2010, ഡിസംബർ 23, വ്യാഴാഴ്‌ച

മാധ്യമം december 23/2010

:: ചരിത്രപഥത്തില്‍ :: കെ. കരുണാകരന്‍ 1918- 2010


:: ചരിത്രപഥത്തില്‍ :: കെ. കരുണാകരന്‍ 1918- 2010
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ സംഭവ ബഹുലമായ ഒരു യുഗം അവസാനിച്ചു.  പലവട്ടം മരണത്തെ മുഖാമുഖം കണ്ട്, അവിടെനിന്നൊക്കെ അദ്ഭുതകരമാംവിധം ജീവിതത്തിലേക്ക് മടങ്ങിയെത്തിയ രാഷ്ട്രീയ ഭീഷ്മാചാര്യന്‍ കെ. കരുണാകരന്‍ ചരിത്രത്തിലേക്ക് പിന്‍വാങ്ങി.
ഏതെങ്കിലുമൊരു നിമിഷത്തില്‍ മരണസാധ്യതയെ അതിജീവിച്ച് തിരിച്ചുവരുമെന്ന പ്രതീക്ഷകളെയും  പ്രാര്‍ഥനകളെയും അസ്ഥാനത്താക്കി വ്യാഴാഴ്ച വൈകുന്നേരം 5.32നാണ് ആ ശരീരം നിശ്ചലമായത്. അദ്ദേഹത്തിന് 93 വയസ്സായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ തൃശൂരിലെ മുരളീമന്ദിരത്തില്‍.
അന്ത്യനിമിഷങ്ങളില്‍ മക്കളായ കെ. മുരളീധരന്‍, പത്മജ, മരുമക്കളായ ഡോ. വേണുഗോപാല്‍, ജ്യോതി എന്നിവരും പേരക്കുട്ടികളും, കരുണാകരന്റെ വിശ്വസ്ത അനുയായികളും അടുത്തുണ്ടായിരുന്നു. ഭാര്യ കല്യാണിക്കുട്ടിയമ്മ നേരത്തെ മരിച്ചു.
ഡിസംബര്‍ പത്തിനാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന്  കരുണാകരനെ  തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  13ഓടെ അദ്ദേഹത്തിന്റെ നില ഗുരുതരമായി വെന്റിലേറ്ററിലേക്ക് മാറ്റി.  രോഗത്തെ അതിജീവിച്ച് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരിക്കെ ബുധനാഴ്ചയോടെ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. രണ്ടുതവണ പക്ഷാഘാതമുണ്ടായതിന് പിന്നാലെ ആരോഗ്യനില കൂടുതല്‍ വഷളായി. വ്യാഴാഴ്ച രാവിലെ മുതല്‍  നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയിലേക്കൊഴുകി. വൈകുന്നേരത്തോടെ അന്ത്യം സംഭവിച്ചു. മരണവിവരം അറിഞ്ഞ് , മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും , സ്‌പീക്കര്‍ കെ. രാധാകൃഷ്ണനും മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും  ഉന്നത ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി.
നാല് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയും മൂന്നു തവണ പ്രതിപക്ഷ നേതാവും ഒരിക്കല്‍ കേന്ദ്രമന്ത്രിയുമായ കരുണാകരന്റെ വിയോഗത്തില്‍ അനുശോചിച്ച് വെള്ളിയാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്തും ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിനുവെക്കുന്ന  മൃതദേഹം വൈകീട്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയ കളരിയായ തൃശൂരിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.
ഒരിട അകന്നെങ്കിലും ദീര്‍ഘകാലം നെഹ്‌റു കുടുംബത്തോട് വിശ്വസ്തത പ്രകടിപ്പിച്ച ലീഡര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വെള്ളിയാഴ്ച രാവിലെ 8.15ന് എ.ഐ.സി.സി പ്രസിഡന്റ് സോണിയ ഗാന്ധി തിരുവനന്തപുരത്തെത്തും. സംസ്‌കാരച്ചടങ്ങില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പങ്കെടുക്കും.വെള്ളിയാഴ്ച കോണ്‍ഗ്രസിന്റെ നിരവധി ദേശീയ നേതാക്കന്മാരും മന്ത്രിമാരടക്കമുള്ളവരും അദ്ദേഹത്തിന് അന്ത്യോപചാരമര്‍പ്പിക്കാനെത്തും.
ഒമ്പത് എം.എല്‍.എമാരില്‍നിന്ന് കോണ്‍ഗ്രസിനെ വളര്‍ത്തി സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയും അധികാരശക്തിയുമാക്കിമാറ്റിയ കരുണാകരന്റെ വിയോഗത്തിലുള്ള ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി കെ.പി.സി.സിയുടെ ഒരാഴ്ചത്തെ പരിപാടികളത്രയും റദ്ദാക്കി.

ഇണങ്ങിയും പിണങ്ങിയും ഒരായുഷ്‌കാലം


ഇണങ്ങിയും പിണങ്ങിയും ഒരായുഷ്‌കാലം
ഓര്‍മകള്‍ ഒരുപാടുണ്ട്. ഏഴു പതിറ്റാണ്ടുകാലം കേരള രാഷ്ട്രീയത്തിന്റെ വഴികളില്‍ ഭീഷ്മാചാര്യരെപ്പോലെ നടന്ന ആ മഹാനുഭാവന്‍ ഓര്‍മകളിലേക്ക് പിന്‍വാങ്ങുമ്പോള്‍ മനസ്സിന്റെ കണ്ണീരലകളില്‍ ആ ചിരിയും വാല്‍സല്യവും മായാതെ കിടക്കുന്നു. എണ്‍പതുകള്‍ മുതലാണ് കരുണാകരന്‍ എന്ന അതികായകനുമായി അടുത്തിടപഴകിത്തുടങ്ങിയത്. പിന്നെയങ്ങോട്ട് ഒന്നര പതിറ്റാണ്ടോളം അദ്ദേഹത്തിന്റെ കാറ്റും കോളുമടങ്ങാത്ത ജീവിതത്തിനൊപ്പം സഞ്ചാരം.
സ്‌നേഹത്തിന്റെ സ്വാദ്
സ്‌നേഹവും വാത്സല്യവും ധാരാളം കരുണാകരനില്‍നിന്ന് എനിക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹം ജീവനുതുല്യം സ്‌നേഹിച്ചിരുന്ന സഹധര്‍മിണി കല്യാണിക്കുട്ടിയമ്മയാകട്ടെ വീട്ടില്‍ വരുന്നരെയെല്ലാം ഒരമ്മയെപ്പോലെ സ്‌നേഹിച്ചു. ഞങ്ങള്‍ ചിലര്‍ മിക്കവാറും ദിവസം ഒരു നേരമെങ്കിലും ലീഡറുടെ വീട്ടില്‍നിന്നായിരുന്നു ഭക്ഷണം. മൂന്നുനേരവും ഭക്ഷണസമയത്ത് ഭക്ഷണമേശയുടെ ചുറ്റുമുള്ള എല്ലാ കസേരകളും നിറഞ്ഞിരുന്നു. കല്യാണിക്കുട്ടിയമ്മതന്നെ മേല്‍നോട്ടം വഹിച്ചാണ് എല്ലാവര്‍ക്കും ഭക്ഷണം വിളമ്പിക്കൊടുക്കുക. എന്നോട് പ്രത്യേകമായ ഒരു വാല്‍സല്യം ആ  വലിയ അമ്മക്കുണ്ടായിരുന്നു. ശബരിമല വ്രതാനുഷ്ഠാനത്തിന്റെ സമയത്ത് ലീഡറുടെ വീട്ടില്‍ ഇറച്ചിയോ മീനോ മുട്ടയോ കയറ്റുമായിരുന്നില്ല. എന്റെ തലവട്ടം കണ്ടാല്‍ അമ്മക്ക് വെപ്രാളമാണ്. സ്വയം ഉറക്കെ പറയും: 'ഷാജി ഉണ്ണാനുണ്ട്, ഇവിടുള്ള ഒന്നും ഇഷ്ടപ്പെടില്ല'. എന്നിട്ട് ലീഡര്‍ കാണാതെ സ്റ്റാഫിനെ വിളിച്ച് വെളിയില്‍ നിന്ന് ചിക്കന്‍ കറിയും ഫ്രൈയും എനിക്കുവേണ്ടി വരുത്തും. അതുതന്നെ, പൂര്‍ണമായും സസ്യാഹാരം മാത്രം കഴിക്കുന്ന ലീഡറുടെ അതേ മേശയില്‍ എനിക്ക് വിളമ്പും.
ലീഡറുമായി ഞാന്‍ അകന്ന ശേഷം ഒരിക്കല്‍ അമ്മയുടെ ശ്രാദ്ധത്തിന് എ.കെ. ആന്റണിയോടൊപ്പം വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: 'വ്രതാനുഷ്ഠാനത്തിന്റെ സമയത്ത് അവര്‍ ഷാജിക്കുവേണ്ടി നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വരുത്തുമായിരുന്നു'. ആ ഓര്‍മ ചികഞ്ഞെടുക്കുമ്പോള്‍ അറിയാതെ ലീഡര്‍ ഒന്ന് തേങ്ങിയോ...? എന്റെ മനസ്സിലും നൊമ്പരം മുളപൊട്ടി. ചരിത്രത്തില്‍ ഒരു രാഷ്ട്രീയ നേതാവും ഇത്രയധികം കോണ്‍ഗ്രസുകാരോട് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ല.
വലിയ നേതാവ്
1978ല്‍ കോണ്‍ഗ്രസ് ഭിന്നിച്ചപ്പോള്‍ മിക്കവാറും എല്ലാ നേതാക്കളും പാര്‍ട്ടി വിട്ടുപോയി. അന്ന് ഇന്ദിരാഗാന്ധിയോടൊപ്പം നിന്ന ഞങ്ങള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്റായ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഭാരവാഹികളായി. പിന്നീട് മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും കാര്‍ത്തികേയനും പന്തളം സുധാകരനും ഞാനും ലീഡറുടെ ഇഷ്ടപ്പെട്ട ചെറുപ്പക്കാരായി മാറി. ലീഡര്‍ എത്രയോ യുവാക്കളെ കൈപിടിച്ചുയര്‍ത്തി. എത്രയോപേരെ നേതാക്കളാക്കി. ഒരു തെരഞ്ഞെടുപ്പ് വരുന്നതിന് വളരെ മുമ്പുതന്നെ സ്ഥാനാര്‍ഥിപ്പട്ടികയുടെ അവസാനരൂപം എങ്ങനെയാകണമെന്ന് ലീഡര്‍ക്ക് കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു.  1982ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്  സ്ഥാനാര്‍ഥി നിര്‍ണയ സമയത്ത് അദ്ദേഹത്തോടൊപ്പം പ്രഭാതഭക്ഷണം കഴിക്കാന്‍ കാര്‍ത്തികേയനും, രമേശും പന്തളം സുധാകരനും ഞാനും ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയില്‍ അദേഹം പറഞ്ഞു: 'രമേശ് ഹരിപ്പാട്, പന്തളം വണ്ടൂര്‍, കാര്‍ത്തികേയന്‍ നോര്‍ത്ത്'. നോര്‍ത്ത് വേണോ വേണ്ടയോ എന്ന് കാര്‍ത്തികേയന് അപ്പോള്‍ ചെറിയ സംശയം. പക്ഷെ, ലീഡര്‍ ഉറപ്പിച്ചുപറഞ്ഞു, കാര്‍ത്തികേയന്‍ നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന്. ആ മൂന്ന് യുവജന നേതാക്കളുടെയും പാര്‍ലമെന്ററി ജീവിതത്തിന് അങ്ങനെ ആരംഭം കുറിച്ചു. വ്യക്തിപരമായി വളരെ അടുപ്പമില്ലാത്ത ചെറുപ്പക്കാരെയും അവരുടെ കഴിവുനോക്കി ഓരോ സ്ഥാനത്തെത്തിക്കാന്‍ ലീഡര്‍ എന്നും ശ്രമിച്ചിരുന്നു. പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെടുന്നവരെ ഒരു നിമിഷം കൊണ്ട് അദ്ദേഹം എം.എല്‍.എ ആക്കി. 1991ലെ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി നിര്‍ണയ കാലഘട്ടമായിരുന്നു ലീഡറുമായി എനിക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്ന സമയം. എം.എം. ജേക്കബും പി.പി. ജോര്‍ജും കാര്‍ത്തികേയനും രമേശുമൊക്കെ അടങ്ങുന്ന ഞങ്ങള്‍ ഒരു ടീമായി സ്ഥാനാര്‍ഥി നിര്‍ണയത്തിന് സഹായകമായ വിവരങ്ങള്‍ ലീഡര്‍ക്ക് എത്തിച്ചുകൊണ്ടിരുന്നു.
ഒരു പേരുവെട്ടല്‍
അങ്കമാലി നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ലീഡറുടെ ലിസ്റ്റില്‍ പ്രമുഖനായ ഒരു കോണ്‍ഗ്രസ് നേതാവായിരുന്നു ഉണ്ടായിരുന്നത്. ഞാന്‍, താരതമ്യേന ചെറുപ്പക്കാരനായ പി.ജെ. ജോയിയുടെ പേര് ശക്തമായി ലീഡറോടു പറഞ്ഞപ്പോള്‍ ലീഡര്‍ അത് നിരാകരിച്ചു. അത് സാധ്യമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഞാന്‍ അപ്പോള്‍ ലീഡറോട് ചോദിച്ചു: 'രണ്ടുകൊല്ലം മുമ്പ് കുറുമശ്ശേരിയില്‍ വെച്ച് മാര്‍ക്‌സിസ്റ്റുകാര്‍ ജോയിയുടെ തല അടിച്ചുപൊട്ടിച്ചപ്പോള്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ലീഡര്‍ കാണാന്‍ ചെന്നത് ഓര്‍മയില്ലേ?, ലീഡര്‍ ഒരുനിമിഷം ചിന്തിച്ചു. ലീഡര്‍ സ്ഥാനാര്‍ഥികളുടെ ലിസ്‌റ്റെടുത്ത് നേരത്തേ എഴുതിയിരുന്ന പേരുവെട്ടി സ്വന്തം കൈപ്പടയില്‍ പി.ജെ. ജോയിയുടെ പേര് എഴുതിച്ചേര്‍ത്തു.
പരിഭവങ്ങള്‍, പരാതികള്‍
ഒരു ദിവസം ഞാന്‍ ശിവദാ ടൂറിസ്റ്റ് ഹോമിലേക്ക് ചെന്നപ്പോള്‍ ജോര്‍ജ് ഈഡന്‍ പെട്ടിയും തൂക്കി മുറി ഒഴിഞ്ഞ് പുറത്തേക്കിറങ്ങുന്നു. രോഷാകുലനായ ഈഡന്‍, തനിക്ക് സീറ്റൊന്നും കിട്ടിയില്ലെന്ന് എന്നോട് പറഞ്ഞു. ഞാന്‍ ഈഡനെയും കൂട്ടി അന്നത്തെ ഞങ്ങളുടെ മറ്റൊരു കേന്ദ്രമായ എം.എം. ജേക്കബിന്റെ വസതിയിലേക്കു പോയി. അവിടെ രമേശും കാര്‍ത്തികേയനും വന്നു. ഞങ്ങള്‍ അവിടെ നിന്ന് ലീഡറുടെ വീട്ടിലെത്തി. ലീഡറുടെ കാതില്‍ മന്ത്രിച്ച് അവസാനം ഈഡന് സ്ഥാനാര്‍ഥിത്വം ലഭിച്ചു. ലീഡറുടെ എല്ലാ സ്ഥാനാര്‍ഥികളുടെയും ലിസ്റ്റ് എന്റെ കൈയിലാണ്. പക്ഷേ, എന്റെ പേരു മാത്രമില്ല. ഒരുപാട് വിജയസാധ്യതകളെക്കുറിച്ചും സീറ്റുകളെക്കുറിച്ചും മോഹങ്ങള്‍ തന്ന ശേഷം ദല്‍ഹിയിലേക്കു തിരിക്കുന്നതിനുമുമ്പ് ലീഡര്‍ എന്നോടു പറഞ്ഞു. 'ഇനി വടക്കേക്കരയേ ഉള്ളൂ'. അങ്ങനെ 1987ല്‍ നാന്നൂറ് വോട്ടിന് തോറ്റ വടക്കേക്കരയില്‍ വീണ്ടും മല്‍സരിച്ച ഞാന്‍ അറുന്നൂറ് വോട്ടിന് തോറ്റു. മനഃപൂര്‍വമല്ലായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹത്തോടൊപ്പം ഉറച്ചുനിന്ന പതിമൂന്ന് വര്‍ഷക്കാലത്ത് ഞാന്‍ ആഗ്രഹിച്ച സീറ്റുകളൊന്നും തരാന്‍ അദ്ദേഹത്തിനായില്ല. എന്നാലും ആ സ്‌നേഹത്തിന്റെ മുന്നില്‍ പരിഭവം പ്രകടിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല.
ഒരു സംഘടനാ തെരഞ്ഞെടുപ്പു കാലത്ത്
ലീഡറുമായി ഞാന്‍ ഏറ്റവും അടുത്തു പ്രവര്‍ത്തിച്ച കാലഘട്ടം 1980 മുതല്‍ 1992 വരെ ആയിരുന്നു. അതിനിടക്കായിരുന്നു കോണ്‍ഗ്രസിലെ ഏറ്റവും വാശിയേറിയ സംഘടനാ തെരഞ്ഞെടുപ്പ് നടന്നത്. 1990-91 വര്‍ഷത്തെ ആ തെരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ കാര്യങ്ങളും ഞങ്ങള്‍ മൂന്നു നാലുപേരെയാണ് അദ്ദേഹം പൂര്‍ണവിശ്വാസത്തോടെ ഏല്‍പിച്ചിരുന്നത്.  ഒരു വിഭാഗത്തിന് നേതൃത്വം നല്‍കുന്നതില്‍ അസാമാന്യമായ സാമര്‍ഥ്യമാണ് ലീഡര്‍ പ്രകടിപ്പിച്ചത്. കേരളത്തിലെ കോണ്‍ഗ്രസില്‍ 91ല്‍ നടന്നതുപോലുള്ള സംഘടനാ തെരഞ്ഞെടുപ്പ് ഇനി ഒരിക്കലും നടക്കുമെന്നു കരുതാനാവില്ല. എ.കെ. ആന്റണിയായിരുന്നു അന്ന് കെ.പി.സി.സി പ്രസിഡന്റ്.
ലീഡര്‍പോലും പ്രതീക്ഷിക്കാത്ത വിജയമായിരുന്നു സംഘടനാ തെരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിന് താഴെത്തട്ടിലുണ്ടായത്. വയലാര്‍ രവിയെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കി മല്‍സരിപ്പിക്കാനുള്ള തീരുമാനം അവസാന നിമിഷത്തിലേ ലീഡര്‍ പുറത്തുപറഞ്ഞുള്ളൂ. ഐ ഗ്രൂപ്പിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നിട്ടും തങ്ങളുടെ സ്ഥാനാര്‍ഥി വിജയിക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നു. വോട്ടിംഗിന്റെ തലേദിവസം അര്‍ധരാത്രി ഒരുമണിക്ക് എന്നെ വിളിച്ചുണര്‍ത്തി ക്ലിഫ് ഹൗസിലെത്താന്‍ ലീഡര്‍ ആവശ്യപ്പെട്ടു. അവിടെ ചെന്നപ്പോള്‍ മുണ്ടും മടക്കിക്കുത്തി ഓഫിസ് മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ലീഡറെയാണ് കണ്ടത്. 'എത്ര വോട്ടിന് ജയിക്കും?' എന്നോടു ചോദിച്ചു. ഞാന്‍ പറഞ്ഞു: 'അമ്പത്തിരണ്ടു വോട്ടിന്റെ ഭൂരിപക്ഷം കിട്ടും'. പിറ്റേ ദിവസം 18 വോട്ടിന്റെ ഭൂരിപക്ഷത്തിന് വയലാര്‍ രവി വിജയിയായി. മാത്രമല്ല, കെ.പി.സി.സി എക്‌സിക്യൂട്ടിവില്‍ ഏകപക്ഷീയമായി ഐ ഗ്രൂപ്പില്‍പ്പെട്ടവര്‍ മാത്രമാവുകയും ചെയ്തു.  വൈകുന്നേരം പുതിയ പ്രസിഡന്റ് വയലാര്‍ രവിയും ജി. കാര്‍ത്തികേയനും ഞാനും ഒരുമിച്ച് ലീഡറെ സന്ദര്‍ശിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായി റോസമ്മ ചാക്കോയുടെയും കെ.കെ. ബാലകൃഷ്ണന്റെയും എന്റെയും പേരെഴുതിയ കടലാസ് വയലാര്‍ രവി ലീഡര്‍ക്ക് കൈമാറി. അതു വായിച്ചിട്ട്, 'കോഴിക്കോടിന് പ്രാതിനിധ്യം ഇല്ലേ' എന്ന് ലീഡര്‍ ചോദിച്ചു. അങ്ങനെയാണ് കെ. മുരളീധരന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിതനാകുന്നത്.
തിരുത്തല്‍ വാദം
തിരുപ്പതി എ.ഐ.സി.സി സമ്മേളനം നടക്കുന്നു. ലീഡര്‍ ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങിനില്‍ക്കുന്ന കാലം. പ്രധാനമന്ത്രിയായി നരസിംഹ റാവുവിനെ വാഴിച്ച കരുണാകരന്‍ അതോടെ അക്ഷരാര്‍ഥത്തില്‍ കിങ് മേക്കറായി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ലീഡറുടെ സൗകര്യമനുസരിച്ചാണ് കുടിയിരുന്നത്. ആദ്യമായി കാര്‍ത്തികേയനും രമേശും ഞാനും ലീഡറുടെ മനോഗതിക്കെതിരായി നില്‍ക്കാന്‍ തിരുപ്പതി സമ്മേളനസ്ഥലത്തുവെച്ച് തീരുമാനമെടുത്തു. തുടര്‍ന്ന്, ഞങ്ങള്‍ കരുണാകരന്റെ ഇംഗിതത്തിനെതിരായി എ.കെ. ആന്റണിക്ക് വോട്ടുചെയ്യാന്‍ നിശ്ചയിച്ചു. കോണ്‍ഗ്രസിനകത്ത് അതിശക്തമായ ഒരു മുന്നേറ്റമായി രൂപംപൂണ്ട തിരുത്തല്‍വാദ പ്രസ്ഥാനത്തിന്റെ ആരംഭം അതായിരുന്നു.
ഒരപകടം,  വിവാദങ്ങള്‍
1992 മേയില്‍ ഞാറക്കല്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്തായിരുന്നു കരുണാകരന്‍ കാറപകടത്തില്‍പെട്ടത്. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായും മുഴുകിയിരുന്ന ഞാനും വി.ജെ. പൗലോസും രാത്രിയില്‍ കരുണാകരനെ കാണാന്‍ ആലുവാ പാലസിലെത്തിയിരുന്നു. രാത്രി ഏറെ വൈകുന്നതുവരെ സംസാരിച്ചിരുന്നതിനുശേഷം അദ്ദേഹത്തെ യാത്രയാക്കി ഞങ്ങള്‍ ഞാറക്കലേക്ക് മടങ്ങി. വെളുപ്പിനാണ് അപകടമുണ്ടാകുന്നത്.  കരുണാകരന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ എല്ലാറ്റിലുമുള്ള സ്‌പീഡ് ആയിരുന്നു.  ചെറുപ്പക്കാര്‍ക്കുപോലും അദ്ദേഹത്തോടൊപ്പം നടന്നെത്താന്‍ സാധിക്കുമായിരുന്നില്ല. ആ സ്‌പീഡ് അപ്രതീക്ഷിതമായി നഷ്ടപ്പെട്ടത് അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു.
കരുണാകരന്‍ അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങിയ ശേഷം ഞങ്ങളുമായി വല്ലാതെ അകന്നു. അനുരഞ്ജനത്തിന് ശ്രമിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. അകന്നകന്നുപോയ ഞങ്ങള്‍ തിരുത്തല്‍വാദ പ്രസ്ഥാനവുമായി മുന്നോട്ടുനീങ്ങി. ഞങ്ങളോടൊപ്പം അഞ്ച് എം.എല്‍.എമാരും പതിനായിരക്കണക്കിന് പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ലീഡറുടെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമാണ് പ്രമുഖരായ ഇത്രയും നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തെ വിട്ടുപോയത്. കോണ്‍ഗ്രസുകാര്‍ പരസ്‌പരം പോര്‍വിളി നടത്തി തെരുവിലേക്കിറങ്ങുകയും അച്ചടക്കത്തിന്റെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുകയും ചെയ്തു. കുറെക്കഴിഞ്ഞ് തിരുത്തല്‍വാദപ്രസ്ഥാനം അസ്തമിച്ചെങ്കിലും കോണ്‍ഗ്രസില്‍ വീണ്ടും പ്രശ്‌നങ്ങള്‍ തലപൊക്കി.  ദല്‍ഹിയില്‍ നിന്ന് ജി.കെ. മൂപ്പനാര്‍ കേരളത്തില്‍ വന്ന് നടത്തിയ ആശയവിനിമയത്തെത്തുടര്‍ന്ന് കരുണാകരന്‍ രാജിവെക്കാന്‍ നിര്‍ബന്ധിതനായി. പിന്തിരിഞ്ഞു നോക്കുമ്പോള്‍, കേരളത്തിലെ കോണ്‍ഗ്രസിന്റെ പിന്നീടുള്ള ശക്തിക്ഷയത്തിന് കരുണാകരനെ ഇറക്കിവിട്ട സംഭവം കാരണമായി എന്നു കാണാം.
എന്നും അണികള്‍ക്കൊപ്പം
ഇതിനുശേഷവും നാടകീയമായ എത്രയോ സംഭവപരമ്പരകളാണ് കരുണാകരനെ കാത്തിരുത്. ഒടുവില്‍, കരുണാകരന്‍ പുതിയ പാര്‍ട്ടി രൂപവത്കരിക്കുകയും ചെയ്തു.  ഓരോ തീരുമാനത്തിലും കരുണാകരന് ഒപ്പംനിന്നവര്‍ ഒന്നൊന്നായി യാത്രപറയാന്‍ തുടങ്ങി.
സ്വന്തം മകന്‍പോലും വിട്ടുപോയി. എന്നിട്ടും കരുണാകരന്‍ പിടിച്ചുനിന്നു. ആരും കരുണാകരനൊപ്പമില്ലെന്ന് കരുതിയിരുന്ന കാലത്ത് തിരുവനന്തപുരത്ത് ടാഗോള്‍ ഹാളില്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിവരുന്ന തീരുമാനം പ്രഖ്യാപിച്ച സമ്മേളനത്തില്‍, 'ഒരിക്കല്‍കൂടി നിങ്ങള്‍ മറൈന്‍ ഡ്രൈവിലേക്ക് വരണം' എന്ന് അദ്ദേഹം അവിടെ കൂടിയിരുന്ന പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. അങ്ങനെ എത്രയോ പ്രാവശ്യം ഒറ്റക്ക് മറൈന്‍ ഡ്രൈവ് നിറക്കാന്‍ കരുണാകരനു സാധിച്ചു. ഇത് കേരള രാഷ്ട്രീയത്തില്‍ ആര്‍ക്ക് കഴിയും?

വിവാദങ്ങളുടെ തോഴന്‍


കൊച്ചി: തട്ടില്‍ എസ്‌റ്റേറ്റ് കേസ്, രാജന്‍ കേസ്, ഐ.എസ്.ആര്‍.ഒ ചാരക്കേസ്, പാമോയില്‍ കേസ് തുടങ്ങി കരുണാകരന്‍ നേരിട്ട വിവാദങ്ങള്‍ വിരലിലെണ്ണിയാല്‍ തീരാത്തതാണ്. വിവാദങ്ങളുടെ ഭാണ്ഡവുമായി കരുണാകരനെ വിടാതെ പിന്തുടരാന്‍  നവാബ് രാജേന്ദ്രന്‍ എന്ന ഒറ്റയാനും ഉണ്ടായിരുന്നു. വിവാദങ്ങളുടെ തേരിലേറി കരുണാകരന്‍ മാതൃസംഘടനയില്‍നിന്ന് പുറത്തുപോവുകയും ഒടുവില്‍ തന്റെ ജീവവായുവായ അതേ സംഘടനയിലേക്ക് തിരിച്ചെത്തുകയും ചെയ്തതും മറ്റൊരു വിവാദമായി.
വിവാദങ്ങള്‍ തന്നെയാണ് രണ്ടുപ്രാവശ്യം അദ്ദേഹത്തെ മുഖ്യമന്ത്രിക്കസേരയില്‍നിന്ന് തട്ടിത്തെറിപ്പിച്ചത്. രാജന്‍ കേസിലെ കോടതി പരാമര്‍ശങ്ങളെത്തുടര്‍ന്ന് മുഖ്യമന്ത്രിപദം ഒഴിയേണ്ടിവന്ന കെ. കരുണാകാരന്‍ നാലുവര്‍ഷത്തിന് ശേഷം പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്നു. എന്നാല്‍, 1995ല്‍ ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ പേരില്‍ മുഖ്യമന്ത്രിപദം വിട്ട് കേന്ദ്ര മന്ത്രിസഭയിലേക്ക് പോകേണ്ടിവന്ന കരുണാകരന് പക്ഷേ, പിന്നീടൊരിക്കലും കേരള നിയമസഭ കാണാനോ സംസ്ഥാന മുഖ്യമന്ത്രിപദം അലങ്കരിക്കാനോ അവസരം ലഭിച്ചില്ല.
ആശ്രിത വാല്‍സല്യമാണ് ചാരക്കേസില്‍ അദ്ദേഹത്തെ മുഖ്യമന്ത്രിപദത്തില്‍നിന്ന് തെറിപ്പിച്ചതെങ്കില്‍ മക്കളോടുള്ള സ്‌നേഹമാണ് അവസാനകാലത്ത് അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. പിന്നീട് തിരിച്ചെത്തിയപ്പോള്‍ പാര്‍ട്ടിയില്‍ ഏകനായിത്തീരാനും കാരണമായത് മക്കള്‍ സ്‌നേഹം തന്നെ. 2006 മേയില്‍ മകന്‍  മുരളിക്കൊപ്പം പാര്‍ട്ടിവിട്ട് ഡി.ഐ.സിയുണ്ടാക്കിയ കരുണാകരന്‍ പിന്നീട് ഒരുവര്‍ഷക്കാലം നടത്തിയ പ്രസ്താവനകള്‍ എന്നും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. സോണിയാ ഗാന്ധിയെ  മദാമ്മ ഗാന്ധിയെന്ന് വിളിക്കുന്നേടത്തോളം കാര്യങ്ങള്‍ എത്തിയെങ്കിലും 2007 ഡിസംബറില്‍ എല്ലാ വിവാദങ്ങള്‍ക്കും വിട നല്‍കി അദ്ദേഹം കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുകയായിരുന്നു.
ഗ്രൂപ്പിനുവേണ്ടി വിലപേശിയിരുന്ന കരുണാകരന്‍ പിന്നീട് മക്കള്‍ക്കുവേണ്ടി മാത്രം വിലപേശിയതോടെ അണികള്‍ ഓരോന്നായി കൊഴിഞ്ഞുപോയി. അവസാനകാലത്ത്, തിരുവനന്തപുരത്ത് മകളുടെ വീട്ടില്‍ ഏറെയൊന്നും മാധ്യമശ്രദ്ധ കിട്ടാതെ കഴിഞ്ഞുകൂടിയ അദ്ദേഹത്തിന് 'രാഷ്ട്രീയത്തിന്റെ ഭീഷ്മാചാര്യന്‍' എന്ന വിശേഷണം അറംപറ്റിയതുപോലെയായി.  ഭീഷ്മപിതാമഹന്‍േറതിന് സമാനമായി ആരോപണങ്ങളുടെ ശരശയ്യയിലായിരുന്നു കരുണാകാരന്റെയും അന്ത്യം. ഒരുകാലത്ത് ദല്‍ഹിയില്‍ കരുണാകരന്റെ വാക്കിന് മറുവാക്കില്ലായിരുന്നുവെങ്കില്‍ അവസാനകാലത്ത് മക്കള്‍ക്കുവേണ്ടി ദല്‍ഹിയില്‍ നേതാക്കളുടെ വാതിലില്‍ മാറിമാറി മുട്ടുന്ന കരുണാകരനെയും രാഷ്ട്രീയ കേരളത്തിന് കാണേണ്ടിവന്നു. പ്രതിസന്ധികളുടെ മുള്ളുനിറഞ്ഞ രാഷ്ട്രീയ വഴികള്‍ നാലരപ്പതിറ്റാണ്ടുകാലം നടന്നുതീര്‍ത്ത കെ. കരുണാകരന്‍ മരണമടയുമ്പോഴും പാമോയില്‍ കേസില്‍ പ്രതിയായിരുന്നുവെന്നത് വിധിവൈപരീത്യം. ഇതിനിടെ, കരുണാകരന്‍ കൈപിടിച്ച് വളര്‍ത്തിക്കൊണ്ടുവന്നവരെല്ലാം എം.എല്‍.എ സ്ഥാനത്തിനും എം.പി സ്ഥാനത്തിനും മന്ത്രിസ്ഥാനത്തിനും വേണ്ടി അദ്ദേഹത്തെ ഒറ്റുകൊടുക്കുന്ന കാഴ്ചയും രാഷ്ട്രീയ കേരളം കണ്ടു.
ഇതൊക്കെയാണെങ്കിലും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസ്സില്‍ ലീഡര്‍ ഒരു വികാരമായിരുന്നു.
2008 ഡിസംബര്‍ 15 ലെ സായാഹ്നത്തില്‍ എറണാകുളം സാക്ഷ്യം വഹിച്ചത് ആ സ്‌നേഹത്തിനാണ്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ ചതുര്‍ദിന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളന വേദിയിലേക്ക് കെ. കരുണാകരന്‍ നടന്നുകയറിയപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗന്ധിയടക്കം വേദിയിലും സദസ്സിലുമുള്ള മുഴുവന്‍ പേരും എഴുന്നേറ്റുനിന്ന് കൈയടിച്ചു. ഡി.ഐ.സികാണ്ഡത്തിന് ശേഷം കരുണാകരന്‍ പാര്‍ട്ടിയില്‍ മടങ്ങിയെത്തി ഒരുവര്‍ഷത്തിനകമായിരുന്നു വേദിയും സദസ്സും ഒന്നായി കൈയടിയോടെ കരുണാകരനെ വരവേറ്റത്. പ്രതിസന്ധികള്‍ക്കിടയിലും കരുണാകരന് ഊര്‍ജമായി മാറിയതും പ്രവര്‍ത്തകരുടെ മനസ്സില്‍നിന്നുയര്‍ന്ന  ഈ കൈയടി തന്നെ.
 എം.കെ.എം ജാഫര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ