2012, നവംബർ 9, വെള്ളിയാഴ്‌ച

NO COMMAND-4 ..9/11/12

MADHYAMAM ONLINE NEWS....

അംബാനി സഹോദരന്‍മാര്‍ക്ക് കോടികളുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കെജ്രിവാള്‍ 

തമിഴ്നാട്ടില്‍ 285 ദലിത് കുടിലുകള്‍ക്ക് തീയിട്ടു

ശ്രീനാരായണ ഗുരുവിനെ ദൈവമായി കാണുന്നതില്‍ തെറ്റില്ലെന്ന് വെള്ളാപ്പള്ളി

കോണ്‍ഗ്രസിന്റെ നിര്‍ണായകയോഗം ഇന്ന് ഹരിയാനയില്‍

രാമന്‍ മോശം ഭര്‍ത്താവ് -ജെത്മലാനി

 

കെജ്രിവാളിന്റെ അടുത്ത ഉന്നം ആര്?


കെജ്രിവാളിന്റെ അടുത്ത ഉന്നം ആര്?
ന്യൂദല്‍ഹി: ആരായിരിക്കും കെജ്രിവാളിന്‍െറ പുതിയ ഉന്നം? ഇന്ന് ഉച്ചക്കുശേഷം ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍െറ അരവിന്ദ് കെജ്രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അനാവരം ചെയ്യാന്‍ പോവുന്നത് ആരുടെ വ്യാജമുഖമായിരിക്കും എന്നതാണ് എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത്. ഇതു സംബന്ധിച്ച ഒരുവിധ സൂചനയും പുറത്തുവിട്ടിട്ടില്ല.
യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിടെ മരുമകന്‍ റോബര്‍ട്ട് വാധ്ര,വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, ബി.ജെ.പി പ്രസിഡണ്ട് നിതിന്‍ ഗഡ്കരി,മുകേഷ് അംബാനി എന്നീ പ്രമുഖര്‍ക്കെതിരില്‍ നേരത്തെ കെജ്രിവാള്‍ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.
അണ്ണാ ഹസാരെയുടെ മുന്‍ അനുയായി കൂടിയായ കെജ്രിവാള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. മുകേഷ് അംബാനിയടക്കമുള്ള കോര്‍പറേറ്റുകളുടെ താല്‍പര്യത്തിന് വഴങ്ങിക്കൊടുക്കുന്ന പ്രധാനമന്ത്രിക്ക് ഉന്നതങ്ങളില്‍ നടക്കുന്ന വികസനങ്ങളെക്കുറിച്ച് ധാരണയില്ലെന്നായിരുന്നു ആക്ഷേപം

അംബാനി സഹോദരന്‍മാര്‍ക്ക് കോടികളുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കെജ്രിവാള്‍


അംബാനി സഹോദരന്‍മാര്‍ക്ക് കോടികളുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കെജ്രിവാള്‍
ന്യൂദല്‍ഹി: അംബാനി സഹോദരന്‍മാര്‍ക്ക് സ്വിസ് ബാങ്കില്‍ കോടികളുടെ കള്ള പണ നിക്ഷേപമുണ്ടെന്ന് ആരോപണവുമായി അരവിന്ദ് കെജ്രിവാള്‍.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 500 കോടി രൂപയുടെ നിക്ഷേപമാണ് സ്വിസ് ബാങ്കിലുള്ളത്. മുകേഷ്അംബാനിക്കും അനില്‍ അംബാനിക്കും 100 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഇവരുടെ മാതാവ് കോകില ബെന്‍ അംബാനിയുടെ പേരിലും കോടികളുടെ നിക്ഷേപമുണ്ടെന്ന് കെജ്രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
റിലയന്‍സിന്‍െറ മൊണ്ടേക് സോഫ്റ്റ് വെയറിന് 21,000 കോടി രൂപയുടെ സ്വിസ് ബാങ്ക് നിക്ഷേപമുണ്ട്. അനുടണ്ഠനും സന്ദീപ് ടണഠനും 125 കോടി രൂപയുടെ വീതം നിക്ഷേപമുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു. യു.പിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയാണ് അനു ടണ്ഠന്‍.
സ്വിസ് ബാങ്കില്‍ കോടികളുടെ കള്ളപ്പണ നിക്ഷേപമുള്ള കോര്‍പ്പറേറ്റുകളുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടുകൊണ്ടാണ് കെജ്രിവാള്‍ ഇന്ന് വാര്‍ത്താ സമ്മേളനം നടത്തിയത്. സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള 700 ഇന്ത്യക്കാരുടെ പേരു വിവരങ്ങള്‍ 2001ലാണ് ബാങ്ക് അധികതര്‍ ഇന്ത്യക്ക് കൈമാറിയത്. ഇവരില്‍ 10 പേരുടെ വിവരങ്ങളാണ് കെജ്രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.

രാമന്‍ മോശം ഭര്‍ത്താവ് -ജെത്മലാനി


ന്യൂദല്‍ഹി: അഴിമതി വിവാദത്തില്‍ കുടുങ്ങിയ പാര്‍ട്ടി പ്രസിഡന്‍റ് നിതിന്‍ ഗഡ്കരിക്കെതിരെ തുറന്ന പോരിനിറങ്ങിയ മുതിര്‍ന്ന നേതാവ് രാം ജെത്മലാനി ബി.ജെ.പിക്ക് പുതിയ തലവേദന സൃഷ്ടിച്ചു. രാഷ്ട്രീയത്തില്‍ പന്തലിക്കാന്‍ ബി.ജെ.പി ആയുധമാക്കിയ രാമായണത്തിലെ രാമന്‍ ഒരു നല്ല ഭര്‍ത്താവല്ലെന്ന് തുറന്നടിച്ചാണ് പ്രമുഖ അഭിഭാഷകനായ ജെത്മലാനി പുതിയ വിവാദത്തിന് തിരികൊളുത്തിയത്. വ്യക്തമായ ഒരു കാരണവുമില്ലാതെ പാവം ഭാര്യയെ കാട്ടിലേക്ക് അയച്ച ഭര്‍ത്താവാണ് രാമന്‍. രാമന്‍ ചീത്ത ഭര്‍ത്താവാണ്. എനിക്ക് രാമനെ ഇഷ്ടമല്ല. കുറെ മുക്കുവന്മാര്‍ ചെവിയില്‍ ഓതിയതു കേട്ടപാടെ സീതയെ കാട്ടില്‍ ഉപേക്ഷിക്കുകയാണ് രാമന്‍ ചെയ്തത് -ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുമ്പോള്‍ ജെത്മലാനി പറഞ്ഞു. അദ്ദേഹം തുടര്‍ന്നു: ‘രാമന്‍െറ കാര്യം അങ്ങനെ. ലക്ഷ്മണനോ? അതിനേക്കാള്‍ മോശം. സീതയെ നോക്കാന്‍ ലക്ഷ്മണനെ ചുമതലപ്പെടുത്തി രാമന്‍ പോയപ്പാഴാണ് രാവണന്‍ സീതയെ തട്ടിക്കൊണ്ടുപോയത്. കണ്ടെത്തിക്കൊണ്ടു വരാന്‍ ശ്രീരാമന്‍ ആവശ്യപ്പെട്ടു. അത് നിരസിക്കുകയാണ് ലക്ഷ്മണന്‍ ചെയ്തത്. സഹോദരഭാര്യയുടെ മുഖത്തു നോക്കിയിട്ടില്ലാത്തതിനാല്‍, തിരിച്ചറിയാന്‍ കഴിയില്ലെന്നായിരുന്നു അതിനു വിശദീകരണം.’
സ്വാമി വിവേകാനന്ദന്‍െറയും ദാവൂദ് ഇബ്രാഹിമിന്‍െറയും ബുദ്ധിവൈഭവത്തെ താരതമ്യപ്പെടുത്തി ബി.ജെ.പി പ്രസിഡന്‍റ് നിതിന്‍ ഗഡ്കരി കുടുങ്ങിപ്പോയത് കഴിഞ്ഞ ദിവസമാണ്.

കോണ്‍ഗ്രസിന്റെ നിര്‍ണായകയോഗം ഇന്ന് ഹരിയാനയില്‍


കോണ്‍ഗ്രസിന്റെ നിര്‍ണായകയോഗം ഇന്ന് ഹരിയാനയില്‍
ന്യൂദല്‍ഹി: രാജ്യത്തെ സാമ്പത്തിക-രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസിന്‍െറ നിര്‍ണായകയോഗം ഇന്ന് ഹരിയാനയിലെ സൂരജ്ഖുണ്ഡില്‍ ചേരും. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തക സമിതി അംഗങ്ങളും കേന്ദ്ര-സഹമന്ത്രിമാരും അടക്കം 70 പേര്‍ സംബന്ധിക്കും. സര്‍ക്കാറിന്റെ നാലു വര്‍ഷത്തെ ഭരണം വിലയിരുത്തുന്നതോടൊപ്പം ഘടക കക്ഷികളുടെ ഏകോപനം മെച്ചപ്പെടുത്താനുള്ള വഴികളും ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റിയോ എന്നും ഇനി എന്തൊക്കെ ചെയ്യാനുണ്ടെന്നും പരിശോധിക്കും.
ചില്ലറ വ്യാപാരമേഖലയിലെ വിദേശ നിക്ഷേപം,ഡീസല്‍-പാചക വില വര്‍ധന തുടങ്ങി ഏറെ പഴികേട്ട വിഷയങ്ങളില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വിശദീകരണം നല്‍കുമെന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രസംഗത്തോടെയായിരിക്കും തുടക്കം

ശ്രീനാരായണ ഗുരുവിനെ ദൈവമായി കാണുന്നതില്‍ തെറ്റില്ലെന്ന് വെള്ളാപ്പള്ളി


ശ്രീനാരായണ ഗുരുവിനെ ദൈവമായി കാണുന്നതില്‍ തെറ്റില്ലെന്ന് വെള്ളാപ്പള്ളി
കൊല്ലം: ശ്രീനാരായണ ഗുരുദേവനെ ദൈവമായി കാണുന്നതില്‍ തെറ്റില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചരിത്രം പഠിച്ചവര്‍ക്ക് ഇക്കാര്യം ബോധ്യമാകുമെന്നും അജ്ഞത കൊണ്ടാണ് ഗുരു ദൈവമല്ലെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികള്‍ ആള്‍ദൈവങ്ങളുടെ പേരു പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന സുപ്രീംകോടതി പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെപേരില്‍ സത്യപ്രതിജ്ഞ ചെയ്തത് റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ മുന്‍ എം.എല്‍.എ ഉമേഷ് ചള്ളിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ആള്‍ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ അംഗീകരിക്കാനാവില്ലെന്ന് അഭിപ്രായപ്പെട്ടത്.

തമിഴ്നാട്ടില്‍ 285 ദലിത് കുടിലുകള്‍ക്ക് തീയിട്ടു


തമിഴ്നാട്ടില്‍ 285 ദലിത് കുടിലുകള്‍ക്ക് തീയിട്ടു
ധര്‍മപുരി: തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയിലെ നായ്ക്കന്‍കോട്ടയില്‍ ദലിതുകള്‍ക്കുനേരെ സംഘടിത ആക്രമണം. ഇവിടുത്തെ കോളനികളില്‍ ആള്‍ക്കൂട്ടം നടത്തിയ ആക്രമണത്തില്‍ 285ഓളം കുടിലുകള്‍ തകര്‍ന്നു. സവര്‍ണ വിഭാഗത്തില്‍ പെട്ട യുവതി കോളനിയിലെ ദലിത് യുവാവിനെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് യുവതിയുടെ പിതാവ് ആത്മഹത്യ ചെയ്തിരുന്നു.തുടര്‍ന്നാണ് ഒരു പറ്റം പേര്‍ ദലിതുകള്‍ തിങ്ങിപാര്‍ക്കുന്ന കോളനികളില്‍ എത്തി അക്രമം അഴിച്ചുവിട്ടത്. എന്നാല്‍,ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. കോളനിയിലുള്ളവര്‍ അക്രമികള്‍ വരുന്നതറിഞ്ഞ് അയല്‍ ഗ്രാമങ്ങളിലേക്ക്് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രിയാണ് സംഭവം. കുടിലുകള്‍ക്ക് നേരെ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബര്‍ 14നാണ് ദലിത് യുവാവ് പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. ഇവര്‍ രണ്ടു പേരും സുരക്ഷിതരാണെന്നും സംഭവവുമായി ബന്ധപ്പെട്ട് 90റോളം പേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും സേലം ഡി.ഐ.ജി സഞ്ജയ്കുമാര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രിച്ചുവരികയാണെന്ന് ജില്ലാ കലക്ടര്‍ ലില്ലി അറിയിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ