2010, ഡിസംബർ 26, ഞായറാഴ്‌ച

madhyamam vaartha 26/12/2011

സോണിയക്ക് പരോക്ഷ ഭീഷണി: സിംഗാള്‍ വിവാദത്തില്‍

സോണിയക്ക് പരോക്ഷ ഭീഷണി: സിംഗാള്‍ വിവാദത്തില്‍
മുംബൈ: ആര്‍ എസ് എസ് നേതാക്കളെ ലക്ഷ്യമിട്ടാല്‍ ഇന്ദിരാ ഗാന്ധിയുടെ അനുഭവമാകും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കുമുണ്ടാവുകയെന്ന് ഭീഷണി മുഴക്കിയ വി എച്ച് പി പ്രസിഡണ്ട് അശോക് സിംഗാള്‍ വിവാദത്തില്‍. ശനിയാഴ്ച മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ നടന്ന പൊതുയോഗത്തിലാണ് സിങ്കാള്‍ സോണിയക്ക് മുന്നറിയിപ്പ് നല്‍കിയത്. സിംഗാളിന്റെ പ്രസംഗം പരിശോധിക്കാന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആര്‍. ആര്‍ പാട്ടീല്‍ നിയമ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
അര മണിക്കൂര്‍ നീണ്ട പ്രസംഗത്തിനിടെയാണ് സോണിയാ ഗാന്ധിക്കെതിരെ സിംഗാള്‍ ഭീഷണി മുഴക്കിയത്. ആര്‍ എസ് എസ് നേതാക്കളെ ലക്ഷ്യമിട്ടാല്‍ ഇന്ദിരാ ഗാന്ധിക്കുണ്ടായ അനുഭവമാകും സോണിയാഗാന്ധിക്കും ഉണ്ടാവുക എന്നാണ് സിങ്കാള്‍ പറഞ്ഞത്. എന്നാല്‍ ആ അനുഭവം എന്താണെന്ന് സിംഗാള്‍ വിശദീകരിച്ചില്ല. മക്കാ മസ്ജിദ് സ്ഫോടന കേസില്‍ ആര്‍ എസ് എസ് നേതാവായ ഇന്ദ്രേഷ് കുമാറിനെ പ്രതിചേര്‍ത്തത് പരാമര്‍ശിച്ച സിംഗാള്‍ ഹിന്ദു വികാരത്തെ വൃണപെടുത്തുന്നത് തുടര്‍ന്നാല്‍ സോണിയക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്നും പറഞ്ഞു.
സിംഗാളിന്റെ ഭീഷണി കോണ്‍ഗ്രസ് അണികളില്‍ പ്രതിഷേധമുയര്‍ത്തി. നാസിക്കിലും ഔറംഗാബാദിലും സിംഗാളിന്റെ കോലം കത്തിച്ചു

റാഡിയ ബന്ധം - കോണ്‍ഗ്രസും ബി.ജെ.പിയും കൊമ്പുകോര്‍ക്കുന്നു

റാഡിയ ബന്ധം - കോണ്‍ഗ്രസും ബി.ജെ.പിയും കൊമ്പുകോര്‍ക്കുന്നു
ലഖ്നോ : ടു ജി സ്പെക്ട്രം അഴിമതിയില്‍ ബി.ജെ.പിയും കോണ്‍ഗ്രസും പരസ്പരം കൊമ്പുകോര്‍ക്കുന്നു. സ്പെക്ട്രം അഴിമതിയിലെ മുഖ്യ ഇടനിലക്കാരി നിര റാഡിയയുമായി ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനിക്ക് ബന്ധമുണ്ടെന്ന്  ആരോപണമുയര്‍ന്നതോടെയാണ് ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ പോര് മൂര്‍ച്ഛിച്ചത്.
അഴിമതിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജിവെക്കണമെന്ന് ബി.ജെ.പി വീണ്ടും അഭ്യര്‍ഥിച്ചു. അദ്വാനിക്കെതിരായ വ്യാജ ആരോപണം പിന്‍വലിച്ച് കോണ്‍ഗ്രസ് മാപ്പു പറയണമെന്നും ബി.ജെ.പി വക്താവ്  ആവശ്യപ്പെട്ടു. നിര റാഡിയയുടെ ട്രസ്റ്റിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചത് എല്‍.കെ. അദ്വാനിയാണെന്നാണ് ആരോപണം.
എന്നാല്‍, ഈ ആരോപണം ബി.ജെ.പി വക്താവ് രവിശങ്കര്‍ പ്രസാദ് നിഷേധിച്ചു. ഇത്തരം ആരോപണങ്ങളിലൂടെ യഥാര്‍ഥ പ്രശ്നത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനാണ്  കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഹരിയാനയിലെ പ്രമുഖ കോണ്‍ഗ്രസ് കുടുംബവുമായി അടുത്ത  ബന്ധം പുലര്‍ത്തുന്ന ധീരജ് റാവു എന്നയാളാണ് ആരോപണത്തിന് പിന്നില്‍. പെജാവര്‍ സ്വാമിയുടെ മത സംഘടന സംഘടിപ്പിച്ച ചടങ്ങിലാണ് അദ്വാനി പങ്കെടുത്തിട്ടുള്ളത്. മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റിദ്ധാരണ വളര്‍ത്തുന്നതിനു വേണ്ടിയാണ്^  പ്രസാദ് പറഞ്ഞു.
 ജെ.പി.സി അന്വേഷണം എന്ന ആവശ്യത്തില്‍ നിന്ന് പിറകോട്ടില്ലെന്നും പി.എ.സിയുടെ അധികാരങ്ങള്‍ വളരെ പരിമിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അജ്മീര്‍ സ്‌ഫോടനം: ബോംബ് കൊണ്ടുപോയ കാര്‍ കണ്ടെത്തി

അജ്മീര്‍ സ്‌ഫോടനം: ബോംബ് കൊണ്ടുപോയ കാര്‍ കണ്ടെത്തി
ജയ്പൂര്‍: അജ്മീര്‍ സ്‌ഫോടന കേസ് അന്വേഷണത്തിന് പുതിയ വഴിത്തിരിവ്. സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബ് കൊണ്ടുപോയ കാര്‍ അന്വേഷണം നടത്തുന്ന രാജസ്ഥാന്‍ ഭീകരവിരുദ്ധ സേന(ആര്‍.ടി.എസ്) കണ്ടെടുത്തു. കേസില്‍ ഗൂഡാലോചന നടത്തിയെന്നു കരുതുന്ന അഞ്ചുപേരുടെ പേരുവിവരം രാജസ്താന്‍ ആര്‍.ടി.എസിന് ലഭിച്ചിട്ടുണ്ട്.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് മധ്യപ്രദേശില്‍ നിന്നുമാണ് കാര്‍ കണ്ടെടുത്തത്്. ഇന്‍ഡോറില്‍ നിന്നും കാറിലാണ് ബോംബ് ഗുജറാത്തിലെ ഗോധ്രയിലെത്തിച്ചത്. ഇവിടെ നിന്നും ബസിലാണ് അജ്മീറിലേക്ക് കൊണ്ടുപോയത്.

 
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ