2011, ജനുവരി 28, വെള്ളിയാഴ്‌ച

അറബ് ലോകത്ത് പുതിയ സത്യങ്ങളുടെ ഉദയം


അറബ് ലോകത്ത് പുതിയ സത്യങ്ങളുടെ ഉദയം
'ചരിത്രത്തിലാദ്യമായി' എന്നു വിശേഷിപ്പിക്കാവുന്ന നിരവധി സംഭവങ്ങള്‍ക്കാണ് ഇപ്പോള്‍ അറബ്‌രാജ്യങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. പ്രസിഡന്റ് ഹുസ്‌നി മുബാറകിന്റെ അധികാരമൊഴിയല്‍ ആവശ്യപ്പെട്ട് ആയിരങ്ങളാണ് ഈജിപ്തിന്റെ പാതകളില്‍ അണിനിരക്കുന്നത്. ഏഷ്യന്‍ രാജ്യമായ യമനില്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിനെതിരെ ജനരോഷം വ്യാപിച്ചിരിക്കുന്നു.
മുമ്പ് ഉണ്ടാവാത്ത ചില തിരിച്ചറിവുകള്‍ അറബ് രാജ്യങ്ങളിലെ ജനതകളില്‍ പ്രകടമാകുന്നു എന്നാണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ തെളിയിക്കുന്നത്. നുണകളുടെ കൊട്ടാരത്തില്‍ ജനങ്ങള്‍ എന്നും ശാന്തരായി കഴിഞ്ഞുകൊള്ളും എന്ന ഭരണകൂട ധാരണകള്‍ ഇളകുകയാണ്. നുണകളുടെ കാലം അവസാനിച്ചിരിക്കുന്നു. നേതാക്കളുടെ വാക്കുകള്‍ കണ്ണുംപൂട്ടി വിശ്വസിക്കുന്ന ജനതകളുടെ കാലം അറബ് ലോകത്ത് ഇനി തുടരാന്‍ സാധ്യതയില്ല. മേലില്‍ അധികാരികള്‍ക്ക് വ്യാജ പ്രസ്താവനകള്‍കൊണ്ട് ജനങ്ങളെ വഞ്ചിക്കാന്‍ കഴിയില്ല.
അറബ് ജനത അവരുടെ നേതാക്കളെ സ്വയം തീരുമാനിക്കുന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്. പാശ്ചാത്യരുടെ നിയന്ത്രണത്തില്‍ ഒതുങ്ങുന്ന അറബ്‌ലോകം എന്ന സങ്കല്‍പം അവസാനിക്കുകയാണ്. വടക്കന്‍ ആഫ്രിക്കയില്‍ തുനീഷ്യന്‍ ജനത പ്രതിഷേധാഗ്‌നിയുമായി തെരുവിലിറങ്ങുകയും പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലി അധികാരമൊഴിഞ്ഞ് നാടുവിട്ടോടുകയും ചെയ്തപ്പോള്‍ അമേരിക്ക പ്രതികരിച്ചതേയില്ല എന്നത് ശ്രദ്ധേയമാണ്. വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്‍ അദ്്ഭുതകരമായ നിശ്ശബ്ദതയാണ് പാലിച്ചത്. 'ജനങ്ങള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന തുനീഷ്യയെ കാണുമ്പോള്‍ താന്‍ സന്തോഷിക്കുന്നു' എന്നാണ് ഇറാന്‍ പ്രസിഡന്റ് അഹ്മദി നെജാദ് പ്രതികരിച്ചത്.
ഈജിപ്തില്‍ ഹുസ്‌നിമുബാറകിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ മകന് അടുത്ത ഭരണാധികാരിയാവാം എന്ന  മോഹം ജനങ്ങള്‍ തകര്‍ത്തിരിക്കുന്നു. ഈജിപ്തുകാര്‍ ആഗ്രഹിക്കുന്ന നേതാവ് മുബാറകിന്റെ മകനല്ല.
അയാളൊരു സാധാരണ ബിസിനസുകാരന്‍ മാത്രമാണ്. ഇപ്പോഴത്തെ അഴിമതിനിറഞ്ഞ, പ്രശ്‌നബാധിതമായ ഈജിപ്തിനെ രക്ഷിക്കാന്‍ അയാളുടെ കേവല ബിസിനസ് സാമര്‍ഥ്യത്തിന് കഴിയണമെന്നില്ല.
പശ്ചിമേഷ്യയില്‍ അമേരിക്കയുടെ ആധിപത്യം ഇതാദ്യമായി ചോദ്യംചെയ്യപ്പെടുകയാണ്. അമേരിക്ക അധികാരത്തില്‍ വാഴിച്ചവരെ ജനങ്ങള്‍ താഴെയിറക്കുന്നു.
എവിടേക്കാണ് ഓടിരക്ഷപ്പെടുക എന്ന ആലോചനയിലാണ് മുബാറക്. ലബനാനില്‍ അമേരിക്കയുടെ ഇഷ്ടക്കാരായ ഭരണാധികാരികള്‍ ജനങ്ങളാല്‍ വിചാരണ ചെയ്യപ്പെടുന്നു. അറബ്‌ലോകത്ത് പാശ്ചാത്യ കേന്ദ്രീകൃത ജനാധിപത്യത്തിന്റെ നാളുകള്‍ എണ്ണപ്പെടുകയാണ്. പകരം എന്താണ് വരാന്‍ പോകുന്നത് എന്നത് പ്രവചനാതീതമാണ്. ചരിത്രത്തിനു മാത്രമേ ആ ചോദ്യത്തിന് ഉത്തരം നല്‍കാനാവൂ.

ഈജിപ്തില്‍ പ്രക്ഷോഭം പടരുന്നു; ജമാല്‍ മുബാറക് ബ്രിട്ടനില്‍ അഭയം തേടി

ഈജിപ്തില്‍ പ്രക്ഷോഭം പടരുന്നു; ജമാല്‍ മുബാറക് ബ്രിട്ടനില്‍ അഭയം തേടി
വാഷിങ്ടണ്‍: മൂന്നു ദിവസമായി തുടരുന്ന കടുത്ത ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഈജിപ്തില്‍ മൂന്നു പതിറ്റാണ്ടുകാലം പ്രസിഡന്റായി തുടരുന്ന ഹുസ്‌നി മുബാറകിന്റെ പുത്രനും അദ്ദേഹത്തിന്റെ പിന്‍ഗാമിയുമായ ജമാല്‍ മുബാറക് ബ്രിട്ടനില്‍ അഭയം തേടി. ഭാര്യക്കും മകള്‍ക്കുമൊപ്പം കിഴക്കന്‍ കൈറോയിലെ വിമാനത്താവളത്തില്‍നിന്ന് സ്വകാര്യ വിമാനത്തില്‍ 48കാരനായ ജമാല്‍ ലണ്ടനിലേക്ക് പലായനം ചെയ്യുകയായിരുന്നുവെന്ന് അറബ് വെബ് സൈറ്റായ 'അഖ്ബാറുല്‍ അറബ്' റിപ്പോര്‍ട്ട് ചെയ്തു.
ഏകാധിപത്യ സര്‍ക്കാറിനെതിരെ തുനീഷ്യയില്‍ നടന്ന ജനകീയ പ്രക്ഷോഭത്തിന്റെ ചുവടു പിടിച്ച് ഈജിപ്തില്‍ നടക്കുന്ന പ്രക്ഷോഭത്തെ ത്തുടര്‍ന്നാണ് ജമാല്‍ മുബാറകിന്റെ പലായനം.
ഹുസ്‌നി മുബാറക് സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഈജിപ്തിലെ തെരുവില്‍ അണിനിരന്ന ആയിരക്കണക്കിന് പ്രക്ഷോഭകര്‍  പൊലീസുമായി ഏറ്റുമുട്ടി.  'ഉപജീവനം, സ്വാതന്ത്ര്യം, അഭിമാനം', ഞങ്ങള്‍ തുനീഷ്യയെ പിന്തുടരും എന്നീ മുദ്രാവാക്യങ്ങളാണ് പ്രക്ഷോഭകാരികള്‍ ഉയര്‍ത്തിയത്.
'പ്രക്ഷോഭ ദിന'മായി പ്രഖ്യാപിക്കപ്പെട്ട ചൊവ്വാഴ്ച പൊലീസിന്റെ ടിയര്‍ഗ്യാസ് പ്രയോഗത്തെത്തുടര്‍ന്ന് സൂയസില്‍ മൂന്നു പ്രക്ഷോഭകരും കൈറോയില്‍ ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിരുന്നു. മുബാറകിന്റെ 30 വര്‍ഷത്തെ ഭരണം അവസാനിപ്പിക്കണമെന്നാഹ്വാനം ചെയ്ത് വ്യാഴാഴ്ച വീണ്ടും ജനം തെരുവിലിറങ്ങുകയായിരുന്നു.
ചൊവ്വാഴ്ച പ്രക്ഷോഭത്തിന് തുടക്കം കുറിച്ച കൈറോ കോടതിക്കു പുറത്ത് 3000ത്തോളം പേര്‍ തടിച്ചുകൂടി. സമരക്കാരെ നിയന്ത്രിക്കാന്‍ പൊലീസ് വന്‍ സുരക്ഷാവ്യൂഹം തീര്‍ത്തിരുന്നു. 500ഓളം പേരെ ബുധനാഴ്ച പൊലീസ് അറസ്റ്റു ചെയ്തു. ഇതിനിടെ കൊല്ലപ്പെട്ട ഒരാളുടെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സൂയസില്‍ നടന്ന പ്രകടനം അക്രമാസക്തരായി. അഭ്യന്തര മന്ത്രി ഹബീബുല്‍ അദ്‌ലിക്കെതിരെ പ്രക്ഷോഭകര്‍ മുദ്രാവാക്യം മുഴക്കി.
അധികൃതര്‍ പ്രതിഷേധം അനുവദിച്ച ഏകസ്ഥലമായ കൈറോയിലെ പത്രപ്രവര്‍ത്തക സംഘടന ഓഫിസിനുപുറത്തും ആയിരക്കണക്കിന് പ്രക്ഷോഭകര്‍ അണിനിരന്നു. കെട്ടിടങ്ങള്‍ക്കു മുകളില്‍ തമ്പടിച്ച പ്രക്ഷോഭക്കാര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു. 10,000ഓളം പേര്‍ പ്രക്ഷോഭത്തിനിറങ്ങിയ സെന്‍ട്രല്‍ കൈറോയിലെ തഹ്‌രീര്‍ സ്‌ക്വയറില്‍നിന്ന് 90 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഇതില്‍ 64 പേരെ അലക്‌സാന്‍ഡ്രിയയില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
എല്ലാ തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ക്കും  പ്രകടനങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം നിരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രകടനത്തിന് ഒത്തുചേരുന്നവര്‍ക്കെതിരെ കടുത്ത നിയമ നടപടിയുണ്ടാവും.
എന്നാല്‍, സര്‍ക്കാര്‍ താഴെവീഴും വരെ പ്രതിഷേധം തുടരുമെന്ന് പ്രക്ഷോഭകര്‍ പ്രഖ്യാപിച്ചു.  മുബാറക് രാജ്യം വിടുന്നതു വരെ പിന്നോട്ടില്ലെന്ന് പ്രക്ഷോഭകരുടെ സംഘടനയായ 'ദി സിക്‌സ്ത് ഓഫ് ഏപ്രില്‍ യൂത്ത്' ഫേസ്ബുക്കില്‍ പ്രഖ്യാപിച്ചു. പ്രക്ഷോഭകര്‍ ആശയവിനിമയത്തിന് വലിയ രീതിയില്‍ ഉപയോഗപ്പെടുത്തിയ ഫേസ്ബുക്കിന് ചൊവ്വാഴ്ച മുതല്‍ ഈജിപ്തില്‍ നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
1977നു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണ് ഈജിപ്തില്‍ നടക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ