2011, ജനുവരി 16, ഞായറാഴ്‌ച

മാലേഗാവ്: സി.ബി.ഐ പുനരേന്വഷണം ഉന്നതരെ വെട്ടിലാക്കും--സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനം: അസിമാനന്ദയുടെ മൊഴി രേഖപ്പെടുത്തി

മാലേഗാവ്: സി.ബി.ഐ പുനരേന്വഷണം ഉന്നതരെ വെട്ടിലാക്കും

മാലേഗാവ്: സി.ബി.ഐ പുനരേന്വഷണം ഉന്നതരെ വെട്ടിലാക്കും
മുംബൈ : 2006 ലെ മാലേഗാവ് സ്‌ഫോടന കേസില്‍ സി.ബി.ഐയുടെ പുനരന്വേഷണം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും പ്രതിക്കൂട്ടിലാക്കിയേക്കും. പിഞ്ചുകുഞ്ഞുങ്ങളടക്കം 36 പേര്‍ മരിച്ച സ്‌ഫോടനവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര എ.ടി.എസ് അറസ്റ്റ് ചെയ്തത് ഒമ്പത് പേരെയാണ്. അന്ന് നാസിക് ജില്ല പൊലീസ് സൂപ്രണ്ടായിരുന്ന രാജ് വര്‍ധന്‍ തന്റെ ചാരന്മാരുടെ സഹായത്തോടെ അറസ്റ്റിന് 'തിരക്കഥ' ഒരുക്കുകയായിരുന്നുവന്ന് മാലേഗാവിലെ ജംഇയ്യത്തുല്‍ ഉലമ അടക്കമുള്ള സംഘടനകളും നാട്ടുകാരും ആരോപിക്കുന്നു.
 ഇപ്പോള്‍ മുംബൈയില്‍ സ്‌പെഷല്‍ ബ്രാഞ്ച് മേധാവിയായ രാജ് വര്‍ധനെ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകളും പ്രതികളുടെ ബന്ധുക്കളും മഹാരാഷ്ട്ര സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തിരുന്നു.  രാജ്‌വര്‍ധനു പുറമെ മാലേഗാവ് സ്‌ഫോടന കേസ് അന്വേഷണം വഴിതിരിച്ചുവിട്ട അന്നത്തെ എ.ടി.എസ് തലവന്‍ കെ.പി. രഘുവംശിയും പ്രതിക്കൂട്ടിലായേക്കും. സ്‌ഫോടനം നടത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചതും ഫണ്ട് നല്‍കിയതും താനാണെന്നുള്ള സ്വാമി അസിമാനന്ദയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ്  മാലേഗാവ് സ്‌ഫോടനം സി.ബി.ഐ വീണ്ടും അന്വേഷിക്കുന്നത്. ഇത് രഘുവംശിയുടെ നേതൃത്വത്തില്‍ കേസന്വേഷിച്ച എ.ടി.എസിന്റെ കണ്ടെത്തലുകള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ്. സ്‌ഫോടന കേസിലെ മുഖ്യ സൂത്രധാരകനും പണം നല്‍കിയതും ശബീര്‍ മസീഉല്ല ആണെന്നാണ് എ.ടി.എസിന്റെ കുറ്റപത്രത്തിലുള്ളത്.
മാലേഗാവ് സ്‌ഫോടന കേസില്‍ അറസ്റ്റിലായ അബ്‌റാര്‍ അഹ്മദ് അന്ന് നാസിക് പൊലീസ് സൂപ്രണ്ടായിരുന്ന രാജ് വര്‍ധന്റെ ചാരനായിരുന്നു. അബ്‌റാറിന്റെ സഹായത്തോടെയാണ് മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്. രാജ് വര്‍ധനെ സഹായിച്ച മറ്റൊരു ചാരന്‍ മുഹമ്മദ് മുനവറിനെ കാണാനില്ല. ഇയാള്‍ക്ക് രാജ് വര്‍ധന്‍ മൊബൈല്‍ ഫോണുകളും വസ്ത്രങ്ങളും ഇടക്ക് നല്‍കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. 2006 ലെ സ്‌ഫോടനത്തിന് പിന്നിലും സന്യാസിമാരും സൈനികരും ഉള്‍പ്പെട്ട 2008 ലെ മാലേഗാവ് സ്‌ഫോടന കേസ് പ്രതികളാണെന്ന് ചൂണ്ടിക്കാട്ടി എ.ടി.എസ് കുറ്റപ്രതത്തിലുള്ള അബ്‌റാര്‍ അഹമദ് ബോംബെ ഹൈേകാടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. സ്‌ഫോടനത്തിന് ശേഷം തന്നെ രാജ് വര്‍ധന്‍ ഉജ്ജൈനിലെ ഭോലേനാഥ് ക്ഷേത്രത്തിലും ഇന്‍ഡോറിലും നാസിക്കിലെ ഭോന്‍സാലെ സൈനിക സ്‌കൂളിലും കൊണ്ടുപോയതായും ഉജ്ജൈയിനിയില്‍വെച്ച് 2008 ലെ മാലേഗാവ് സ്‌ഫോടന കേസ് പ്രതി സന്യാസി ദയാനന്ദ് പാണ്ഡെയോടൊപ്പം ഫോട്ടോ എടുത്തതായും അക്കൂട്ടത്തില്‍ പ്രജ്ഞാ സിങ്ങുമുണ്ടായിരുന്നെന്നും അബ്‌റാര്‍ ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്.
മാലേഗാവ് സ്‌ഫോടനം നടക്കുന്നതിന് മാസങ്ങള്‍ക്കുമുമ്പ് നാന്ദേഡില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് ഭജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ മരിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു മാലേഗാവ് സ്‌ഫോടന കേസിന്റെയും അന്വേഷണം തുടങ്ങിയിരുന്നത്.
എന്നാല്‍, കെ.പി. രഘുവംശിയുടെ നേതൃത്വത്തിലുള്ള എ.ടി.എസ് അന്വേഷണമേറ്റതോടെ ചിത്രം മാറുകയായിരുന്നു.


സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനം: അസിമാനന്ദയുടെ മൊഴി രേഖപ്പെടുത്തി

പഞ്ച്കുല: സംഝോതാ എക്‌സ്‌പ്രസ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടു ഹിന്ദു തീവ്രവാദി സ്വാമി അസിമാനന്ദയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തി. ശനിയാഴ്ച  ഉച്ചക്കു 12.15നാണ് അസിമാനന്ദയെ ഇവിടുത്തെ കോടതിയില്‍ ഹാജരാക്കിയത്.
ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന സ്വാമിയെ അംബാലാ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. മജിസ്‌ട്രേറ്റിനു മുന്നില്‍ അസിമാനന്ദയുടെ മൊഴി പകര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി വ്യാഴാഴ്ച ഹരജി നല്‍കിയിരുന്നു.
ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രാകേഷ് സിങ്ങിനു മുന്നില്‍ രഹസ്യമൊഴിയാണു രേഖപ്പെടുത്തിയത്. സംഝോധാ എക്‌സ്‌പ്രസ് സ്‌ഫോടനക്കേസിലെ പ്രതിയായ അസിമാനന്ദയെ ഡിസംബര്‍ 23നാണു ഹൈദരാബാദില്‍നിന്നു ഹരിയാനയിലെ പഞ്ച്കുലയില്‍ എത്തിച്ചത്.
വലതുപക്ഷ ഹിന്ദു സംഘടനയായ അഭിനവ് ഭാരതിലെ പ്രവര്‍ത്തകനായ അസിമാനന്ദ 2007ല്‍ ഹൈദരാബാദിലുണ്ടായ മക്കാ മസ്ജിദ് സ്‌ഫോടനക്കേസിലും പ്രതിയാണ്. സ്‌ഫോടനത്തില്‍ 14 പേരാണു കൊല്ലപ്പെട്ടത്.
2007 ഫെബ്രുവരി 18നുണ്ടായ സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനത്തിലെ പങ്കിനേക്കുറിച്ചാണ് ദേശീയ അന്വേഷണ ഏജന്‍സി ഇപ്പോള്‍ അസിമാനന്ദയെ ചോദ്യം ചെയ്യുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ