല. നിങ്ങളുടെ എന്ത് മാലിന്യവും ഇവിടെ കൊണ്ട് തള്ളിക്കോളൂ എന്നുപറഞ്ഞ് അമേരിക്കക്ക് മുന്നില്‍ ഇന്ത്യന്‍ കവാടങ്ങള്‍ തുറന്നിട്ടിരിക്കുകയാണ് മന്‍മോഹന്‍ സിങെന്നും അവര്‍ പറഞ്ഞു.
സിനിമക്ക് തിരക്കഥകള്‍ എഴുതിയിട്ടുണ്ടെങ്കിലും സിനിമയാക്കാന്‍ കഴിയരുത് എന്ന ആഗ്രഹത്തോടെയാണ് ‘ഗോഡ് ഓഫ് സ്മോള്‍ തിങ്സ്’ രചിച്ചത്. അതുകൊണ്ടാണ് അത് സിനിമയാക്കാന്‍ അനുവദിക്കാത്തത്. ദൃശ്യങ്ങള്‍ മനസ്സില്‍ കണ്ട് സിനിമ പോലെ വായിക്കാന്‍ കഴിയുംവിധമാണ് ആ പുസ്തകം.
ഒരുപക്ഷേ തന്‍െറ മരണശേഷം അത് ആരെങ്കിലും സിനിമയാക്കുമെന്നും അവര്‍ പറഞ്ഞു. ‘ഗോഡ് ഓഫ് സ്മോള്‍ തിങ്സ്’ കഴിഞ്ഞ് 15 വര്‍ഷത്തിനുശേഷം പുതിയ ഫിക്ഷന്‍ എഴുതിത്തുടങ്ങിയെന്ന് പറഞ്ഞ അരുന്ധതിയോട് അതിന്‍െറ പ്രമേയം ചോദിച്ചപ്പോള്‍ തനിക്കും അതൊരു രഹസ്യമാണെന്നായിരുന്നു മറുപടി. ഷാര്‍ജയിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളിലെ വിദ്യാര്‍ഥികളുമായി അരുന്ധതി സംവദിക്കുകയും ചെയ്തു.

2014ന് മുമ്പ് തെരഞ്ഞെടുപ്പുണ്ടായേക്കുമെന്ന് അദ്വാനി

2014ന് മുമ്പ് തെരഞ്ഞെടുപ്പുണ്ടായേക്കുമെന്ന് അദ്വാനി
തിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ 2014ന് മുമ്പ് പൊതുതെരഞ്ഞെടുപ്പുണ്ടായേക്കുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ ഉറവിടത്തില്‍ തന്നെ നശിച്ചുപോയെന്നും ഇന്ത്യയിലും പ്രസ്ഥാനം നശിച്ചുകൊണ്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് യൂനിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ ഭാരതീയ വിചാരകേന്ദ്രം വാര്‍ഷിക സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിലെ അയിത്തം ബി.ജെ.പി അംഗീകരിക്കുന്നില്ല. അത് മാറിവരുന്നത് സ്വാഗതാര്‍ഹമാണ്. 22ാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കും. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പ്രാധാന്യം കുറയുകയും കിഴക്കന്‍ രാജ്യങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പുമാണ് ഇനി വരാനിരിക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യയുടെയും ചൈനയുടെയും കാലം- അദ്വാനി പറഞ്ഞു.
അധികാരത്തിലിരിക്കുമ്പോള്‍ ശക്തനായ ഭരണാധികാരി ആവുകയും അധികാരം നഷ്ടപ്പെടുമ്പോള്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവാവുകയുമാണ് യഥാര്‍ത്ഥ രാഷ്ട്രീയപ്രവര്‍ത്തകന്‍ ചെയ്യേണ്ടതെന്നും അദ്വാനി പറഞ്ഞു.

ഗഡ്കരിയെ നീക്കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് യെദിയൂരപ്പ

ഗഡ്കരിയെ നീക്കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് യെദിയൂരപ്പ
ബംഗളൂരു: അഴിമതി ആരോപണവിധേയനായ നിതിന്‍ ഗഡ്കരിയെ ബി.ജെ.പി അധ്യക്ഷ സ്ഥാനത്തു നിന്നു നീക്കുന്നതടക്കം താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്നു കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയുമായി രഹസ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി വിടരുതെന്നു യെദിയൂരപ്പയോട് ജെയ്റ്റ്‌ലി ആവശ്യപ്പെട്ടതായാണ് റിപോര്‍ട്ട്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പദം തനിക്കു നല്‍കുക, തെരഞ്ഞെടുപ്പില്‍ അടുത്ത മുഖ്യമന്ത്രിയായി തന്നെ പ്രഖ്യാപിക്കുക തുടങ്ങിയവയാണ് യെദിയൂരപ്പ മുന്നോട്ടു വച്ചിരിക്കുന്ന മറ്റ് ആവശ്യങ്ങള്‍.
ഖനന അഴിമതിയുമായി ബന്ധപ്പെട്ട ലോകായുക്ത റിപോര്‍ട്ടിനെ തുടര്‍ന്നാണ് 2011ല്‍ യെദിയൂരപ്പക്ക് കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത്

കള്ളപ്പണം: നിയമനടപടിക്ക് മടിച്ച് റിലയന്‍സും എച്ച്.എസ്.ബി.സിയും

ന്യൂദല്‍ഹി: ‘അഴിമതിക്കെതിരെ ഇന്ത്യ’ (ഇന്ത്യ എഗെയിന്‍സ്റ്റ് കറപ്ഷന്‍) പ്രസ്ഥാനത്തിന്‍െറ നേതാക്കളായ അരവിന്ദ് കെജ്രിവാള്‍, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ കഴിഞ്ഞദിവസം നടത്തിയ വെളിപ്പെടുത്തലുകള്‍ നിഷേധിച്ച് റിലയന്‍സ്, എച്ച്.എസ്.ബി.സി എന്നിവ രംഗത്തുവന്നു. എന്നാല്‍, ഇരുവര്‍ക്കുമെതിരെ നിയമനടപടികളിലേക്ക് കടക്കാന്‍ വിവാദത്തില്‍ കുടുങ്ങിയ ബാങ്കോ വ്യവസായികളോ തയാറായില്ല.
റിലയന്‍സിനും മറ്റും സ്വിസ് ബാങ്കില്‍ വന്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും, എച്ച്.എസ്.ബി.സി ഹവാലയായി ഇന്ത്യയിലുള്ളവരുടെ സ്വിസ് ബാങ്ക് ഇടപാടുകള്‍ നടത്തുന്നുവെന്നുമാണ് കെജ്രിവാള്‍ ചൂണ്ടിക്കാട്ടിയത്. കഴമ്പില്ലാത്ത ആരോപണമാണ് കെജ്രിവാളും മറ്റും ഉന്നയിച്ചതെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍, കോടികളുടെ നഷ്ടപരിഹാരം ആവശ്യപ്പെടാനും ആരോപണമുന്നയിച്ചവര്‍ക്ക് ജയില്‍ശിക്ഷ വാങ്ങിക്കൊടുക്കാനും നിയമവ്യവസ്ഥകളുണ്ട്. എന്നാല്‍, അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ നിയമനടപടികളിലേക്ക് കടക്കാന്‍ ആരോപണത്തിന് വിധേയരായവര്‍ മുതിര്‍ന്നിട്ടില്ല.
അതിനിടെ, കള്ളപ്പണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതായി സര്‍ക്കാര്‍ വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് സര്‍ക്കാര്‍ നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്ന് ധനമന്ത്രാലയത്തിന് കീഴിലെ റവന്യൂ വകുപ്പ് അധികൃതര്‍ പറഞ്ഞു. സ്വിസ് ബാങ്ക് അക്കൗണ്ടുള്ളവരെക്കുറിച്ച വിവരം കിട്ടാന്‍ നികുതിവകുപ്പ് നടപടികള്‍ മുന്നോട്ടു നീക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.
കെജ്രിവാള്‍ ഉന്നയിച്ച കാര്യങ്ങള്‍ മുകേഷ് അംബാനി നിഷേധിച്ചു. റിലയന്‍സിനോ, ഉടമയായ മുകേഷ് അംബാനിക്കോ നിയമപ്രകാരമല്ലാത്ത അക്കൗണ്ടുകള്‍ ലോകത്തെവിടെയുമില്ലെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം. പതിവു ബിസിനസ് ഇടപാടുകള്‍ക്ക് റിലയന്‍സിന്‍െറ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ എച്ച്.എസ്.ബി.സി അടക്കം നിരവധി ആഗോള ബാങ്കുകളുമായി ബന്ധപ്പെടുന്നുണ്ട്. ഇതത്രയും ചട്ടങ്ങള്‍ പാലിച്ചുകൊണ്ടാണ്. ഇക്കാര്യം ഇന്ത്യയിലെ ബന്ധപ്പെട്ട അധികൃതര്‍ക്ക് മുമ്പാകെ വെളിപ്പെടുത്തിയിട്ടുമുണ്ട്. ‘അഴിമതിക്കെതിരെ ഇന്ത്യ’ക്കാരുടെ ആരോപണത്തിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യമുണ്ടെന്നും കമ്പനി അധികൃതര്‍ വിശദീകരിച്ചു.
അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പും ആരോപണം നിഷേധിച്ചു. അതിനിടെ, മുകേഷ് അംബാനിയോട് എച്ച്.എസ്.ബി.സി മാപ്പു പറഞ്ഞതിന്‍െറ കാരണം വിശദീകരിക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. ജനീവ ബ്രാഞ്ചില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ പേര് തെറ്റായി ചേര്‍ത്തതിന് ഇക്കഴിഞ്ഞ ജനുവരിയിലാണ് ഖേദപ്രകടനം ഉണ്ടായത്. എച്ച്.എസ്.ബി.സിയുടെ കമ്പ്യൂട്ടര്‍ സെര്‍വറില്‍ നിന്നാണ് മുകേഷ് അംബാനിയുടെ പേരുള്ള ലിസ്റ്റ് കിട്ടിയത്. മുകേഷ് അംബാനിയുടെ പേരില്‍ കമ്പ്യൂട്ടര്‍ തെറ്റായി അക്കൗണ്ട് തുറന്നുവെന്ന് സ്ഥാപിക്കാനാണോ എച്ച്.എസ്.ബി.സി ശ്രമിക്കുന്നതെന്നും കെജ്രിവാള്‍ ചോദിച്ചു.

റോഡപകടങ്ങള്‍ക്ക് കാരണം ബൈക്കും മൊബൈലും സുന്ദരിമാരും

റോഡപകടങ്ങള്‍ക്ക് കാരണം ബൈക്കും മൊബൈലും സുന്ദരിമാരും
ന്യൂദല്‍ഹി: സംസ്ഥാനത്ത് റോഡപകടങ്ങള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണം സുന്ദരികളും മൊബൈലും ബൈക്കുകളുമാണെന്ന ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങിന്റെ പ്രസ്താവന വിവാദമാകുന്നു. മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച റോഡ് സുരക്ഷ സംബന്ധിച്ച സെമിനാറിലാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.
റോഡപകടങ്ങളില്‍ മരിക്കുന്ന യുവാക്കളുടെ എണ്ണം കൂടി വരികയാണെന്നും നിങ്ങള്‍ക്ക് നല്ലൊരു ബൈക്കും കൊള്ളാവുന്ന മൊബൈല്‍ഫോണും സുന്ദരിയായ കാമുകിയുമുണ്ടെങ്കില്‍ അപകടം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
സംസ്ഥാനത്തെ വാഹനാപകടങ്ങളില്‍ 55-60 ശതമാനത്തിനും ഇരയാകുന്നതു യുവാക്കളാണ്. യുവാക്കള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ബൈക്ക് ഓടിക്കുന്നത് പതിവ് കാഴ്ചയാണ്. അപകടങ്ങള്‍ ഉണ്ടാക്കുന്ന ഈ പ്രവണത അവാസാനിപ്പിക്കണം- മന്ത്രി പറഞ്ഞു.
പതിനായിരക്കണക്കിനു രൂപ ചെലവാക്കി ബൈക്ക് വാങ്ങുന്നവര്‍ കുറഞ്ഞ വില നല്‍കി ഒരു ഹെല്‍മറ്റ് വാങ്ങാന്‍ തയാറാകുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
എന്നാല്‍ ഇദ്ദേഹത്തിന്റെ പരാമര്‍ശനത്തിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ നിന്നു ശ്രദ്ധ തിരിക്കാനാണ് ഈ പ്രസ്താവന നടത്തിയതെന്നു കോണ്‍ഗ്രസ് ആരോപിച്ചു. മോശം റോഡുകളും ഗതാഗത വകുപ്പിലെ അഴിമതിയുമാണ് അപകടങ്ങള്‍ക്കു കാരണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ