2010, ഡിസംബർ 27, തിങ്കളാഴ്‌ച

നീരാ റാഡിയ-അനന്തകുമാര്‍ ബന്ധം madhyamam 27/12/2010

നീരാ റാഡിയ-അനന്തകുമാര്‍ ബന്ധം കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കും

നീരാ റാഡിയ-അനന്തകുമാര്‍ ബന്ധം കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കും
ചെന്നൈ: കോര്‍പറേറ്റ് ഇടനിലക്കാരി നീരാ റാഡിയയും ബി.ജെ.പി ജനറല്‍ സെക്രട്ടറി അനന്തകുമാറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. നാരായണസ്വാമി. എന്‍.ഡി.എ സര്‍ക്കാറിന്റെ കാലത്ത് അനന്തകുമാര്‍ വ്യോമയാനമന്ത്രിയായിരിക്കുമ്പോഴാണ് നീരാ റാഡിയ അധികാരവൃത്തങ്ങളില്‍ സ്വാധീനം ചെലുത്തിത്തുടങ്ങിയതെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വ്യോമയാനമന്ത്രിയായിരിക്കേ അനന്തകുമാര്‍ നീരാ റാഡിയക്ക് ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കിയിട്ടുണ്ടോ എന്ന കാര്യമാണ് അന്വേഷണവിധേയമാക്കുക. ഔദ്യോഗികരഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കുന്നത് ദേശദ്രോഹമാണെന്ന് നാരായണസ്വാമി പറഞ്ഞു.
2 ജി സ്‌പെക്ട്രം അഴിമതി വിവാദത്തില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനവും സ്തംഭിപ്പിക്കാന്‍ പ്രതിപക്ഷം തയാറെടുക്കുകയാണ്. ഇത് ഒഴിവാക്കാന്‍ ഡിസംബര്‍ 30, 31 തീയതികളില്‍ ലോക്‌സഭാ സ്‌പീക്കര്‍ മീരാകുമാര്‍ ന്യൂദല്‍ഹിയില്‍ സര്‍വകക്ഷിയോഗം വിളിക്കും. ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് 22 ദിവസം പാര്‍ലമെന്റ് സ്തംഭിപ്പിച്ച ബി.ജെ.പി നടപടി ജനാധിപത്യവിരുദ്ധമാണ്. 22 ദിവസം പാര്‍ലമെന്റ് മുടങ്ങിയതിനാല്‍ 22 സുപ്രധാന ബില്ലുകള്‍ പാസാക്കാനായില്ല. പാര്‍ലമെന്റ് മുടങ്ങിയതു മൂലം 33 കോടി രൂപയുടെ നഷ്ടമുണ്ടായി.
ജെ.പി.സി അന്വേഷണത്തിനായി പ്രതിപക്ഷത്തെ പല കക്ഷികളും മുറവിളി കൂട്ടുന്നതില്‍ കാര്യമില്ലെന്നും നാരായണസ്വാമി പറഞ്ഞു. കുറഞ്ഞത് 17 എം.പി.മാരെങ്കിലുമുള്ള പാര്‍ട്ടിക്കേ സംയുക്ത പാര്‍ലമെന്ററികാര്യ സമിതിയില്‍ പ്രാതിനിധ്യം ലഭിക്കൂ.
കോണ്‍ഗ്രസില്‍ അഴിമതി നടത്തിയ മന്ത്രിമാര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍ ബി.ജെ.പി.യിലെ അഴിമതിക്കാരായ മന്ത്രിമാര്‍ ഇപ്പോഴും അധികാരത്തില്‍ തുടരുന്നു. അതിനാല്‍ അഴിമതിക്കെതിരെ സംസാരിക്കാന്‍ ബി.ജെ.പി.ക്ക് അര്‍ഹതയില്ല.
2 ജി സ്‌പെക്ട്രം അഴിമതി അന്വേഷിക്കാന്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് പൂര്‍ണ അധികാരമുണ്ടെന്ന് നാരായണസ്വാമി ചൂണ്ടിക്കാട്ടി. സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് എന്നിവ ഇക്കാര്യത്തില്‍ പി.എ.സി.യെ സഹായിക്കും. ജെ.പി.സി അന്വേഷണം വേണ്ടെന്ന കേന്ദ്രസര്‍ക്കാറിന്റെ പിടിവാശിയെക്കുറിച്ച ചോദ്യത്തിന് ജെ.പി.സി അന്വേഷണം പൊതുവെ നിഷ്ഫലമാണെന്ന മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തിലാണിതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ബോഫോഴ്‌സ് അഴിമതി, ഓഹരി കുംഭകോണം, കോളയിലെ വിഷാംശം എന്നിവയില്‍ ജെ.പി.സി അന്വേഷണം കൊണ്ട് കാര്യമായ ഗുണമൊന്നുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

അജ്മീര്‍ സ്‌ഫോടന കേസ്: സംഘ്പരിവാര്‍ ്രപതികെള മധ്യപ്രദേശ് മുഖ്യമന്ത്രി സംരക്ഷിക്കുന്നു -കോണ്‍്രഗസ്

ഷാജാപൂര്‍:  അജ്മീര്‍ സ്‌ഫോടന കേസിലെ സംഘ്പരിവാര്‍ ്രപതികളെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങും സംസ്ഥാന സര്‍ക്കാറും സംരക്ഷിക്കുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദ്വിഗ്‌വിജയ് സിങ് കുറ്റപ്പെടുത്തി. സംഘ്പരിവാര്‍ ആയതുകൊണ്ടു മാത്രം പല പ്രതികളും സംസ്ഥാനത്ത് സംരക്ഷിക്കപ്പെടുന്നതായി സിങ് പറഞ്ഞു. ഇത്തരക്കാരെ ബി.ജെ.പി സംരക്ഷിക്കുന്നതിന് കോണ്‍ഗ്രസ് ഉചിതമായ മറുപടി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബിനായക് സെന്നിനെതിരായ വിധി പരിഹാസ്യം -സച്ചാര്‍

അഹ്മദാബാദ്: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ബിനായക് സെന്നിനെതിരെയുള്ള റായ്പൂര്‍ ജില്ലാ കോടതി വിധി നിരര്‍ഥകവും പരിഹാസ്യവുമാണെന്ന് നിയമ വിദഗ്ധര്‍. രാജ്യത്ത ജനങ്ങളുടെ പൗരാവകാശങ്ങള്‍ അപകടത്തിലാണെന്നും അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇതിനേക്കാള്‍ നിരര്‍ഥകമായൊരു വിധി ഇനി  ഉണ്ടാകാനില്ല. ജുഡീഷ്യറിയുമായി ബന്ധപ്പെട്ടാണല്ലോ ഞാന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആലോചിക്കുമ്പോള്‍ ലജ്ജ തോന്നുന്നു. അത്രമാത്രം പരിഹാസ്യമായ വിധിയാണ് പുറത്തുവന്നിരിക്കുന്നത്. ദല്‍ഹി ഹൈകോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
ശിശുരോഗ വിദഗ്ധനും പൗരാവകാശ ജനകീയ പ്രസ്ഥാനത്തിന്റെ ദേശീയ വൈസ്‌പ്രസിഡന്റും കൂടിയായ ബിനായക് സെന്നിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ നക്‌സലൈറ്റുകളെ സഹായിച്ചുവെന്ന കുറ്റം ചുമത്തിയാണ് ശിക്ഷ വിധിച്ചത്.
ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരില്‍ ആദിവാസി വിഭാഗങ്ങള്‍ക്കായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരികയാണ് സെന്‍. നാരായണ്‍ സന്യാലിനെ ജയിലില്‍ 30 തവണയെങ്കിലും അധികൃതരുടെ സാന്നിധ്യത്തില്‍തന്നെ അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. അവര്‍ തമ്മില്‍ രഹസ്യ സംഭാഷണത്തിന് സാധ്യത തന്നെയില്ല.
ഇത്തരം നടപടികള്‍ രാജ്യത്ത് അസഹിഷ്ണുത വളര്‍ത്താന്‍ മാത്രമേ ഉപകരിക്കൂ. ഇന്ന് അതിന്റെ ഇര സെന്‍ ആയി. നാളെ അത് മറ്റ് ആരുമാവാം. സര്‍ക്കാറിനെതിരെ സംസാരിക്കുന്നത് ആരായാലും അവരെ പിടിച്ച് ജയിലിലടക്കുക എന്നതാണ് നിലപാട്. ഇത് അപകടകരമാണ് -രജീന്ദര്‍ സച്ചാര്‍ കൂട്ടിച്ചേര്‍ത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ