2011, ജനുവരി 15, ശനിയാഴ്‌ച

ശബരിമല ദുരന്തം: മരണം നൂറു കവിഞ്ഞു,'മകരജ്യോതിയെന്ന അന്ധവിശ്വാസത്തെ ഇല്ലാതാക്കണം'

ശബരിമല ദുരന്തം: മരണം നൂറു കവിഞ്ഞു


ശബരിമല ദുരന്തം: മരണം നൂറു കവിഞ്ഞു
വണ്ടിപ്പെരിയാര്‍: ശബരിമല മകരജ്യോതി ദര്‍ശനം കഴിഞ്ഞ്  അയ്യപ്പഭക്തര്‍  കാനന പാതയിലൂടെ മടങ്ങുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട്  മരിച്ചവരുടെ എണ്ണം 104 ആയി. പുല്‍മേട്  വള്ളക്കടവ് പാതയിലാണ് ദുരന്തമുണ്ടായത്. 71 പേര്‍ക്ക് പരിക്കുണ്ട്.  തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നുള്ള തീര്‍ഥാടകരാണ് അപകടത്തില്‍പെട്ടത്. 104 പേരുടെ മൃതദേഹം കണ്ടെത്തി. 60 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ 23 പേര്‍ തമിഴ്‌നാട് സ്വദേശികളും 20 പേര്‍ കര്‍ണാടകക്കാരും 11 പേര്‍ ആന്ധ്രയില്‍ നിന്നുളളവരുമാണ്. മരിച്ചവരില്‍ രണ്ടുപേര്‍ മലയാളികളാണ്.  മലപ്പുറം വേങ്ങര  പട്ടയില്‍ വീട്ടില്‍ സ്വദേശി കോരുക്കുട്ടി(60), പാലക്കാട് ചെമ്പാത്ത് കൃഷ്ണപ്രസാദ്(34) എന്നിവരാണ് മരിച്ച മലയാളികള്‍. എല്‍.ഐ.സി ജീവനക്കാരനായ കൃഷ്ണപ്രസാദ് ചെന്നെയില്‍ സ്ഥിര താമസക്കാരനാണ്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്.
പരിക്കേറ്റവരെ തേനി മെഡിക്കല്‍ കോളജ്, കോട്ടയം മെഡിക്കല്‍ കോളജ്, വണ്ടിപ്പെരിയാര്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50, 000 രൂപയും ദുരിതാശ്വാസമായി നല്‍കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അറിയിച്ചു. ദുരന്തത്തില്‍ അദ്ദേഹം അഗാധമായ ദുഖം രേഖപ്പെടുത്തി.
ഗതാഗത കുരുക്ക് മൂലം അപകടം നടന്ന് ആറ് മണിക്കൂറിനു ശേഷവും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. ഇത് മരണ സംഖ്യ കൂടാന്‍ ഇടയാക്കി. ഇന്നലെ രാത്രി 8.15 ഓടെയാണ് അപകടം. അയ്യപ്പ ഭക്തരുമായി മടങ്ങിയ ജിപ്പ് മറിഞ്ഞതാണ് തിക്കിനും തിരക്കിനും കാരണമായതെന്നാണ് പറയുന്നത്. നിറയെ ഭക്തരുമായി വന്ന ബസാണ് മറിഞ്ഞതെന്നും പറയുന്നു.
കാനനപാതയിലൂടെ തിങ്ങിനീങ്ങുന്ന അയ്യപ്പഭക്തരുടെ മുകളിലേക്ക് ബസ് മറിഞ്ഞെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. കര്‍ണാടക തമിഴ്‌നാട് സംസ്ഥാനത്തുനിന്നുള്ള അയ്യപ്പഭക്തര്‍ പമ്പയിലും സന്നിധാനത്തും പോകാതെ മകരജ്യോതി ദര്‍ശിക്കാന്‍ തെരഞ്ഞെടുക്കുന്ന സ്ഥലമാണ് പുല്ലുമേട്. പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലാണ് അപകടം നടന്ന ഉപ്പുപാറ.
 എറണാകുളം മേഖലാ ഐ.ജി ബി. സന്ധ്യ, ഡി.ജി.പി ജേക്കബ് പൂന്നൂസ് എന്നിവര്‍ സംഭവസ്ഥലത്തുണ്ട്. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മുഴുവന്‍ അഗ്‌നിശമനസേന യൂനിറ്റുകളും  ദുരിതാശ്വാസം തുടരുന്നുണ്ട്. അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിച്ചതായി പ്രതിരോധ മന്ത്രി എ.കെ. ആന്റണി വാര്‍ത്താലേഖകരോട് പറഞ്ഞു.
ഏറ്റവും നന്നായി മകരജ്യോതി ദര്‍ശിക്കാന്‍ കഴിയുന്നത് പുല്‍മേടില്‍ നിന്നാണെത്രെ. സാധാരണ അയ്യപ്പ ഭക്തര്‍ കാര്യമായി ഇവിടെ എത്താറില്ലെത്രെ. എന്നാല്‍ ഇക്കുറി വന്‍തോതില്‍ അയ്യപ്പന്മാര്‍ എത്തി. പക്ഷെ ഇവരെ നിയന്ത്രിക്കാന്‍ കാര്യമായ പൊലീസ് സന്നാഹം ഇവിടെ ഉണ്ടായിരുന്നില്ല. ഇത് ദുരന്തത്തിന് ആക്കം കൂട്ടി.
അതേസമയം പുല്‍മേട്ടിലേക്ക് കടക്കുന്ന ഭാഗത്ത് വനംവകുപ്പ് ചങ്ങല കെട്ടിയിരുന്നത്രെ. തിക്കും തിരക്കും ഉണ്ടായപ്പോള്‍ ഇതില്‍ തട്ടി മുമ്പേ നടന്ന അയ്യപ്പ ഭക്തര്‍ വീണു. തുടര്‍ന്ന് പിറകെ വന്നവര്‍ ഇവര്‍ക്ക് മുകളിലും വീഴുകയായിരുന്നു.രണ്ടര ലക്ഷത്തോളം പേര്‍ ഇവിടെ തടിച്ചു കൂടിയിരുന്നതായും പറയുന്നു.
വനമേഖല ആയതിനാല്‍ ഈ പ്രദേശത്ത് വെളിച്ചം തീരെയില്ല. ഇടുങ്ങിയ പാതയില്‍ വാഹനങ്ങള്‍ കുടുങ്ങുകയും ചെയ്തു.

'മകരജ്യോതിയെന്ന അന്ധവിശ്വാസത്തെ ഇല്ലാതാക്കണം'

'മകരജ്യോതിയെന്ന അന്ധവിശ്വാസത്തെ ഇല്ലാതാക്കണം'
കോട്ടക്കല്‍: മകരജ്യോതിയെന്ന അന്ധവിശ്വാസജന്യമായ വിശ്വാസത്തെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡോ.സുകുമാര്‍ അഴീക്കോട്. കോട്ടക്കല്‍ ഫാറൂഖ് ബി.എഡ് കോളജ് ഓഡിറ്റോറിയത്തില്‍ മഹാകവി ടാഗോറിന്റെ 150ാം ജന്മവാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല ദുരന്തത്തില്‍ 100 കണക്കിന് ആളുകളുടെ മരണത്തിന്റെ ദു:ഖത്തേക്കാള്‍ മരണത്തിലേക്ക് നയിച്ചവരുടെ ജീവിതരീതിയാണ് ദു:ഖിക്കേണ്ടത്.
മനുഷ്യന്റെ അന്ധത മരണത്തേക്കള്‍ ഏറെ ദു:ഖകരമാണ്. മകരവിളക്ക് വിശ്വാസത്തിലെ സത്യസന്ധത പരിശോധിക്കണം. തീയില്ലാത്ത വെളിച്ചമെന്നത് ശാസ്ത്രീയതക്കപ്പുറമാണ്. വിശ്വാസത്തിന്റെ പേരില്‍ സാധാരണക്കാരായ ആളുകളെ വഞ്ചിക്കലാണിത്. അടുത്ത കൊല്ലം ശബരിമലയില്‍ ആരും മരിക്കാതെ ഇരിക്കണമെങ്കില്‍ ഈ അന്ധവിശ്വാസത്തെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
വിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ആര്‍ക്കും അധികാരമില്ല. അയ്യപ്പന്റെ മഹത്വത്തിനും ചൈതന്യത്തിനും വേണ്ടി ഇല്ലാത്ത വെളിച്ചം സൃഷിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പെട്രോളിന് രണ്ടര രൂപ കൂടി; പുതിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍

പെട്രോളിന് രണ്ടര രൂപ കൂടി; പുതിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍
ന്യൂദല്‍ഹി: ഇന്ന് അര്‍ധരാത്രി മുതല്‍ രാജ്യത്തു പെട്രോള്‍ വില വീണ്ടും വര്‍ധിക്കും. ലിറ്ററിന് 2.50- 2.54 രൂപ കൂട്ടാനാണു പൊതുമേഖല എണ്ണകമ്പനികളുടെ തീരുമാനം. ഒരു മാസത്തിനുള്ളില്‍ ഇതു രണ്ടാം തവണയാണു പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണു കാരണം. ക്രൂഡ് ഓയില്‍ വില ബാരലിന് 92 ഡോളറായിട്ടാണ് കൂടിയത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 2.50 രൂപയും ഭാരത് പെട്രോളിയം 2.53 ഉം ഹിന്ദുസ്ഥാന്‍ പെട്രോളിയം 2.54 രൂപയുമാണു കൂട്ടുന്നത്. ഡിസംബറില്‍ മൂന്നു കമ്പനികളും ലിറ്ററിനു 2.94- 2.96 രൂപ വരെ വര്‍ധിപ്പിച്ചിരുന്നു. നാളെ മുതല്‍ ഒരു ലിറ്റര്‍ പെട്രോളിന് 58.39 രൂപ നല്‍കേണ്ടി വരും.
ജൂണിലാണു പെട്രോള്‍ വില വര്‍ധിപ്പിക്കാനുള്ള നിയന്ത്രണം സര്‍ക്കാര്‍ എടുത്തു കളഞ്ഞത്. തുടര്‍ന്ന് ക്രൂഡ് ഓയില്‍ വിലയുടെ ആനുപാതികമായി പെട്രോള്‍ വില വര്‍ധിപ്പിക്കാന്‍ എണ്ണ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അധികാരം നല്‍കുകയും ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ