2011, ഏപ്രിൽ 24, ഞായറാഴ്‌ച

ഒരവതാര പുരുഷന്‍റെ അന്ത്യം

സത്യസായ്ബാബ അന്തരിച്ചു

സത്യസായ്ബാബ അന്തരിച്ചു
പുട്ടപര്‍ത്തി (ആന്ധ്ര): ഹൈന്ദവ ആത്മീയ മേഖലയില്‍ ആറു പതിറ്റാണ്ടു കാലം അനുയായികളുടെ അവതാരപുരുഷനായി നിറഞ്ഞ സത്യസായി ബാബ (84) നിര്യാതനായി. ഇന്ന് രാവിലെ 7.30ഓടെ സത്യസായ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ സയന്‍സസില്‍ യായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് പുട്ടപര്‍ത്തിയിലെ സത്യസായ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ സയന്‍സസില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങള്‍ ഇന്നലെ വൈകുന്നേരത്തോടെ പ്രവര്‍ത്തനരഹിതമായി മരണം സംഭവിക്കുകയായിരുന്നു.  വിയോഗ വാര്‍ത്തയറിഞ്ഞ ആയിരക്കണക്കിന് ഭക്തര്‍ കുതിച്ചെത്തിതോടെ സായ് നഗരമെന്നറിയപ്പെടുന്ന പുട്ടപര്‍ത്തിയില്‍ ജനപ്രവാഹത്തെ നിയന്ത്രിക്കാനായി പതിനായിരത്തോളം പൊലീസുകാരെ വിന്യസിച്ചു. ബാബ ആശുപത്രിയില്‍ ആയതുമുതല്‍ നഗരത്തില്‍ നിരോധാജ്ഞ നിലനില്‍ക്കുകയാണ്. നിര്യാണത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള പ്രമുഖര്‍ അനുശോചിച്ചു.
114 രാജ്യങ്ങളിലെ 1200 ലേറെ വരുന്ന സായ് സ്ഥാപനങ്ങളിലൂടെ 40,000 കോടി രൂപയിലേറെ ആസ്തിയുള്ള സത്യസായ്ബാബ ' ഭഗവാന്റെ വര്‍ത്തമാനകാല അവതാരം' എന്നാണ് 60 ലക്ഷത്തോളം വരുന്ന അനുയായികളാല്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍, യുക്തിവാദികളുടെയും ശാസ്ത്രവാദികളുടെയും ചില പൗരാവകാശ സംഘടനകളുടെയും നിരന്തര വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം എന്നും വിധേയനായിരുന്നു.
1926 നവംബര്‍ 23 ന് ആന്ധ്രയിലെ പുട്ടപര്‍ത്തിയില്‍ ഈശ്വരമ്മയുടെയും രാജു രത്‌നാകരത്തിന്റെയും മകനായി പിറന്ന സത്യാനാരായണ രാജുവാണ് പിന്നീട് ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹൈന്ദവ ആത്മീയ ഗുരുവായി വളര്‍ന്നത്. 14 ാം വയസില്‍ സ്വയം അവതാരപുരുഷനായി പ്രഖ്യാപിച്ച് വീടുവിട്ട് തീര്‍ഥാടനത്തിനിറങ്ങിയ രാജു, സത്യസായ് ബാബ എന്ന പേര് സ്വീകരിച്ചു. 1918 ല്‍ അന്തരിച്ച മറ്റൊരു ഹൈന്ദവ ആത്മീയ ഗുരുവായ ഷിര്‍ദിസായ്ബാബയുടെ പുനര്‍ജന്‍മമാണ് താനെന്ന് സായ്ബാബ അവകാശപ്പെട്ടു.
1944 ലാണ് ഏതാനും അനുയായികള്‍ ചേര്‍ന്ന് ബാബയുടെ പേരില്‍ ആദ്യ ക്ഷേത്രം പുട്ടപര്‍ത്തിയില്‍ നിര്‍മിച്ചത്. നൂറു കണക്കിന് ആശുപത്രികളും അഗതിമന്ദിരങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി പിന്നീട് ലോകമെങ്ങും സായ് സ്ഥാപനങ്ങള്‍ പടര്‍ന്നുപന്തലിച്ചത് മിന്നല്‍വേഗതയിലായിരുന്നു. ശാസ്ത്രജ്ഞരും രാഷ്ട്രത്തലവന്‍മാരുമടക്കം ലക്ഷങ്ങളെ തന്റെ 'അത്ഭുത പ്രവര്‍ത്തി'കളിലൂടെ ആകര്‍ഷിച്ച സായ്ബാബയെ വളര്‍ച്ചയുടെ ആരംഭകാലം മുതല്‍ തന്നെ വിവാദങ്ങളും പിന്തുടര്‍ന്നു. ശൂന്യതയില്‍ നിന്ന് സ്വര്‍ണമാലയും ഫലങ്ങളും വിഭൂതിയും സൃഷ്ടിക്കുന്ന സായ് അത്ഭുതങ്ങള്‍ വെറും മാജിക് തട്ടിപ്പാണെന്ന് യുക്തിവാദികളും മറ്റും തെളിവുകളോടെ സമര്‍ഥിച്ചു. ബാബയുടെ ആശ്രമങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ ദുരൂഹതകളും അദ്ദേഹത്തിന്റെ തന്നെ സ്വഭാവസവിശേഷതകളും പലപ്പോഴും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു. ഒന്നിലേറെ തവണ ബാബക്കുനേരേ വധശ്രമവുമുണ്ടായി. എങ്കിലും അതൊന്നും ബാബയുടെ ഭക്തജന പ്രീതിയില്‍ കുറവുണ്ടാക്കിയില്ല.
ധര്‍മാശുപത്രികളും ഉന്നത സ്ഥാപനങ്ങളും ആതുരാലയങ്ങളും വഴി സായ്ബാബ നടത്തിയ സാമൂഹികസേവനങ്ങള്‍ എതിരാളികളുടെ പോലും പ്രശംസനേടി. നിര്‍ധനരായ അനേകര്‍ക്ക് സായ് സ്ഥാപനങ്ങളുടെ സഹായത്തിലൂടെ ജീവിതവഴി കണ്ടെത്താനായി. പുട്ടപര്‍ത്തിയില്‍ സ്ഥാപിച്ച പ്രശാന്തി നിലയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'സത്യ സേവാ സംഘടന'യിലൂടെ ബാബ അനേകായിരം അനാഥര്‍ക്ക് അഭയമൊരുക്കി. ഇന്ത്യയിലെ ആറായിരത്തിലധികം പിന്നാക്ക ഗ്രാമങ്ങളില്‍ ഈ സംഘടന പ്രവര്‍ത്തിക്കുന്നു. പുട്ടപര്‍ത്തിയിലെ സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ജാതിമതഭേദമന്യേ ആയിരക്കണക്കിന് പാവപ്പെട്ട മാറാരോഗികള്‍ക്ക് ആശ്വാസ കേന്ദ്രമാണ്. സ്വയം ദൈവാവാതാരമായി അവകാശപ്പെട്ട ബാബയുടെ നിലപാട് ചോദ്യം ചെയ്യപ്പെട്ടിരുന്നെങ്കിലും വിപുലമായ ആതുരസേവനങ്ങളുടെ പേരില്‍ അദ്ദേഹത്തിന്റെ പ്രശസ്തി ലോകമെങ്ങും വ്യാപിച്ചു. ബാബയുടെ സംസ്‌കാരതീയതിയും മറ്റും തീരുമാനിച്ചിട്ടില്ല.

സായിബാബയുടെ 40,000 കോടിയുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുത്തേക്കും

സായിബാബയുടെ 40,000 കോടിയുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുത്തേക്കും
പുട്ടപര്‍ത്തി (ആന്ധ്ര): സത്യസായി ബാബയുടെ ട്രസ്റ്റിന് കീഴിലുള്ള 40,000 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ ആന്ധ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. 166 രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന രണ്ടായിരത്തോളം സായി സ്ഥാപനങ്ങളുടെ ഉടമസ്ഥതയെചൊല്ലി ഇതിനകം തര്‍ക്കങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. സ്വത്തിന്റെ ദുരുപയോഗം തടയാനും അവകാശതര്‍ക്കം ഇല്ലാതാക്കാനുമായി, 1959ലെ ഹിന്ദുമത ചാരിറ്റബ്ള്‍ നിയമപ്രകാരം മുഴുവന്‍ സായ് സ്ഥാപനങ്ങളും ഏറ്റെടുക്കാനാണ് സര്‍ക്കാറിന്റെ നീക്കം. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടന്നു.
1972ല്‍  ബാബ തലവനായി സ്ഥാപിച്ച ശ്രീ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റിന്റെ കീഴിലാണ് സ്വത്തുക്കള്‍ മുഴുവന്‍. 60 ലക്ഷം സജീവ ഭക്തരുടെയും മൂന്നു കോടി വരുന്ന അനുയായികളുടെയും സംഭാവനകളാണ്  സ്വത്തുക്കള്‍ ഏറെയും. ദിവസം തോറും  കോടികളുടെ സംഭാവന ഇപ്പോഴും എത്തുന്നുണ്ട്.  വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമീണ വികസനം, കുടിവെള്ളം തുടങ്ങിയ മേഖലകളില്‍ വന്‍ നിക്ഷേപങ്ങളും ട്രസ്റ്റ് നടത്തിയിട്ടുണ്ട്.
 പുട്ടപര്‍ത്തിയിലെ പ്രശാന്തിനിലയം, ബംഗളൂരു വൈറ്റ്ഫീല്‍ഡിലെ ബൃന്ദാവന്‍ ആശ്രമം, കൊടൈക്കനാലിലുള്ള സായ് ശ്രുതി ആശ്രമം, പുട്ടപര്‍ത്തിയിലെയും ബംഗളൂരുവിലെയും ആധുനിക ആശുപത്രികള്‍ എന്നിവയുടെ മാത്രം മൂല്യം രണ്ടായിരം കോടി വരും.  ഇതിനുപുറമെ രാജ്യത്തും പുറത്തുമായി നിരവധി ആശുപത്രികളും ആയിരക്കണക്കിന് ഡിസ്‌പെന്‍സറികളും പ്രവര്‍ത്തിക്കുന്നു. പുട്ടപര്‍ത്തിയിലെ സായിബാബ സര്‍വകലാശാലക്ക് പുറമെ നിരവധി കോളജുകളും സ്‌കൂളുകളും ട്രസ്റ്റിനുണ്ട്.  1300 സത്യസായി സെന്ററുകളാണ് ലോകത്തിലുടനീളം സ്‌കൂളുകളും ആരോഗ്യ-സാംസ്‌കാരിക കേന്ദ്രങ്ങളും നടത്തുന്നത്. സത്യസായി എജുകെയര്‍ എന്ന പദ്ധതി വഴി 33 രാജ്യങ്ങളില്‍ സ്‌കൂളുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
തന്റെ കുടുംബാംഗങ്ങളിലെ ഭൂരിഭാഗം പേരെയും ട്രസ്റ്റില്‍ നിന്ന് സായിബാബ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. 200ഓളം വരുന്ന കുടുംബാംഗങ്ങള്‍ പുട്ടപര്‍ത്തിയില്‍  ഹോട്ടലുകള്‍ തുടങ്ങി ഭക്തരെ മുതലെടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ട്രസ്റ്റില്‍ നിന്ന് അവരെ മാറ്റിനിര്‍ത്താന്‍ ബാബയെ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. സുതാര്യമല്ലാത്ത രീതിയിലാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനം. ഓഡിറ്റിങ്ങും മറ്റും ഉണ്ടെങ്കിലും സായിബാബയുടെ നിയന്ത്രണത്തിലാണ് എല്ലാം.  166 രാജ്യങ്ങളില്‍ പരന്നുകിടക്കുന്ന സ്വത്തുക്കള്‍ സംബന്ധിച്ച് പൂര്‍ണ വിവരംപോലും ലഭ്യമല്ല. ഐ.എ.എസ് വിട്ട് ഭക്തിമാര്‍ഗത്തിലേക്ക് വന്ന കെ. ചക്രവര്‍ത്തി, എസ്.വി. ഗിരി എന്നിവരാണ് ഇപ്പോള്‍ ട്രസ്റ്റിലെ പ്രമുഖര്‍.
ബാബയുടെ പിന്‍ഗാമിയെപ്പറ്റി വ്യക്തതയില്ലാത്തതും ട്രസ്റ്റികളെ പൂര്‍ണമായും ഇത്രയും വലിയ സ്വത്ത് ഏല്‍പിക്കാന്‍ കഴിയില്ല എന്നതുമാണ്  ഏറ്റെടുക്കലിന്  സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്. സായിബാബ വിടവാങ്ങിയാല്‍ സ്വത്ത് പലരും സ്വന്തം നിലക്ക് കൈകാര്യം ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വത്ത് ഏറ്റെടുത്താല്‍ സായി ഭക്തരുടെ പ്രതികരണം എന്താവുമെന്ന ആശങ്കയും ആന്ധ്രയിലെ കിരണ്‍ റെഡ്ഢി സര്‍ക്കാറിനെ അലട്ടുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ