2011, ജനുവരി 16, ഞായറാഴ്‌ച

ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം: ഉന്നതര്‍ വിയര്‍ക്കുന്നു(2) സംഝോത പ്രതികള്‍ക്ക് ബി.ജെ.പി സഹായം (3)ഭാര്യയുടെ മൂക്കും ചെവികളും ഛേദിച്ച റിട്ടയഡ് ജവാന്‍ അറസ്റ്റില്‍(4)തമിഴ്‌യുവാവിന്റെ മരണം: ഭാര്യയും നാല് കുഞ്ഞുങ്ങളും കരളലിയിക്കുന്ന കാഴ്ചയാവുന്നു(5)തുനീഷ്യ അവസാനമല്ല(6)ഇരട്ടനീതിയുടെ വിസ്മയ വിസ്‌ഫോടനങ്ങള്‍

ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം: ഉന്നതര്‍ വിയര്‍ക്കുന്നു


മുംബൈ: കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കടുത്ത നിലപാടില്‍ ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണത്തില്‍ ആരോപണ വിധേയരായ ഉന്നത ഉദ്യോഗസ്ഥര്‍ വിയര്‍ക്കുന്നു. കേന്ദ്ര നടപടിയുടെ ചുവടുപിടിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ കടുത്ത നടപടികള്‍ക്കു മുതിര്‍ന്നേക്കുമെന്നും  കെട്ടിടം ഇടിച്ചു നിരത്തുന്നതോടെ മുതല്‍മുടക്ക് നഷ്ടമാകുമെന്നുമുള്ള ഭീതിയിലാണ് പലരും. ഉന്നതരടക്കം 21 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണത്തില്‍ പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. ഇവര്‍ക്ക് സര്‍ക്കാര്‍ നോട്ടീസയച്ചിരുന്നു. ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടക്കുന്നുണ്ട്.
ഫ്‌ളാറ്റിന് ചതുരശ്രയടിക്ക് 60,000 രൂപ വിലവരുന്ന കൊളാബാ പ്രദേശത്താണ് വിവാദമായ ആദര്‍ശ് കെട്ടിടം. എന്നാല്‍, ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും മറ്റും ഫ്‌ളാറ്റിനായി ചെലവാക്കിയത് 65 ലക്ഷം രൂപയാണ്. 8.5 കോടി രൂപയോളം വിലയുള്ളിടത്താണ് ഇത്. 21 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എട്ട് രാഷ്ട്രീയക്കാരും 36 പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരും നേതാക്കളുടെ ബന്ധുക്കളുമാണ് ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയത്. മഹാരാഷ്ട്ര ചീഫ്‌സെക്രട്ടറിയായിരുന്ന മലയാളിയായ ഡി. കെ. ശങ്കരന്‍, മുന്‍ നഗരസഭ കമീഷണര്‍ ജയറാം പഥക്, മുന്‍ മുംബൈ കലക്ടര്‍ പ്രദീപ് വ്യാസ് , മഹാരാഷ്ട്ര വിവരാവകാശ കമീഷണര്‍ രാമാനന്ദ് തിവാരി, സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അംഗം സുഭാഷ് ലല്ല എന്നിവരാണ് ആരോപണ വിധേയരായവരില്‍ പ്രമുഖര്‍.
രാമാനന്ദ് തിവാരിയെ വിവരാവകാശ കമീഷണര്‍ പദവിയില്‍നിന്ന് പുറത്താക്കാന്‍ സര്‍ക്കാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച ഗവര്‍ണര്‍ കെ. ശങ്കര നാരായണനെ കണ്ട തിവാരി രാജിവെക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. വിവാദ കെട്ടിടത്തില്‍ രാമാനന്ദ് തിവാരിയുടെ മകന്‍ ഓംകാറിനും സുഭാഷ് ലല്ലയുടെ അമ്മ സുഷീല, മകള്‍ സുമീല എന്നിവര്‍ക്കും ഫ്‌ളാറ്റുകളുണ്ട്. നഗരവികസന വകുപ്പ് സെക്രട്ടറിയായിരിക്കെ കെട്ടിട നിര്‍മാണത്തിന് വഴവിട്ട് സഹായിച്ചെന്നാണ് തിവാരിക്കെതിരെയുള്ള ആരോപണം. കെട്ടിട നിര്‍മാണ ഫയലുകളില്‍ ഒപ്പുവെച്ചത് താനാണെങ്കിലും അത് സര്‍ക്കാര്‍ തീരുമാന പ്രകാരമാണെന്ന നിലപാടാണ് തിവാരിക്ക്.
ആദര്‍ശ് കെട്ടിടം ഇടിച്ചു നിരത്തണമെന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ശിപാര്‍ശയെ മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാര്‍ട്ടികളും സാമൂഹിക പ്രവര്‍ത്തകരും സ്വാഗതം ചെയ്തു. ഇതേ രൂപത്തില്‍ ആരോപണ വിധേയരായവര്‍ക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പരിസ്ഥിതി വകുപ്പിന്റെ ശിപാര്‍ശ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഉടന്‍ കൈകൊള്ളുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.

സംഝോത പ്രതികള്‍ക്ക് ബി.ജെ.പി സഹായം


സംഝോത പ്രതികള്‍ക്ക് ബി.ജെ.പി സഹായം
ന്യൂദല്‍ഹി:  സംഝോത സ്‌ഫോടന കേസില്‍ പ്രതികളായ മൂന്നപേര്‍ക്ക്  മധ്യപ്രദേശിലെ ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കള്‍ സാമ്പത്തിക സഹായം നല്‍കിയതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്. ആര്‍.എസ്.എസ് പ്രചാരക് സുനില്‍ ജോഷി, രാമചന്ദ്ര കല്‍സംഗ്ര, സന്ദീപ് ദങ്കെ എന്നിവര്‍ ഒളിവിലായിരുന്ന വേളയില്‍ മധ്യപ്രദേശില്‍ ഇവര്‍ക്ക് ഒളിത്താവളവും സാമ്പത്തിക സഹായവും ലഭിച്ചതായാണ് സിങ് വെളിപ്പെടുത്തിയത്. എന്നാല്‍ നേതാക്കന്‍മാരുടെ പേരു വിവരങ്ങള്‍ സിങ് പുറത്തുവിട്ടിട്ടില്ല.
2007 ഫെബ്രുവരി 17ന് നടന്ന സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനത്തില്‍ 42 പാക് സ്വദേശികളടക്കം 68 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഭാര്യയുടെ മൂക്കും ചെവികളും ഛേദിച്ച റിട്ടയഡ് ജവാന്‍ അറസ്റ്റില്‍


ഭാര്യയുടെ മൂക്കും ചെവികളും ഛേദിച്ച റിട്ടയഡ് ജവാന്‍ അറസ്റ്റില്‍
മഹാരാഷ്ട്ര: ഭാര്യയുടെ മൂക്കും ചെവികളും ഛേദിച്ച സംഭവത്തില്‍ ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും റിട്ടയഡ് ചെയ്ത ജവാന്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. സ്‌കൂള്‍ അധ്യപികയായ കല്യാണ്‍ ബോന്‍ദ്വിയെയാണ് ക്രൂരമായ ഗാര്‍ഹികപീഡനത്തിന് ഇരയാക്കിയത്. ഇവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തമിഴ്‌യുവാവിന്റെ മരണം: ഭാര്യയും നാല് കുഞ്ഞുങ്ങളും കരളലിയിക്കുന്ന കാഴ്ചയാവുന്നു


ബുറൈദ: ഏകദേശം രണ്ട് മാസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍  തീപ്പൊള്ളലേറ്റ് ബുറൈദ കിങ് ഫഹദ് ആശുപത്രിയില്‍  മരിച്ച തമിഴ് യുവാവിന്റെ കുടുംബം തീരാദുരിതത്തില്‍. പുതുക്കോട്ട അണ്ണാനഗര്‍ സ്വദേശി ഷാഹുല്‍ഹമീദിന്റെ(33) പറക്കമുറ്റാത്ത നാല് കുഞ്ഞുങ്ങളും ഭാര്യ നിസയുമാണ് നാട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും മുന്നില്‍ ചോദ്യചിഹ്‌നമായി മാറിയത്.
 പിതാവ് മരിച്ചതറിയാതെ ഓടിക്കളിക്കുന്ന നാല് കുഞ്ഞുങ്ങളും സമനില തെറ്റിയ നിലയില്‍ പെരുമാറുന്ന ഭാര്യയും മനഃസാക്ഷിയുള്ളവരുടെ കരളലിയിക്കും.  താന്‍ വിസ നല്‍കി സൗദിയിലെത്തിച്ച മരുമകന് സംഭവിച്ച ദുരന്തം കണ്‍മുന്നില്‍ കാണേണ്ടിവന്നതിന്റെ നടുക്കം ഇനിയും വിട്ടുമാറാത്ത ഷാഹുല്‍ഹമീദിന്റെ ഭാര്യാപിതാവ് ശൈഖ് മുഹമ്മദ് നഖ്താര്‍ ഷാഹുലിന്റെ വീട്ടുകാരുടെ കടുത്ത നിലപാട് മൂലം വിഷമവൃത്തത്തിലാണ്.മൃതദേഹം ഇവിടെ ഖബറടക്കണമോ അതല്ല നാട്ടില്‍ കൊണ്ടുപോകണമോ എന്ന കാര്യത്തില്‍ അതുകൊണ്ടുതന്നെ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഇവിടെ നിന്ന് 40 കി.മീ.അകലെ ബുക്കേരിയയിലെ സ്വകാര്യ കൃഷിയിടത്തില്‍ പണിക്കാരനായി എത്തി ഒരുമാസം തികയുന്ന വേളയില്‍ തികച്ചും ദുരൂഹ സാഹചര്യത്തിലാണ് കുക്കിങ് സ്റ്റൗവില്‍ നിന്ന് ശരീരമാസകലം തീപടര്‍ന്ന് ഷാഹുല്‍ മരിക്കുന്നത്. ഈ ദാരുണ മരണവാര്‍ത്ത 'ഗര്‍ഫ് മാധ്യമം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുഹമ്മദ് നഖ്താര്‍ ജോലി ചെയ്യുന്ന കൃഷിയിടത്തിന് തൊട്ടടുത്ത് തന്നെയായിരുന്നു ഷാഹുലിനും ജോലി. എന്നാല്‍ ഭാര്യാപിതാവ് അടക്കമുള്ള  ആരുടെയടുത്തും പോകാനോ സഹകരിക്കാനോ പാടില്ലെന്ന് സ്‌പോണ്‍സറുടെ കര്‍ശന  വിലക്കുണ്ടായിരുന്നുവത്രെ. സംഭവദിവസം സ്‌പോണ്‍സറുടെ സുഹൃത്ത് എത്തിച്ചുനല്‍കിയ റൊട്ടി കഴിച്ചുകൊണ്ടിരിക്കെ  സ്‌പോണ്‍സര്‍ കടന്നുവരികയും താമസിയാതെ ദുരന്തം സംഭവിക്കുകയുമാണുണ്ടായത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരുമകന്‍ പറഞ്ഞ കാര്യങ്ങള്‍ മുന്‍നിര്‍ത്തി മരണത്തില്‍ ദുരൂഹത ആരോപിച്ചും അന്വേഷണം ആവശ്യപ്പെട്ടും ഇന്ത്യന്‍ എംബസിയിലടക്കം നഖ്താര്‍ നിവേദനം നല്‍കിയിട്ടുണ്ട്. നാട്ടില്‍ സൈക്കിളില്‍ ഐസ്‌ക്രീം വിറ്റ് ജീവിതം പുലര്‍ത്തിയിരുന്ന ഇയാള്‍ ഇനി വിവാഹം ചെയ്തയക്കാനുള്ള രണ്ട് പെണ്‍മക്കളുടെ കാര്യത്തിനായാണ് സൗദിയിലെത്തിയത്. ഇക്കാര്യത്തില്‍ തനിക്ക് തുണയാകുമെന്ന് കരുതിയാണ് കടം വാങ്ങിയും മറ്റും നാട്ടില്‍ കൂലിവേലക്കാരനായിരുന്ന മൂത്ത മരുമകനെയും കൊണ്ടുവന്നത്. എന്നാല്‍ വൈകാതെ സംഭവിച്ച ദുരന്തത്തില്‍ ഷാഹുലിന്റെ വീട്ടുകാര്‍  പ്രകോപിതരാണത്രെ. താന്‍ അറിഞ്ഞുകൊണ്ട് മരുമകനെ ദുരന്തത്തിലേക്ക് നയിച്ചു എന്ന അവരുടെ നിലപാടാണ് നഖ്തറിനെ പ്രയാസപ്പെടുത്തുന്നത്. അവരുടെ സഹകരണമില്ലായ്മ കാരണം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഖബറടക്കുന്ന കാര്യത്തില്‍  അനിശ്ചിതത്വം നിലനില്‍ക്കുന്നു.ഷാഹുലിന്റെ പിതാവിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനായി സാമൂഹികപ്രവര്‍ത്തകന്‍ ഇഖ്ബാല്‍ പള്ളിമുക്ക് പുതുക്കോട്ടയില്‍ പോയെങ്കിലും നിരാശയായിരുന്നു ഫലം. ചോര്‍ന്നൊലിക്കുന്ന ഓലപ്പുരയില്‍ ഭര്‍ത്താവിന്റെ അകാല വിയോഗം അറിഞ്ഞതുമുതല്‍ മനോനില തകര്‍ന്ന നിലയില്‍ കഴിയുന്ന മകളും പിതാവ് നഷ്ടപ്പെട്ടതറിയാതെ കഴിയുന്ന നാല് കുരുന്നുകളും നഖ്തറിന്റെ ദു:ഖം ഇരട്ടിപ്പിക്കുന്നു

തുനീഷ്യ അവസാനമല്ല


തുനീഷ്യ അവസാനമല്ല
പി.കെ. നിയാസ്
ജനകീയ പ്രക്ഷോഭങ്ങള്‍ക്കു മുന്നില്‍ ഒരു ഏകാധിപതിക്കും നിലനില്‍പില്ലെന്ന ചരിത്രത്തിന്റെ ആവര്‍ത്തനമാണ് ഉത്തരാഫ്രിക്കന്‍ രാജ്യമായ തുനീഷ്യയില്‍ കഴിഞ്ഞ ദിവസം കണ്ടത്. ഇരുപത്തിമൂന്നു വര്‍ഷമായി രാജ്യത്തെ തറവാടുസ്വത്താക്കി ഭരണം നടത്തിയ സൈനുല്‍ ആബിദീന്‍ ബിന്‍ അലി ജനരോഷം ഭയന്ന് നാടുവിട്ട് സൗദി അറേബ്യയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. 1979 ലെ ഇറാന്‍ വിപ്ലവത്തിനുശേഷം ആദ്യമായാണ് ജനകീയ പ്രക്ഷോഭത്തിലൂടെ ഒരു മുസ്‌ലിംരാജ്യം ഏകാധിപതിയെ പുറന്തള്ളുന്നത്. ഒരു അറബ് രാജ്യത്താവട്ടെ, അപൂര്‍വമാണ് ഇത്തരമൊരു സംഭവം. ബിന്‍ അലിയും പത്‌നിയും ഭാഗ്യം കൊണ്ടാണ് ജനരോഷത്തില്‍നിന്ന് രക്ഷപ്പെട്ടത്. അല്ലായിരുന്നെങ്കില്‍ റുമേനിയയിലെ ചെഷസ്‌ക്യൂ ദമ്പതികളുടെയോ അഫ്ഗാനിസ്താനിലെ നജീബുല്ലയുടെയോ ഗതി ഇവര്‍ക്കും വരുമായിരുന്നു.
 പ്രക്ഷോഭത്തിന്റെ നാള്‍വഴി
തലസ്ഥാനമായ തൂനിസില്‍നിന്ന് 165 മൈല്‍ അകലെ സിദി ബൗസ് നഗരത്തില്‍ ഉന്തുവണ്ടിയില്‍ കച്ചവടം നടത്തി ഉപജീവനം തേടുന്ന മുഹമ്മദ് ബൂ അസീസി എന്ന ഇരുപത്താറുകാരന്റെ വണ്ടി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഡിസംബര്‍ 19ന് അധികൃതര്‍ പിടിച്ചെടുക്കുന്നതോടെയാണ് തുനീഷ്യയെ മാത്രമല്ല, അറബ്‌ലോകത്തെ തന്നെ പിടിച്ചുകുലുക്കിയ സംഭവങ്ങളുടെ തുടക്കം. സര്‍വകലാശാല ബിരുദമുണ്ടായിട്ടും ജോലി ലഭിക്കാത്തതിനാല്‍ ഉന്തുവണ്ടിയില്‍ പഴവും പച്ചക്കറികളും വിറ്റ് ജീവിച്ചുവരുകയായിരുന്നു മുഹമ്മദ്. എന്നാല്‍, ലൈസന്‍സില്ലാതെ കച്ചവടം ചെയ്‌തെന്നാരോപിച്ച് സാധനങ്ങള്‍ കണ്ടുകെട്ടിയപ്പോള്‍ മനോവിഷമത്താല്‍ മുഹമ്മദ് ദേഹത്ത് തീകൊളുത്തി ആത്മാഹുതിക്ക് ശ്രമിച്ചു. ഇതോടെ ജനം ഇളകിവശായി. എന്നാല്‍, പട്ടാളത്തെ ഇറക്കി പ്രക്ഷോഭം അടിച്ചമര്‍ത്താനാണ് ഭരണകൂടം ശ്രമിച്ചത്. നാലു ദിവസത്തിനുശേഷം മറ്റൊരു ദാരുണസംഭവത്തിനു കൂടി സിദി ബൗസ് സാക്ഷ്യം വഹിച്ചു. ഹുസൈന്‍ നാജി ഫല്‍ഹി എന്ന ചെറുപ്പക്കാരന്‍ മുപ്പതിനായിരം മെഗാവാട്ട് വൈദ്യുതി പ്രവഹിക്കുന്ന കമ്പികള്‍ ദേഹത്ത് ചേര്‍ത്തുവെച്ച് ആത്മഹത്യ ചെയ്തു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഹമ്മദ് ജനുവരി ആദ്യവാരം അന്ത്യശ്വാസം വലിക്കുക കൂടി ചെയ്തതോടെ പ്രക്ഷോഭം ശക്തിപ്പെടുകയായിരുന്നു. സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള നിഗൂഢശക്തികളാണ് പ്രക്ഷോഭത്തിനു പിന്നിലെന്നാണ് ഭരണകൂടം പ്രചരിപ്പിച്ചത്. സിദി ബൗസിദ് നഗരത്തിന് 15 മില്യന്‍ ഡോളറിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രക്ഷോഭം തണുപ്പിക്കാന്‍ ബിന്‍ അലി ശ്രമിച്ചെങ്കിലും ജനരോഷം വളരെ പെട്ടെന്ന് തലസ്ഥാനമായ തൂനിസിലേക്കും വ്യാപിക്കുകയായിരുന്നു.
പ്രക്ഷോഭം അടിച്ചമര്‍ത്താനായിരുന്നു ബിന്‍ അലിയുടെ ആദ്യ ഉത്തരവ്. കിട്ടിയ അവസരം മുതലെടുത്ത് സൈനികര്‍ ജനങ്ങളെ വെടിവെച്ചുകൊന്നു. അറുപതു പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു. സര്‍ക്കാറിനെ പിരിച്ചുവിട്ടു, ആറുമാസത്തിനകം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്താമെന്നും 2014ലെ പ്രസിഡന്റ് ഇലക്ഷനില്‍ താന്‍ മത്സരിക്കില്ലെന്നും പ്രഖ്യാപിച്ചും ജനരോഷം തണുപ്പിക്കാമെന്ന ബിന്‍ അലിയുടെ നീക്കവും ഫലം കണ്ടില്ല. തന്റെ രാജിയാണ് ജനങ്ങള്‍ക്ക് ആവശ്യമെന്ന് വൈകിയാണെങ്കിലും ബോധ്യപ്പെട്ടപ്പോഴാണ് രാജ്യം വിടാന്‍ ഈ ഏകാധിപതി തീരുമാനിക്കുന്നത്. പ്രധാനമന്ത്രി മുഹമ്മദ് ഗനൂശിയെ ആക്ടിങ് പ്രസിഡന്റായി ജനങ്ങള്‍ മാത്രമല്ല, രാജ്യത്തെ പരമോന്നത കോടതിയും അംഗീകരിച്ചില്ല. കോടതി ഉത്തരവിനെ തുടര്‍ന്ന് ആക്ടിങ് പ്രസിഡന്റായി സ്ഥാനമേറ്റ സ്‌പീക്കര്‍ ഫുആദ് മെബാസ 60 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഐക്യകക്ഷി സര്‍ക്കാര്‍ രൂപവത്കരണത്തിന് പ്രതിപക്ഷം സന്നദ്ധത പ്രകടിപ്പിച്ചതിനാല്‍ ക്രമസമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
ബിന്‍ അലി ഭരണത്തിലെ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും ജനങ്ങള്‍ക്കിടയില്‍ അസ്വാരസ്യം ഉണ്ടാക്കിയിരുന്നെങ്കിലും പ്രക്ഷോഭമായി രൂപപ്പെട്ടിരുന്നില്ല. തൊഴിലില്ലായ്മ 13 ശതമാനമാണെന്നാണ് ഔദ്യോഗികകണക്കെങ്കിലും യാഥാര്‍ഥ്യം ഇതിലുമപ്പുറത്താണ്. സിദി ബൗസിദില്‍ മാത്രം 25 ശതമാനം ബിരുദധാരികളും 44 ശതമാനം ബിരുദധാരിണികളും തൊഴില്‍രഹിതരാണ്. ഭരണകൂട ഭീകരതക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിയ ഇസ്‌ലാമിസ്റ്റുകളും  മനുഷ്യാവകാശപ്രവര്‍ത്തകരും ഏറെക്കാലമായി ജയിലുകളിലാണ്. അന്നഹ്ദ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന റാശിദ് ഗനൂശിയെപ്പോലുള്ള നേതാക്കള്‍ വിവിധ രാജ്യങ്ങളിലായി പ്രവാസികളായും കഴിയുന്നു. ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതുകൊണ്ടു മാത്രം അമേരിക്കയുടെയും ഫ്രാന്‍സിന്റെയും മറ്റും പിന്തുണ ബിന്‍ അലി നേടിയെടുത്തിരുന്നു. എന്നാല്‍, ഫ്രാന്‍സില്‍ അഭയം കിട്ടുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന ബിന്‍അലിയെ സ്വീകരിക്കാന്‍ സാര്‍കോസി കൂട്ടാക്കിയില്ലെന്നത് അറബ് ഏകാധിപതികള്‍ക്കൊക്കെ പാഠമാണ്. ഡിസംബര്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നതിനു തൊട്ടു മുമ്പ് ബിന്‍ അലിയെ സംരക്ഷിക്കുന്നതില്‍ അര്‍ഥമില്ലെന്ന് വ്യക്തമാക്കി തൂനിസിലെ അമേരിക്കന്‍ അംബാസഡര്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് അയച്ച സന്ദേശം വിക്കിലീക്‌സും പുറത്തുവിടുകയുണ്ടായി. അഴിമതിയും ജനവിരുദ്ധ നിലപാടുകളും പ്രായാധിക്യവുമാണ് ബിന്‍ അലിയുടെ പ്രതികൂല ഘടകങ്ങളായി സന്ദേശത്തില്‍ പറഞ്ഞിരുന്നത്.
ബിന്‍ അലിയുടെ രണ്ടാം ഭാര്യ ലൈലയാണ് അഴിമതി ഭരണകൂടത്തിലെ നെടുംതൂണായി വര്‍ത്തിച്ചത്. ഒരു ബ്യൂട്ടീഷ്യന്‍ മാത്രമായിരു ലൈല തുനീഷ്യയിലെ ഇമല്‍ഡ മാര്‍ക്കോസ് ആയാണ് അറിയപ്പെടുന്നത്. ഫിലിപ്പൈന്‍സിലെ മുന്‍ പ്രഥമ വനിതയായിരുന്ന  ഇമല്‍ഡക്ക് ആഡംബര ചെരിപ്പുകളോടും ഷൂകളോടുമായിരുന്നു പ്രിയമെങ്കില്‍ വില്ലകളും ഷോപ്പിങ്മാളുകളും പരമാവധി സ്വന്തം പേരിലാക്കുന്നതിലായിരുന്നു ലൈലക്ക് താല്‍പര്യം. അതിനനുസരിച്ച് അവരുടെ ബാങ്ക് ബാലന്‍സിലും അഭൂതപൂര്‍വമായ വര്‍ധനവുണ്ടായി. അറബ് രാജ്യങ്ങളിലെ വനിതകളുടെ ഉയര്‍ച്ചക്കായി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന അറബ് വിമന്‍സ് ഓര്‍ഗനൈസേഷന്‍ അധ്യക്ഷയെന്ന നിലയില്‍ ഏറ്റവും സ്വാധീനമുള്ള 50 അറബ് പ്രമുഖരുടെ ലിസ്റ്റില്‍ സ്ഥാനം പിടിച്ച ലൈല ദുബൈയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്.
 ഒടുവില്‍ മോചനം
1956ല്‍ ഫ്രാന്‍സില്‍നിന്ന് സ്വാതന്ത്ര്യം നേടിയതു മുതല്‍ ഏകാധിപത്യ ഭരണത്തില്‍ കഴിയേണ്ടിവന്ന അറബ്‌രാജ്യമാണ് തുനീഷ്യ. സ്വാതന്ത്ര്യാനന്തരം രാജഭരണത്തിലേക്ക് നീങ്ങിയ രാജ്യത്തെ ഒരു വര്‍ഷത്തിനകം റിപ്പബ്ലിക്കായി പരിവര്‍ത്തിപ്പിച്ച് ദേശീയവാദിയും സെക്യുലറിസ്റ്റുമായ ഹബീബ് ബുര്‍ഖീബ രംഗത്തുവന്നതോടെ മാറ്റങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും മുപ്പതു വര്‍ഷം അദ്ദേഹത്തിന്റെ ഉരുക്കുമുഷ്ടിക്കു കീഴില്‍ കഴിയാനായിരുന്നു ജനത്തിനു വിധി. 1987 ല്‍ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട സൈനുല്‍ആബിദിന്‍ ബിന്‍ അലി മാസങ്ങള്‍ക്കകം ബുര്‍ഖീബയുടെ ഭരണം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് പ്രസിഡന്റായി സ്ഥാനമേല്‍ക്കുകയായിരുന്നു. ഇലക്ഷനെന്ന പേരില്‍ നടത്തുന്ന നാടകത്തിലൂടെയാണ് ബിന്‍ അലി അധികാരം നിലനിര്‍ത്തിപ്പോന്നത്. 1994ല്‍ പ്രസിഡന്റ്‌സ്ഥാനത്തേക്ക് മത്സരിക്കാന്‍ അദ്ദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫലം വന്നപ്പോള്‍ 100 ശതമാനം വോട്ടും ബിന്‍അലിക്ക്! 1999ല്‍ വിജയശതമാനം 99.4 ആയി ചുരുക്കാനുള്ള മഹാമനസ്‌കത പ്രകടിപ്പിച്ചു. ഏറ്റവുമൊടുവില്‍ 2009 ഒക്‌ടോബറിലാണ് കോണ്‍സ്റ്റിറ്റിയൂഷനല്‍ ഡെമോക്രാറ്റിക് റാലി (ആര്‍.സി.ഡി) എന്ന പാര്‍ട്ടിയുടെ ബാനറില്‍ ബിന്‍ അലി അവസാനമായി 'തെരഞ്ഞെടുക്കപ്പെട്ടത്'. പ്രസിഡന്റ് പദവിയിലേക്ക് മത്സര രംഗത്തുണ്ടായിരുന്ന മറ്റു മൂന്നുപേരെയും ബഹുദൂരം പിന്നിലാക്കി 89.62ശതമാനത്തോടെയായിരുന്നു വിജയം. അഴിമതിയുടെ കൂത്തരങ്ങായിരുന്നു തെരഞ്ഞെടുപ്പെന്നാണ് നിരീക്ഷകര്‍ വിധിയെഴുതിയത്. ആഫ്രിക്കന്‍ യൂനിയന്‍ വോട്ടെടുപ്പ് ശരിവെച്ചപ്പോള്‍ ബിന്‍ അലിയെ പിന്തുണച്ചിരുന്ന അമേരിക്കക്കു പോലും വിയോജിക്കേണ്ടിവന്നു. അന്താരാഷ്ട്രനിരീക്ഷകരെ വോട്ടെടുപ്പ് മേഖലയില്‍നിന്ന് ഭരണകൂടം വിലക്കിയെന്നാണ് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പറഞ്ഞത്.
എന്നാലും ബിന്‍ അലി സര്‍ക്കാറിനുള്ള പിന്തുണ തുടരുമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലുള്ള മോശം ട്രാക്ക് റെക്കോഡ് തിരുത്തിയെഴുതാനും വിദേശങ്ങളില്‍ രാജ്യത്തെക്കുറിച്ച മികച്ച പ്രതിച്ഛായ സൃഷ്ടിക്കാനും  വാഷിങ്ടണ്‍ മീഡിയ ഗ്രൂപ്പ് എന്ന സ്ഥാപനവുമായി ബിന്‍ അലി ഭരണകൂടം കരാര്‍ ഒപ്പിട്ടിരുന്നു. യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ ഉപദേശമാരാഞ്ഞ ശേഷമാണ്  മീഡിയ ഗ്രൂപ്പ് കരാറിലെത്തിയത്. അതോടെ തുനീഷ്യയിലെ വ്യവസായസംരംഭകത്വ വിജയവും ജനാധിപത്യമഹത്വവും സംബന്ധിച്ച വ്യാപകപ്രചാരണങ്ങള്‍ അരങ്ങേറി. ജനപിന്തുണയില്ലാത്ത, അഴിമതിയില്‍ കറങ്ങുന്ന ഭരണമാണ് തുനീഷ്യയിലേതെന്ന് ബോധ്യപ്പെട്ടതോടെ അമേരിക്ക കളം മാറിച്ചവിട്ടി. ഭരണകൂടത്തിനെതിരെ ജനകീയസമരങ്ങള്‍ ശക്തിപ്പെട്ടതോടെ ഡിസംബറില്‍ വാഷിങ്ടണ്‍ ഗ്രൂപ്പും കരാറില്‍നിന്ന് പിന്‍വാങ്ങി.
അല്‍ജീരിയയിലും തുനീഷ്യയിലും പടര്‍ന്നുപിടിച്ച ജനകീയപ്രക്ഷോഭം രാജ്യങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഇപ്പോഴിതാ ജോര്‍ഡനിലേക്കും പ്രവേശിച്ചിരിക്കുന്നു. ഈജിപ്തും ലിബിയയും മൊറോക്കോയുമൊന്നും അകലെയല്ലെന്ന സൂചനയാണ് ഈ മുന്നേറ്റങ്ങള്‍ നല്‍കുന്നത്. ഈജിപ്തില്‍ തെരഞ്ഞെടുപ്പ് പ്രഹസനത്തിലൂടെ മുപ്പതു കൊല്ലമായി അധികാരം വാഴുന്ന മുബാറകും ജനരോഷം അടിച്ചമര്‍ത്തുന്നതില്‍ കേമനാണ്. ജനങ്ങള്‍ വെറുക്കുന്ന ഇരട്ടകളില്‍ ഒരാള്‍ ഓടിപ്പോയെന്നും മറ്റെയാള്‍ക്ക് ആ ഗതി വരാനിരിക്കുന്നുവെന്നുമാണ് ഒരു അറബ് രാഷ്ട്രീയ നിരീക്ഷകന്‍ അഭിപ്രായപ്പെട്ടത്.

ഇരട്ടനീതിയുടെ വിസ്മയ വിസ്‌ഫോടനങ്ങള്‍


ഇരട്ടനീതിയുടെ വിസ്മയ വിസ്‌ഫോടനങ്ങള്‍
2007 ഫെബ്രുവരി 19 തിങ്കളാഴ്ച. ഹരിയാനയിലെ പാനിപ്പത്ത് ജില്ലാ ആശുപത്രിയുടെ താല്‍ക്കാലിക മോര്‍ച്ചറിക്ക് പുറത്ത് തടിച്ചുകൂടിയ ജനം അധികസമയം അവിടെ നില്‍ക്കാനാവാതെ പിരിഞ്ഞു പോവുകയാണ്. തലേദിവസം അര്‍ധരാത്രി നടന്ന സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനത്തിലെ മൃതദേഹങ്ങള്‍ സൂക്ഷിച്ചത് ആ ആശുപത്രിയിലായിരുന്നു. കത്തിക്കരിഞ്ഞ്, പരസ്‌പരം കെട്ടുപിണഞ്ഞും ഒട്ടിച്ചേര്‍ന്നും കിടക്കുന്ന 68 മനുഷ്യരുടെ ആ ജഡക്കൂമ്പാരത്തില്‍ നിന്നുയരുന്ന രൂക്ഷഗന്ധം താങ്ങാന്‍ അവര്‍ക്ക് ശേഷിയുണ്ടായിരുന്നില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട പാകിസ്താനിലെയും ഇന്ത്യയിലെയും ബന്ധുക്കളുടെ അലര്‍ച്ചകള്‍ അവരുടെ കണ്ഠനാളങ്ങളില്‍ തന്നെ ഉടക്കി നിന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാതെ ബന്ധുക്കള്‍ കുഴഞ്ഞു. രാജ്യവും ലോകവും സ്തബ്ധമായി. അതിര്‍ത്തികള്‍ക്കപ്പുറത്തുമിപ്പുറത്തുമുള്ള ജനങ്ങള്‍ ആയുസ്സില്‍ വല്ലപ്പോഴുമൊക്കെയാണ് ദശാബ്ദങ്ങള്‍ മുമ്പ് വേര്‍പിരിഞ്ഞുപോയ ബന്ധുക്കളെ കാണാന്‍ വരുന്നതും സ്‌നേഹം പങ്കുവെച്ച് പിരിഞ്ഞുപോകുന്നതും. അത്തരം കൂടിച്ചേരലുകളെയും സമാഗമങ്ങളെയും ആഹ്ലാദപൂര്‍വം പേറി ഓടുന്ന പുകവണ്ടിയാണ് സംഝോത. പക്ഷേ, ഈ ആകുലതകളും വൈകാരികതകളുമൊന്നും ഗവേഷണ വീരന്മാരായ ഇന്ത്യന്‍ പത്രപ്രവര്‍ത്തകര്‍ക്ക് വിഷയമേ ആയിരുന്നില്ല. അവര്‍ അടുത്തദിവസം മുതല്‍ ഗമണ്ടന്‍ 'ഇന്‍വെസ്റ്റിഗേറ്റിവു'കള്‍ വീശിത്തുടങ്ങി. മുന്‍ എസ്.എഫ്.ഐ ദേശീയ തലൈവര്‍ എന്‍.റാമിന്റെ 'ദ് ഹിന്ദു' മുതല്‍ ബി.ജെ.പി എം.പി ചന്ദന്‍ മിത്രയുടെ 'ദ് പയനിയര്‍' വരെ എല്ലാവരും അച്ചുനിരത്തി-ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'ഹുജി', ഇന്ദോറിലെ സിമി പ്രവര്‍ത്തകരുടെ സഹായത്തോടെ സംഘടിപ്പിച്ച സ്‌ഫോടനമാണിത്. 'മനോരമ'യിലെയും 'മാതൃഭൂമി'യിലെയും 'കോപ്പി എഡിറ്റര്‍മാര്‍' അതെല്ലാം വാഗ്ശുദ്ധിയോടെ വിവര്‍ത്തനം ചെയ്ത് മലയാളികള്‍ക്ക് വിളമ്പിത്തന്നു. അതെല്ലാം വായിച്ച രാജ്യത്തെ മികച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ നിന്ന് മുസ്‌ലിം ചെറുപ്പക്കാരെ പൊക്കിയെടുത്ത് കൊണ്ടുപോയി ഉരുട്ടാനും ഗരുഡന്‍ തൂക്കാനും തുടങ്ങി. അവരുടെ ചോരയും ചലവും തെറിച്ച പൊലീസ് സ്‌റ്റേഷന്‍ ചുമരുകള്‍ ദേശസ്‌നേഹത്താല്‍ വിജ്യംഭിതമായി. പ്രതികളെ അതിവേഗം പിടികൂടിയ പൊലീസുദ്യോഗസ്ഥരെ ശ്ലാഘിക്കാന്‍ പത്രാധിപമേലാളന്മാര്‍ മുഖപ്രസംഗങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.
അങ്ങനെ 'ഹുജി ബന്ധ'മുള്ള മുസ്‌ലിം ചെറുപ്പക്കാര്‍ മാംസവും അസ്ഥിയും വേര്‍പിരിയുന്ന തരത്തിലുള്ള പീഡന പര്‍വങ്ങളിലൂടെ കടന്നുപോവുകയും 'ദേശീയബോധ'മുള്ള മുസ്‌ലിം സംഘടനകളും അതിന്റെ തടിമാടന്മാരായ യുവനേതാക്കളും 'തീവ്രവാദ'ത്തിനെതിരായ കാമ്പയിന്‍ നടത്തി ക്ഷീണിച്ചിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ബഹുമാനപ്പെട്ട അസിമാനന്ദ സ്വാമിജി എന്ന ആര്‍.എസ്.എസ് ആത്മീയ നേതാവ് അവതരിക്കുന്നത്. അദ്ദേഹം പറഞ്ഞതും വിസ്തരിച്ചതുമെല്ലാം ഇന്ന് നമ്മുടെ മുന്നിലുണ്ട്. പക്ഷേ, അന്ന് ഹുജിയെക്കുറിച്ചും സിമിയെക്കുറിച്ചും 'ഇന്‍വെസ്റ്റിഗേഷന്‍' ഇറക്കിയവരും അത് കോപ്പിയടിച്ചവരും ഇപ്പോള്‍ മിണ്ടാത്തതെന്താണ്? അസിമാനന്ദജിയുടെ കുറ്റസമ്മതമൊഴി വാര്‍ത്തയായ ദിവസം മലയാളത്തിന്റെ ദേശീയ പത്രം ഉള്‍പ്പേജിലെ ഒരു കുഞ്ഞുകോളത്തിലൊതുക്കി ആ വാര്‍ത്ത. അപ്പോഴും അങ്ങനെയൊരു മൊഴിയുള്ളതായി അവര്‍ക്ക് നിശ്ചയമില്ല-'മൊഴിയില്‍ പറയുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു'; അത്ര മാത്രം.
ഓര്‍മയുണ്ടോ, ഏതാനും മലയാളി മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് കേരളത്തിന് പുറത്തെ തീവ്രവാദ സംഭവങ്ങളില്‍ ബന്ധമുള്ള വാര്‍ത്ത വന്ന സമയത്ത് നാട്ടില്‍ അടിച്ചു വീശിയ ആ തീവ്രവാദവിരുദ്ധ ചുഴലിക്കാറ്റ്. ചാനലുകളില്‍ ഇളകിയാട്ടം, പത്രങ്ങളില്‍ കൂടിയാട്ടം, സ്‌റ്റേജുകളില്‍ കുച്ചുപ്പുടി- അങ്ങനെ കേരളമാകെ തീവ്രവാദത്തിനെതിരെ. തീവ്രവാദത്തില്‍ നിന്ന് ഇസ്‌ലാമിനെ രക്ഷിക്കാന്‍ മൗലവിമാര്‍ പരക്കം പാഞ്ഞു. ദീനുല്‍ ഇസ്‌ലാമുമായി ഇതിന് ഒരു ബന്ധവുമില്ല എന്ന സര്‍ട്ടിഫിക്കറ്റുമായി അവര്‍ നാടുചുറ്റി. ഞങ്ങള്‍ തീവ്രവാദികളല്ലേ, ഞങ്ങള്‍ പണ്ടേ വെജിറ്റേറിയന്‍സാണ്, മറ്റവരാണ് തീവ്രവാദികള്‍ എന്ന സിദ്ധാന്തവുമായി മുസ്‌ലിം യുവശിങ്കങ്ങളില്‍ ചിലര്‍ പൊടുന്നനെ ബുദ്ധിജീവികളായി മാറി. അങ്ങനെ ആ തീവ്രവാദ വിരുദ്ധ ജുഗല്‍ബന്ദിയുടെ ക്ഷീണം മാറി കണ്ണു തുടച്ചെഴുന്നേല്‍ക്കുമ്പാഴാണ് അജ്മീര്‍ ദര്‍ഗാ ശരീഫില്‍ ബോംബ് വെക്കാന്‍ കിണ്ണവുമായിപ്പോയ മലയാളിയായ സുരേഷ് നായരെക്കുറിച്ച് രാജസ്ഥാന്‍ എ.ടി.എസ് വിവരം തരുന്നത്. ജനറേറ്റര്‍ കേടായി വൈദ്യുതി നിലച്ച ജുഗല്‍ബന്ദി സ്‌റ്റേജ് പോലെയായി പിന്നെ കേരളം. പാട്ടില്ല, കൊട്ടില്ല, ആട്ടമില്ല, ആരെയും കാണാനില്ല. കേരളം ഭീകരതയുടെ വിളനിലമാകുന്നതില്‍ ആര്‍ക്കുമില്ല കുണ്ഠിതം. അതിനിടയില്‍, സുരേഷ് നായര്‍ കേരളത്തില്‍ ഒരു ഭീകര പ്രവര്‍ത്തനത്തിലും പങ്കെടുത്തില്ലെന്ന് ചിലര്‍ വിളിച്ചുപറയുന്നത് മാത്രം കേള്‍ക്കാം.
കഥകളും ഉദാഹരണങ്ങളും ഇനിയും പറയുന്നതില്‍ അര്‍ഥമില്ല. ഒരു രാജ്യത്ത് രണ്ടുതരം പൗരന്മാര്‍ ഉണ്ടാവുന്നതിന്റെ രാസഘടനയാണിത്. കെട്ടിച്ചമച്ചതെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ വികലാംഗനായ മഅ്ദനി ജയിലില്‍ കിടക്കുന്നു. അദ്ദേഹത്തിനെതിരെയുള്ള കേസ് അന്വേഷിക്കാന്‍ പോയ പത്രപ്രവര്‍ത്തക രാജ്യദ്രോഹ കേസില്‍ പെടുന്നു. ഞങ്ങളാണ് സ്‌ഫോടനം നടത്തിയതെന്ന് ആര്‍.എസ്.എസിന്റെ ദേശീയ ഭീകര കാര്യകാരികള്‍ കാര്യകാരണ സഹിതം വ്യക്തമാക്കുമ്പോഴും മാലേഗാവിലെ മുസ്‌ലിം പയ്യന്മാര്‍ രക്തം ഛര്‍ദിച്ച് തടവറകളില്‍ കഴിയുന്നു. എന്നാലും നാടിന്റെ മഹത്ത്വത്തെക്കുറിച്ച് സംസാരിക്കുകയല്ലാതെ നിര്‍വാഹമില്ല.
ഇന്ത്യയെ നടുക്കിയ സ്‌ഫോടനങ്ങളെക്കുറിച്ച് പിടിയിലായ ആര്‍.എസ്.എസ് നേതാക്കള്‍ കുറ്റസമ്മത മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ പുതിയതല്ല. നിയമപരമായ ബലം അവക്കുണ്ട് എന്നത് മാത്രമാണ് പ്രത്യേകത. സ്‌ഫോടനങ്ങളില്‍ ആര്‍.എസ്.എസിനും രഹസ്യാന്വേഷണ വിഭാഗത്തിലെ ആര്‍.എസ്.എസ് സെല്ലുകള്‍ക്കുമുള്ള പങ്ക് മനുഷ്യാവകാശ പ്രവര്‍ത്തകരും മുസ്‌ലിം നേതാക്കളും നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ജമാഅത്തെ ഇസ്‌ലാമി പോലെയുള്ള സംഘടനകള്‍ ഇക്കാര്യത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. 'മാധ്യമം' ലേഖകന്‍ എ. റശീദുദ്ദീന്‍ 2008ല്‍ ഈ വിഷയത്തില്‍ ഒരു പുസ്തകം തന്നെയെഴുതി-'ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും'. പ്രസ്തുത പുസ്തകത്തില്‍ ഉയര്‍ത്തിയ നിഗമനങ്ങളും സംശയങ്ങളും പുലരുന്നതാണ് ഇന്ന് കാണുന്നത്. എന്തിന്, പ്രമാദമായ പാര്‍ലമെന്റ് ആക്രമണത്തെക്കുറിച്ച് പോലും ഭരണകൂട/ഇന്റലിജന്‍സ്/മാധ്യമ തിയറിയെ നിരാകരിക്കുന്ന പുസ്തകം 2006ല്‍ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. (13 December: The Strange Case of the Attack  on the Indian Parliament) പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഇതിന് അരുന്ധതി റോയി ആണ് മുഖവുര എഴുതിയത്. സംഘ്പരിവാറും ഭരണകൂടവും പൊലീസിലെ സംഘി സെല്ലുകളും മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന കഥകള്‍ക്കപ്പുറം പോകാന്‍ നമ്മുടെ മുഖ്യധാരക്ക് കഴിഞ്ഞില്ല. എന്നല്ല, വ്യത്യസ്തമായ ചോദ്യങ്ങളും സംശയങ്ങളുമുന്നയിക്കുന്നവരെപ്പോലും തീവ്രവാദ ലിസ്റ്റില്‍ പെടുത്താനായിരുന്നു ഇവിടെ പലര്‍ക്കും താല്‍പര്യം.
ഇന്ത്യക്കാരനായ ഡോ. മുഹമ്മദ് ഹനീഫിന് ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നാലരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത് കഴിഞ്ഞ ഡിസംബര്‍ 21നാണ്.
ഒരു തീവ്രവാദകേസില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി വെറും മൂന്നാഴ്ച തടവിലിട്ടതിന്റെ പേരിലാണ് ആ രാജ്യം അദ്ദേഹത്തോട് മാപ്പ് ചോദിച്ചതും വന്‍തുക നഷ്ടപരിഹാരം നല്‍കിയതും. ഹനീഫിനെ വെറും മൂന്നാഴ്ചയാണ് അവര്‍ തടവിലിട്ടത്. അവന്റെ തുടയെല്ലും ഇറച്ചിയും അവര്‍ വേര്‍പെടുത്തിയിട്ടില്ല. ഹനീഫാകട്ടെ, ആസ്‌ട്രേലിയന്‍ പൗരനുമല്ല. ഹനീഫിന് ആസ്‌ട്രേലിയ നല്‍കിയ നഷ്ടപരിഹാരത്തുകയുടെ തോതനുസരിച്ച് അന്യായമായി തടവിലാക്കപ്പെട്ട മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് സര്‍ക്കാറും മാധ്യമങ്ങളും നഷ്ട പരിഹാരം നല്‍കുകയാണെങ്കില്‍ ഈ സമുദായത്തിന്റെ തന്നെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് അത് വലിയൊരു പരിഹാരമാകും. പക്ഷേ, ആസ്‌ട്രേലിയ ഒരു അന്യദേശക്കാരന്‍ മാപ്പിളയോട് കാണിച്ച മാന്യതയുടെ ആയിരത്തിലൊരംശം പോലും കാണിക്കാന്‍ നമ്മുടെ സവര്‍ണ ബ്രാഹ്മണ്യ മേധാവിത്വത്തിന് കഴിയില്ല. മാപ്പ് വേണ്ട, നഷ്ടപരിഹാരവും വേണ്ട, കുറ്റവാളികളെ വ്യക്തമായതിനു ശേഷം പോലും നിരപരാധികളെ ജയിലുകളില്‍നിന്ന് മോചിപ്പിക്കാന്‍ പോലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് സാധിക്കുന്നില്ല.
 മേലാളന്മാരുടെ കുറ്റങ്ങള്‍ക്ക് അധമജാതികള്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്ന പഴയ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ട്. ആര്‍.എസ്.എസ് നേതാക്കളുടെ ശവഭോജനത്തിന് വേണ്ടി ശിക്ഷ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട പുതിയ കാലത്തെ അധഃകൃത ജാതിയാണ് മുസ്‌ലിം ചെറുപ്പക്കാര്‍. നമ്മുടെ നാട്ടിലെ മാധ്യമങ്ങളും സാംസ്‌കാരിക നായകന്മാരും അതിന് ഭീകരവിരുദ്ധ പോരാട്ടം എന്നാണ് പേരിട്ടിരിക്കുന്നത്. എന്തു സുന്ദരമായ പേര്!    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ