2011, ഏപ്രിൽ 30, ശനിയാഴ്‌ച

തെഗാടിയ പറയുന്നത് ദേശീയത . എന്‍ഡോ സള്‍ഫാന്‍ ആശങ്കകള്‍ മാറുന്നില്ല -- വാര്‍ത്തകള്‍

മതന്യൂനപക്ഷ സ്ഥാപനങ്ങളില്‍ സംവരണ വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കണം -തൊഗാഡിയ

കാഞ്ഞങ്ങാട്: സംവരണ വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ തട്ടിയെടുക്കുന്നുവെന്നും മതന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങളില്‍ സംവരണ വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയ പറഞ്ഞു. ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട്ട് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോപ്പുലര്‍ ഫ്രണ്ട് പറയുന്നത്, കേരളത്തെ ഇസ്‌ലാമിക സംസ്ഥാനമാക്കുമെന്നാണ്. എന്നാല്‍, ഇവയുടെ പൂര്‍വികര്‍ക്കുപോലും കഴിയാത്ത കാര്യമാണതെന്നും രാജ്യത്ത് വര്‍ഗീയ കലാപമുണ്ടായ അവസരങ്ങളില്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റുംപോലും ഹൈന്ദവ പതാകക്ക് പിറകിലാണ് അണിനിരന്നതെന്നും തൊഗാഡിയ പറഞ്ഞു. മുസ്‌ലിംകള്‍ക്ക് പാകിസ്താനെ മുസ്‌ലിം രാഷ്ട്രമാക്കാമെങ്കില്‍ തൊഗാഡിയക്ക് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനും സാധിക്കും. ഭാരതത്തിന്റെ ഭരണഘടന മാറ്റി ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചാല്‍ മുസല്‍മാന്മാര്‍ക്ക് വോട്ടവകാശംപോലും ഉണ്ടാകില്ലെന്നും പാകിസ്താന്‍ ആക്കി അവര്‍ക്ക് വേണ്ടതെല്ലാം നല്‍കിക്കഴിഞ്ഞുവെന്നും പ്രവീണ്‍ തൊഗാഡിയ പറഞ്ഞു.
പി.കെ. ശശികല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. എടനീര്‍ മഠാധിപതി കേശവാനന്ദഭാരതി സ്വാമി ദീപം തെളിച്ചു. കുമ്മനം രാജശേഖരന്‍, ജഗദീഷ് കാറന്ത് എന്നിവര്‍ സംസാരിച്ചു. അഡ്വ. പി. കരുണാകരന്‍ പ്രവീണ്‍ തൊഗാഡിയയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. ഇ.എസ്. ബിജു സ്വാഗതവും എ. കരുണാകരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍: വേണ്ടവിധം പാര്‍ട്ടി ഇടപെട്ടില്ല; കെ.പി.സി.സി യോഗത്തില്‍ സുധീരന്റെ വിമര്‍ശം

എന്‍ഡോസള്‍ഫാന്‍: വേണ്ടവിധം പാര്‍ട്ടി ഇടപെട്ടില്ല; കെ.പി.സി.സി യോഗത്തില്‍ സുധീരന്റെ വിമര്‍ശം
കൊച്ചി: എന്‍ഡോസള്‍ഫാന്‍ വിഷയത്തിലെ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ കെ.പി.സി.സി രാഷ്ട്രീയ സമിതി യോഗത്തില്‍ വി.എം.സുധീരന്റെ രൂക്ഷ വിമര്‍ശം. കേന്ദ്രമന്ത്രിമാരായ ശരദ് പവാറും ജയറാം രമേശും സ്വീകരിച്ച നിലപാട് അംഗീകരിക്കാനാകില്ലെന്നും ഇവരുടെ നിലപാട് കേരളത്തില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വേണ്ടവിധം ഇടപെടാന്‍ കെ.പി.സി.സി നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് വിവരം.
എന്നാല്‍, കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല യോഗത്തെ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് കെ.പി.സി.സി എക്‌സിക്യൂട്ടീവ് നേരത്തേ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വേണ്ടവിധം പ്രതിരോധിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന് ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി. ദുരിതബാധിതര്‍ക്ക് പുനരധിവാസം ഒരുക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.
പിന്നീട് രാഷ്ട്രീയകാര്യ സമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍, മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ സമരങ്ങളും വിവാദങ്ങളും പ്രതിപക്ഷ നേതാവിന്റെ കുപ്പായം അണിയാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് രമേശ്  ചെന്നിത്തല കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിന്റെ റോള്‍ നിര്‍വഹിക്കാനുള്ള റിഹേഴ്‌സലാണ് ഇപ്പോള്‍ നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം ഉണ്ടാകുമെന്ന് യോഗം വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കേന്ദ്ര സഹായത്തോടെ പ്രത്യേക പാക്കേജ് നടപ്പാക്കും. സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ കേന്ദ്രം സ്വീകരിച്ച നിലപാട് തെറ്റായാണ് പ്രചരിച്ചത്്. വിഷയത്തില്‍ സമവായം ഉണ്ടാക്കണമെന്നും നിരോധിക്കുന്നതിന് പകരം കീടനാശിനിയെപ്പറ്റി തീരുമാനം വേണമെന്നും സഹായം വേണമെന്നുമാണ് കേന്ദ്രം ആവശ്യപ്പെട്ടത്. എന്നാല്‍, അതിനെ ചിലര്‍ വളച്ചൊടിക്കുകയായിരുന്നു. സര്‍ക്കാര്‍ പ്രതിനിധിയായി യോഗത്തില്‍ പങ്കെടുത്ത വ്യക്തി യഥാര്‍ഥ വിവരങ്ങളല്ല പുറത്തുവിട്ടത്. എല്‍.ഡി.എഫിന്റെ എന്‍ഡോസള്‍ഫാന്‍ പ്രചാരണത്തെ പ്രതിരോധിക്കേണ്ട കാര്യമില്ല. എന്‍ഡോസള്‍ഫാന്‍ നിരോധത്തെ അനുകൂലിച്ച സുധീരന്റെ നിലപാടില്‍ ഒരു പ്രശ്‌നവുമില്ല. കേന്ദ്രമന്ത്രി ജയറാം രമേശിനെതിരെ അദ്ദേഹം നടത്തിയ പ്രസ്താവന വ്യക്തിപരമായ അഭിപ്രായമാണ്. കൂട്ടുകക്ഷി സര്‍ക്കാറായതിനാല്‍ എല്ലാ കാര്യത്തിലും ഏകാഭിപ്രായം സ്വീകരിക്കാന്‍ കഴിയില്ല. കേന്ദ്രമന്ത്രിമാരുടെ നിലപാട് കെ.പി.സി.സിയെ പ്രതിരോധത്തിലാക്കിയിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി രമേശ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, തെന്നല ബാലകൃഷ്ണപിള്ള, കേന്ദ്ര സഹമന്ത്രി കെ.സി.വേണുഗോപാല്‍, പി.സി.ചാക്കോ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

എന്‍ഡോസള്‍ഫാന്‍ നിരോധം: കേരളത്തിന് പ്രത്യേക ഗുണമില്ല

എന്‍ഡോസള്‍ഫാന്‍ നിരോധം: കേരളത്തിന് പ്രത്യേക ഗുണമില്ല
തിരുവനന്തപുരം:ആഗോളതലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ തീരുമാനിച്ചെങ്കിലും കേരളത്തിന്  പ്രത്യേകിച്ച് ഗുണം കിട്ടില്ല. 22വിളകള്‍ക്ക് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതിന് ഇളവ് ലഭിച്ചിട്ടുള്ളതിനാല്‍ ഈ മാരക കീടനാശിനി പാടെ ഇന്ത്യന്‍ മണ്ണില്‍ നിന്ന് തുടച്ച് നീക്കപ്പെടില്ല.രാജ്യത്ത് നിരോധം നടപ്പാക്കാന്‍ 11വര്‍ഷം കാത്തിരിക്കുകയും വേണം.
ഇതേസമയം,കേരള കാര്‍ഷിക സര്‍വകലാശാലയുടെ നിര്‍ദേശപ്രകാരമാണ് കശുമാവ് തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചതെന്ന് കാര്‍ഷിക സര്‍വകലാശാലയുടെ പാക്കേജ് ഓഫ് പ്രാക്ടിസ് വ്യക്തമാക്കുന്നു.എന്‍ഡോസള്‍ഫാന്‍ ഏതൊക്കെ വിളകള്‍ക്ക് ഉപയോഗിക്കാമെന്ന ലേബലില്‍ കശുമാവിനെ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്താതിരിക്കെയാണ് കാര്‍ഷിക സര്‍വകലാശാലയുടെ നിര്‍ദേശം. പാക്കേജ് ഓഫ് പ്രാക്ടീസ് കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെബ് സൈറ്റില്‍ ലഭ്യമാണ്.
കാര്‍ഷിക സര്‍വകലാശാലയുടെ നിര്‍ദേശ പ്രകാരമാണ് ഹെലികോപ്ടറിലൂടെ എന്‍ഡോസള്‍ഫാന്‍ തളിച്ചതെന്നും പറയുന്നു.1978 മുതല്‍ 2011 വരെ വര്‍ഷത്തില്‍ മൂന്ന് തവണ വീതമാണ് ഹെലികോപ്ടറിലൂടെ എന്‍ഡോസള്‍ഫാന്‍ തളിച്ചത്. ഈ സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ ദുരന്തങ്ങള്‍ക്ക് ഉത്തരവാദിത്തം പ്ലാന്‍േറഷന്‍ കോര്‍പറേഷന് ഒപ്പം കാര്‍ഷിക സര്‍വകലാശാലക്കുമുണ്ടെന്ന് വ്യക്തം.ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാറിനാണെന്ന നിലപാട്  കേന്ദ്രം സ്വീകരിച്ചതും ഇത് മൂലമാണത്രെ. ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി ട്രൈബ്യൂണല്‍ രൂപവത്കരണം, ദുരിതബാധിതരുടെ പുനരധിവാസം തുടങ്ങിയ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതിരിച്ച് വിടാന്‍ മാത്രമെ എന്‍ഡോസള്‍ഫാന്‍ നിരോധ സമരം ഗുണം ചെയ്തുള്ളൂവെന്ന ആക്ഷേപവും ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.
2006 മുതല്‍ നിരോധം നിലനില്‍ക്കുന്ന സംസ്ഥാനമെന്ന നിലയില്‍ സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ തീരുമാനം കേരളത്തിന് പ്രത്യേകിച്ച് നേട്ടമൊന്നും പ്രദാനം ചെയ്യുന്നില്ല.22വിളകള്‍ക്ക് തുടര്‍ന്നും ഉപയോഗിക്കാമെന്നതിനാല്‍ രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ സുലഭമായി തുടര്‍ന്നും ലഭിക്കും.കേരളത്തില്‍ സമ്പൂര്‍ണ നിരോധം നിലവിലുള്ളതിനാല്‍ ഇളവിന്റെ ആനുകൂല്യം കിട്ടില്ല.ഈ സാഹചര്യത്തില്‍ അതിര്‍ത്തി കടന്ന് എന്‍ഡോസള്‍ഫാന്‍ എത്തുന്നത് തടയണം.ചെക്‌പോസ്റ്റുകളിലെ പരിശോധന ശക്തമാക്കുകയും എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കര്‍ഷകരെയും ഏലത്തോട്ടം ഉടമകളെയും വിലക്കുകയും വേണം.
ഇതേസമയം,കശുമാവ് തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗിച്ചതിലൂടെ ദുരിതത്തിലായവര്‍ക്ക് ആര് നഷ്ടപരിഹാരം നല്‍കുമെന്നും അവരെ ആര് പുനരധിവസിപ്പിക്കുമെന്നതും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിലൂടെ വിസ്മൃതിയിലായി.എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതിലൂടെ ദുരിത ബാധിതര്‍ക്ക് എന്ത് ആശ്വാസമാണ് ലഭിക്കുകയെന്ന ചോദ്യവും ബാക്കിയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ