2010, ഡിസംബർ 28, ചൊവ്വാഴ്ച

സ്‌പെക്ട്രം: അന്വേഷണം വീണ്ടും മന്ദഗതിയില്‍; രാജ, റാഡിയ അറസ്റ്റ് നീണ്ടേക്കും

 

Madhyamam 29/12/2011

സ്‌പെക്ട്രം: അന്വേഷണം വീണ്ടും മന്ദഗതിയില്‍; രാജ, റാഡിയ അറസ്റ്റ് നീണ്ടേക്കും


സ്‌പെക്ട്രം: അന്വേഷണം വീണ്ടും മന്ദഗതിയില്‍; രാജ, റാഡിയ അറസ്റ്റ് നീണ്ടേക്കും
ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ബി.ഐ രണ്ടു തവണ ചോദ്യംചെയ്ത ടെലികോം മുന്‍ മന്ത്രി എ. രാജയുടെ അറസ്റ്റ് നീണ്ടേക്കുമെന്ന് സൂചന. ശക്തമായ നിരവധി തെളിവുകള്‍ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചെങ്കിലും അറസ്റ്റ് പരമാവധി നീട്ടിക്കൊണ്ടു പോകാനാണത്രെ ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശം. അന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഫെബ്രുവരി പത്തുവരെ സുപ്രീംകോടതി സമയം അനുവദിച്ച സ്ഥിതിക്ക് ഇക്കാര്യത്തില്‍ ധൃതി വെക്കേണ്ടതില്ലെന്നാണ് തീരുമാനം.
റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളും  റാഡിയ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് ലഭിച്ച മൊഴികളും രാജയെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകളാണെന്ന് അന്വേഷണ എജന്‍സി വൃത്തങ്ങള്‍ അറിയിച്ചു. രണ്ടുതവണ ചോദ്യം ചെയ്‌തെങ്കിലും രാജ നല്‍കിയ വിശദീകരണം ഒട്ടും തൃപ്തികരമല്ലെന്നാണ് സി.ബി.ഐ കണ്ടെത്തല്‍. 2ജി സ്‌പെക്ട്രം അനുവദിച്ചതില്‍ തന്റെ മുന്‍ഗാമിയുടെ നയങ്ങള്‍ തന്നെയാണ് താനും പിന്തുടര്‍ന്നതെന്നാണ് രാജ വ്യക്തമാക്കിയത്.  എന്നാല്‍, ലൈസന്‍സിന് അപേക്ഷ നല്‍കേണ്ട അവസാന തീയതി ധൃതിപിടിച്ച് എന്തുകൊണ്ട് നേരത്തേയാക്കി മാറ്റിയെന്ന സി.ബി.ഐ ഉദ്യോഗസ്ഥരുടെ പ്രധാന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുന്നതില്‍ രാജ പരാജയപ്പെട്ടു. ചോദ്യം ചെയ്യലില്‍ രാജ നല്‍കിയ വിശദീകരണം മറ്റുരേഖകളുമായി ഒത്തുനോക്കുന്ന പ്രക്രിയ സി.ബി.ഐ ഇപ്പോള്‍ ആരംഭിച്ചിട്ടേയുള്ളൂ. രണ്ടാഴ്ചയെങ്കിലും ഇതിനു വേണ്ടിവരുമെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. അതിനുശേഷം വീണ്ടും ചോദ്യംചെയ്യല്‍ ഉണ്ടായേക്കും.
റെയ്ഡിലൂടെ രാജയുടെ വസതികളില്‍ നിന്ന് കണ്ടെടുത്ത രേഖകള്‍ സംബന്ധിച്ചും മറ്റും അന്വേഷണ ഏജന്‍സി വിവരങ്ങള്‍ ആരാഞ്ഞു. രണ്ടു തവണയാണ് രാജയെ സി.ബി.ഐ മണിക്കൂറുകള്‍ ചോദ്യം ചെയ്തത്. ഡിസംബര്‍ 24ന്  നടന്ന ആദ്യ ചോദ്യംചെയ്യല്‍ ഒമ്പത് മണിക്കൂറെടുത്തു. തൊട്ടടുത്ത ദിവസം നടന്ന ചോദ്യം ചെയ്യലും വിശദമായിരുന്നു. കോര്‍പറേറ്റ് ഇടനിലക്കാരി നീര റാഡിയയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ കേന്ദ്രീകരിച്ചായിരുന്നു രണ്ടാം ദിവസത്തെ ചോദ്യംചെയ്യല്‍. സ്‌പെക്ട്രം ലൈസന്‍സ് വിതരണത്തില്‍ നടന്ന ക്രമക്കേടിലൂടെ പൊതുഖജനാവിന് 1.76 ലക്ഷം കോടിയുടെ നഷ്ടം സംഭവിച്ചതായ സി.എ.ജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നവംബര്‍ 14നാണ് രാജ രാജിവെക്കാന്‍ നിര്‍ബന്ധിതനായത്.
അതേസമയം, സി.ബി.ഐയുമായി പൂര്‍ണമായി സഹകരിച്ചുവെന്ന്  എ. രാജ വെളിപ്പെടുത്തി.  സി.ബി.ഐയുമായി എല്ലാനിലക്കും  സഹകരിച്ചു. തുടര്‍ന്നും സഹകരിക്കും. എന്നാല്‍, ചേദ്യംചെയ്യലിന്റെ വിശദാംശങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോടു വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല.
രാജക്കു പുറമെ കോര്‍പറേറ്റ് ഇടനിലക്കാരി നീര റാഡിയക്കെതിരെയും ശക്തമായ തെളിവുകള്‍ ലഭിച്ചെങ്കിലും അറസ്റ്റ് നീളുകയാണ്. ഇതിനകം  മൂന്നുതവണ സി.ബി.ഐ അവരെ ചോദ്യംചെയ്തിരുന്നു. വെറും ഒമ്പതു വര്‍ഷത്തിനുള്ളില്‍ 300 കോടിയുടെ ആസ്തിയാണ് റാഡിയ സ്വന്തമാക്കിയത്. മാത്രവുമല്ല, വിദേശ ഏജന്‍സികള്‍ക്കു വേണ്ടി വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായ സംശയവും ഇവര്‍ക്കെതിരെ ശക്തമാണ്. ഏതായാലും തുടര്‍ നടപടികള്‍ പരമാവധി ദീര്‍ഘിപ്പിക്കുകയെന്ന തന്ത്രപരമായ നീക്കമാവും സര്‍ക്കാറിനുവേണ്ടി സി.ബി.ഐ നടത്തുകയെന്ന സംശയം ശക്തമാണ്.
അതേസമയം കൂടുതല്‍ ചോദ്യങ്ങളും വിദേശ സമ്പാദ്യങ്ങളെക്കുറിച്ചായതിനാല്‍ രാജക്കെതിരെ ഫോറിന്‍ എക്‌സ്‌ചേഞ്ച് റെഗുലേഷന്‍ ആക്ട് (ഫെറ) പ്രകാരം കേസെടുത്തേക്കുമെന്ന ആശങ്കയെ  തുടര്‍ന്ന്  ഇന്നലെ ഉച്ചയോടെ ചെന്നൈയിലെത്തിയ  രാജ കരുണാനിധി അടക്കമുള്ള  മുതിര്‍ന്ന  നേതാക്കളുമായി ബന്ധപ്പെട്ടതായി സൂചനയുണ്ട്. സി.ബി.ഐയുടെ ചോദ്യംചെയ്യലുമായി പൂര്‍ണമായി സഹകരിച്ചുവെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും വിമാനത്താവളത്തില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.അഴിമതിയില്‍ വിഹിതം പറ്റിയ മറ്റു ഡി.എം.കെ നേതാക്കളുടെ വിവരങ്ങള്‍ ചോദ്യംചെയ്യലില്‍ രാജ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് പ്രാഥമിക വിവരമെങ്കിലും ഡി.എം.കെ നേതൃത്വത്തിന്റെ അങ്കലാപ്പ് മാറിയിട്ടില്ല.
എം.സി.എ നാസര്‍

ബിനായക് സെന്‍: ഛത്തിസ്ഗഢ് സര്‍ക്കാറിനെതിരെ ജത്മലാനി


ന്യൂദല്‍ഹി: ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഡോ. ബിനായക് സെന്നിനെ കള്ളക്കേസില്‍ കുടുക്കിയ ഛത്തിസ്ഗഢിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ കോടതിയില്‍ ഹാജരാകാന്‍ തയാറാണെന്ന് പാര്‍ട്ടിയുടെ രാജ്യസഭാ എം.പിയും മുതിര്‍ന്ന അഭിഭാഷകനുമായ രാം ജത്മലാനി. ബിനായക് സെന്നിന്റെ മോചനത്തിന് രംഗത്തിറങ്ങിയവര്‍ക്ക് ഊര്‍ജം പകര്‍ന്ന പ്രതികരണം പക്ഷേ, ബി.ജെ.പിക്ക് മറ്റൊരു തലവേദനയായി. നിരപരാധിയായ സെന്നിന് വേണ്ടി കേസില്‍ ഹാജരാകാനുള്ള സന്നദ്ധത പ്രമുഖ ഇംഗ്ലീഷ് പത്രത്തെയാണ് ജത്മലാനി അറിയിച്ചത്. സുപ്രീം കോടതിയില്‍ ബിനായക് സെന്നിന്റെ അപ്പീല്‍ പരിഗണിക്കുമ്പോള്‍ ഹാജരാകാമെന്നാണ്  വാഗ്ദാനം. സെന്നിനെതിരായ വിധി   കണ്ടിട്ടില്ലെങ്കിലും കേസ് വളരെ ദുര്‍ബലമായ ഒന്നാണെന്ന് ജത്മലാനി അഭിപ്രായപ്പെട്ടു.  സെന്‍ ആവശ്യപ്പെടുകയാണെങ്കില്‍ അദ്ദേഹത്തിന് വേണ്ടി തീര്‍ച്ചയായും  ഹാജരാകും. ബി.ജെ.പി സര്‍ക്കാര്‍ കുറ്റം ചുമത്തിയ സെന്നിന് വേണ്ടി പാര്‍ട്ടി എം.പി  ഹാജരാകുന്നത് ശരിയാണോ എന്ന ചോദ്യത്തിന് അതില്‍ തനിക്കൊരു പ്രശ്‌നവുമില്ലെന്നായിരുന്നു  പ്രതികരണം. ജത്മലാനി അദ്ദേഹത്തിന്റെ തൊഴില്‍ ചെയ്യുന്നതിനോട് പ്രതികരിക്കാനില്ലെന്ന് ബി.ജെ.പി വക്താവ് രാജീവ് പ്രതാപ് റൂഡി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രഭുദേവയും റംലത്തും വിവാഹമോചന ഹരജി നല്‍കി


പ്രഭുദേവയും റംലത്തും വിവാഹമോചന ഹരജി നല്‍കി
ചെന്നൈ: മാസങ്ങള്‍ നീണ്ട ശീതയുദ്ധത്തിനു വിരാമമിട്ട് തമിഴ് ചലച്ചിത്രനടന്‍ പ്രഭുദേവയും ഭാര്യ റംലത്ത് എന്ന ലതയും വിവാഹമോചനത്തിന് സംയുക്ത ഹരജി നല്‍കി. ചൊവ്വാഴ്ച ചെന്നൈ കുടുംബകോടതിയില്‍ ഇരുവരും നേരിട്ട് ഹാജരായാണ് ഹരജി സമര്‍പ്പിച്ചത്. ഒരുമിച്ചുപോകാന്‍ കഴിയാത്തതിനാല്‍ ബന്ധം വേര്‍പെടുത്താന്‍ പൂര്‍ണ സമ്മതമാണെന്ന് രണ്ടുപേരും ഹരജിയില്‍ വ്യക്തമാക്കി. 1996ല്‍ പ്രഭുദേവയെ പ്രേമിച്ചു വിവാഹം കഴിച്ച റംലത്ത്, അതിനായി ഹിന്ദുമതം സ്വീകരിച്ചിരുന്നു. ഇവര്‍ക്ക് മൂന്നു  മക്കളുള്ളതില്‍ ഒരാണ്‍കുട്ടി മരിച്ചു.
പ്രമുഖ നടിയും മലയാളിയുമായ നയന്‍താരയുമായുള്ള പ്രഭുദേവയുടെ അടുപ്പത്തെ തുടര്‍ന്നാണ് ഇവരുടെ ദാമ്പത്യം വഷളായത്. നയന്‍താരയെ വിവാഹം കഴിക്കുമെന്ന് പ്രഭുദേവ പരസ്യമായി പ്രഖ്യാപിച്ചതോടെ റംലത്ത് കുടുംബകോടതിയെ സമീപിക്കുകയായിരുന്നു. നയന്‍താരയെ പ്രഭുദേവ വിവാഹം കഴിക്കുന്നത് തടയണമെന്നായിരുന്നു ആവശ്യം.
പ്രഭുദേവയുടെ ചില സ്വത്തുക്കളും വീടുകളും റഹ്മത്തിന് നല്‍കാമെന്നും മക്കളുടെ ചെലവിനായി പ്രതിമാസം ഒരു ലക്ഷം രൂപ വീതം നല്‍കാമെന്നുമാണ് വിവാഹമോചനത്തിനുള്ള വ്യവസ്ഥയെന്നറിയുന്നു

സഞ്ജയ്ഗാന്ധി കുടുംബാസൂത്രണപദ്ധതി അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചു -കോണ്‍ഗ്രസ്

സഞ്ജയ്ഗാന്ധി കുടുംബാസൂത്രണപദ്ധതി അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചു -കോണ്‍ഗ്രസ്
ന്യൂദല്‍ഹി: അടിയന്തരാവസ്ഥ കാലത്ത് സഞ്ജയ്ഗാന്ധി കൈക്കൊണ്ട തീരുമാനങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് കോണ്‍ഗ്രസ് ഒടുവില്‍ സമ്മതിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ധനമന്ത്രിയുമായ പ്രണബ് മുഖര്‍ജി എഡിറ്റ് ചെയ്ത 'ദ കോണ്‍ഗ്രസ് ആന്റ് ദ മെയ്ക്കിംഗ് ഓഫ് ദ ഇന്ത്യന്‍ നാഷന്‍' എന്ന പുസ്തകത്തിലാണ് സഞ്ജയ് ഗാന്ധിക്കും രാജീവ് ഗാന്ധിക്കുമെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
സഞ്ജയ് ഗാന്ധിയുടെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ ജനാഭിപ്രായം കോണ്‍ഗ്രസിനെതിരാക്കി തീര്‍ത്തുവെന്നും പുസ്തകം പറയുന്നു.
1975 ജൂണിലാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കുടുംബാസൂത്രണ പദ്ധതിയെയും ചേരിനിര്‍മാര്‍ജനത്തെയും പിന്തുണച്ചുകൊണ്ടാണ് സഞ്ജയ് ഗാന്ധി രംഗത്തുവരുന്നത്. എന്നാല്‍, ഈ തീരുമാനങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന രീതിയിലാണ് സഞ്ജയ്ഗാന്ധി പ്രവര്‍ത്തിച്ചത്. അടിയന്തരാവസ്ഥയുടെ തുടക്കത്തില്‍ പൊതുഭരണം മെച്ചപ്പെട്ടിരുന്നു. ജനങ്ങള്‍ അതിനെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, കുടുംബാസൂത്രണം പോലുള്ള തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത് സര്‍ക്കാറിന് തിരിച്ചടിയായി.
മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന ദല്‍ഹി തുര്‍ക്കുമാന്‍ ഗെയ്റ്റിലെ ചേരികള്‍ തുടച്ചുനീക്കിയത് മുസ്‌ലിംകളുടെ എതിര്‍പ്പിന് കാരണമായി. ഇക്കാര്യത്തില്‍ സഞ്ജയ് ഗാന്ധി വ്യക്തിപരമായി ഇടപെട്ടതായി പുസ്തകം ആരോപിക്കുന്നു. 1975നും 76നുമിടയിലാണ് സഞ്ജയ്ഗാന്ധിയുടെ അതിരുകടന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായത്. തുടര്‍ന്ന് 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി പരാജയം രുചിച്ചു. കുടുംബാസൂത്രണം, ചേരിനിര്‍മാര്‍ജനം, സ്ത്രീധന വിരുദ്ധ പ്രവര്‍ത്തനം, സാക്ഷരതാ പ്രചാരണം തുടങ്ങിയ വിഷയങ്ങളില്‍ സഞ്ജയ് ഗാന്ധിയുടെ തീരുമാനങ്ങള്‍ ഏകപക്ഷീയമായിരുന്നുവെന്നു മാത്രമല്ല ആധിപത്യപരവുമായിരുന്നുവെന്ന് പുസ്തകം വിമര്‍ശിക്കുന്നു.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും പുസ്തകം വിമര്‍ശിക്കുന്നുണ്ട്. പാര്‍ട്ടിയിലും മന്ത്രിസഭയിലും അദ്ദേഹം മാറ്റങ്ങള്‍ വരുത്തി. പാര്‍ട്ടിയിലെ ദല്ലാള്‍മാരെ തുടര്‍ച്ചുനീക്കി.  സംഘടനയില്‍ പരിഷ്‌കാരം കൊണ്ടുവരുമെന്ന വാഗ്ദാനം നടപ്പിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ