2011, ജനുവരി 8, ശനിയാഴ്‌ച

അസിമാനന്ദയുടെ കുറ്റസമ്മതം.സ്‌ഫോടനങ്ങള്‍ മറച്ചുവെക്കാന്‍ കൂടുതല്‍ കൊലപാതകങ്ങള്‍

ഇന്ദ്രേഷിനെയും അസിമാനന്ദയെയും വീണ്ടും ചോദ്യം ചെയ്യും

ഇന്ദ്രേഷിനെയും അസിമാനന്ദയെയും വീണ്ടും ചോദ്യം ചെയ്യും
സ്‌ഫോടനങ്ങള്‍ മറച്ചുവെക്കാന്‍ കൂടുതല്‍ കൊലപാതകങ്ങള്‍
ന്യൂദല്‍ഹി: ആര്‍.എസ്.എസ് കേന്ദ്ര കമ്മിറ്റി അംഗം ഇന്ദ്രേഷ് കുമാറിനെയും സ്‌ഫോടനങ്ങളുടെ ആസൂത്രകന്‍ സ്വാമി അസിമാനന്ദയെയും സംയുക്തമായി ചോദ്യം ചെയ്യാന്‍ സി.ബി.ഐ നീക്കം തുടങ്ങി. അസിമാനന്ദ ദല്‍ഹി തീസ് ഹസാരി കോടതിയില്‍ നല്‍കിയ മൊഴിയുടെ വെളിച്ചത്തിലാണിത്.
ആര്‍.എസ്.എസിന്റെ ആസൂത്രണത്തില്‍ നടന്ന സ്‌ഫോടനങ്ങള്‍ മറച്ചുവെക്കാന്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നതായി രാജസ്ഥാന്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് കണ്ടെത്തി. ആര്‍.എസ്.എസ് സ്‌ഫോടനങ്ങള്‍ക്ക് ചുമതലപ്പെടുത്തിയ പ്രചാരക് സുനില്‍ ജോഷിക്ക് പുറമെ അയാളുടെ സുഹൃത്തും മധ്യപ്രദേശിലെ ആര്‍.എസ്.എസ്  പ്രവര്‍ത്തകനുമായ രാംജി (രാമപ്രസാദ് കലോഡ)യും കൊല്ലപ്പെട്ടതായാണ് പുതിയ വിവരം.
സുനില്‍ ജോഷിയോടൊപ്പം ഭീകരപ്രവര്‍ത്തനത്തില്‍ പങ്കാളിയാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാംജിയെക്കുറിച്ച് രാജസ്ഥാന്‍ എ.ടി.എസ് അന്വേഷണം നടത്തിയത്. അജ്മീര്‍ സ്‌ഫോടനത്തിനുള്ള ബോംബുകള്‍ സുനില്‍ ജോഷിക്ക് വിതരണം ചെയ്തത് രാംജിയായിരുന്നു.
2008 മാര്‍ച്ചില്‍ മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഗൗതംപുര പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ റെയില്‍പാളത്തിന് അടുത്താണ് രാംജിയെ മരിച്ചനിലയില്‍ കണ്ടത്.  ജോഷിയുടെ നിര്‍ദേശപ്രകാരം, രാംജിയുടെ വീട്ടിലെ തൊഴുത്തിലായിരുന്നു  ബോംബുകള്‍ സൂക്ഷിച്ചത്.
സുനില്‍ ജോഷിയുടെയും രാംജിയുടെയും കൊലപാതകത്തിന് പിന്നിലെ കരങ്ങളെ തേടിച്ചെന്നാല്‍ ഹിന്ദുത്വ ഭീകരതയുടെ കൂടുതല്‍ തെളിവ് കണ്ടെത്താനാകുമെന്ന് രാജസ്ഥാന്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് അറിയിച്ചു. സ്‌ഫോടനങ്ങളില്‍ ആര്‍.എസ്.എസിന് പങ്ക് വ്യക്തമാക്കുന്ന ചില കണ്ണികളെ ഇതിലൂടെ മനസ്സിലാക്കാനാകും. രണ്ട് പേര്‍ക്കായി  ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചുകഴിഞ്ഞെന്നും അവരെ കിട്ടിയാല്‍ രാംജിയുടെ കൊലപാതകത്തിലെ ദുരൂഹത നീങ്ങുമെന്നും അവര്‍ പറഞ്ഞു. അസീമാനന്ദയുടെയും ഇന്ദ്രേഷ് കുമാറിന്റെയും പങ്കാളിത്തം മറച്ചുവെക്കാന്‍ ജോഷിയെയും രാംജിയെയും അവരുടെതന്നെ ആളുകള്‍ ഇല്ലായ്മ ചെയ്യുകയായിരുന്നുവെന്നാണ് രാജസ്ഥാന്‍ എ.ടി.എസ് കരുതുന്നത്.
ഇതിനിടയിലാണ് ആര്‍.എസ്.എസ് കേന്ദ്ര കമ്മിറ്റി അംഗം ഇന്ദ്രേഷ് കുമാറിനെയും സ്വാമി അസിമാനന്ദയെയും സംയുക്തമായി ചോദ്യം ചെയ്യണമെന്ന ആശയം സി.ബി.ഐ മുന്നോട്ടുവെച്ചിരിക്കുന്നത്. ദല്‍ഹി തിസ്ഹസാരി കോടതിയില്‍ നല്‍കിയ മൊഴിയുടെ വെളിച്ചത്തിലാണിത്. ഡിസംബര്‍ 23ന് ഇന്ദ്രേഷ് കുമാറിനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.

അസിമാനന്ദയുടെ കുറ്റസമ്മതം: സി.ബി.ഐക്ക് ആര്‍ .എസ്.എസ് നോട്ടീസ്

അസിമാനന്ദയുടെ കുറ്റസമ്മതം: സി.ബി.ഐക്ക് ആര്‍ .എസ്.എസ് നോട്ടീസ്
ന്യൂദല്‍ഹി: സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനത്തിലെ മുഖ്യ പ്രതി സ്വാമി അസിമാനന്ദയുടെ മൊഴി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതിന് ആര്‍.എസ്.എസ് സി.ബി.ഐക്ക് വക്കീല്‍ നോട്ടീസ് അയച്ചു. സി.ബി.ഐയുടെ നടപടി രാഷ്ട്രീയപ്രേരിതമാണെന്നും അസിമാനന്ദയുടെ സല്‍പേര് കളങ്കപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണെന്നും നോട്ടീസില്‍ പറയുന്നു.  സി.ബി.ഐയുടെ നീക്കം നിയമത്തിന്റെ ദുരുപയോഗമാണെന്നും ഇതുവരെ തെളിയിക്കപ്പെടാത്ത ഒരാരോപണത്തിന്റെ പേരില്‍ ജനങ്ങളുടെ മനസ്സില്‍ മുന്‍വിധിയുണ്ടാക്കാനുള്ള ശ്രമമാണെന്നും നോട്ടീസില്‍ ആരോപിക്കുന്നു.
ഗുജറാത്തിലെ ഡാങ്‌സ് ജില്ലയിലെ വനവാസി കല്യാണ്‍ ആശ്രമത്തിന്റെ തലവനായ സ്വാമി അസിമാനന്ദയെ അജ്മീര്‍ സ്‌ഫോടനത്തിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം നവംബര്‍ 19നാണ് അറസ്റ്റ് ചെയ്യുന്നത്. 2007 ഫെബ്രുവരിയില്‍ നടന്ന സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനത്തില്‍ തനിക്ക് പങ്കുണ്ടെന്ന് അസിമാനന്ദ കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിന് മുമ്പാകെ കുറ്റസമ്മതം നടത്തിയിരുന്നു. ഈ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു എന്നാരോപിച്ചാണ് ആര്‍.എസ്.എസ് സി.ബി.ഐക്ക് വക്കീല്‍നോട്ടീസ് അയച്ചത്.

തീവ്രവാദം: പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കണം -വീരപ്പ മൊയ്‌ലി

തീവ്രവാദം: പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കണം -വീരപ്പ മൊയ്‌ലി
ന്യൂദല്‍ഹി: വ്യക്തികളെ തീവ്രവാദികളാക്കി മാറ്റുന്ന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ പതിയേണ്ടതുണ്ടെന്ന് നിയമമന്ത്രി വീരപ്പമൊയ്‌ലി പറഞ്ഞു. ചെറുപ്രായത്തിലേ ഭീകര വിരുദ്ധ പാഠങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കണം. സ്‌നേഹത്തിന്റെയും സഹനത്തിന്റെയും സന്ദേശം സിലബസില്‍ ഉള്‍പ്പെടുത്തണം - അദ്ദേഹം പറഞ്ഞു.
സ്‌ഫോടന കേസുകളില്‍ സ്വാമി അസിമാനന്ദ കുറ്റമേറ്റതായുള്ള വാര്‍ത്തയെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെ ഇക്കാര്യം സി.ബി.ഐ അന്വേഷിക്കുമെന്നും അന്വേഷണത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ