2011, ജനുവരി 28, വെള്ളിയാഴ്‌ച

ഭീകരതക്ക് മൂലകാരണം രഥയാത്ര -ദിഗ്‌വിജയ്(2)

ഭീകരതക്ക് മൂലകാരണം രഥയാത്ര -ദിഗ്‌വിജയ്

ഭീകരതക്ക് മൂലകാരണം രഥയാത്ര -ദിഗ്‌വിജയ്
ന്യൂദല്‍ഹി: ഇന്ത്യയിലെ ഭീകരതക്ക് മൂല കാരണം ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി നടത്തിയ രഥയാത്രയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ്‌സിങ്. ഇന്ത്യയിലെ മുസ്‌ലിംകളെ ഇന്ത്യന്‍ സര്‍ക്കാര്‍ വിശ്വസിക്കുന്നില്ലെന്ന് നേരത്തേ പാകിസ്താന്‍ കുറ്റപ്പെടുത്തുമായിരുന്നു. എന്നാല്‍, രഥയാത്രക്ക് ശേഷം ഈ ആരോപണം യാഥാര്‍ഥ്യമായി മാറി. നിരവധി മുസ്‌ലിം യുവാക്കളെ പീഡിപ്പിക്കുകയും അനധികൃതമായി തടങ്കലിലാക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ ഉണ്ടായി -ദിഗ്‌വിജയ്‌സിങ് പറഞ്ഞു.
 ആര്‍.എസ്.എസ് ഭീകരതയാണെന്ന് തെളിഞ്ഞ നിരവധി സ്‌ഫോടനങ്ങളുടെ പേരില്‍ നേരത്തേ സുരക്ഷാ ഏജന്‍സികള്‍ പീഡിപ്പിച്ച  മുസ്‌ലിം ചെറുപ്പക്കാരുടെ സ്ഥിതി മുന്‍നിര്‍ത്തി 'അന്‍ഹദി'ന്റെ നേതൃത്വത്തില്‍ വിവിധ മനുഷ്യാവകാശ സംഘടനകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ദിഗ്‌വിജയ്‌സിങ്.
 സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭീകരയെ ഹിന്ദു ഭീകരത എന്നല്ല, സംഘ് ഭീകരതയെന്നാണ് പറയേണ്ടതെന്ന് ദിഗ്‌വിജയ്‌സിങ് അഭിപ്രായപ്പെട്ടു. തര്‍ക്കമുള്ളിടത്ത് അവര്‍ ക്ഷേത്രമുണ്ടാക്കും. തര്‍ക്കമുള്ള സ്ഥലത്ത് പതാക ഉയര്‍ത്തും. പക്ഷേ, നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് എന്തുകൊണ്ടാണ് അവര്‍ ദേശീയ പതാക ഉയര്‍ത്താത്തത്? ഭീകരതയുടെ പേരില്‍ ആര്‍.എസ്.എസിനെ നിരോധിക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ല. സംഘ്പരിവാറിന് നൂറിലേറെ ഉപവിഭാഗങ്ങളുണ്ട്. ഒന്നിനെ നിരോധിച്ചാലും മറ്റുള്ളവ നിലനില്‍ക്കും. സംഘ്പരിവാറിനെ ആശയപരമായാണ് നേരിടേണ്ടതെന്ന് ദിഗ്‌വിജയ്‌സിങ് പറഞ്ഞു.
 ഹിന്ദുത്വ ശക്തികളുടെ അക്രമ സ്വഭാവം പുതിയ കാര്യമല്ലെന്ന് യോഗത്തില്‍ സംസാരിച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ഏതെങ്കിലും ഒരു സമുദായത്തില്‍ പെട്ടവരുമായി ബന്ധപ്പെട്ടതാണ് ഭീകരതയെന്ന കാഴ്ചപ്പാട് തിരുത്തണം. ഭീകരതയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പേരില്‍ നിരപരാധികളെ പീഡിപ്പിക്കുന്ന പ്രശ്‌നം പാര്‍ലമെന്റില്‍ ഉയര്‍ത്തുമെന്നും യെച്ചൂരി പറഞ്ഞു.
 ദ്വിരാഷ്ട്ര വാദം ജിന്നക്കു മുമ്പേ ഉയര്‍ത്തിയത് സംഘ് നേതാവ് സവര്‍ക്കറാണെന്ന് കഴിഞ്ഞ ദിവസം ദിഗ്‌വിജയ്‌സിങ് നടത്തിയ പരാമര്‍ത്തെ യെച്ചൂരി പിന്തുണച്ചു. എല്ലാ രാഷ്ട്രീയത്തെയും ഹൈന്ദവവത്കരിക്കുകയാണ് സംഘ്പരിവാര്‍ ചെയ്യുന്നത്. സവര്‍ക്കറെപ്പോലെ തന്നെ ബി.എസ്. മൂഞ്ചെയുടെ തത്ത്വശാസ്ത്രവും ഭീകരതയുടെ പാഠങ്ങളാണ് നല്‍കുന്നതെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. ഇറ്റാലിയന്‍ ഏകാധിപതി മുസോളിനിയെ കണ്ട ശേഷമാണ് മൂഞ്ചെ 1935ല്‍ കേന്ദ്ര ഹിന്ദു സൈനിക വിദ്യാഭ്യാസ സൊസൈറ്റി സ്ഥാപിച്ചത്. ഹിന്ദുത്വ ഭീകരതയുടെ പ്രധാന കണ്ണികളില്‍ ഒരാളായ കേണല്‍ ശ്രീകാന്ത് പുരോഹിതിനെപ്പോലുള്ളവര്‍ ഇവിടെയാണ് പരിശീലനം നേടിയത്. വര്‍ഗീയാതിക്രമ-പുനരധിവാസ നിയമ നിര്‍മാണത്തെക്കുറിച്ച് കഴിഞ്ഞ ആറു വര്‍ഷമായി സംസാരിക്കുന്നുണ്ടെങ്കിലും ഇപ്പോഴും അത് നടപ്പാക്കാത്തതിനെ യെച്ചൂരി വിമര്‍ശിച്ചു.
രാജ്യത്ത് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ നടന്ന ഭീകരതാ കേസുകള്‍ പുനരന്വേഷിക്കണമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ പങ്കെടുത്ത സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഭീകരാക്രമണങ്ങളുടെ പേരില്‍ പിടികൂടിയ മുസ്‌ലിം ചെറുപ്പക്കാരെക്കുറിച്ച് ധവളപത്രം ഇറക്കണം.
 നിരപരാധികളെ പിടികൂടി പീഡിപ്പിച്ച സംഭവങ്ങളില്‍ സര്‍ക്കാര്‍ നഷ്ടപരിഹാര-പുനരധിവാസ പാക്കേജ് നടപ്പാക്കണം. ഇനിയും തടവില്‍ കഴിയുന്ന നിരപരാധികളെ ഉടനടി വിട്ടയക്കണം. ഹിന്ദുത്വ സംഘടനകള്‍ക്ക് വേണ്ടി വിദേശത്തു നിന്ന് പണം എത്തുന്നതിനെക്കുറിച്ച് വിശദാന്വേഷണം നടത്തണം. ഭീകര ചെയ്തികളില്‍ തെറ്റായി പ്രതിക്കൂട്ടിലാക്കി പീഡിപ്പിച്ചതിന് മുസ്‌ലിം യുവാക്കളോട് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാറുകള്‍ മാപ്പു പറയണം-പ്രമേയം ആവശ്യപ്പെട്ടു.

ഇശ്‌റത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ വ്യാജം -അഹ്മദാബാദ് ജോയന്റ് കമീഷണര്‍

ഇശ്‌റത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ വ്യാജം -അഹ്മദാബാദ് ജോയന്റ് കമീഷണര്‍
ഗാന്ധിനഗര്‍: ഇശ്‌റത്ത് ജഹാന്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് അഹ്മദാബാദ് പൊലീസ് ജോയന്റ് കമീഷണറും കേസന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘത്തിലെ അംഗവുമായിരുന്ന സതീശ് വര്‍മ ഗുജറാത്ത് ഹൈകോടതിയില്‍ ബോധിപ്പിച്ചു. കോടതിയില്‍ സമര്‍പ്പിച്ച 75 പേജുവരുന്ന സത്യവാങ്മൂലത്തിലാണ് ഇതടക്കം ഗുരുതരമായ പല ആരോപണങ്ങളും വര്‍മ ഉന്നയിച്ചത്.
പ്രത്യേകാന്വേഷണ സംഘത്തിലെ ചില അംഗങ്ങള്‍ അന്വേഷണവുമായി ശരിയായി സഹകരിക്കുന്നില്ല എന്നും അന്വേഷണം അട്ടിമറിക്കാന്‍ അവര്‍ ശ്രമിക്കുന്നുവെന്നും വര്‍മ ആരോപിച്ചു.പ്രത്യേക അന്വേഷണസംഘം ചെയര്‍മാന്‍ കര്‍ണൈല്‍ സിങ്ങും ദല്‍ഹി പോലീസിലെ ഒരു ഉദ്യോഗസ്ഥനും കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ഏറ്റുമുട്ടല്‍ വ്യാജമാണെന്ന സാക്ഷി മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍, ഇവര്‍ക്ക് മതിയായ സംരക്ഷണം നല്‍കാത്തതിനാല്‍ സത്യം പുറത്തുപറയുന്നതിന് ഭയപ്പെടുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്ന  ഡി.ഐ.ജി വന്‍സാരയുടെ കേസിലെ പങ്കിനെക്കുറിച്ചും ഇതില്‍ പരാമര്‍ശമുണ്ട്. വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൊഹ്‌റാബുദ്ദീന്റെ ഭാര്യ കൗസര്‍ബിയെ തടവിലിട്ട ഗെസ്റ്റ് ഹൗസില്‍ ഇശ്‌റത്തിനെയും മറ്റുള്ളവരെയും നാലു ദിവസം പാര്‍പ്പിച്ചതായും അവിടെനിന്നും കണ്ണു മൂടിക്കെട്ടി നീല ഇന്‍ഡിക്ക കാറില്‍ കൊണ്ടുപോയ അവരെ വെടിവെച്ചു കൊല്ലുകയായിരുന്നെന്നും  വര്‍മ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കേസന്വേഷണത്തോടുള്ള കര്‍ണൈല്‍ സിങ്ങിന്റെ സമീപനത്തിനെതിരെ വര്‍മ നേരത്തേ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് 2004 ജൂണ്‍ 15ന്  മുംബൈയില്‍ നിന്നുള്ള ഇശ്‌റത്ത് ജഹാന്‍ അടക്കം നാലുപേരെ ഗുജറാത്ത് പൊലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു.
കേസില്‍ പുതിയ എഫ്.ഐ.ആറിന് ഹൈകോടതിയോട് അനുമതി തേടിയിരിക്കുയാണ് സതീശ് വര്‍മ. അതേസമയം, അഭിഭാഷകനായ യോകേഷ് ലഖാനിയെ ഹൈകോടതി കേസില്‍ അമികസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്.

സെന്നിനെ മോചിപ്പിക്കണം -ആഗോള പൗരാവകാശ സംഘടനകള്‍

സെന്നിനെ മോചിപ്പിക്കണം -ആഗോള പൗരാവകാശ സംഘടനകള്‍
വാഷിങ്ടണ്‍: ഇന്ത്യയില്‍ തടവില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബിനായ്ക് സെന്നിനെ മോചിപ്പിക്കണമെന്ന് 55 പൗരാവകാശ സംഘടനകള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സ്വതന്ത്രമായ ആശയവിനിമയം നിരോധിക്കുന്ന കരിനിയമം ഇന്ത്യന്‍ സര്‍ക്കാര്‍ എടുത്തുകളയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഏഷ്യന്‍ ലോ അലയന്‍സ്, പീപ്ള്‍സ് ഹെല്‍ത്ത് മൂവ്‌മെന്റ്, ആന്‍സ്‌പര്‍ മുന്നണി, വുമന്‍സ് ഇന്റര്‍നാഷനല്‍ ലീഗ് തുടങ്ങിയ പ്രസ്ഥാനങ്ങളും നിരവധി വിദ്യാര്‍ഥികളും പ്രസ്താവനയില്‍ ഒപ്പുവെച്ചു. 10,000 പേരുടെ ഒപ്പു ശേഖരണവും സംഘടനകള്‍ നടത്തി.
സെന്നിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ നഗരങ്ങളില്‍ ഈയാഴ്ച വിവിധ പരിപാടികള്‍ നടത്താന്‍ 'ഫ്രീ ബിനായ്ക് സെന്‍ മുന്നണി' തീരുമാനിച്ചിട്ടുണ്ട്.
മാവോയിസ്റ്റുകളെ അനുകൂലിച്ചുവെന്നാരോപിപ്പ് ഛത്തിസ്ഗഢ് സര്‍ക്കാറാണ് ബിനായക് സെന്നിന് ജീവപര്യന്തം വിധിച്ചിരുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ