2011, ജനുവരി 11, ചൊവ്വാഴ്ച

കുറ്റസമ്മതം ആലോചിച്ചുറച്ച് -അസിമാനന്ദ----ഇവിടെ മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്നു.........

കുറ്റസമ്മതം ആലോചിച്ചുറച്ച് -അസിമാനന്ദ


 കുറ്റസമ്മതം ആലോചിച്ചുറച്ച് -അസിമാനന്ദ
ന്യൂദല്‍ഹി: മക്ക മസ്ജിദ് സ്‌ഫോടന കേസ് പ്രതി അസിമാനന്ദയുടെ കുറ്റസമ്മത മൊഴി പരപ്രേരണ കൂടാതെയുള്ളതാണെന്നതിന് കോടതി മുറിയില്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ നടത്തിയ പ്രതികരണം തന്നെ തെളിവ്. ആറു തവണയാണ് മജിസ്‌ട്രേറ്റ് അസിമാനന്ദയെ കുറ്റസമ്മതം നടത്തുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുത്തിയത്.  എന്നാല്‍, എല്ലാം ചിന്തിച്ചുറച്ചു തന്നെയാണ് താന്‍ ഈ തീരുമാനം കൈക്കൊണ്ടതെന്ന് അസിമാനന്ദ പറഞ്ഞു.
അമിക്കസ് ക്യൂറി (കോടതിയെ സഹായിക്കുന്ന അഭിഭാഷകന്‍) മന്‍ബീര്‍ രാത്തി പറഞ്ഞത് കുറ്റസമ്മതത്തിനു പിന്നില്‍ പരപ്രേരണ ഉണ്ടെന്നായിരുന്നു. ഇതേത്തുടര്‍ന്ന് ഡിസംബര്‍ 16ന് കുറ്റസമ്മത മൊഴി നല്‍കാന്‍ അസിമാനന്ദയെ മജിസ്‌ട്രേറ്റ് അനുവദിച്ചതുമില്ല. തുടര്‍ന്ന്  രണ്ടു ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സ്വാധീനങ്ങളൊന്നും കൂടാതെ സ്വതന്ത്ര നിലപാട് സ്വീകരിക്കാനായിരുന്നു ഇത്. പിന്നീട് ഡിസംബര്‍ 18നാണ് കുറ്റസമ്മത മൊഴിയെടുത്തത്.
കുറ്റസമ്മത മൊഴി നല്‍കുമ്പോള്‍ സ്വന്തം സ്‌റ്റെനോഗ്രാഫറോട് പോലും പുറത്തു പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു മജിസ്‌ട്രേറ്റ് ദബാസ്. സി.ബി.ഐ, പൊലീസ് എന്നിവരില്‍ നിന്ന് തീര്‍ത്തും സ്വതന്ത്രമായി മജിസ്‌ട്രേറ്റിനു മുമ്പാകെയാണ് നില്‍ക്കുന്നതെന്ന് മജിസ്‌ട്രേറ്റ് അസിമാനന്ദയെ ഓര്‍മിപ്പിച്ചു. ആരുടെ സ്വാധീനവും കൂടാതെ സ്വന്തം നിലക്കു തന്നെയാണ് തീരുമാനമെന്ന് അസിമാനന്ദ പറഞ്ഞു. ചെയ്ത തെറ്റിന്റെ പേരില്‍ ഉള്ള് വേദനിക്കുന്നതായും നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ കുറ്റസമ്മതം അനിവാര്യമാണെന്നും സഹതടവുകാരനായ കലീം എന്നയാളുടെ സ്വഭാവഗുണങ്ങള്‍ നിരത്തി അസിമാനന്ദ മജിസ്‌ട്രേറ്റിനോട് പറഞ്ഞു.
കോടതി മുറിയില്‍ നടന്ന സംഭാഷണത്തിന്റെ രേഖ ഇങ്ങനെ:
മജിസ്‌ട്രേറ്റ്: എന്തിന് താങ്കളെ ഇവിടെ കൊണ്ടു വന്നു എന്ന കാര്യം അറിയാമോ?
അസിമാനന്ദ: എനിക്ക് കുറ്റസമ്മത പ്രസ്താവന നടത്തണം. കുറ്റം ഏറ്റുപറയണം.
മജിസ്‌ട്രേറ്റ്:  അതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന് താങ്കള്‍ക്കറിയുമോ?
അസിമാനന്ദ: അതെ.കേസില്‍ എന്നെ വധശിക്ഷക്ക് വിധിച്ചേക്കുമെന്നും അറിയാം.പക്ഷേ, എനിക്ക് കുറ്റസമ്മതം നടത്തണം. പ്രത്യാഘാതം സംബന്ധിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്.
മജിസ്‌ട്രേറ്റ്: സ്വന്തം നിലക്ക് തന്നെയാണോ  കുറ്റസമ്മതം?
അസിമാനന്ദ: അതെ.
മജിസ്‌ട്രേറ്റ്: പൊലീസ്, സി.ബി.ഐ എന്നിവര്‍ നിങ്ങളെ ഭീഷണിപ്പെടുത്തുകയോ പ്രേരിപ്പിക്കുകയോ വാഗ്ദാനം നല്‍കുകയോ ചെയ്‌തോ?
അസിമാനന്ദ: ഇല്ല
മജിസ്‌ട്രേറ്റ്: ചെലവൊന്നും കൂടാതെ താങ്കള്‍ക്ക് വേണ്ടി വാദിക്കാന്‍ ഒരഭിഭാഷകനെ വിട്ടു കിട്ടുമെന്ന കാര്യം അറിയുമല്ലോ?
അസിമാനന്ദ: അതെ. എന്നാല്‍, നിയമ സഹായത്തിന് എനിക്കൊരു അഭിഭാഷകനെ വേണ്ടതില്ല.

കാവി ഭീകരത: വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം


ന്യൂദല്‍ഹി: സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പിടികിട്ടാ പുള്ളികളായ  മൂന്ന് കാവി ഭീകരര്‍ക്കുവേണ്ടി തെരച്ചില്‍ ഊര്‍ജിതം. ഇതില്‍ പ്രമുഖരായ രണ്ടു പേരെ കണ്ടെത്താന്‍ സഹായകമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പ്രഖ്യാപിച്ചു. സന്ദീപ് ദാംഗെ, രാമചന്ദ്ര കല്‍സാന്‍ഗ്ര  എന്നിവരെക്കുറിച്ച വിവരങ്ങള്‍ നല്‍കുന്നവര്‍ക്കാകും ഈ പാരിതോഷികം. സ്‌ഫോടനത്തില്‍ പങ്കുള്ളതായി കരുതുന്ന മൂന്നാമന്‍ അശോക് എന്നയാളെ കണ്ടെത്താന്‍ സഹായകമായ വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയും  നല്‍കും.  ദേശീയ അന്വേഷണ ഏജന്‍സി ചൊവ്വാഴ്ച ദല്‍ഹിയില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
കേസില്‍ പിടിയിലായ ആര്‍.എസ്.എസ് പ്രമുഖ് സ്വാമി അസിമാനന്ദ മജിസ്‌ട്രേറ്റ്  മുമ്പാകെ നടത്തിയ കുറ്റസമ്മത മൊഴിയില്‍ സന്ദീപ് ദാംഗെ, കല്‍സാന്‍ഗ്രെ എന്നിവര്‍ക്ക് സംഝോത സ്‌ഫോടനത്തില്‍ കൃത്യമായ പങ്കാളിത്തമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. സംഝോതക്കു പുറമെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്കു പിന്നിലും ഇവരുടെ പങ്കാളിത്തം ഉണ്ടായിരുന്നുവെന്നാണ് അസിമാനന്ദ വെളിപ്പെടുത്തിയത്.  ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ അന്വേഷണ ഏജന്‍സിയാണ് സംഝോത സ്‌ഫോടന കേസ് അന്വേഷിച്ചു വരുന്നത്.

പൊലീസ് അകമ്പടിയോടെ ജസ്റ്റിനും ജസീലയും വിവാഹിതരായി

പൊലീസ് അകമ്പടിയോടെ ജസ്റ്റിനും ജസീലയും വിവാഹിതരായി
പേരാവൂര്‍: ഹൈകോടതിയുടെ നിര്‍ദേശപ്രകാരം പൊലീസ് അകമ്പടിയില്‍ യുവാവും യുവതിയും രജിസ്ട്രാര്‍ ഓഫിസില്‍ വിവാഹിതരായി. കൊട്ടിയൂര്‍ പാല്‍ചുരത്തെ ഓളാട്ടുപുറം ജസ്റ്റിനും (29) മലപ്പുറം ആലത്തൂര്‍പടി പുള്ളിയില്‍ മാടച്ചേരിയില്‍ ജസീലയുമാണ് (19) പേരാവൂര്‍ രജിസ്ട്രാര്‍ ഓഫിസില്‍ ചൊവ്വാഴ്ച വിവാഹിതരായത്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി ആലത്തൂര്‍ പടിയില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സ് നടത്തുന്ന ജസ്റ്റിന്‍ ക്ലാസിലെ വിദ്യാര്‍ഥിനിയായ ജസീലയുമായി പ്രണയത്തിലായിരുന്നു. മലപ്പുറത്തെ അബ്ദുല്‍ റസാഖിന്റെയും റംലത്തിന്റെയും മകളാണ് ജസീല. ടി.ടി.സി വിദ്യാര്‍ഥിനിയായ ജസീല സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സിന് ചേര്‍ന്നപ്പോഴാണ് ജസ്റ്റിനുമായി പരിചയത്തിലായത്. ഡിസംബര്‍ ആറിന് ഇരുവരും നാടുവിടുകയായിരുന്നു.
ഇതേത്തുടര്‍ന്ന് മകളെ ജസ്റ്റിന്‍ തട്ടിക്കൊണ്ടുപോയതായി കാണിച്ച് ജസീലയുടെ പിതാവ് അബ്ദുല്‍ റസാഖ് ഹൈകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കി. ഒരാഴ്ചക്കുള്ളില്‍ ഇരുവരെയും ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടെ, ജനുവരി മൂന്നിന് ജസ്റ്റിനും ജസീലയും ഹൈകോടതിയില്‍ ഹാജരായി. തുടര്‍ന്ന് കോടതി ഏഴുദിവസം ജസീലയെ ഉമ്മ റംലത്തിന്റെ കൂടെ ഹോസ്റ്റലില്‍ താമസിപ്പിച്ചു. ഏഴുദിവസത്തിനുശേഷം വീണ്ടും ജസീലയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജസ്റ്റിന്റെ കൂടെയാണ് പോകുന്നതെന്ന് ജസീല അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി പൊലീസിനോട് ഇരുവരുടെയും വിവാഹം നടത്താന്‍ സഹായിക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. തങ്ങള്‍ക്ക് ജീവന് ഭീഷണിയുണ്ടെന്ന് ജസീലയും ജസ്റ്റിനും നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു കോടതിയുടെ നിര്‍ദേശം. പൊലീസ് അകമ്പടിയില്‍ ചൊവ്വാഴ്ച 12ഓടെ പേരാവൂര്‍ രജിസ്ട്രാര്‍ ഓഫിസിലെത്തിയ ജസ്റ്റിനും ജസീലയും വിവാഹിതരാവുകയായിരുന്നു. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകള്‍ രജിസ്ട്രാര്‍ ഓഫിസ് പരിസരത്ത് തടിച്ചുകൂടിയിരുന്നു.
ഒരാഴ്ച ജസ്റ്റിനും ജസീലക്കും പൊലീസ് കാവലുണ്ടാകും. പേരാവൂര്‍ എസ്.ഐ കെ.വി. പ്രമോദന്‍, കേളകം എസ്.ഐ എസ്. ശിവദാസ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം രജിസ്ട്രാര്‍ ഓഫിസില്‍ എത്തിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ