2012, നവംബർ 7, ബുധനാഴ്‌ച

NO COMMENT--2..7/10/12

 

ഗള്‍ഫ് യാത്രാ പ്രശ്നം തീര്‍ക്കാന്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക യോഗം

മര്‍ദിതര്‍ക്കൊപ്പം നില്‍ക്കും: ഖത്തര്‍ അമീര്‍

റിയാലിറ്റി ഷോകള്‍ മാപ്പിളപ്പാട്ടിന്‍െറ ആരാച്ചാരാകുന്നു: വിളയില്‍ ഫസീല


റിയാലിറ്റി ഷോകള്‍ മാപ്പിളപ്പാട്ടിന്‍െറ ആരാച്ചാരാകുന്നു: വിളയില്‍ ഫസീല
മാപ്പിളപ്പാട്ടിന്‍െറ പെരുമയുമായി ആരംഭിച്ച പല റിയാലിറ്റി ഷോയും മാപ്പിളപ്പാട്ടിന്‍െറ ശാപമായി മാറിയെന്ന് മാപ്പിളപ്പാട്ട് വേദികളിലെ ഇതിഹാസം വിളയില്‍ ഫസീല.
1970 മുതല്‍ ഈരംഗത്ത് മിന്നിതിളങ്ങി അയ്യായിരത്തില്‍പരം വേദികള്‍ പിന്നിട്ട വിളയില്‍ ഫസീല റിയാലിറ്റി ഷോകള്‍ മാപ്പിളപ്പാട്ടിനെ വഴിതെറ്റിക്കുകയാണെന്നും ആരോപിച്ചു. മസ്കത്തിലെത്തിയ അവര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു.
റിയാലിറ്റി ഷോയിലേക്ക് പലരും വിധികര്‍ത്താവായി വിളിച്ചിരുന്നു. എന്നാല്‍ ഷോകളില്‍ പലതും മാപ്പിളപ്പാട്ടില്‍ നിന്ന് ഏറെ മാറി സഞ്ചരിക്കുന്നതിനാല്‍ സഹകരിക്കാന്‍ മനസ് വരുന്നില്ല. മികച്ച മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയായി അറിയപ്പെടുന്ന കൈരളി ടി.വിയിലെ ‘പട്ടുറുമാലി’നെ നേര്‍വഴിയിലാക്കാന്‍ ഏറെ പണിപ്പെടേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
മാപ്പിളപ്പാട്ടിനെ തെറ്റായി അവതരിപ്പിക്കുകയും സിനിമാറ്റിക് ഡാന്‍സടക്കമുള്ള വികൃത കലാരൂപങ്ങളുമായി ഈ ഗാനശാഖയെ കൂട്ടികുഴക്കുകയും ചെയ്യുന്ന റിയാലിറ്റി ഷോകള്‍ പുതിയ തലമുറക്ക് തെറ്റായ സന്ദേശം നല്‍കും. മാപ്പിളപ്പാട്ടിന്‍െറ സത്തയും സൗന്ദര്യവും തിരിച്ചറിയാന്‍ കഴിയാത്ത അവസഥയുണ്ടാക്കും. ഫലത്തില്‍ മഹത്തായ പാരമ്പര്യമുള്ള മാപ്പിളകലയെ വേരോടെ പിഴുതെറിയാനാണ് ഇത്തരം ഷോകള്‍ വഴിയൊരുക്കുന്നത്.
അപചയത്തില്‍ നിന്ന് മാപ്പിളപ്പാട്ടിനെ തൊട്ടുണര്‍ത്താനും ജനങ്ങളിലെത്തിക്കാനും കൈരളടി ടി.വി.യിലെ ‘പട്ടുറുമാലി’ ന് കഴിഞ്ഞിരുന്നു. പട്ടുറുമാലിന്‍െറ ഒന്നും രണ്ടും ഭാഗങ്ങള്‍ നിലവാരമുള്ളതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പരിപാടിക്ക് മാപ്പിളപ്പാട്ടിന്‍െറ ആരാച്ചാര്‍ വേഷമാണ്. മാര്‍ക്ക് ലഭിക്കാന്‍ എന്ത് കോപ്രായവും കാട്ടിക്കൂട്ടാനാണ് സ്റ്റേജ് ഷോ അവതരിപ്പിക്കുന്നവര്‍ ശ്രമിക്കുന്നത്. മാനേജ്മെന്‍റിന്‍െറ വ്യവസായ താല്‍പര്യങ്ങള്‍ക്ക് മുട്ടുമടക്കുന്ന വിധികര്‍ത്താക്കളാണ് റിയാലിറ്റി ഷോകള്‍ വിലയിരുത്തുന്നത്. കഴിഞ്ഞ ‘പട്ടുറുമാല്‍’ വേദിയില്‍ നമസ്കാരകുപ്പായ മണിഞ്ഞ് ഒരു മത്സരാര്‍ഥി മാപ്പിളപ്പാട്ട് അവതരിപ്പിച്ചിരുന്നു. നമസ്കാരത്തെയും നമസ്കാര കുപ്പായത്തെയും ഇസ്ലാമിക സംസ്കാരത്തെയും അപമാനിക്കലാണിത്്. നമസ്കാരകുപ്പായമിട്ട് ആരും പാട്ട് പാടാറില്ല. മാപ്പിളപ്പാട്ടിനെ ഒരു മത ചിഹ്നമായി മാറ്റിയിരുത്താന്‍ മാത്രമാണ് ഇത്തരം ശ്രമങ്ങള്‍ സഹായിക്കുന്നത്. നുറുകണക്കിന് ‘മാപ്പിളപ്പാട്ട്’ പ്രേമികള്‍ തന്നെ വിളിച്ച് വിഷമം അറിയിച്ചിരുന്നു. ടി.വിക്ക് മുന്നിലിരിക്കുന്ന മാപ്പിളപ്പാട്ട് പ്രേമികളും അസ്വസ്ഥരാണ്. പരിപാടിയില്‍ മാപ്പിളപ്പാട്ട് എവിടെ എന്നാണവര്‍ ചോദിക്കുന്നത്.
റിയാലിറ്റി ഷോ നിരവധി കലാകാരന്മാരെ ഉയര്‍ത്തി കൊണ്ടുവരാനും മാപ്പിളപ്പാട്ടിന് പ്രോത്സാഹനം ലഭിക്കാനും അവസരമൊരുക്കി എന്നത് സത്യമാണ്. പുതിയ രചനകള്‍ ഉണ്ടാവാത്തതാണ് മാപ്പിളപ്പാട്ടിന്‍െറ വളര്‍ച്ച മുരടിക്കാന്‍ കാരണമായെന്ന് പലരും പറയുന്നു. നിമിഷങ്ങള്‍കൊണ്ട് വരികള്‍ നെയ്തെടുക്കാന്‍ കഴിവുള്ള ബാപ്പുവെള്ളിപറമ്പും, ഒ.എം. കരുവാരക്കുണ്ടുമടക്കമുള്ള കവികള്‍ ഇപ്പോഴുമുണ്ട്. പക്ഷെ ഇവരെ ഉപയോഗപ്പെടുത്താനോ പുതിയ സൃഷ്ടികള്‍ക്ക് പ്രേല്‍സാഹനം നല്‍കാനോ ആരും തയാറല്ല. പഴയ ഗാനങ്ങള്‍ റീമേക്ക് ചെയ്യാനാണ് പലരും ശ്രമിക്കുന്നത്. ചെലവ് കുറഞ്ഞ എളുപ്പമാര്‍ഗമാണല്ലോ അത്. എന്നാല്‍ ’അപ്പങ്ങളെല്ലാം..... ’ എന്ന മാപ്പിളപ്പാട്ടിന്‍െറ റീമിക്സ് ജനങ്ങള്‍ സ്വീകരിച്ചു.
റിയാലിറ്റി ഷോയുടെ ഇക്കാലത്താണ് താന്‍ കലാജീവിതം ആരംഭിക്കുന്നതെങ്കില്‍ എവിടെയുമെത്തുമായിരുന്നില്ല. ശാസ്ത്രീയ സംഗീതവും സാമ്പത്തികമടക്കമുള്ള മറ്റ് പിന്തുണയുമില്ലാത്തവര്‍ക്ക് ഇന്ന് റിയാലിറ്റി ഷോകളില്‍ മുഖം കാണിക്കാന്‍ പോലും കഴിയില്ല. മത്സരം മല്‍സരാര്‍ഥികളുടെ രക്ഷിതാക്കള്‍ തമ്മിലായിട്ടുണ്ട്. വിളയില്‍ സ്കൂളില്‍ അഞ്ചാം ക്ളാസില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ സാഹിത്യ സമാജത്തില്‍ പാടിയിരുന്നു. എന്‍െറ കഴിവ് മനസിലാക്കിയ സൗദാമിനി ടീച്ചറാണ് വി. എം. കുട്ടിക്ക് പരിചയപ്പെടുത്തിയത്. പിന്നെ വളര്‍ച്ചയുടെ കാലമായിരുന്നു. അന്ന് വിളയില്‍ ഗ്രാമത്തിന്‍െറ മുഴുവന്‍ പിന്തുണയുമുണ്ടായിരുന്നു തനിക്ക്.
ചാനല്‍ മേധാവികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളുടെ നിലവാരം ഉയര്‍ത്താന്‍ ശ്രമിക്കണം. അതിന് പഴയ തലമുറയിലെ ഗായകരുടെ എല്ലാ പിന്തുണയുമുണ്ടാവും. മാപ്പിളപ്പാട്ടിനെ അവമതിക്കുന്ന സ്റ്റേജ് ഇനങ്ങള്‍ക്ക് മൈനസ് മാര്‍ക്ക് അടക്കമുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തണം. ഈ വിഷയത്തില്‍ ഒരു പ്രമുഖ ചാനല്‍ രണ്ടുമാസം മുമ്പ് കേരളത്തിലെ മാപ്പിളപ്പാട്ട് രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഗാനരചന കൂടി വളര്‍ത്താന്‍ റിയാലിറ്റി ഷോകളില്‍ പുതുതായി എഴുതിയ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനും പാടാന്‍ അവസരമൊരുക്കുന്ന രീതിയുമുണ്ടാവണമെന്നും ഫസീല പറഞ്ഞു.

മര്‍ദിതര്‍ക്കൊപ്പം നില്‍ക്കും: ഖത്തര്‍ അമീര്‍


മര്‍ദിതര്‍ക്കൊപ്പം നില്‍ക്കും: ഖത്തര്‍ അമീര്‍
ദോഹ: അറബ് ലോകത്തെയും അറബ് ഇതര ലോകത്തെയും ഒരു രാജ്യത്തും ഖത്തറിന് രാഷ്ട്രീയമോ സാമ്പത്തികമോ സാമൂഹികമോ ആയ അജണ്ടകളില്ലെന്ന് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി. എന്നാല്‍, മര്‍ദിതര്‍ക്കൊപ്പം നില്‍ക്കുക എന്ന നയമാണ് രാജ്യത്തിനുള്ളതെന്നും അമീര്‍ വ്യക്തമാക്കി. ശൂറാ കൗണ്‍സിലിന്‍െറ 41ാമത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റൊരു രാജ്യത്തിന്‍െറയും കാര്യങ്ങളില്‍ ഖത്തറിന്‍െറ ഇടപെടലുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ടകളില്ല. മറ്റ് രാജ്യങ്ങളിലെ സര്‍ക്കാര്‍ സംവിധാനം എങ്ങനെയായിരിക്കണമെന്നതില്‍ മുന്‍വിധികളും ഖത്തറിനില്ല. എന്നാല്‍, രണ്ട് കാര്യങ്ങള്‍ക്ക് ഖത്തര്‍ ഊന്നല്‍ നല്‍കുന്നു. ജനങ്ങള്‍ ക്രൂരമായി അടിച്ചമര്‍ത്തപ്പെടുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കണമെന്ന നിലപാടാണ് ഒന്നാമത്തേത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മൗനം ഒട്ടും ഭൂഷണമല്ല. രണ്ടാമതായി സംഭവങ്ങളെ വസ്തുനിഷ്ഠമായി അവതരിപ്പിക്കാന്‍ കഴിയുന്ന സ്വതന്ത്ര അറബ് മാധ്യമങ്ങളാണ് ഖത്തറിലുള്ളത്. പുതിയ ഭരണകൂടം വന്നതോടെ ഈജിപ്ത് ജനാധിപത്യത്തിലേക്കും വികസനത്തിലേക്കും നീങ്ങുകയാണ്. ഗസ്സയിലെ ഉപരോധത്തിനെതിരെ ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയുടെ നീക്കങ്ങള്‍ ഗസ്സയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ അറബ് രാഷ്ട്രങ്ങള്‍ക്ക് പ്രചോദനമാകണം. യെമനി ജനതയുടെ ജനാധിപത്യ പോരാട്ടങ്ങള്‍ക്കൊപ്പമായിരുന്നു ഖത്തര്‍. അവരുടെ ഇച്ഛാശക്തിക്ക് പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയുമെന്ന് ഖത്തറിന് വിശ്വാസമുണ്ടായിരുന്നു. ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി തെരുവിലിറങ്ങിയ ജനങ്ങളെ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് സിറിയന്‍ സര്‍ക്കാര്‍. ഈ അവസ്ഥ തുടരുന്നതില്‍ യു.എന്‍ രക്ഷാസമിതിക്കും അതിലേറെ അറബ് ലീഗിനും ഉത്തരവാദിത്തമുണ്ട്. ഒരു അവയവം വേദനിച്ചാല്‍ ശരീരം മുഴുവന്‍ വേദനിക്കുമെന്നാണ് പ്രവാചകന്‍ പറഞ്ഞത്. അതുപോലെയാണ് രാഷ്ട്രങ്ങളുടെ കാര്യവും. അറബ് ലോകത്തിന്‍െറ ഹൃദയമായ സിറിയയില്‍ നിന്ന് ഉയരുന്ന വിധവകളുടെയും അനാഥരുടെയും വിലാപങ്ങള്‍ കേട്ടില്ലെന്ന് നടിക്കാനാവില്ല. സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിച്ച രാജ്യങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നു.
ഫലസ്തീന്‍ പ്രശ്നം അറബ്ലോകത്തിന്‍െറ കേന്ദ്രവിഷയമായി അവശേഷിക്കുന്നു. തങ്ങള്‍ അന്യായമായി കൈയ്യടക്കിയ പ്രദേശങ്ങളിലെ ജനങ്ങളുടെ ഭാഗധേയം നിര്‍ണയിക്കാനുള്ള അവകാശം ഇസ്രായേലിനില്ല. ഇസ്രായേല്‍ എന്തുപേരിട്ട് വിളിച്ചാലും അവര്‍ ഫലസ്തീനില്‍ നടത്തുന്ന കുടിയേറ്റം നിയമവിരുദ്ധമാണ്. രാഷ്ട്രത്തിന്‍െറ പുനര്‍നിര്‍മിതിക്കായി ഫലസ്തീനികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അമീര്‍ പറഞ്ഞു. മറ്റ് ജി.സി.സി രാജ്യങ്ങളുമായി രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളില്‍ സഹകരണം ശ്ക്തിപ്പെടുത്താനുള്ള ശ്രമം ഖത്തര്‍ തുടരുകയാണ്. ഒരു തര്‍ക്കവും ബലപ്രയോഗത്തിലൂടെ പരിഹരിക്കാനാവില്ല. ഇറാനുമായുള്ള ഭിന്നതകള്‍ സംഭാഷണത്തിലൂടെയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും പരിഹരിക്കണമെന്നാണ് ആഗ്രഹം.
രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും വരുംതലമുറകളുടെയും താല്‍പര്യങ്ങള്‍ മുന്നില്‍ കണ്ടാണ് ഖത്തര്‍ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. ആ വഴിയില്‍ നമുക്ക് വിജയകരമായി ഏറെ മുന്നോട്ടുപോകാനായി. സമഗ്രവികസനം ഒരിക്കലും സമ്പദ്മേഖലയില്‍ മാത്രം ഒതുങ്ങരുത്. വിദ്യാഭ്യാസ മേഖലയിലെ ഗൗരവപൂര്‍ണമായ നിക്ഷേപം, വരുമാനസ്രോതസ്സുകളുടെ വൈവിധ്യവത്കരണം, പരിസ്ഥിതി സംരക്ഷണം എന്നിവയിലൂടെ മാത്രമേ സമഗ്രവികസനം കൈവരിക്കാനാകൂ. വികസനത്തിന്‍െറ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ രാജ്യം പൂര്‍ണമായും സജ്ജമാണ്. തുറമുഖവും വിമാനത്താവളവുമടക്കമുള്ള പദ്ധതികള്‍ വികസനം ത്വരിതപ്പെടുത്താനും വിദേശനിക്ഷേപം ആകര്‍ഷിക്കാനും സഹായിക്കുന്നവയാണ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനകം രാജ്യത്തെ ജനസംഖ്യ നാലിരട്ടി വര്‍ധിച്ചു. ഇതിനാനുപാതികമായി ആശുപത്രി, സ്കൂള്‍, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമാണ്. ഖത്തറിനെ കെട്ടിപ്പടുക്കുന്നതില്‍ വൈദഗ്ധ്യവും സേവനസന്നദ്ധതയും കര്‍മശേഷിയുമുള്ള ജനങ്ങള്‍ വഹിച്ച പങ്ക് വലുതാണ്.
കഴിഞ്ഞ മെയ് മാസത്തിലുണ്ടായ വില്ലേജിയോ ദുരന്തം പോലുള്ള വീഴ്ചകളില്‍ നിന്ന് നമ്മള്‍ പാഠം പഠിക്കണമെന്ന് അമീര്‍ ഓര്‍മിപ്പിച്ചു. ഇത്തരം ദുരന്തങ്ങള്‍ തടയാനും ചുരുങ്ങിയ പക്ഷം അവ വരുത്തിവെക്കുന്ന നാശനഷ്ടങ്ങള്‍ കുറക്കാനുമുള്ള മുന്‍കരുതല്‍ നടപടികളെടുക്കേണ്ടത് അനിവാര്യമാണ്. സമ്പന്നമായ സംസ്കാരവും ചരിത്രവും ഉദാത്തമായ മൂല്യവ്യവസ്ഥയുമുള്ള ഖത്തര്‍ അസമത്വവും അനീതിയും അനുഭവിക്കുന്നവരുടെ അഭയകേന്ദ്രമാണെന്നും സ്വന്തം വേരുകളും പൈതൃകവും മറക്കാത്ത ഒരു ജനതതിയാണ് രാജ്യത്തിന്‍െറ സമ്പത്തെന്നും അമീര്‍ പറഞ്ഞു.
കിരീടാവകാശി ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദബ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി എന്നിവരും മന്ത്രിമാരും നയതന്ത്രപ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.

ഗള്‍ഫ് യാത്രാ പ്രശ്നം തീര്‍ക്കാന്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക യോഗം


ന്യൂദല്‍ഹി: ഗള്‍ഫ് യാത്രക്കാരുടെ പരാതികള്‍ പരിശോധിക്കുന്നതിന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ അടുത്ത മാസം ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. യാത്രക്കാര്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസികാര്യമന്ത്രി വയലാര്‍ രവി വ്യോമയാന മന്ത്രി അജിത്സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. തീയതി പിന്നീട് നിശ്ചയിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ ഓഫിസ് കൊച്ചിയില്‍ ഈ മാസം തന്നെ പ്രവര്‍ത്തനം തുടങ്ങും.
പ്രഖ്യാപിച്ച യാത്രാ ഷെഡ്യൂളുകള്‍ പാലിക്കുക, മറ്റു വിമാനത്താവളങ്ങളില്‍ അവിചാരിതമായി വിമാനം ഇറക്കേണ്ടി വന്നാല്‍ യാത്രക്കാര്‍ക്ക് എത്തേണ്ട എയര്‍പോര്‍ട്ടില്‍ എത്തിക്കുക തുടങ്ങിയ കാര്യങ്ങളില്‍ അടിയന്തരമായി ഇടപെടണമെന്ന് വ്യോമയാനമന്ത്രിയോട് പ്രവാസികാര്യമന്ത്രി അഭ്യര്‍ഥിച്ചു. എയര്‍ ഇന്ത്യ ശ്രദ്ധിക്കുന്നുവെന്ന തോന്നല്‍ യാത്രക്കാരന് ഉണ്ടാകണം.
പ്രവാസി പ്രശ്നങ്ങള്‍ അവലോകനം ചെയ്യുന്നതിന് ഒരാഴ്ചത്തെ ഗള്‍ഫ് സന്ദര്‍ശനം നടത്തുമെന്ന് വയലാര്‍ രവി അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ