2011, ജനുവരി 23, ഞായറാഴ്‌ച

മോഡിക്ക് ദൈവംപോലും മാപ്പ് നല്‍കില്ല -ദയൂബന്ദ് മേധാവി(2)യെദിയൂരപ്പക്കെതിരെ കൂടുതല്‍ കേസുകള്‍

മോഡിക്ക് ദൈവംപോലും മാപ്പ് നല്‍കില്ല -ദയൂബന്ദ് മേധാവി
ന്യൂദല്‍ഹി:  നരേന്ദ്ര മോഡിയെ ന്യായീകരിക്കാനോ കുറ്റമുക്തനാക്കാനോ താന്‍ ശ്രമിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ പ്രമുഖ മതപാഠശാലയായ ദാറുല്‍ ഉലൂം  ദയൂബന്ദിന്റെ പുതിയ മേധാവിയായി നിയമിതനായ ഗുലാം മുഹമ്മദ് വസ്തനവി.
ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ രക്തക്കറ പുരണ്ട മോഡിക്ക് താനും മുസ്‌ലിംകളും മാത്രമല്ല ദൈവംപോലും മാപ്പു നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. മോഡിക്കു കീഴില്‍  ഗുജറാത്തില്‍ മുസ്‌ലിംകള്‍ക്ക് മെച്ചപ്പെട്ട സ്ഥിതിയാണെന്നും ഗുജറാത്ത് കലാപം വീണ്ടും ഉയര്‍ത്തിക്കാട്ടുന്ന നിലപാട് ശരിയല്ലെന്നും വസ്തനവി നേരത്തേ പറഞ്ഞത് വന്‍ വിവാദമായിരുന്നു. പ്രസ്താവനക്കെതിരെ മതസംഘടനകളും മറ്റും രൂക്ഷമായി  രംഗത്തുവന്നതോടെയാണ് നിലപാട് മാറ്റാന്‍ വസ്തനവി നിര്‍ബന്ധിതനായത്.
2002ലെ കലാപത്തില്‍ മോഡിക്ക് പങ്കില്ലെന്ന് പറഞ്ഞിട്ടില്ല. എന്റെ വാക്കുകള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. എനിക്കെന്നല്ല, ദൈവത്തിനുപോലും മോഡിയോട് പൊറുക്കാന്‍ കഴിയില്ല. മോഡിയോട് പ്രതികാരം ചെയ്യാന്‍ ഞങ്ങള്‍ ദൈവത്തോട് പ്രാര്‍ഥിക്കും -വിശദീകരണക്കുറിപ്പില്‍ വസ്തനവി അറിയിച്ചു.വിവാദ പ്രസ്താവന സമുദായത്തിനുള്ളില്‍ ആരെയെങ്കിലും മുറിപ്പെടുത്തിയെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അവരോട് ക്ഷമാപണം നടത്തുന്നയതായും വസ്തനവി ചൂണ്ടിക്കാട്ടി. തന്നെ മേധാവിയായി തെരഞ്ഞെടുത്ത ദയൂബന്ദ് ദാറുല്‍ ഉലൂം ശൂറ ആവശ്യപ്പെട്ടാല്‍ രാജി സമര്‍പ്പിക്കാനും മടിയില്ലെന്ന് അദ്ദേഹം അറിയിച്ചു.ഗുജറാത്ത് കലാപത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ എട്ടു കൊല്ലത്തിനുശേഷം എന്തിനിതു ചോദിക്കുന്നുവെന്നും നൂറുകണക്കിന് മുസ്‌ലിംകള്‍ കൊല്ലപ്പെട്ട കലാപം അതിക്രൂരമായിരുന്നുവെന്നും പ്രതികരിക്കുക മാത്രമായിരുന്നു ചെയ്തത്. ഇതിന്റെ  ശബ്ദരേഖ തന്റെ പക്കലുണ്ടെന്നും വസ്തനവി അറിയിച്ചു.  ഇംഗ്ലീഷ് പത്രം കാര്യങ്ങള്‍ വികലമാക്കി  അഭിമുഖം പ്രസിദ്ധപ്പെടുത്തുകയായിരുന്നു. വിദ്യാഭ്യാസ-ബിസിനസ് മേഖലകളില്‍ ശാക്തീകരണം നേടാന്‍ ഗുജറാത്ത് മുസ്‌ലിംകള്‍ നടത്തുന്ന നീക്കത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പ്രവര്‍ത്തനഫലമായി ഗുജറാത്തില്‍ വികസനമുണ്ടായി എന്നതും സത്യമാണ്.  അതിന്റെ ഗുണഫലം മുസ്‌ലിംകള്‍ക്കും ലഭിക്കുന്നുണ്ട്. അല്ലാതെ മോഡിയെ ഇതിന്റെ പേരില്‍ പ്രകീര്‍ത്തിച്ചിട്ടേയില്ല.
എം.ബി.എ കരസ്ഥമാക്കിയ ഗുജറാത്ത് സ്വദേശിയായ വസ്തനവി കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മഹാരാഷ്ട്രയിലാണ് താമസം. വലിയ ഒരു മദ്‌റസയും എന്‍ജിനീയറിങ് കോളജുകളും മഹാരാഷ്ട്രയില്‍ ഇദ്ദേഹത്തിനു കീഴില്‍ നടക്കുന്നുണ്ട്.

യെദിയൂരപ്പക്കെതിരെ കൂടുതല്‍ കേസുകള്‍
യെദിയൂരപ്പക്കെതിരെ കൂടുതല്‍ കേസുകള്‍
ബംഗളൂരു: ഭൂമി കുംഭകോണം, സ്വജന പക്ഷപാതം, അഴിമതി, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്കെതിരെ തിങ്കളാഴ്ച നാല് ഹരജികള്‍ കൂടി നല്‍കും. ശനിയാഴ്ച നല്‍കിയ രണ്ട് ഹരജികള്‍ തിങ്കളാഴ്ച അഡീഷനല്‍ സിറ്റി സിവില്‍ കോടതി മുമ്പാകെ പരിഗണനക്ക് വരും. പ്രോസിക്യൂഷന്‍ അനുമതിക്കായി അപേക്ഷ നല്‍കിയ അഭിഭാഷകരായ സിറാജിന്‍ ബാഷ, കെ.എന്‍ ബല്‍രാജ് എന്നിവരാണ് നാല് കേസുകള്‍ കൂടി നല്‍കുക. ഇതോടെ മൊത്തം ആറു കേസുകളില്‍ 18 കുറ്റങ്ങളാണ് മുഖ്യമന്ത്രിക്കും മറ്റ് 14 പേര്‍ക്കുമെതിരെ ആരോപിക്കുന്നത്. പ്രോസിക്യൂഷന് അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയും ഇന്ന് ഹൈകോടതിയില്‍ ഹരജി നല്‍കും.
രണ്ടര വര്‍ഷത്തിനിടെ യെദിയൂരപ്പയുടെ പ്രവര്‍ത്തനങ്ങള്‍ വഴി സംസ്ഥാനത്തിന് 465.32 കോടി രൂപയുടെ നഷ്ടമുണ്ടായതായി പ്രോസിക്യൂഷന് അനുമതി നല്‍കാനുള്ള കാരണങ്ങള്‍ വ്യക്തമാക്കി ഗവര്‍ണര്‍ പുറത്തിറക്കിയ കമ്യൂണിക്കെയില്‍ ചൂണ്ടിക്കാട്ടി. ഇതില്‍ 189.71 കോടി രൂപയുടെ നേട്ടം യെദിയൂരപ്പയും കുടുംബവും ഉണ്ടാക്കിയതായും കമ്യൂണിക്കെയില്‍ പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ