2012, നവംബർ 9, വെള്ളിയാഴ്‌ച

NO COMMENT-3 8/11/12 'മാധ്യമ'ത്തില്‍ നിന്ന്

ഗഡ്കരിക്കെതിരെ പോരാട്ടം തുടരും -ജത്മലാനി

രവിയുടെ ഗള്‍ഫ് സന്ദര്‍ശനത്തിന് പ്രതിഷേധത്തിന്‍െറ കൊട്ടുകുരവ


രവിയുടെ ഗള്‍ഫ് സന്ദര്‍ശനത്തിന്  പ്രതിഷേധത്തിന്‍െറ കൊട്ടുകുരവ
ന്യൂദല്‍ഹി: പ്രവാസി കാര്യമന്ത്രി വയലാര്‍ രവിയുടെ ഗള്‍ഫ് സന്ദര്‍ശനത്തിന് ഇക്കുറി കടുത്ത പ്രതിഷേധത്തിന്‍െറ കൊട്ടുകുരവ. ഈ മാസം 10 മുതല്‍ 16 വരെയാണ് മന്ത്രി ഗള്‍ഫിലെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. എന്നാല്‍, പ്രവാസികളുടെ പ്രശ്നങ്ങളില്‍ വകുപ്പുമന്ത്രി ഒന്നും ചെയ്തില്ലെന്ന കുറ്റപ്പെടുത്തല്‍ വ്യാപകമായിട്ടുണ്ട്. മന്ത്രി നടത്തുന്ന സന്ദര്‍ശനത്തോട് രൂക്ഷഭാഷയിലുള്ള പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകളില്‍ പ്രത്യക്ഷപ്പെടുന്നത്.
ഗള്‍ഫിലെ പ്രവാസികളെ രോഷാകുലരാക്കിയ പ്രധാന വിഷയം എയര്‍ഇന്ത്യയുടെ മോശം പെരുമാറ്റങ്ങളാണ്. കൊച്ചിയില്‍ ഇറങ്ങേണ്ട വിമാനം തിരുവനന്തപുരത്ത് ഇറക്കിയത് ചോദ്യം ചെയ്ത യാത്രക്കാരെ ‘വിമാനറാഞ്ചി’കളാക്കി ചിത്രീകരിച്ച സന്ദര്‍ഭത്തില്‍ മൗനം പാലിച്ചതാണ് രവിയോടുള്ള രോഷം ഇരട്ടിപ്പിച്ചത്. എയര്‍ ഇന്ത്യ തോന്നിയപോലെ സര്‍വീസ് മുടക്കുന്നു. കഴുത്തറപ്പന്‍ ചാര്‍ജ് വാങ്ങുന്നു. വ്യോമയാന വകുപ്പ് കൈകാര്യം ചെയ്ത ഘട്ടത്തിലടക്കം ഇത്തരം വിഷയങ്ങളിലൊന്നും മന്ത്രി മനസ്സറിഞ്ഞ് ഇടപെട്ടില്ലെന്ന് പ്രവാസി സമൂഹം കുറ്റപ്പെടുത്തുന്നു. പ്രവാസി വോട്ടവകാശം, എമിഗ്രേഷന്‍ നിയമം എന്നിവയുടെ ദുരവസ്ഥയും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
ഗള്‍ഫില്‍ ഉയരുന്ന പ്രതിഷേധം മന്ത്രിയും മനസ്സിലാക്കിയിട്ടുണ്ട്. അവിടത്തെ മലയാളികളെ തണുപ്പിക്കാനുള്ള പൊടിക്കൈകള്‍ക്ക് ശേഷമാണ് മന്ത്രി ഗള്‍ഫിനു പുറപ്പെടുന്നത്. വ്യോമയാനമന്ത്രി അജിത്സിങ്ങുമായി കഴിഞ്ഞദിവസം നടത്തിയ കൂടിക്കാഴ്ച ഇതിന്‍െറ ഭാഗമാണ്. പ്രഖ്യാപിച്ചു കഴിഞ്ഞ ഗള്‍ഫ് യാത്രാ ഷെഡ്യൂളുകള്‍ പാലിക്കുക, മറ്റു വിമാനത്താവളങ്ങളില്‍ അവിചാരിതമായി വിമാനം ഇറക്കേണ്ടി വന്നാല്‍, യാത്രക്കാര്‍ക്ക് എത്തേണ്ട വിമാനത്താവളത്തില്‍ എത്തിക്കുക തുടങ്ങിയ കാര്യങ്ങളില്‍ അടിയന്തരമായി ഇടപെടണമെന്ന് വ്യോമയാന മന്ത്രിയോട് പ്രവാസികാര്യ മന്ത്രി അഭ്യര്‍ഥിച്ചു.
എന്നാല്‍, വ്യക്തമായ ഉറപ്പുകളൊന്നുമില്ല. ഗള്‍ഫ് യാത്രക്കാരുടെ പരാതികള്‍ പരിശോധിക്കുന്നതിന് അടുത്തമാസം ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുമെന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ അറിയിച്ചു. തീയതി പക്ഷേ, തീരുമാനിച്ചിട്ടില്ല. പ്രവാസികളുടെ പ്രശ്നങ്ങളില്‍ വകുപ്പുമന്ത്രി മതിയായ ഇടപെടലുകള്‍ നടത്തുന്നില്ലെന്ന ആക്ഷേപങ്ങള്‍ ശരിയല്ലെന്ന് ഇതിനുശേഷം വാര്‍ത്താലേഖകരെ കണ്ടപ്പോള്‍ രവി പറഞ്ഞു. ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് പരിമിതികളുണ്ട്. അതിനുള്ളില്‍നിന്ന് പ്രവാസികളുടെ പ്രയാസങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. എടുത്തുപറയത്തക്ക പരാതികള്‍ തനിക്ക് കിട്ടിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഗള്‍ഫ് പര്യടനം നടത്താനായിരുന്നു വയലാര്‍ രവിയുടെ ആദ്യ പരിപാടി. ഇത് പിന്നീട് 10ലേക്ക് നീട്ടി. ഒമ്പതിന് സൂരജ്കുണ്ഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും കേന്ദ്രമന്ത്രിമാരുടെയും യോഗം നടക്കുന്നതുകൊണ്ടാണ് സന്ദര്‍ശന പരിപാടി പുന$ക്രമീകരിച്ചതെന്നാണ് ഔദ്യാഗിക വിശദീകരണം. എന്നാല്‍, എയര്‍ ഇന്ത്യ പ്രശ്നത്തില്‍ വകുപ്പു മന്ത്രിയുമായി കൂടിക്കാഴ്ച നിശ്ചയിച്ച ശേഷം ഗള്‍ഫിനു പോകാമെന്ന തീരുമാനവും തീയതി മാറ്റാന്‍ കാരണമാണ്. ആറു വര്‍ഷമായി പ്രവാസിവകുപ്പ് കൈകാര്യം ചെയ്യുന്ന രവിക്കെതിരെ ഗള്‍ഫില്‍ പ്രതിഷേധം ഇത്രത്തോളം രൂക്ഷമാവുന്നത് ഇതാദ്യമാണ്.

ഗഡ്കരിക്കെതിരെ പോരാട്ടം തുടരും -ജത്മലാനി


ന്യൂദല്‍ഹി: അഴിമതിയാരോപണങ്ങളില്‍ കുരുങ്ങിയ ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്ക് പാര്‍ട്ടി പൂര്‍ണപിന്തുണ പ്രഖ്യാപിച്ചെങ്കിലും പോരാട്ടത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് മുതിര്‍ന്ന നേതാവ് രാംജത്മലാനി. കളങ്കിതനായ നേതാവിനെ പ്രസിഡന്‍റ് സ്ഥനത്തുനിന്ന് നീക്കണമെന്ന തന്‍െറ ഉപദേശം തള്ളിയ പാര്‍ട്ടി തീരുമാനത്തില്‍ നിരാശയുണ്ടെന്ന് വ്യക്തമാക്കിയ ജത്മലാനി ഒറ്റപ്പെട്ടാലും പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചു.
പാര്‍ട്ടിയുടെ മുതിര്‍ന്ന രാജ്യസഭാംഗം കൂടിയായ ജത്മലാനി തുടങ്ങിവെച്ച കോലാഹലങ്ങള്‍ മറ്റ് നേതാക്കള്‍ കൂടി കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റെടുത്തെങ്കിലും ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതതല കോര്‍കമ്മിറ്റി യോഗം നിതിന്‍ ഗഡ്കരിയില്‍ വിശ്വാസമര്‍പ്പിച്ചതോടെ തല്‍ക്കാലത്തേക്ക് കെട്ടടങ്ങുകയായിരുന്നു. പാര്‍ട്ടി നേതാക്കളുടെ പരസ്യ വിവാദങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെങ്കിലും ഇത് ലംഘിച്ചാണ് രാംജത്മലാനി വീണ്ടും രംഗത്തെത്തിയത്. സാമ്പത്തിക ക്രമക്കേടില്‍ ആരോപണ വിധേയനായ ഗഡ്കരിയെ പ്രസിഡന്‍റ് സ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയാണെങ്കില്‍ അഴിമതിക്കെതിരായ പാര്‍ട്ടിയുടെ പോരാട്ടം ദുര്‍ബലപ്പെടും -രാം ജത്മലാനി പറഞ്ഞു. ഗഡ്കരിക്ക് ക്ളീന്‍ചീറ്റ് നല്‍കി ബി.ജെ.പി യോഗത്തില്‍ ആര്‍. എസ്. എസ് പ്രതിനിധി ഗുരുമൂര്‍ത്തി അവതരിപ്പിച്ച റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചില്ലെന്നും ജത്മലാനി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ