2011 ജനുവരി 20, വ്യാഴാഴ്‌ച

മകരജ്യോതി അമാനുഷികമല്ല-ദേവസ്വം ബോര്‍ഡ്(2)വീക്കിലീക്‌സിന് സ്വിസ് ബാങ്ക് രഹസ്യങ്ങള്‍ നല്‍കിയ ആള്‍ അറസ്റ്റില്‍ (3)ജീവന്‍ ആദ്യമുണ്ടായത് ബഹിരാകാശത്ത്

മകരജ്യോതി അമാനുഷികമല്ല-ദേവസ്വം ബോര്‍ഡ്

മകരജ്യോതി അമാനുഷികമല്ല-ദേവസ്വം ബോര്‍ഡ്
കൊച്ചി: മകരജ്യോതി മനുഷ്യസൃഷ്ടിയാണോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന്  മകരജ്യോതി അമാനുഷികമാണെന്ന അവകാശവാദം ഒരിക്കലും ഉന്നയിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. എന്നാല്‍, മകരജ്യോതിയുടെ ഭാഗമായ മകരനക്ഷത്രം തെളിയുന്നുണ്ട്. അതാണ് പവിത്രമായി കണക്കാക്കുന്നത്. നക്ഷത്രം കാണാന്‍ കൂടിയാണ് ജനത്തിരക്കുണ്ടാകുന്നതെന്നും വിശ്വാസിത്തിന്റെ ഭാഗമാണിവയെന്നും ബോര്‍ഡ് പറഞ്ഞു.
മകരജ്യോതി ദര്‍ശനത്തോടനുബന്ധിച്ച് പുല്ലുമേട്ടില്‍ തിക്കിലും തിരക്കിലും പെട്ട് 102പേര്‍ മരിച്ചതിനെക്കുറിച്ചുള്ള പൊലീസ്, വനം വകുപ്പുകളുടെയും ദേവസ്വം ബോര്‍ഡിന്റെയും റിപ്പോര്‍ട്ടുകള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ദേവസ്വം ബോര്‍ഡിനോട് മകരജ്യോതിയെ കുറിച്ച് ആരാഞ്ഞത്.
മകരവിളക്കും മകരജ്യോതിയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ദേവസ്വംബോര്‍ഡ് വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു.  മതവിശ്വാസവും ആചാരവും ജനസുരക്ഷയെ ബാധിക്കുന്നുണ്ടെങ്കില്‍ നിയമം ഉണ്ടാക്കണമെന്നും അല്ലെങ്കില്‍ ഇടപെടേണ്ടിവരുമെന്നും കോടതി പറഞ്ഞു. വിശ്വാസത്തിന്റെ ഭാഗമാണെങ്കിലും മകരജ്യോതി മനുഷ്യസൃഷ്ടിയാണോയെന്ന് ജനങ്ങള്‍ അറിയണം. മരിച്ചവരില്‍ ഭൂരിഭാഗവും അന്യസംസ്ഥാനക്കാരാണ്. വിരലിലെണ്ണാവുന്ന മലയാളികള്‍ മാത്രമാണ് ദുരന്തത്തില്‍പ്പെട്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
പൊന്നമ്പലമേട്ടിലെ മൂല സ്ഥാനത്ത് പോകാന്‍ അനുമതിയുണ്ടോയെന്ന് കോടതി ചോദിച്ചു. അവിടെ ആര്‍ക്കും പോകാന്‍ പറ്റില്ലെന്ന് ദേവസ്വംബോര്‍ഡ് വ്യക്തമാക്കി. എന്നാല്‍, പോകാന്‍ പറ്റാത്തിടത്ത് ആള്‍ക്കാര്‍ മരിച്ചുവീഴുന്നത് കാണുന്നുണ്ടെന്നും നിയന്ത്രണ പ്രദേശമായ പുല്ലുമേട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞു. പൊന്നമ്പലമേട് ധനാഗമ സ്രോതസായി മാറുന്നുണ്ടോയെന്നും കോടതി സംശയം പ്രകടപ്പിച്ചു. കേസ് തിങ്കളാഴ്ച പരിഗണിക്കും.

വീക്കിലീക്‌സിന് സ്വിസ് ബാങ്ക് രഹസ്യങ്ങള്‍ നല്‍കിയ ആള്‍ അറസ്റ്റില്‍

വീക്കിലീക്‌സിന് സ്വിസ് ബാങ്ക് രഹസ്യങ്ങള്‍ നല്‍കിയ ആള്‍ അറസ്റ്റില്‍
സൂറിച്ച്: വീക്കിലീക്‌സിന് പ്രമുഖരുടെ ബാങ്കിങ് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത മുന്‍ സ്വിസ് ബാങ്കര്‍ റുഡോള്‍ഫ് എല്‍മറെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ടോടെ ഇയാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് സൂറിച്ച് കോടതി ഇയാളെ കുറ്റക്കാരനായി കണ്ടെത്തി. രാജ്യത്തിന്റെ രഹസ്യ സ്വഭാവമുള്ള നിയമങ്ങള്‍ ലംഘിച്ചുവെന്ന കുറ്റമാണ് എല്‍മര്‍ക്കെതിരെ ചുമത്തപ്പെട്ടത്. തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി വീക്കിലീക്‌സിന് നല്‍കിയതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. മൂന്നു വര്‍ഷം മുമ്പുതന്നെ ഇയാള്‍ക്ക് ജൂലിയന്‍ അസാന്‍ജുമായി ബന്ധമുണ്ട്.
ബുധനാഴ്ച നടന്ന വിചാരണയില്‍ രഹസ്യസ്വഭാവമുള്ള രേഖകള്‍ കൈമാറിയതായി ഇയാള്‍ പറഞ്ഞു. രേഖകള്‍ കൈമാറിയതിന് പണം പറ്റി, മറ്റൊരാളെ ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങള്‍ എല്‍മര്‍ നിഷേധിച്ചു. രാഷ്ട്രീയക്കാരും വ്യാപാരികളും നടത്തുന്ന കോടികളുടെ നികുതിവെട്ടിപ്പ് പുറത്തുകൊണ്ടുവരാനാണ് ശ്രമിച്ചത്. നിലവിലുള്ള സംവിധാനത്തിന് ഞാന്‍ എതിരാണ്. ഈ രഹസ്യ സംവിധാനത്തിനുള്ളില്‍ നടക്കുന്നതെന്താണെന്ന് സമൂഹം അറിയണം -എല്‍മര്‍ വ്യക്തമാക്കി.

ജീവന്‍ ആദ്യമുണ്ടായത് ബഹിരാകാശത്ത്

ജീവന്‍ ആദ്യമുണ്ടായത് ബഹിരാകാശത്ത്
ലണ്ടന്‍: ഒടുവില്‍ ശാസ്ത്രജ്ഞര്‍ അതു സ്ഥിരീകരിക്കുന്നു: ജീവന്‍ ആദ്യമുണ്ടായതു ഭൂമിയിലല്ല; ബഹിരാകാശത്താണ്. ഉല്‍ക്കകളില്‍ നാസ നടത്തിയ പുതിയ പഠനമാണ് നിര്‍ണായകമായ ഈ കണ്ടെത്തലിലേക്കു നയിച്ചത്. ജീവന്റെ അസംസ്‌കൃത ചേരുവകള്‍ വന്‍തോതില്‍ ഭൂമിയിലേക്കു വര്‍ഷിക്കപ്പെടുന്നത് ഉല്‍ക്കാപാതത്തിലൂടെയാണെന്നാണു കണ്ടെത്തിയിരിക്കുന്നത്.
ഭൂമിയില്‍ ജീവന്റെ അടിസ്ഥാനഘടകമായ അമിനോ അമ്ലങ്ങള്‍ ഉല്‍ക്കകളില്‍ ധാരാളമായി കണ്ടെത്തിയിട്ടുണ്ട്. ദര്‍പ്പണപ്രതിബിംബം പോലെ രണ്ടു തരത്തിലുള്ള തന്മാത്രകളാണ് ഉല്‍ക്കകളില്‍ നിന്നു കണ്ടെത്തിയ അമിനോ അമ്ലങ്ങളിലുള്ളത്. ഇടംകൈയെനെന്നും വലംകൈയെനെന്നുമാണ് ഇവക്കു പേരിട്ടിരിക്കുന്നത്. എന്നാല്‍, ഇടംകൈയന്‍ അമിനോ അമ്ലങ്ങള്‍ മാത്രമാണു പ്രകൃതിയില്‍ കാണപ്പെടുന്നത്.
ഈ ഇടംകൈയന്മാര്‍ ജീവനായി പരിണമിച്ചതു ബഹിരാകാശത്തു വെച്ചായിരിക്കാമെന്നാണു കണക്കാക്കപ്പെടുന്നത്. കൊച്ചുഗ്രഹങ്ങളിലെ കാലാവസ്ഥ അമിനോഅമ്ലങ്ങള്‍ക്ക് അനുകൂലഘടകങ്ങള്‍ ഒരുക്കിക്കൊടുത്തിട്ടുണ്ടാവണം. ഉല്‍ക്കാപാതം വഴി ഈ ജീവാംശം ഭൂമിയിലെത്തുകയും ചെയ്തു. ചരിത്രാതീതകാലത്ത് ഭൂമി വന്‍ ഉല്‍ക്കാപാതങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നാണു ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്

2011 ജനുവരി 18, ചൊവ്വാഴ്ച

അസിമാനന്ദയുടെ മാനസാന്തരം ഖലീമിന്റെ ഓര്‍മയില്‍(2)ഹിന്ദുത്വ ഭീകരത: മുഖ്യമന്ത്രിമാരുടെ സമ്മേളനം ചര്‍ച്ച ചെയ്യും; ബി.ജെ.പി സംസ്ഥാനങ്ങള്‍ക്ക് നിസ്സംഗത

അസിമാനന്ദയുടെ മാനസാന്തരം ഖലീമിന്റെ ഓര്‍മയില്‍

അസിമാനന്ദയുടെ മാനസാന്തരം ഖലീമിന്റെ ഓര്‍മയില്‍
ഹൈദരാബാദ്: 'ഞങ്ങള്‍ കാരണം ഇത്തരമൊരു അവസ്ഥയിലൂടെ താങ്കള്‍ കടന്നുപോവേണ്ടിവന്നതില്‍ അതിയായ ഖേദമുണ്ട്. ഒരു പശ്ചാത്താപത്തിനും ഇതിന്റെ വിലയൊടുക്കാനാവില്ല. എങ്കിലും എന്നാല്‍ കഴിയും വിധം നിങ്ങള്‍ക്കുവേണ്ടി ശ്രമിക്കും' -ജയിലഴിക്കകത്ത് ജീവിതം കുരുങ്ങിപ്പോയ നിസ്സഹായനായ  മുസ്‌ലിം ചെറുപ്പക്കാരനെ സമീപിച്ച്  ആര്‍.എസ്.എസ് പ്രചാരകന്‍ നാബാ കുമാര്‍ സര്‍ക്കാര്‍ എന്ന സ്വാമി അസിമാനന്ദ പറഞ്ഞതാണ്  ഈ വാക്കുകള്‍.
ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലില്‍ ആണ് കുറ്റസമ്മതത്തിന് വഴിവെച്ച  ഖലീമിനെ അസിമാന്ദ ആദ്യമായി കാണുന്നത്. ഇരുവരുടെയും ജീവിതത്തെ മാത്രമല്ല രാജ്യത്തെ സ്‌ഫോടന പരമ്പരകളുടെ ചരിത്രത്തെ തന്നെ അടിമുടി മാറ്റിമറിക്കുയായിരുന്നു ആ കൂടിക്കാഴ്ച. നിരവധി നിരപരാധികള്‍ പ്രതിചേര്‍ക്കപ്പെട്ട ഹൈദരാബാദിലെ മക്കാ മസ്ജദ് സ്‌ഫോടന കേസിനെക്കുറിച്ചുള്ള നിര്‍ണായക കുറ്റസമ്മതമൊഴികളായിരുന്നു പിന്നീട് അസിമാനന്ദയില്‍നിന്ന് നീതിപീഠം ശ്രവിച്ചത്. മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ സ്വാമിയെ കൊണ്ടുവരുമ്പോള്‍ അതേ കേസില്‍ പിടിക്കപ്പെട്ട് 18മാസമായി ചഞ്ചല്‍ഗുഡ ജയിലില്‍ കഴിയുകയായിരുന്നു 23കാരനായ ഖലീം. അമ്മാവന്റെ സ്ഥാനത്തുനിര്‍ത്തി അസീമാനന്ദയോടു പറഞ്ഞ കാര്യങ്ങള്‍ പിന്നീട് ഖലീമിന്റെ മോചനത്തിനു വഴിതുറന്നു.
കേസില്‍ ജാമ്യം നേടി കഴിഞ്ഞ ദിവസം പുറംലോകം കണ്ട ഖലീം ആ സംഭവ പരമ്പരകള്‍ വിവരിച്ചതിങ്ങനെ. 'മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ കുടുക്കി തടവിലിട്ട എന്റെ നീറുന്ന ദുരിതങ്ങള്‍ അദ്ദേഹം കാണുന്നുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം എന്നോട് സലാം പറഞ്ഞു. ഞാന്‍ അരികിലേക്കു ചെന്നു.  ഇതേ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് സ്വാമിജിയും ജയിലിലെത്തിയതെന്ന് എനിക്കറിയാമായിരുന്നു. ആദ്യം  അദ്ദേഹം എന്നോട് ക്ഷമാപണം നടത്തി. താങ്കള്‍ ക്ഷമ ചോദിക്കേണ്ടത് എന്നോടല്ലെന്നും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും കള്ളക്കേസില്‍ കുടുങ്ങി ജയിലിലകപ്പെട്ട എല്ലാവരുമോടുമാണെന്നും  ഞാന്‍ പറഞ്ഞു.
കൂടിക്കാഴ്ചകള്‍ പിന്നെയും നീണ്ടു. സി.ബി.ഐ അദ്ദേഹത്തെ  കസ്റ്റഡിയില്‍ എടുക്കുകയും ചോദ്യം ചെയ്യാന്‍ പലയിടങ്ങളിലും കൊണ്ടുപോവുകയും ചെയ്തപ്പോഴും ഞങ്ങളുടെ സൗഹൃദം മുറിഞ്ഞില്ല. അവസരം കിട്ടുമ്പോഴൊക്കെ ഞാന്‍ അദ്ദേഹത്തിന്റെ അടുത്തു ചെന്നിരിക്കും. എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും സ്‌ഫോടനത്തിലെ ഇരകളെക്കുറിച്ചുമെല്ലാം  താല്‍പര്യത്തോടെ എന്നോടു ചോദിക്കുമായിരുന്നു. മൂന്നാം വര്‍ഷ നിയമ ബിരുദവിദ്യാര്‍ഥിയായിരിക്കെ 2007ല്‍ അറസ്റ്റു ചെയ്യുമ്പോള്‍ എന്റെ വിദ്യാഭ്യാസ സ്വപ്‌നങ്ങളെ എങ്ങനെയാണ് പൊലീസ് കരിച്ചു കളഞ്ഞത് എന്നും അദ്ദേഹം മനസ്സിലാക്കി. പളളിയില്‍ ബോംബ് വെച്ചുവെന്ന് സമ്മതിപ്പിക്കാന്‍ പൊലീസ് സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിച്ചതടക്കമുള്ള  ക്രൂരമര്‍ദനങ്ങളുടെ കെട്ട് ഞാന്‍  അസിമാനന്ദക്കു മുന്നില്‍ തുറന്നു.  'എല്ലാം അദ്ദേഹം നിശബ്ദനായി കേട്ടു. കടുത്ത വേദന ആ മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്നു. പല തവണ ആ കണ്ണുകള്‍ നിറഞ്ഞൊഴുകി.' എല്ലാം കേട്ട ശേഷം ഘനീഭവിച്ച ദുഖത്തോടെ അസിമാനന്ദ പറഞ്ഞതിങ്ങനെയായിരുന്നു. ''ജയിലില്‍ കിടന്നു മരിക്കുകയാണെങ്കില്‍ എന്റെ  അവയവങ്ങള്‍ വിറ്റ് പണം സ്‌ഫോടന കേസിലെ ഇരകള്‍ക്ക് നല്‍കണമെന്ന് ഞാന്‍ എഴുതിവെക്കും. അതല്ല ജീവനോടെ പുറത്തുവരികയാണെങ്കില്‍ വ്യാജ കുറ്റം ചുമത്തപ്പെട്ട് ഈ കേസില്‍ കുടുങ്ങിയവര്‍ക്കും അവരുടെ കുടുംബത്തിനുമുള്ള സേവനത്തിനായി ഞാനെന്റെ ജീവിതം നീക്കി വെക്കും. ഹൈദരാബാദില്‍ നടന്ന  സ്‌ഫോടനത്തിലെ മാത്രമല്ല, മറ്റെല്ലാ സ്‌ഫോടനങ്ങളുടെയും ഇരകളുടെ കുടംബാംഗങ്ങളോട് ഞാന്‍ മാപ്പിരക്കുന്നു. നിരപരാധികള്‍ ഇത്തരം കേസുകളില്‍ അകപ്പെട്ട് ദുരിതമനുഭവിക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.''
 കോടതിയിലെ കുറ്റസമ്മത മൊഴിക്കുശേഷം ഒരു തവണ ജയിലില്‍  അസിമാനന്ദയെ കണ്ടുവെന്ന് ഖലീം പറഞ്ഞു. 'അദ്ദേഹം ഏറെ ആശ്വാസവാനും സന്തോഷവാനുമായി കാണപ്പെട്ടു.' ഹൈദരാബാദ്,അജ്മീര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ബോംബു സ്‌ഫോടനങ്ങളുടെ പിന്നാമ്പുറങ്ങള്‍ വ്യക്തമാക്കി എല്ലാ വിശദീകരണങ്ങളോടെയും രാഷ്ട്രപതിക്ക് കത്തയച്ചതായി അദ്ദേഹം ഖലീമിനോടു പറഞ്ഞു. ആ വാക്കുകള്‍ കേട്ട് അതീവ സന്തോഷവാനായ ഖലീമിന് ഒരു കടുത്ത ദുഖം ബാക്കിയായി. സ്വാമിജിയെ കോടതി ശിക്ഷിച്ചേക്കുമോ എന്ന കാര്യത്തില്‍ -കാരണം അത്രമാത്രം അടുത്തിരുന്നു ആ ഹൃദയങ്ങള്‍ തമ്മില്‍.

ഹിന്ദുത്വ ഭീകരത: മുഖ്യമന്ത്രിമാരുടെ സമ്മേളനം ചര്‍ച്ച ചെയ്യും; ബി.ജെ.പി സംസ്ഥാനങ്ങള്‍ക്ക് നിസ്സംഗത

ന്യൂദല്‍ഹി: ഹിന്ദുത്വ ഭീകരര്‍ ഉള്‍പ്പെട്ട വിവിധ സ്‌ഫോടനങ്ങളുടെ വ്യാപ്തി വെളിപ്പെട്ടതോടെ ആഭ്യന്തരസുരക്ഷ ചര്‍ച്ച ചെയ്യാന്‍ ഫെബ്രുവരി ഒന്നിന് ദല്‍ഹിയില്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗം നിര്‍ണായകമാകും. തെളിവുകള്‍  നശിപ്പിക്കാന്‍ ഔദ്യോഗിക തലത്തില്‍  മധ്യപ്രദേശ്, ഗുജറാത്ത് സര്‍ക്കാറുകള്‍ നീക്കമാരംഭിച്ച  സാഹചര്യത്തില്‍ ഹിന്ദുത്വ ഭീകരതക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങളെ പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തേക്കും.
സ്‌ഫോടനത്തിനു പിന്നില്‍ പങ്കുള്ള സുനില്‍ ജോഷി,  രാമേശ്വര്‍ കലോട്ട എന്നിവര്‍ ആസൂത്രിതമായി കൊല ചെയ്യപ്പെടുകയും പ്രതികളില്‍ ചിലരെ കാണാതാവുകയും ചെയ്തതോടെ എന്‍.ഐ.എയുടെ അന്വേഷണം ലക്ഷ്യം കൈവരിക്കാന്‍ സംസ്ഥാന സര്‍ക്കാറുകളുടെ സഹായം കൂടിയേ തീരൂ. എന്നാല്‍ ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ അന്വേഷണത്തോട് യാതൊരു നിലയിലും സഹകരിക്കുന്നില്ല.
 ഇന്‍സ്‌പെക്ടര്‍ ജനറല്‍(ഇന്‍വെസ്റ്റിഗേഷന്‍) സഞ്ജീവ് കുമാര്‍, എസ്.പി  യാസ് കുമാര്‍ മിന്‍സ് എന്നിവരാണ് സംഝോത സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍.ഐ.എയുടെ മധ്യപ്രദേശ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്്.
സ്‌ഫോടനങ്ങളില്‍ പ്രധാന പങ്കുവഹിച്ചതായി കരുതുന്ന സന്ദീപ് ഡാംഗെ, രാമചന്ദ്ര കല്‍സാംഗ്ര, അമിത് എന്നിവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ എവിടെയും എത്തിയിട്ടില്ല. സി.ബി.ഐ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും കണ്ടെത്താന്‍ സഹായകമായ തെളിവൊന്നും ഇതുവരെ ലഭിച്ചതുമില്ല.
ഇവരെ ആര്‍.എസ്.എസ് വധിക്കാന്‍ തന്നെ സാധ്യതയുണ്ടെന്നാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ് ആശങ്ക പ്രകടിപ്പിച്ചത്. മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ ഇവരെ  സംരക്ഷിക്കുന്നതായ ആരോപണവും ഉയര്‍ന്നിട്ടുണ്ട്.  എന്‍.ഐ.ഐ അന്വേഷണവുമായി സഹകരിക്കാന്‍ ഗുജറാത്തിനെ പോലെ മധ്യപ്രദേശും വിസമ്മതിക്കുകയാണ്.
 മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ ഹിന്ദുത്വ ഭീകരത ഒച്ചപ്പാടുയര്‍ത്തും. മാവോയിസ്റ്റ്, ഹിന്ദുത്വ ഭീകതത എന്നിവയാകും പ്രധാനമായും ചര്‍ച്ചയില്‍ ഇടം പിടിക്കുക.ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവര്‍ ഹിന്ദുത്വ ഭീകരാന്വേഷണത്തിനെതിരെ പരസ്യമായി രംഗത്തു വന്നേക്കും.
വി.എച്ച്.പി, ആര്‍.എസ്.എസ് സംഘടനകള്‍ക്കു മേല്‍ ഭീകരവാദം ആരോപിക്കാനുള്ള കേന്ദ്രനീക്കത്തെ ശക്തമായി തുറന്നെതിര്‍ക്കുമെന്ന് ഇരുവരും  വ്യക്തമാക്കിയിട്ടുണ്ട്്. ഹിന്ദുത്വ ഭീകരതക്ക് അമിത പ്രചാരണം നല്‍കി പാക് കേന്ദ്രീകൃത തീവ്രവാദ സംഘടനകളെ വെള്ള പൂശാനുള്ള നീക്കമാണ് കേന്ദ്രത്തിന്‍േറതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. അതേ സമയം കോണ്‍ഗ്രസിനൊപ്പം ഇടതു മുഖ്യമന്ത്രിമാരും  ഹിന്ദുത്വ ഭീകരതക്കെതിരെ കേന്ദ്രം കൈക്കൊള്ളുന്ന നിലപാടിന് തുറന്ന പിന്തുണ നല്‍കും.
അതിനിടെ, മാലേഗാവ് മുതല്‍ സംഝോത വരെയുള്ള സ്‌ഫോടനങ്ങള്‍ ഹിന്ദുത്വ ഭീകരരുടെ സൃഷ്ടിയാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ സ്‌ഫോടനങ്ങളുടെ പേരില്‍ തുറുങ്കിലടച്ച മുഴുവന്‍ നിരപരാധികളെയും ഉടന്‍ വിട്ടയക്കണമെന്ന ആവശ്യം ശക്തമായി. കോണ്‍ഗ്രസ് അനുകൂല മതസംഘടനയായ ജംഇയ്യതുല്‍ ഉലമായെ ഹിന്ദിന്റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാറിനു മേല്‍ ഇക്കാര്യത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്താനും  തീരുമാനിച്ചു. നിരപരാധികളെ ഉടന്‍ വിട്ടയക്കണമെന്ന്  മഹാരാഷ്ട്ര സര്‍ക്കാറും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.